Sunday, December 13, 2015

ഓട്ടമല്‍സരം

                      കലാകായിക മേഖലകളില്‍ എങ്ങനെയെങ്കിലും ഒരു കയ്യൊപ്പ് പതിപ്പിക്കണമെന്നത് ചെറുപ്പം തൊട്ടേ എന്‍റെ ആഗ്രഹമായിരുന്നു. ഒന്നുമുതല്‍ നാലുവരെ ഞാന്‍ പഠിച്ച സ്കൂള്‍ ചെറുതായതുകൊണ്ടും അന്നവിടെ anniversary ഒഴിച്ച് മറ്റു പരിപാടികളൊന്നും നടത്താത്തതു കൊണ്ടും ടീച്ചര്‍മാര്‍ തന്നെപാട്ടിനും ഡാന്‍സിനുമുള്ള കുട്ടികളെ  select ചെയ്യുകയായിരുന്നു പതിവു, എന്നിട്ട് സബ്ജില്ലാതലത്തിലൊക്കെ മല്‍സരിപ്പിക്കും. ആകാശവാണിയില്‍ ഒരു പാട്ടവതരിപ്പിക്കാന്‍ കുട്ടികളെ select ചെയ്യുമ്പോള്‍  എന്തോ ഒരു കയ്യബദ്ധം കൊണ്ട് അവരെന്നെയും കൂട്ടി. പക്ഷെ പരിപാടി അവതരിക്കാന്‍ പോകുന്നതിന്‍റെ തലേന്ന് നടത്തിയ റിഹേഴ്സലില്‍ എന്‍റെ ശബ്ദം കേട്ട് പേടിച്ചുപോയ അവര്‍ " മോള്‍ പാടണ്ട, വെറുതെ കൈ കൊട്ടിയാല്‍ മാത്രം മതി " എന്നെന്നെ ഉപദേശിച്ചു. ഞായറാഴ്ച ബാലമണ്ഡലം പരിപാടിയില്‍ ഞാന്‍ കൈ കൊട്ടിയതെ ഉള്ളുവെങ്കിലും പരിപാടി അവതരിപ്പിച്ചവരുടെ പേര്‍ announce ചെയ്യുന്നതിന്‍റെ കൂട്ടത്തില്‍ ഷാജിത എന്നുകൂടെ ആകാശവാണിക്കാര്‍ പറഞ്ഞു.


"ന്‍റെ മകളു റേഡിയോയിലും കൂടി പാടി " എന്ന് ഉമ്മ ഞെട്ടല്‍ രേഖപ്പെടുത്തി. (ഇതെങ്ങാനും  വായിച്ചാല്‍  ഉമ്മ ഒന്നുകൂടി ഞെട്ടും).


അന്ചാം ക്ളാസ്സില്‍ പുതിയ സ്കൂളില്‍ ചേര്‍ന്നപ്പോഴേക്കും ഞാന്‍ കയറൂരിവിട്ട പശുവിനെപ്പോലെ സകല പരിപാടിക്കും പേരുചേര്‍ത്തു. ആയിടക്ക് ഞാന്‍ തന്നെ തിരക്കഥ, സംവിധാനം, അഭിനയം  ( വിഷയം - സ്ത്രീധനം) ഒക്കെ നിര്‍വഹിച്ച ടാബ്ളോ സ്കൂളില്‍ പ്രസിദ്ധമായിരുന്നു. ആണായി വേഷമിട്ട അസ്മ വെച്ച വെപ്പുമീശ കര്‍ട്ടന്‍ പൊക്കിയ സമയത്തു പറന്നുപോയി അതെടുക്കാന്‍ ഭാര്യയായി അഭിനയിക്കുന്ന ബിജി കുനിയുകയും അങ്ങനെ ചെയ്യല്ലെ, എന്നു അലറി അമ്മായിഅമ്മയായി അഭിനയിക്കുന്ന ഞാന്‍സംവിധായക ധര്‍മ്മം സ്റ്റേജില്‍  വെച്ചു തന്നെ നിര്‍വഹിക്കുകയും ചെയ്തു.എന്‍റെ കര്‍ണകഠോരശബ്ദത്തിലുള്ള പാട്ടുകള്‍ കേട്ട് സ്കൂള്‍ടീച്ചര്‍മാരും കുട്ടികളും മാത്രമല്ല  ബെന്ചുകളും ഡെസ്കുകളും  കൂടി ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്നു. മക്കള്‍ പരിപാടി അവതരിപ്പിക്കുന്നിടത്ത് മാതാപിതാക്കള്‍ വരുക എന്ന ഒരു സിസ്റ്റം അന്നൊന്നുമില്ലാത്തതിനാല്‍ ഉപ്പക്കും ഉമ്മക്കും അതൊന്നും കാണാനുള്ള യോഗം ഉണ്ടായില്ല. ഈ വക  പ്രകടനങ്ങള്‍ കാരണം  അപമാനഭാരം കൊണ്ട് ചൂളിപ്പോയി സാബിറ.   " ഇവളെന്നെ നാണം കെടുത്തുന്നു ഉമ്മാ" എന്ന് എത്ര തന്നെ കരഞ്ഞു പറഞ്ഞിട്ടും ഉമ്മ അതൊന്നും ലവലേശം ഗൌനിച്ചില്ല.

 

