Friday, August 31, 2012

എന്‍റെ പ്രീ ഡിഗ്രീ കാലം

                            ഞാന്‍ S.S.L.C കഴിഞ്ഞ് Pre degree ക്കു പട്ടാമ്പി ഗവ.കോളേജിലാണ്‍ ചേര്‍ന്നത്.അവിടെ എത്തി ഇംഗ്ളീഷ്‌ സംസാരിക്കുന്ന സുന്ദരികളെ കണ്ട് മലയാളിയായ ഞാന്‍ ഞെട്ടി വിറച്ച്‌ വായിലെ വെള്ളമൊക്കെ വറ്റി .സുന്ദരികളുടെ കാര്യം പോട്ടെ, ടീച്ചേഴ്സാണെങ്കില്‍ ഹോളിവുഡ് സിനിമയിലെ പോലെ ഷാം ശൂം പറഞ്ഞു പോയി.ഞാനാണെങ്കില്‍ വഴി തെറ്റിവന്ന വിരുന്നുകാരിയെപ്പോലെ ഇരിപ്പാണ്.ഇതൊന്നും പോരാഞ്ഞ് പരിചയപ്പെടല്‍കാരുടെ നീണ്ട ക്യൂ വേറെ.സെക്കന്‍റ്പ്രീ ഡിഗ്രിക്കാരാണു പ്രധാനമായും ഇങ്ങനെ വരുന്നത്.ചേട്ടന്‍മാര്‍ കയ്യൊക്കെ ഡസ്കില്‍ കുത്തി തൊട്ടെ തൊട്ടില്ലെ എന്ന മട്ടില്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും.നമ്മള്‍ സംയമനം വിടാതെ മന്ദഹാസത്തിന്‍റെ മേംപൊടിയൊടെ മറുപടി പറയണം.ഇല്ലെങ്കില്‍ പ്രശ്നമാണ്.റാഗിംങ്ങ്‌ പാടില്ലെന്ന് പറഞ്ഞ് കുട്ടിനേതാക്കന്‍മാര്‍ വരാന്തയില്‍ നിക്കുന്നുണ്ട്‌.മുഖമൊന്നു വാടിയാല്‍ ഇക്കൂട്ടരും പ്രസന്നമായില്ലെങ്കില്‍ മറ്റവരും കൈകാര്യം ചെയ്യും.ക്ലാസ്റൂമാണെങ്കില്‍ ഒരു പൂരം.80 പേര്‍ 3 നിരയായി ഇരിക്കുകയാണ്.ആകപ്പാടെ ശര്‍ദ്ദിക്കാന്‍ വരലും കയ്യും കാലും കൊഴയലും.ആദ്യത്തെ ദിവസം അങ്ങനെ കഴിഞ്ഞു.

                       രണ്ടാമത്തെ ദിവസം ഞാന്‍ ആത്മനിയന്‍തറണം കൈവിടാതെ നാട്ടില്‍ നിന്നുള്ള ഒരേ ഒരു ബസ്സില്‍ കയറി പുറപ്പെട്ടു.ധൈര്യം സംഭരിച്ച്‌ ഷാം ശൂമിനു ചെവിയോര്‍ത്തു.അപ്പ്ഴല്ലെ രസം, പച്ചമലയാളത്തില്‍ ഞാന്‍ പത്താം ക്ളാസ്സില്‍ പഠിച്ചതു തന്നെ അവരു ഷാം ശൂവായി പറയുന്നത്.അങ്ങനെ രോഗം പിടി കിട്ടീ, പരന്‍ത്രീസ് കേട്ടിട്ടു മനസ്സിലാകുന്നില്ലാ.എഴുതിയത് വായിച്ചാല്‍ മനസ്സിലാകുന്നുണ്ട്.അടുത്ത വീട്ടിലെ ഭാരതിയമ്മയുടെ പോലെ.ഭാരതിയമ്മക്ക് പേപ്പര്‍ വായിക്കാനറിയാം, എഴുതാനറിയില്ല, അതെന്ത് പൂരം എന്നു ഞാന്‍ അത്ഭുതപ്പെടുമായിരുന്നു.പരിഹാരമായി റ്റുഷനു ചേരാന്‍ തീരുമാനിച്ചു.റ്റുഷന്‍ ക്ളാസ്സില്‍ ടീച്ചര്‍മാര്‍ ഇവര്‍ പറഞ്ഞ ഷാം ശൂ്‌ം പച്ചമലയാള്ത്തില്‍ പറയും.രണ്ട് റ്റുഷന്‍ സെന്‍റര്‍ ഉണ്ടവിടെ.ആദ്യത്തേതില്‍ ഗ്ലാമറുള്ളവരാ പഠിക്കുന്നത്, സൌന്ദര്യവും ഇംഗ്ളീഷും, രണ്ടും വെറുക്കപ്പെട്ട സംഗതികള്‍.

