Wednesday, December 5, 2012

എന്‍റെ യൂണിവേഴ്സിറ്റി

                   ഞാന്‍ എന്‍റെ  BLIsc, MLISc കോഴ്സുകള്‍ ചെയ്തത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലായിരുന്നു.എനിക്ക് തോന്നുന്നു സര്‍വകലാശാല എന്ന പേര്‍ ഏറ്റവും അന്വര്‍ത്ഥപൂര്‍ണ്ണമാകുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിന്‍റെ കാര്യത്തിലാണെന്ന്.സാഹിത്യസദസ്സുകളും, കവിയരങ്ങുകളും ഓപ്പണ്‍ എയര്‍ തിയേറ്ററിലെ നാടകങ്ങളും ജേര്‍ണലിസം കോഴ്സുകാര്‍ നടത്തുന്ന ഫിലിം ഫെസ്റ്റിവലുകളും ഒക്കെക്കൂടി സന്തോഷം കൊണ്ട് നമ്മുടെ സമനില നഷ്ടപ്പെടും.തുടക്കത്തില്‍ 2 കോമണ്‍ റൂമുകളിലായിട്ടായിരുന്നു ഞങ്ങള്‍ 15 പേര്‍ കഴിഞ്ഞിരുന്നത്.ഡിഗ്രി കഴിഞ്ഞയുടന്‍ കോഴ്സിനു ചേര്‍ന്ന എന്നെപ്പോലുള്ള നാലന്ചു പേരൊഴിച്ച് ബാക്കിയെല്ലാവരും പിജി ബിഎഡ്, സെറ്റും കിറ്റും നെറ്റും ഒക്കെയായിരുന്നു.നിലവിലെ പാഠ്യപദ്ധതികളെ കുറ്റം പറഞ്ഞ്, മുഖത്ത് മഞ്ഞളെണ്ണയും തേച്ച് നോവലും വായിച്ചിരിക്കുന്ന സീന കെ യും, പരീക്ഷകള്‍ പുല്ലാണെന്ന് പ്രഖ്യാപിച്ച് കവിതകളെഴുതി ഇരിക്കുന്ന ശാലിനിയും, ഹിന്ദി സിനിമയുമ്കണ്ടുല്ലസിച്ച് പാട്ടും പാടി ചാടിച്ചാടി നടക്കുന്ന അനീഷയും ഒക്കെയായിരുന്നു എന്‍റെ റൂംമേറ്റ്സ്.


                              രാവിലത്തെ ക്ലാസ്സ് കഴിഞ്ഞ് ഉച്ചക്ക് തിരിച്ച് ഹോസ്റ്റലില്‍ വന്നു ചോറുണ്ട് കഴിഞ്ഞാല്‍ സര്‍വരേയും ഒരാലസ്യം ബാധിക്കും.വീണ്ടും തിരിച്ച് ക്ലാസ്സില്‍ പോകുന്ന കരളുറപ്പുള്ള ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയെല്ലാവരും അവിടെക്കിടന്നുറങ്ങും.അന്‍ചന്ചരക്കെഴുന്നേറ്റ് മെസ്സില്‍ പോയി നാലുമണിച്ചായ കുടിച്ചു കഴിഞ്ഞാല്‍ പിന്നൊരു വെളിപാടാണ്.എവിടെയെങ്കിലും വല്ല പരിപാടിയുണ്ടോ എന്നന്വേഷിക്കുന്നു, എല്ലാവരും റൂമിലേക്കോടുന്നു, ബാത്റൂമില്‍ നിന്നെറങ്ങാന്‍ പറഞ്ഞുള്ള ആക്രോശങ്ങള്‍, ഡ്രെസ്സ് അയണ്‍ ചെയ്യല്‍, കണ്ണാടിക്കു വേണ്ടിയുള്ള പിടിവലി, പൊടി പാറുന്ന മേക്കപ്പ്.നേരെ പരിപാടിസ്ഥലത്തേക്കു വെച്ചു പിടിക്കും. അപ്പോള്‍ ഹോസ്റ്റലിലെ അസൂയക്കാരായ മറ്റു പഠിപ്പിസ്റ്റുകള്‍ പറയുന്നത് കേള്‍ക്കാം."അതാ  BLISc ജാഥ പോകുന്നു, എവിടെയെങ്കിലും പരിപാടി കാണും" എന്ന്.പാതിര കഴിഞ്ഞാലല്ലാതെ പരിപാടി തീരില്ല, പിറ്റേന്നെഴുന്നേറ്റ് ക്ലാസ്സിലെത്തുമ്പോഴേക്കും മിക്കവാറും ലേറ്റായിരിക്കും, നിങ്ങള്‍ക്കൊന്നും ഒരു ദിവസം പോലും കുളിക്കാതെ ക്ലാസ്സില്‍ വരാന്‍ പാടില്ലെ എന്ന് വാസുദേവന്‍ സാര്‍ ഞങ്ങളുടെ വെള്ളം തീര്‍ന്നു പോയി എന്ന നുണക്കു മുന്നില്‍ പരിഹാസത്തോടെ അല്‍ഭുതം കൂറും.