                         ടാബ്ളോ പോലെത്തന്നെ പ്രസിദ്ധമാണ്‍ ഞാന്‍ അവതരിപ്പിച്ച നാടോടി ന്രുത്തവും. ഡാന്‍സിന്‍റെ തുടക്കത്തില്‍ ഞാന്‍ കുട്ടയുമായി പതുക്കെ സ്റ്റെപ്പ് വെച്ച് പാട്ടിനനുസരിച്ച് മുന്നോട്ട് പോകണം, പിന്നെ കുട്ട താഴെ വെച്ച് കളി തുടങ്ങണം. അങ്ങനെ ഒക്കെ ചെയ്യാന്‍ റെഡിയായി ഞാന്‍ സ്റ്റേജിന്‍റെ പിറകില്‍ നിന്നു. എന്‍റെ നമ്പര്‍ വിളിച്ചു, ഹാര്‍മോണിയം ശബ്ദിക്കാന്‍ തുടങ്ങി, ഞാന്‍ സ്റ്റേജിലെത്തി.പെട്ടെന്ന് മൈക്കിലൂടെ ഒരലര്‍ച്ച, ശ്രദ്ധിച്ചപ്പോള്‍ എന്‍റേ ഡാന്‍സിന്‍റെ പാട്ടാണ്‍ അലര്‍ച്ചയുടെ രൂപത്തില്‍ മൈക്കിലൂടെ വരുന്നത്.ഹെന്ത്, വിജയച്ചേച്ചിയുടെ (സ്കൂളിലെ വാനമ്പാടി) ശബ്ദം ഇങ്ങനെയല്ലല്ലോ, ആലോചിച്ചു നിക്കാന്‍ സമയമില്ല, കഠോര ശബ്ദത്തിലുള്ള പാട്ട് എക്സ്പ്രസ്സ് ട്രെയിനിന്‍റെ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ കുട്ടയൊക്കെ വലിച്ചെറിഞ്ഞു അതിവേഗത്തില്‍ കളിക്കാന്‍ തുടങ്ങി.പല  പല  സ്റ്റെപ്പുകള്‍ കട്ട് ചെയ്തിട്ടും എനിക്കു പാട്ടിന്‍റെ കൂടെയെത്താന്‍ പറ്റുന്നില്ല.ആ തിരക്കിനിടയിലും ഞാന്‍ ആരാണ്‍ പാടുന്നതെന്നു പാളി നോക്കി

രതിച്ചേചി

ഞാന്‍ തകര്‍ന്നുപോയി, സ്വഭാവത്തില്‍ എന്‍റെ സ്വന്തം ചേച്ചിയായി വരുന്ന, ഭീകരമായ പാട്ടുകള്‍ പാടി ഞങ്ങളെ വധിക്കാറുള്ള രതിച്ചേച്ചിയുടെ കയ്യിലാണു എന്‍റെ പാട്ടു കിട്ടിയിരിക്കുന്നത് .എല്ലാം നഷ്ടപ്പെട്ട നാടോടിസ്ത്രീ പൊട്ടിക്കരയുന്ന സീനാണ്‍ അപ്പോള്‍ ഡാന്‍സില്‍. അല്ലെങ്കിലേ കരയാന്‍ മുട്ടി അടക്കിപ്പിടിച്ചു കളിക്കുന്ന ഞാന്‍ ആ സ്റ്റെപ്പെത്തിയപ്പോള്‍ നെഞ്ഞത്തടിച്ചു പൊട്ടിക്കരഞ്ഞു. പെട്ടെന്ന് ശബ്ദങ്ങളൊക്കെ നിലച്ചു.

കറന്‍റു പോയതാണ്. പക്ഷെ ചേച്ചി കറന്‍റുപോയതൊന്നും അറിഞ്ഞിട്ടു പോലുമില്ല. അല്ലെങ്കില്‍ തന്നെ രതിചേച്ചിക്കെന്തിനാ മൈക്ക്. സെക്കന്‍ഡും തേര്‍ഡും പോയിട്ട് ( ഫസ്റ്റിന്‍റെ കാര്യം ആദ്യമേ തീരുമാനമായിരുന്നു)ഒരു കുന്തവും കിട്ടാന്‍ പോകുന്നില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ നെഞ്ഞത്തടിക്കല്‍ നിര്‍ത്തി സ്റ്റേജിന്‍റെ പിന്നിലേക്ക് കരഞ്ഞുകൊണ്ട് ഒറ്റ ഓട്ടം ഓടി. ഞാന്‍ ഓടിപ്പോന്ന് കുറച്ചുകൂടി കഴിഞ്ഞാണ്‍ രതിച്ചേച്ചി ഞാന്‍ സ്ഥലത്തില്ലെന്നു മനസ്സിലാക്കി പാട്ടു നിര്‍ത്തിയത്. താമസം വിനാ ചേച്ചി എന്‍റടുത്ത് ഓടിയെത്തി.


 "സാരമില്ല മോളെ, ഒരു കറന്‍റുപോയതിനു ഓടിപ്പോരുകയാണോ ചെയ്യുക, അവിടെ നിന്നു കളിച്ചിരുന്നെങ്കില്‍ ഫസ്റ്റ് കിട്ടിയേനെ"  എന്നു ആശ്വസിപ്പിക്കാന്‍ തുടങ്ങി.

ചേച്ചിയുടെ പാട്ടു കാരണമാണ്‍ ഞാനോടിയതെന്നു ഒരു പത്താം ക്ളാസ്സുകാരിയോട് ഒരു അന്ചാം ക്ളാസ്സുകാരി എങ്ങനെ പറയാന്‍.തിരക്കു കാരണം വിജയചേച്ചി പാടാന്‍ പറ്റില്ലല്ലോ, എന്ത് ചെയ്യും എന്നു വിലപിച്ചപ്പോള്‍ രതിചേച്ചി ചാടി വീണ്‍ കരസ്ഥമക്കിയതായിരുന്നു എന്‍റെ പാട്ട്