                               പാവപ്പെട്ടവരുടെ റ്റൂഷന്‍ സെന്‍റ്റായ പ്രഭാതില്‍ ചേരാന്‍ തീരുമാനിച്ചു.അവിടെചെന്നപ്പോള്‍ എനിക്ക്‌ ജയിലില്‍ നിന്ന് നാട്ടിലെത്തിയ കൊലപ്പുള്ളിയുടെ പ്രതീതി.സന്തോഷം സമാധാനം,എല്ലാവരും സാധാരണക്കാര്‍, പോരാത്തതിനു ഫാഷന്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത കൂറകളും.അങ്ങനെ കൊടുമ്പിരി കൊണ്ട പഠനം തുടങ്ങി.രാവിലെ 7 മണിക്ക് 2 ബസ് മാറിക്കയറണം, അതും ബസ് തന്നെ അത്ഭുതവസ്തു.രാവിലെ നേരമില്ലാത്ത കാരണം ഒന്നും കഴിക്കാത്ത എന്‍റെ സഹോദരി റോഡരികില്‍ നിന്ന് ഗര്‍ജ്ജിക്കുന്നുണ്ടാകും, ബസ് വരും, വേഗം വായോന്ന്.ഞാനാണെന്‍കിലപ്പോള്‍ അടുക്കളയിലിരുന്ന് വെള്ളം കൂട്ടാതെ പുട്ട് വിഴുങ്ങുന്ന യഞ്ജത്തിലായിരിക്കും.ബസ് അടുത്തെത്തുമ്പോഴേക്കും പുട്ടുകുറ്റിയില്‍ നിന്നു പുട്ട് വീഴുന്നപോലെ ഞാന്‍ ചാടിവീഴും.8-9.30 വരെ റ്റൂഷന്‍.പിന്നെ കോളേജ് 4 വരെ. ലാബ്, റെക്കോഡെഴുത്ത് തുടങ്ങിയ കലാപരിപാടികളൊഴിച്ചുള്ള സമയം മുഴുവന്‍ ഞാന്‍ ഉറക്കമാകുമെന്നതിനാല്‍ തുടര്‍ന്ന് 4. to 5.00 വരെയുള്ള റ്റൂഷന്‍ ക്ളാസ്സില്‍ ഞാന്‍ ഉഷാറായി ചെന്നിരിക്കും.,ഉറക്കത്തിനിടക്കുള്ള ഉച്ചബ്രേക്കില്‍ ഞാന്‍ കോളേജില്‍ നിന്നെടുക്കുന്ന നോവലുകളുമേന്തി  5.30 നുള്ള ഒരേ ഒരു ബസില്‍ നാട്ടിലേക്ക് തിരിക്കും.അങ്ങനെ നോവലും വായിച്ച് ഇടക്കിടക്ക് പരീക്ഷയെകുറിച്ച് ചിന്തിച്ച് ഞെട്ടിവിറച്ച്ഞാന്‍ തളര്‍ന്നുറങ്ങും, ഉറക്കത്തില്‍  ആവശ്യത്തിലധികം വണ്ണമുള്ള എന്നെ നോക്കി എന്‍റെ ഉമ്മ "ന്‍റെ മകള്‍ പടിച്ച് ചടച്ച് മുള്ളായി" എന്നു പറയുന്നതു കേള്‍ക്കാം.