              ആയിടക്ക് ഞാനും ധന്യയും ജേര്‍ണലിസം കോഴ്സ്കാര്‍ നടത്തുന്ന ഫിലിം ഷോ കാണാന്‍ പോകുമായിരുന്നു.100 രൂപ കൊടുത്തല്‍ ആന്വല്‍ പെര്‍മിഷനുണ്‍ടെങ്കിലും ആ സംഖ്യ വളരെ കൂടുതലായതിനാല്‍ ബുദ്ധിമതികളായ ഞങ്ങള്‍ 15 രൂപ ടിക്കറ്റ് എടുത്താണു ഷോ കാണാന്‍ പോവുക.അതിനു തന്നെ ഞങ്ങള്‍ കൂലങ്കഷമായി ചിന്തിക്കും.രാത്രി 8 മണി എങ്കിലും ആകും ഷോ തുടങ്ങാന്‍.ജേര്‍ണലിസം കോഴ്സ്കാര്‍ പ്രോജക്റ്ററും കുന്തങ്ങളും ഒക്കെ റെഡിയാക്കി റെഡിയാക്കി നമ്മുടെ ക്ഷമ നശിച്ചാലെ പരിപാടി ആരംഭിക്കൂ. സൈക്കോളജി, ഫിലോസഫി റിസര്‍ച്ച് ബുജികളടക്കം വളരെ കുറച്ചു പേരെ ഷോ കാണാനുണ്ടാവുകയുള്ളൂ.അതിനിടയില്‍ ഞങ്ങളും ഒരു ചെറുകിട ബുജി ചമഞ്ഞ് ഞെളിഞ്ഞിരിക്കും.ഫിലിം ഷോ എന്നാണ്‍ പേരെങ്കിലും ജേര്‍ണലിസംകാര്‍ ഇന്നേ വരെ ആരും കണ്ടിട്ടില്ലാത്ത കുറെ ഡോക്യുമെന്‍ററികളും ഒരു പടത്തിന്‍റെ കൂടെ കുത്തി നിറക്കും, അത് കാണാന്‍ ശേഷിയില്ലാതെ ഞാനും ധന്യയും ഗാഡ ഉറക്കത്തിലാകും.പിന്നെ ഡോക്യുമെന്‍ററിയില്‍ വല്ല ലോറിയോ ബസ്സൊ മറിഞ്ഞാലല്ലാതെ ഞങ്ങള്‍ ഉണരാറില്ല.ചില സമയത്തെ പടങ്ങള്‍ കണ്ടാലും ഞങ്ങളിങ്ങനെ കൂര്‍ക്കം വലിച്ചുറങ്ങും.അങ്ങനെ ഞങ്ങളെല്ലാവരും നാലുമണിച്ചായ ആറുമണിക്ക് കുടിച്ചിരിക്കുമ്പോഴാണ്‍ അന്നു വൈകുന്നേരം Open air Auditoriam ത്തില്‍ നാടകം ഉണ്ടെന്നറിഞ്ഞത്.ഉടന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.രാത്രി കഴിക്കാനുള്ള ചോര്‍ 6 മണിക്കു മുമ്പ് മെസ്സില്‍ ചെന്നാല്‍ എടുത്തു വെക്കാം, അല്ലെങ്കില്‍പിന്നെ രാത്രി 8.50 നു മുമ്പ് മെസ്സിലെത്തണം. ഇതു രണ്ടും നടന്നില്ലെങ്കില്‍ അന്നു പട്ടിണി കിടക്കാം.സമയം 6 മണി. മെസ്സ് ലക്ഷ്യമാക്കി നാലു പേര്‍ കുതിച്ചു പാഞ്ഞു.അവിടെ ചേച്ചിമാര്‍ വാതിലടച്ചു മുദ്ര വെക്കുകയാണ്. വര്‍ഗശത്രുക്കളായ ഞങ്ങളെ കണ്ടതും (മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരെല്ലാം അവരുടെ ശത്രുക്കളാണ്,അതു കൊണ്ട് നമ്മള്‍ പാത്രം നിലത്തു വീഴാതെയും ശബ്ദം ഉണ്ടാക്കതെയും ബാക്കിയുള്ള ചോര്‍ കാണാതെ കളഞ്ഞും പാത്തും പതുങ്ങിയും നടക്കും. അവര്‍ ആ മെസ്സില്‍ ചോര്‍ വിളമ്പി നിക്കാനുള്ള കാരണക്കാര്‍ നമ്മളൊറ്റ ആളാണെന്നാണ്‍ ഭാവം)അവര്‍ ഗര്‍ജിച്ചു.എങ്ങനെ ഒക്കെയൊ 15 പേര്‍ക്കുള്ള ഫുഡ് പാക്ക് ചെയ്തു.പാക്ക് ചെയ്തു എന്നൊക്കെ പറഞ്ഞാല്‍ 15 പേര്‍ക്കുള്ള ഒഴിച്ചു കറിയെടുക്കല്‍ ഒരാളുടെ ഉത്തരവാദിത്തമാണെങ്കില്‍ പപ്പടം വേറെ ഒരാളെടുക്കണം.അങ്ങനെ വിജയശ്രീലാളിതരായി ഞങ്ങള്‍ റൂമില്‍ തിരിച്ചെത്തി.താമസംവിനാ മേക്കപ്പ് ആരംഭിച്ചു.സമയം 6.50. മേക്കപ്പ് നീണ്ടു നീണ്ടു പോകുകയാണ്.സമയം 7.00. പെട്ടെന്ന് കറന്‍റു പോയി. ഉടന്‍ ആര്‍ക്കോ ഒരുള്‍വിളി ഉണ്ടായി. പപ്പടം എടുത്തിട്ടുണ്ടോ എന്ന്,