               അങ്ങനേയിരിക്കുമ്പോഴാണു എനിക്കു സ്പോര്‍ട്സില്‍ കൂടി മല്‍സരിക്കാനുള്ള ഭാഗ്യമുണ്ടായത്. എല്ലാവരും ആകാംക്ഷയൊടെ ഉറ്റുനോക്കുന്ന 400 മീറ്റര്‍ റിലേ മല്‍സരം നടക്കാന്‍ പോകുന്നു.ഫസ്റ്റ് ലാപ്പോടേണ്ട സ്മിത ഒ കെ ക്ക് പെട്ടെന്നൊരു തലചുറ്റല്‍, പകരം ഓടാന്‍ ആളുണ്ടോന്ന് ഡ്രില്‍ മാഷ് വിളിച്ചു ചോദിച്ചു. സാബിറക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പെ ഞാനോടി ഗ്രൌണ്ടിലിറങ്ങി, രാജന്‍ മാഷെനിക്കു നമ്പര്‍ കുത്തിത്തന്നു. ഞാന്‍ പുറത്തുള്ള ട്രാക്കിലായതിനാല്‍ എന്നെ മറ്റുള്ളവരെക്കാള്‍ മുന്നിലാണ്‍ നിര്‍ത്തിയിരിക്കുന്നത്.ഞാനെല്ലാവരെയും അഭിമാനപുരസ്കരം ഒന്നു വീക്ഷിച്ചു.വിസിലടിച്ചു, എല്ലാവരും പറപറക്കുന്നു, ഞാനും കൂടെപറന്നു.ഒരു നിമിഷം കഴിഞ്ഞില്ല തേഡ് ട്രാക്കിലോടുന്ന ലൈല എന്നെ വെട്ടിച്ചു, സാരമില്ല സെക്കന്‍റെങ്കില്‍ സെക്കന്‍ഡ്, ഞാനാഞ്ഞു കുതിച്ചു,  അടുത്ത നിമിഷം സുജാത, പിന്നെ നിഷ,മാധവി. എന്തിനു പറയുന്നു ഓടുന്ന എല്ലാവരും എന്‍റെ മുന്നിലായി.ഞാനെത്ര ഓടിയിട്ടും നൂറുമീറ്ററെത്തുന്നില്ല.സ്കൂളിലെ എല്ലാവരും  സാബിറയൊക്കെ തൊണ്ട പൊട്ടി എന്നെ   അപ്, അപ് എന്നു വിളിച്ചു പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ചിലരെന്‍റെ കൂടെ ട്രാക്കിനു പുറത്തൂടെ ഓടുന്നു, എന്തു കാര്യം.എത്താത്ത കാരണം ഞാന്‍ പിന്നോട്ടാണോ ഓടുന്നതെന്നു എനിക്കു തന്നെ സംശയം തോന്നി.ഏകദേശം എല്ലാവരും ബാറ്റണ്‍ കൈമാറിക്കഴിഞ്ഞു, എന്‍റെ ബാറ്റണ്‍ വാങ്ങാന്‍  നില്‍ക്കുന്ന ഷീജയുടെ  കൈ നീട്ടി നീട്ടി ഒടിയാറായപ്പോളാണു ഞാന്‍ ഓട്ടം അവസാനിപ്പിച്ചു ബാറ്റണ്‍ കയ്യില്‍ കൊടുത്തതു, എന്നിട്ടു നാടകീയമായി കുഴഞ്ഞു വീണു. ആരും എന്നെ ഗൌനിച്ചില്ല സാബിറപോലും.


                     ഷീജയുടെ കയ്യില്‍ ബാറ്റണ്‍ കിട്ടുമ്പോഴേക്കും ബാക്കിയുള്ളവരുടെ സെക്കന്‍ഡ് ലാപ്പ് തീരാറായിരുന്നു. ഇല എന്നു വിളിപ്പേരുള്ള ഷീജ സര്‍വ്വശക്തിയുപയോഗിച്ചോടി എത്രയും പെട്ടെന്നു തന്നെ ബാറ്റന്‍ കൈമാറി. ഞങ്ങളുടെ ടീമില്‍ അവസാനലാപ്പോടുന്ന  ബല്ക്കീസ് നോക്കുമ്പോള്‍  മല്‍സരം ഏകദേശം തീര്‍ന്നമട്ടാണ്.പിന്നീട് ബള്‍ക്കീസ് നടത്തിയ ഓട്ടം സ്കൂളിന്‍റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്തു, അവിശ്വനീയമായ ആ ഓട്ടത്തിനൊടുവില്‍ ബള്‍ക്കീസ് മൂന്നാമതായി ഫിനിഷ് ചെയ്ത് തളര്‍ന്നുവീണു.(ബള്‍ക്കീസിനെയെങ്ങാനും വല്ല ഒളിമ്പിക്സിനും മല്‍സരിപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് വല്ല മെഡലും കിട്ടിയേനെ, പക്ഷെ അവളുടെ ഉപ്പ സമ്മതിക്കാത്തതു കാരണം സബ്ജില്ലാതലത്തില്‍ പോലും അവളെ മല്‍സരിപ്പിക്കാന്‍ രാജന്‍മാഷ്ക്കായില്ല).

 

                     പിന്നീട് വിവാഹശേഷം ഞാന്‍ ഷാനുക്കയോട് " കണ്ടോ, എനിക്ക് സ്പോര്‍ട്സില്‍പോലും സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട് എന്നു വീമ്പു പറയുമ്പോള്‍ ആ മല്‍സരത്തിനു ദ്രുക്സാക്ഷിയായിരുന്ന സാബിറ എന്നെ ഒരു നോട്ടം നോക്കും, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട എന്ന മട്ടില്‍.