                                     .ഞാനാദ്യമായി റ്റൂഷന്‍ സെന്‍ററില്‍ ചെന്നപ്പോള്‍ physics പഠിപ്പിക്കുന്ന സുബ്രമണ്യന്‍ സാറിന്‍റെ ക്ലാസ്സിലാണിരുന്നത്.അന്നു ഞാന്‍ ഞെട്ടിപ്പോയി.കാരണം സാര്‍ വന്നയുടന്‍ തന്നെ എല്ലാവരും എഴുന്നേറ്റു നിന്ന് ഗുഡ്മോണിംഗ് എന്ന ഗീതം ചൊല്ലി. അപ്പൊ സര്‍ പറഞ്ഞു "കുത്തിരിക്കിന്‍" എന്ന്, എന്നിട്ടു ചോദിച്ചു 

"ഫൂള്‍സ്, വാട്ട് കോക്കനട്ട് വീ റ്റൂക് യെസ്റ്റര്‍ഡെ".

'പര്‍ര്‍' ആ ശബ്ദം എനിക്ക് ചിരി പൊട്ടിയതാണ്'.ആരും എന്നെ ശ്രദ്ധിച്ചില്ല, പകരം സീരിയസ്സായി എല്ലാരും ഇന്നലെ എടുത്ത പാഠങ്ങള്‍ പറയാന്‍ തുടങ്ങി,നിര്‍ഭാഗ്യവശാല്‍ സാര്‍ മാത്രം എന്നെ നോട്ട് ചെയ്തു. അടുത്ത ചോദ്യശരം എന്‍റെ നേര്‍ക്കായിരുന്നു.എന്നെ കൊല്ലല്ലെ എന്ന മട്ടില്‍ ഞാന്‍ എഴുന്നേറ്റു നിന്നു.സര്‍ ചിരിയോടു കൂടെ കുത്തിരിക്കു ശൈത്താനെ എന്നൊരു ഡയലോഗ്.ഇങ്ങനെയുള്ള മഹാരഥന്‍മാരായിരുന്നു എന്‍റെ അധ്യാപകര്‍.

                               

                       പിന്നെ വേറൊരു തമാശ സോഷ്യലിസമാണ്.ക്ലാസ്സിലെ ആണ്‍കുട്ടികളുടെ സോഷ്യലിസം,അവര്‍ നമ്മുടെ കയ്യൊക്കെ പിടിച്ചുകുലുക്കി ഒരു ഷേയ്ക്ക് ഹാന്‍ഡാണ്, അതൊരു ഒന്നൊന്നര ഷേയ്ക്ക് ഹാന്‍ഡാണ്,മിണ്ടാന്‍ പറ്റോ, കണ്‍ട്രി ആയിപ്പോവൂലെ.

                                   ചുരുക്കിപ്പറഞ്ഞാല്‍ ആകെ മൊത്തം സംഭവബഹുലവും ജനശതാബ്ദി എക്സ്പ്രെസ്സ് പോലെ ഫാസ്റ്റുമായിരുന്നു എന്‍റെ പ്രീ ഡിഗ്രീ ജീവിതം.സുരേഷ് ഗോപി പറയുന്നത് പോലെ "ദാ വന്നു, ദേ പോയി"


                                 

3 comments:

sunkalp said...

good

Sudheesh Arackal said...

കൊള്ളാം

ആദി said...

ആകെ മൊത്തം ബ്ലോഗിലെ പോസ്റ്റുകൾ എല്ലാം നന്നായിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. ഇഷ്ടായിട്ടോ.