എവിടെ പപ്പടം

കാണാനില്ല!

ഹെന്ത്, പപ്പടം കാണാനില്ലെന്നോ, പപ്പടം മറന്നു കാണും,ആരാ പപ്പടം മെസ്സില്‍ നിന്നെടുത്തത്,

ആരിഫ

ആകെ ജഗപൊഗ, ഒരു പപ്പടം തിന്നില്ലെങ്കില്‍ ഇപ്പൊ മരിച്ചുപോകും എന്ന മട്ടില്‍ എല്ലവരും ആരിഫയെ വിസ്തരിക്കാന്‍ തുടങ്ങി.ലക്ഷ്ദ്വീപുകാരിയായ ആരിഫക്ക് മലയാളം അത്ര അറിയില്ല. മഴക്കു മയയും വഴിക്കു വയിയും ഒക്കെയായി തട്ടിത്തടഞ്ഞ് പറഞ്ഞ് ജീവിക്കുകയാണ്. ക്രോസ് വിസ്താരം കൂടി ആയതോടെ സമ്മര്‍ദ്ദം കാരണം പാവപ്പെട്ട ആരിഫയുടെ ഉള്ള മലയാളംകൂടി ഇല്ലാതായി.അവസാനം ആരോ പപ്പടം കണ്ടുപിടിച്ചു.അപ്പൊഴെക്കും കറന്‍റ്വന്നു. സമയം 7.30. ഒരു സത്യം വെളിപ്പെട്ടു.സീന കെ ഭക്ഷണം കഴിച്ചു കഴിഞിരിക്കുന്നു. ഹമ്പടി. ഉടന്‍ തീരുമാനമുണ്ടായി, എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാം.അങ്ങനെ എട്ടേകാലായപ്പോള്‍ ഒരുവിധം എല്ലാവരും കൂടെ ഹോസ്റ്റല്‍ഗേറ്റിലെത്തി.സഫിയാത്ത ഗേറ്റ് പൂട്ടിക്കഴിഞ്ഞു.വീണ്ടും പ്രതിസന്ധി.നാടകം തുടങ്ങിക്കാണുമെന്ന അടക്കം പറച്ചില്‍, ആധി, അവസാനം കൂട്ടത്തിലെ ചെറുകിട നേതാവായ ഹേമയുടെ ഇടപെടല്‍ കാരണം ഗേറ്റ് തുറന്നു കിട്ടി. ഓപ്പണ്‍ എയര്‍ ലക്ഷ്യമാക്കി ഒരു ടോര്‍ചും പിടിച്ച് ഓടാന്‍ തുടങ്ങി. ഒരു വളവു കഴിഞ്ഞപ്പോള്‍ എതിരെ നിന്നും ചില ടോര്‍ച്ചടികള്‍.ആദ്യമൊന്നും ഗൌനിച്ചില്ല.

കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ഒരുപാടുപേര്‍ നടന്നു പോകുന്നു.

സംശയം,  വേറെ എവിടെയെങ്കിലും പരിപാടിയുണ്ടോ,


എന്തൂട്ടിനു സംശയം, ത്രിശ്ശൂര്‍ ചേരി നേരെ കയറി ചോദിച്ചു.

അപ്പൊഴല്ലെ പൂരം അവര്‍ നാടകം കഴിഞ്ഞ് തിരിച്ചു പോകുകയാണ്!