Tuesday, December 1, 2015

ഹോസ്റ്റല്‍

                          ഓര്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും സന്തോഷം വരുത്തുന്നതാണ്‍ എനിക്കെന്‍റെ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍കാലത്തെ ഓര്‍മ്മകള്‍.തുടക്കത്തില്‍ common Room ല്‍ ആയിരുന്നെങ്കിലും കുറച്ചുമാസത്തിനുള്ളില്‍ തന്നെ എല്ലാവരും single റൂമിലേക്ക് മാറാന്‍ തുടങ്ങി. single എന്നൊക്കെയാണ്‍ പേരെങ്കിലും മൂന്നുപേര്‍, അല്ലെങ്കില്‍ 2 പേര്‍ക്ക് ഒരു റൂം എന്നിങ്ങനെയാണ്‍  മാറല്‍. Room allotment എന്നൊരു സംഗതി അവിടെയില്ല, റൂം ഒഴിവു വരുന്നതിനനുസരിച്ച് നമ്മള്‍ കയ്യേറണം, ശേഷം പ്രഖ്യാപിക്കണം, ഇതാണ്‍ ഞങ്ങളുടെ റൂമെന്ന്, ഇതു കേട്ടറിഞ്ഞ് സഫിയാത്ത ( മേട്രണ്‍) റൂമിലെത്തി നോക്കി ചോദിക്കും, ഇതാണ്‍ നിങ്ങളുടെ റൂമല്ലേ എന്ന്. അങ്ങനെ കയ്യൂക്കുള്ളവരൊക്കെ റൂം കയ്യേറാന്‍ തുടങ്ങി. റൂം കയ്യേറുക മാത്രമല്ല, റൂമിലേക്കുള്ള കട്ടില്‍ മറ്റു റൂമുകളില്‍ നിന്ന് തട്ടിക്കൊണ്ട് വരുക എന്ന duty കൂടി ഞങ്ങള്‍ക്കുണ്ടായിരുന്നു. ഒരു റൂം ഒഴിവു വരുന്നുണ്ട് എന്ന മണംകിട്ടുന്നതിനനുസരിച്ച് നമ്മള്‍ തയ്യാറെടുപ്പുകള്‍ നടത്തും, ആദ്യം പോയി പരിശോധിക്കും, ചോര്‍ച്ചയുണ്ടോ, തണുപ്പുള്ള റൂമാണോ എന്നൊക്കെ. അങ്ങനെ കയ്യൂക്കുള്ളവര്‍ക്കൊക്കെ റൂമായി, ഞങ്ങളും ഊക്കു കുറക്കാന്‍ പോയില്ല.പത്തുകൊല്ലത്തെ ഗവേഷണവസാനം വെറും കഞ്ഞി മാത്രം ഭക്ഷണമാക്കിയ ഒരു ബോട്ടണിചേച്ചി(തുടക്കത്തില്‍ മെസ്സിലെ ഭക്ഷണം ഇഷ്റ്റപ്പെടാതെ ഒരു ഹീറ്ററും  വാങ്ങി റൂമില്‍ സ്വയം  കുക്കിംങ്ങ് ആരംഭിച്ച ചേച്ചി പിന്നീട് ഗവേഷണത്തിന്‍രെയും മടിയുടെയും കഠോരത നിമിത്തം അതു കഞ്ഞി മാത്രമാക്കിചുരുക്കുകയായിരുന്നു) തന്‍റെ തീസിസ് സമര്‍പ്പിച്ച അന്നു തന്നെ ഞങ്ങള്‍ മൂന്നുപേര്‍ ആ റൂമിലേക്ക് താമസം മാറ്റി. പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെ ആദ്യം തന്നെ ഞങ്ങള്‍ റൂം കഴുകി വ്രുത്തിയാക്കി .ladies hostel ലേക്ക് ആണ്‍കുട്ടികളെ ക്ഷണിക്കുക എന്ന ഒരു കലാപരിപാടി ഇല്ലാത്തതിനാല്‍ പിന്നീടൊരിക്കലും ആ റൂമിനു ചൂലു കാണേണ്ടി വന്നില്ല.(മാസത്തിലൊരിക്കല്‍ മെന്‍സ് hostel ലേക്ക് സ്വന്തം ക്ളാസ്സിലെ പെണ്‍കുട്ടികളെ ക്ഷണിച്ച്  lunch കൊടുക്കുക എന്നൊരേര്‍പ്പാട് യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്നു, പക്ഷെ ഇങ്ങനെ ക്ഷണിക്കുന്ന പെണ്‍കുട്ടികളുടെ ചിലവ് അതാതു ക്ളാസ്സിലെ ആണ്‍കുട്ടികളെടുക്കണം. ഞങ്ങള്‍ ആണ്‍കുട്ടികളും പെണ്കുട്ടികളും ബദ്ധശത്രുക്കളായിരുന്നെങ്കിലും, (മച്യുരിറ്റിയില്ലാത്തവര്‍ എന്ന് പെണ്‍കുട്ടികള്‍  ആണ്‍കുട്ടികളേ അധിക്ഷേപിക്കുമായിരുന്നു)ആ പാവങ്ങളും രണ്ടു തവണ ഞങ്ങളെ മെന്‍സ് hostel ലേക്ക് ക്ഷണിച്ചിട്ടുണ്ട്. Lunch കഴിഞ്ഞു ക്ലാസ്സിലെ എല്ലാ ആണ്‍കുട്ടികളുടെയും റൂമിലേക്ക് ക്ഷണിക്കും. മര്‍മ്മപ്രധാനങ്ങളായ  പല ചിത്രങ്ങളും അവര്‍ കലണ്ടരും തോര്‍ത്തും വെച്ചൊക്കെ മറച്ചു വെച്ചിട്ടുണ്ടാകുമെങ്കിലും മറന്നു പോകുന്ന ചില ചിത്രങ്ങളുടെ  മുകളില്‍ ചാരി നിന്നു മച്യുരിറ്റി സംരക്ഷിക്കേണ്ട ഗതികേടൊക്കെ അവര്‍ക്കുണ്ടായിട്ടുണ്ട്). രണ്ടു single coat കൂട്ടിയിട്ട് അതില്‍ മൂന്നുപേര്‍ കിടക്കാന്‍ ധാരണയായി.അറ്റത്തു കിടന്നാല്‍ ഞാന്‍ വീഴുമെന്നും അതുകൊണ്ട് എനിക്കു മുക്കു തന്നെ തരണമെന്നും പറഞ്ഞു ഞാനെന്‍റെ പുതപ്പും കൊണ്ട് മുക്കിലേക്കൊരു ചാട്ടം ചാടി.ആരും തൊട്ടു പോകുന്നതു ഇഷ്റ്റമില്ലാത്ത സീരിയസ് രജനി കട്ടിലിന്‍റെ അറ്റത്തും കിടപ്പായി. അതോടെ  ഹൌസ്ഫുള്ളായിപ്പോയ കട്ടിലിന്‍റെ നടുവിലേക്ക്

" ഞാന്‍ കിടന്നിട്ടേയ് നിങ്ങളൊക്കെ കിടന്നാമതി "

എന്നും പറഞ്ഞുകൊണ്ട് കലിയിളകിയ ധന്യ കിടന്നതും  ചുമരിലൊരു പോസ്റ്ററായിപ്പോയ ഞാനും  വീഴാതിരിക്കാന്‍ കട്ടിലില്‍ തൂങ്ങിപ്പിടിച്ചുകിടക്കുന്ന രജനിയും

"എടീ ഞങ്ങളെ കൊല്ലല്ലേ, നിന്നെ കിടത്തിക്കൊളാം നീ ഒന്നു ഒതുങ്ങിക്കിടക്ക്"

എന്ന് കെന്ചിക്കൊണ്ട് അലറിനിലവിളിക്കാന്‍ തുടങ്ങി.അവസാനം മുക്കിലും അറ്റത്തും കിടക്കുന്ന ഞാനും രജനിയും ചെരിഞ്ഞുകിടക്കണമെന്നും  നടുവില്‍ കിടക്കുക എന്ന അപമാനം സഹിക്കുന്ന ധന്യക്ക് ചെരിഞ്ഞോ മലര്‍ന്നോ കിടക്കാവുന്നതാണു എന്നും തീരുമാനിക്കപ്പെട്ടു.


                     മൂന്നുപേരും ദരിദ്രകളായിരുന്നതിനാല്‍ വളരെ എളിമയോടെ ഉള്ള ജീവിതമാണു ഞങ്ങള്‍ നയിച്ചിരുന്നത്. അതുകൊണ്ട് തന്നെ കൊതുകുതിരി, വല പോലുള്ള ആര്‍ഭാടങ്ങളൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല ( all out ഒന്നും ഞങ്ങള്‍ കേട്ടിട്ടു പോലുമില്ലായിരുന്നു).തുറന്ന പുസ്തകം പോലെ കിടക്കുന്ന ഞങ്ങളുടെ റൂമില്‍ വന്ന് യൂണിവേഴ്സിറ്റി വളപ്പിലെ പരശ്ശതം കൊതുകള്‍ ഞങ്ങളുടെ ചോര കുടിച്ചു വയറുവീര്‍ത്ത് നാണം കെട്ട് ശ്വാസം മുട്ടി മരിച്ചുപോവുകയായിരുന്നു.ഇങ്ങനെ മരിക്കാത്തവയില്‍ ഒരു വിഭാഗം ഞങ്ങള്‍ തിരിഞ്ഞുമറിഞ്ഞും കിടക്കുമ്പോള്‍ ഇടയില്പെട്ട് ചത്തുപോയി ഞങളുടെ ബെഡ് ( ബെഡ് എന്നു വേണമെങ്കില്‍ വിളിക്കാം) നശിപ്പിച്ചുകൊണ്ടിരുന്നു.തിന്നുക എന്നല്ലാതെ വേറെ പ്രത്യേകിച്ച് ജോലി ഒന്നുമില്ലാത്ത ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്നം വിശപ്പായിരുന്നു, നാലുനേരം മെസ്സില്‍ നിന്നും ഭക്ഷണം കിട്ടുമെങ്കില്‍ കൂടെ ചില സമയത്ത് ചിലരുടെ സമനില തെറ്റും.എന്തും വരട്ടെ എന്നു കരുതി അവര്‍നേരെ സ്റ്റോറില്‍ പോയി എന്തെങ്കിലും വാങ്ങി, കാശിപ്പൊ കൊണ്ടുവരാട്ടോ എന്നു പറഞ്ഞു തറവാട്ടിലേക്കോടും( common room). അവിടെച്ചെന്ന് വിശപ്പിന്‍റെ വിളികേട്ടിരിക്കുന്ന ബാക്കിയുള്ളവര്‍ക്ക് കൂടി വിതരണം ചെയ്യും, ഞാനൊക്കെ

പാവംട്ടാ, ഇവളിത്ര നല്ല ആളായിരുന്നോ, ഇവളെ ഞാന്‍ എത്ര കുറ്റം പറഞ്ഞേക്കുന്നു, പടച്ചവനെ ക്ഷമിക്കണേ

എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് എടുത്തു തിന്നും. എല്ലാവരുടെ മുഖത്തും ഒരു സന്തോഷമൊക്കെ വിടരുന്ന ആ സമയത്താണു ഇതു കൊണ്ടുവന്ന ആള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറയുക, ഇതു പിരിവാണേയ് എന്ന്. പിന്നെ പിരിവു കൊടുക്കലാണ്, തിന്നാന്‍ തോന്നിച്ച   ആ ദുര്‍ബല നിമിഷത്തെ ശപിച്ചുകൊണ്ട്. സീന കെ ഒക്കെ ഇങ്ങനെ എത്ര തവണ ഞങ്ങളെ പറ്റിച്ചിരിക്കുന്നു.


                         നാലു പേരൊഴികെ മറ്റുള്ളവര്‍ക്കൊക്കെ single room  കിട്ടിയെങ്കിലും സൌകര്യങ്ങള്‍ കൂടുതല്‍ common room ല്‍ ( attached bathroom etc)ആയതിനാല്‍

"നമ്മടെ തറവാടല്ലേല്ലെ, നമ്മളെങ്ങനേല്ലെ ഇങ്ങോട്ട് വരാതിരിക്കുക"

എന്നൊക്കെ ന്യായം പറഞ്ഞ് എല്ലാവരും മിക്കപ്പൊഴും common room ല്‍ തന്നെയായിരിക്കും. അങ്ങനെ തമാശ പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്‍  സീന കെക്ക് പെട്ടെന്ന് ഓര്‍മ്മവരുക അവര്‍ക്കുമാത്രം റൂം കിട്ടാത്ത കാര്യം.

" മതി, മതി എല്ലാവരും പൊയ്ക്കോ, ഞങ്ങള്‍ക്കിവിടെ ഉറങ്ങണം"

സീന വാതിലടക്കും

"അവള്‍ക്കു കോംപ്ലക്സാ, റൂം കിട്ടാത്തതിന്‍റെ ഹും"

 എന്നു പുഛ്ചിച്ചുകൊണ്ട് ഞങ്ങള്‍ ഉറങ്ങാന്‍ പോകും, പിറ്റേന്ന് രാവിലെ ഞങ്ങള്‍ വീണ്ടും ചെല്ലും അവിടെത്തന്നെ .കൂടാതെ  സിനിമ എന്ന ഒരു പ്രലോഭനം കൂടി അവിടെയുണ്ടായിരുന്നു. സിനിമ എന്നു പറഞ്ഞാല്‍, വിശാലമായ ആ റൂമിന്‍റെ അപ്പുറത്ത് ഹോസ്റ്റല്‍ മതിലാണ്, അതുകൊണ്ട് തന്നെ പുറത്തുള്ളവര്‍ കാണാതിരിക്കാണ്‍ ജനാലകളുടെ plain glass, newspaper ഒട്ടിച്ച് ഭദ്രമാക്കിയിട്ടുണ്ട്.ഈ newspaper ല്‍ ഇടക്കിടക്ക് ഓരോ സുഷിരങ്ങളും ഉണ്ട്. സുഷിരം ഉണ്ടായതല്ല, ഞങ്ങള്‍ള്‍ള്‍ ഇട്ടു കൊടുത്തതാണ്.ഇതിലൂടെയാണ്‍ സിനിമ കാണല്‍.അതായത്, രാത്രി എട്ടുവരെയാണ്‍ ladies hostel ല്‍ permission. അതു കഴിഞ്ഞാല്‍ അകത്തു കയറണം. എട്ടുമണി വരെ ഇണപ്രാവുകളുടെ വിഹാര കേന്ദ്രമാണ്‍ ഈ മുറ്റം, ആര്‍ക്കൊക്കെ ആരൊക്കെ ലൈനാണ്, ഓരോരുത്തരുടെ ജോഡികളുടെ കുറ്റവും കുറവുകളും, മറ്റു പ്രേമകേളികള്‍ ഇതൊക്കെ കാണല്‍ ,തല്‍സമയസംപ്രേഷണം തുടങ്ങിയവ ഒക്കെയായിരുന്നു ഞങ്ങളുടെ duty. എട്ടുമണി അടിച്ചാല്‍ പിന്നെ ആ മുറ്റത്ത് കണ്ണീര്‍പ്പുഴയാണ്, ഗേറ്റിന്‍റെ അപ്പുറത്തും ഇപ്പുറത്തും നിന്നു ഇണപ്രാവുകള്‍ ഗദ്ഗദത്തോടെ  വിടപറയുകയും  സെക്യൂരിറ്റി പല്ലുകടിച്ചുകൊണ്ട് ഇവര്‍ക്കിടയില്‍ നില്‍ക്കുകയും ചെയ്യുന്നുണ്ടാകും. , ചില പാവങ്ങള്‍ അകത്തു കയറാന്‍ മറന്നുപോയിട്ടുണ്ടാകും, അക്കൂട്ടര്‍ ഒന്നു തുറക്കണേ എന്നു സെക്യൂറിറ്റിയുടെ കാലുപിടിച്ചു കരയും. പിന്നീട് യൂണിവേഴ്സിറ്റി ഈ നിയമം എടുത്തു കളഞ്ഞു, ആര്‍ക്കും എപ്പൊ വേണമെങ്കിലും അകത്തു കയറാം എന്നാക്കി, അതോടെ ആ ദ്രുശ്യവിരുന്നു അവസാനിച്ചു.അതിനകം തന്നെ  എല്ലാവര്‍ക്കും റൂം കിട്ടുകയും ചെയ്തു.


                             രണ്ടു വലിയ കെട്ടിടങ്ങളെ ഒരു  passage കൊണ്ടു ബന്ധിപ്പിച്ചതായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍, old block ലുള്ള ഞാന്‍ സിനിമ കാണാന്‍ പോവുക new block ലാണ്, മൊത്തം മൂന്നു  T V ഹാളുണ്ടെങ്കിലും റിമോട്ട് കയ്യിലുള്ള ഭ്രാന്തത്തികളുടെ ഇഷ്ടത്തിനനുസരിച്ച് നമ്മള്‍  T V കാണേണ്ടി  വരുമെന്നതിനാല്‍  ആളുകുറവുള്ള  researchers ന്‍റെ  TV ഹാളാണ്‍ എന്‍റെ കേന്ദ്രം., അവര്‍ ഗവേഷകരാണ്, അവിടെ വന്നു student ആയ ഞാന്‍ TV കാണുന്നത് തെറ്റാണ്‍ എന്നു ഇടക്കിടക്ക് എന്നെ ഓര്‍മിപ്പിക്കുമെന്നൊഴിച്ചാല്‍ വേറെ ശല്യമൊന്നും ഉണ്ടായിരുന്നില്ല.അങ്ങനെ രാത്രി 12 മണിക്ക്  new block ല്‍ നിന്നും പതിനെട്ടാമത്തെ തവണ മണിചിത്രത്താഴ് സിനിമയും കണ്ട് passage ലൂടെ പേടിച്ച് വിറച്ച് നടന്നു വരുകയാണ്, ഇത്രയധികം ജനാലകളും വാതിലുകളും ആ passage ല്‍ പിടിപ്പിച്ച ആശാരിയെ ഞാന്‍ മനസ്സുകൊണ്ട് ശപിച്ചു.

                        പിശാശുക്കള്‍ വാതില്‍ അടച്ച് കുറ്റിയിട്ടിരിക്കുന്നു.ഒരൊറ്റ മുട്ടേ വേണ്ടി വന്നുള്ളൂ, വാതില്‍ തുറക്കപ്പെട്ടു. തുറന്ന ധന്യ എന്നെ കണ്ട് പിച്ചും പേയും പറയാണ്‍ തുടങ്ങിയതും അല്ലിക്ക് ആഭരണമെടുക്കാന്‍ പോകണ്ട എന്നു സുരേഷ്ഗോപി പറയുന്നതുപോലെ മിണ്ടിപ്പോകരുത് എന്നമട്ടില്‍ ഞാന്‍ അവളെ ശൂരതയോടെ നോക്കിയതും ഒരുമിച്ചായിരുന്നു. അതോടെ ധന്യ അടങ്ങി, അവള്‍ ബെഡിലേക്ക് ഒറ്റ ഓട്ടം.സാധാരണ ഞാനിങ്ങനെ രാത്രി വൈകി വരുന്ന ദിവസങ്ങളില്‍ പിച്ചും പേയും പറയുന്ന ധന്യയെ ഞാന്‍ സ്നേഹപൂര്‍വ്വം കൈ പിടിച്ച് ബെഡിലേക്ക് നടത്തിക്കുകയാണു പതിവു, ശോഭനയുടെ ഭ്രാന്തും കണ്ട് പേടിച്ചു വിറച്ചു വരുന്ന എനിക്ക് ധന്യയുടെ പ്രകടനം കൂടി കാണാനുള്ള കരുത്തുണ്ടായിരുന്നില്ലെന്നതാണ്‍ സത്യം.പിറ്റേന്ന് ഞാനുണര്‍ന്നത് വിയര്‍ത്തൊലിച്ചു കൊണ്ടായിരുന്നു.ഒന്നു തിരിഞ്ഞു കിടക്കാമെന്നു വെച്ചപ്പോ തിരിയല്‍ പോയിട്ട് എനിക്കൊന്നിളകാന്‍ കൂടി പറ്റുന്നില്ല.

ഹെന്ത്, ഒറ്റ രാത്രി കൊണ്ട് ഇവരൊക്കെ ഇത്രക്കു വണ്ണം വെച്ചോ, ഇപ്പൊ കാണിച്ചു തരാം

ഞാന്‍ സര്‍വശക്തിയുമെടുത്തു നടത്തിയ ആ ഉന്തില്‍ ധന്യയുടെ എല്ലുകൊണ്ട് എന്‍റെ തന്നെ ദേഹം വേദനിച്ചതൊഴിച്ചാല്‍ പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടായില്ല.

എന്തായാലും ഉണര്‍ന്നു, ഇനി ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ടു തന്നെ കാര്യം.

 വല്ലപാടും കഷ്ടപ്പെട്ട് എഴുന്നേറ്റ് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി, എന്നേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ എല്ലുനുറുങ്ങിക്കിടക്കുന്ന രജനിയെയും ധന്യയെയും കൂടാതെ നാലാമതൊരാള്‍ കൂടി ആ കട്ടിലില്‍ പുതച്ചുമൂടി കിടക്കുന്നു.ഞാനുടന്‍ രജനിയെയും ധന്യയെയും എഴുന്നേല്‍പ്പിച്ചു, എന്നെപ്പോലെ  കഷ്ടപ്പെട്ട് എഴുന്നേറ്റ അവരും നാലമത്തെയാളിനെ കണ്ട് ഞെട്ടി,പുതപ്പുമാറ്റി ഉറങ്ങിക്കിടക്കുന്ന ആളെകണ്ട് ഒന്നുകൂടി ഞെട്ടി

അനീഷ

മുകളിലത്തെ നിലയില്‍ സീന കെക്ക് ഒപ്പം (രണ്ടു പേര്‍ മാത്രമുള്ള single room ) വിരാജിക്കുന്ന അനീഷയാണ്‍ ഈ ചതി ചെയ്തിരിക്കുന്നത്.ഇവളെ ശെരിപ്പെടുത്തണം.

"നിന്നെയാണു ശെരിപ്പെടുത്തേണ്ടത്, നീയാണു ലേറ്റായി വന്നത്, നീ വാതില്‍ കുറ്റിയിട്ടില്ല, അല്ലാതെ അവളെങ്ങനെ അകത്തു കയറി"

രണ്ടുമാക്രികളും എന്നെ ആക്രമിക്കാന്‍ തുടങ്ങി.

വാച്ചുകെട്ടി ഉറങ്ങുന്ന ആ മാന്യമഹതി ബുധനാഴ്ചകളില്‍ എട്ടേമുക്കാലിനേ കണ്ണു തുറക്കൂ, അതും സ്വന്തം വാച്ചില്‍ നോക്കി ഉറപ്പു വരുത്തിയ ശേഷം മാത്രം.കാരണം അന്നു ഉപ്മാവായിരിക്കും മെസ്സില്‍. അതിഷ്ടമല്ലാത്ത അനീഷക്കു ഞങ്ങളാരെങ്കിലും കഴിച്ചു വരുന്ന വഴി ചായ എടുത്തു വെക്കണം.ഉണര്‍ന്നുകഴിഞ്ഞാല്‍ അനീഷ രാജകീയമായി ആ തണുത്ത ചായ കുടിക്കും. അങ്ങനെയാണ്‍ പതിവു, ഇന്നെനിക്കു ചായ എടുത്തു വെക്കാനൊന്നും തോന്നിയില്ല.
പക്ഷെ ഞാന്‍ മാത്രമാണ്‍ തെറ്റുകാരി, പാവം അനീഷ എന്തു പിഴച്ചു എന്ന മട്ടില്‍ എന്നെ നിരന്തരം ഭര്‍സിച്ചു കൊണ്ടു നടക്കുന്ന രണ്ടെണ്ണങ്ങള്‍ ചായയും കൊണ്ടു വന്ന് അനീഷയുടെ തലക്കല്‍ ഇരിക്കുകയാണ്, അവള്‍ കണ്ണുതുറക്കാന്‍ വേണ്ടി.

അനീഷ കണ്ണുതുറന്നു,ഞങ്ങള്‍ ചാടി വീണു.

"ചായ ഒക്കെ അവിടെ ഇരിക്കട്ടെ, ആദ്യം നീ പറയ്, നീ എങ്ങനെ ഇവിടെ എത്തി?"


"എന്തൂട്ട്ടീ, ചായ കുടിക്കാന്‍ സമ്മതിക്കാത്തത്",

എന്നൊക്കെ അനീഷ പ്രതിരോധിച്ചെങ്കിലും കഥ പറഞ്ഞതിനു ശേഷമെ ഞങ്ങള്‍ സമ്മതിച്ചുള്ളൂ. കഥ ഇപ്രകാരമായിരുന്നു.
 ഇന്നലെ രാത്രി  അനീഷ പതിനൊന്നു മണിയോടെ ഉറങ്ങാന്‍ കിടന്നു. സീന ചുറ്റാന്‍ പോയി എത്താത്തതു കാരണം റൂം കുറ്റിയിട്ടിരുന്നില്ല. (മാഡം സീന ഹേമയുടെ റൂമില്‍ പഞ്ചായത്തിനു പോയതാണ്. അവിടെച്ചെന്നപ്പോള്‍ മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് പറഞ്ഞ് അവര്‍ക്ക് പരസപരം സ്നേഹം വര്‍ധിക്കുകയും ശാലിനി അവിടെയില്ലാത്തതിനാല്‍ അന്നവിടെ കിടക്കാന്‍ ഹേമ നിര്‍ബ്ന്ധിക്കുകയും ചെയ്തത്രെ). രാത്രി രണ്ടുമണിക്ക് ഞെട്ടിയുണര്‍ന്ന അനീഷ കണ്ടത് കാറ്റത്തു അടഞ്ഞുതുറക്കുന്ന വാതിലും അതിനപ്പുറത്ത് അടക്കാന്‍ മറന്നുപോയ ഗ്രില്ലുമാണ്(ടെറസ്സിലേക്കുള്ളത്).ഒട്ടും താമസിച്ചില്ല, ഒരു സെക്കന്‍റിനുള്ളില്‍ അനീഷ താഴെയുള്ള ഞങ്ങളുടെ റൂമിന്‍റെ മുന്നിലെത്തി.

" എങ്ങനെ അകത്തുകയറി",

ഞങ്ങള്‍ ഒരുമിച്ചലറി

ഞങ്ങളുടെ അലര്‍ച്ച കണ്ട് അനീഷക്ക് ദേഷ്യം വന്നു.

"ഞാന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചതൊന്നുമല്ല, ഒറ്റ മുട്ടു മുട്ടിയതും ധന്യ വാതില്‍ തുറന്നു"

" എടീ ഭയങ്കരീ"

രജനി ധന്യയെ നോക്കി മൂക്കത്തു വിരല്‍ വെച്ചു.

" ഭാഗ്യം അനീഷ ആണല്ലാതിരുന്നത്"

ഞാന്‍ ആദരവോടെ അനീഷക്ക് ചായ എടുത്തുകൊടുത്തു.

 

                                പരീക്ഷ കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ നടത്തിയ photo session  പ്രസിദ്ധമാണ്.ഇനി MLISc ക്ക് അവിടെ കിട്ടുമോന്ന് ഉറപ്പില്ലല്ലോ, അതുകൊണ്ട് യൂണിവേഴ്സിറ്റിയിലെ എല്ലാ കെട്ടിടങ്ങളുടെയും ബോര്‍ഡുകളുടെയും ഫോട്ടോ എടുക്കണമെന്നും അതിലൊക്കെ ഞങ്ങളുടെ തലകള്‍ വേണമെന്നും ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു.അങ്ങനെ ഞങ്ങള്‍ ഒരു photo ക്ക് പോസ് ചെയ്യുകയാണ്. University of Calicut എന്ന ബോറ്ഡിന്‍റെ താഴെ നിന്നാണ്‍ ഫോട്ടോ എടുക്കുന്നത്.ആ ബോര്‍ഡും പശ്ചാത്തലത്തില്‍ അങ്ങകലെയുള്ള സെമിനാര്‍ കോംപ്ലക്സും ഉദിച്ചുയരുന്ന സൂര്യനും പിന്നെ ഞങ്ങളും വേണം. ഇതാണ്‍ കണ്ടീഷന്‍. ഞങ്ങള്‍ മാറി മാറി എത്ര ശ്രമിച്ചിട്ടും എല്ലാം കൂടി കിട്ടുന്നില്ല. അവസാനം ഞങ്ങള്‍ വഴിയെ പോകുന്ന ഒരു ചേട്ടനെ അഭയം പ്രാപിച്ചു, എല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു.

ചേട്ടന്‍ ഇത്രേയുള്ളൂ, എന്നു പറഞ്ഞുകൊണ്ട് പുഷ്പം പോലെ ഫോട്ടോ എടുത്തു തന്നു.

" ഭയങ്കര ചേട്ടന്‍ട്ടാ, എത്ര പെട്ടെന്നാ ഫോട്ടോ എടുത്തത്"
എല്ലാരും ചേട്ടനെ പ്രശംസിച്ചു.  

കുറച്ചു ഫിലിം റൂമില്‍ നിന്നും photo എടുക്കാന്‍ വേണ്ടി ഞങ്ങള്‍ എടുത്തു വെച്ചിരുന്നു.രജനി ഹിന്ദിയില്‍ research ചെയ്യുന്ന രണ്ടു ചേച്ചിമാരുടെ കയ്യില്‍ നിന്നും പച്ചപട്ടുപാവാടയും ചുവപ്പു ദാവണിയും മഞ്ഞ സാരിയും മോഡേണ്‍ ലുക്കിനു വേണ്ടി സജീന,  ഒരു ജേണലിസം ചേച്ചിയുടെ ജീന്‍സുപാന്‍റും  കടം വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്. ഇതേ costume ഓരോ  photo എടുത്തുകഴിയുമ്പോഴും ഓരോരുത്തരും മാറി മാറിയിടും. 

കണ്ടാ ഞെട്ടണം , സിനിമാ നടിമാരാണെന്നു കരുതണം 

എന്ന ഉദ്ദേശത്തില്‍ ഹെവി മേക്കപ്പും  ( ഹെവി മേക്കപ്പ് എന്നു വെച്ചാല്‍ പൌഡെര്‍ അഞ്ചിഞ്ചു കനത്തില്‍, പിന്നെ ലിപ്സ്റ്റിക്കിന്‍റെ കുറവു ഞങ്ങള്‍ ചുവന്ന പേനകൊണ്ട് പരിഹരിച്ചു) ഇട്ടോണ്ടാണു ഓരോ ഫോട്ടോയും എടുക്കുന്നത്. അടുത്ത വര്‍ഷം MLIScക്ക് ജോയിന്‍ ചെയ്തപ്പോളാണ്‍ ഞങ്ങള്‍ക്കീ ഫോട്ടോസ് കാണാനുള്ള യോഗമുണ്ടായത്.മഞ്ഞ ബള്‍ബിന്‍റെ വെളിച്ചത്തില്‍ രാത്രി എടുത്ത ആ ഫോട്ടോസ്കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഓര്‍മ്മ വന്നത്, വല്ല ഹോട്ടലും റെയിഡ് ചെയ്തു പിടിക്കുമ്പോള്‍ എടുക്കുന്ന ഫോട്ടൊകളാണ്..ചേട്ടനെടുത്ത ഫോട്ടോയിലാണെങ്കില്‍ ഉദയസൂര്യനും മറ്റെല്ലാവരും ഉണ്ടായിരുന്നു, ഞങ്ങളൊഴികെ.




Monday, August 3, 2015

സ്കൂട്ടര്‍

ഭാവിവരനെക്കുറിച്ച് എനിക്ക് ഭയങ്കരമായ  സങ്കല്‍പങ്ങളൊന്നുമുണ്ടായിരുന്നില്ല.കയ്യും കാലുമൊക്കെ യഥാസ്ഥാനത്തുണ്ടാവണം,  തമാശ പറയാനറിയില്ലെങ്കിലും കേട്ടാല്‍ ചിരിക്കണം,(ഇതു നിര്‍ബന്ധമാണ്) ചിട്ട കൊണ്ട് എന്നെ കൊല്ലാന്‍ വരരുത്. വണ്ടി ( വണ്ടി എന്നു പറഞാല്‍ ബൈക്ക്) ഓടിക്കാനറിയല്‍ അഭിലഷണീയം. ഭാവിവരന്‍ വണ്ടി ഓടിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല എനിക്കതിന്‍റെ പിന്നിലിരുന്നു പോയി ഒന്നട്ടഹസിക്കാനാണ്.  വിവാഹത്തിനു മുമ്പുള്ള സംഭാഷണത്തിനിടക്ക് ഞാനത് സൂത്രത്തില്‍ ചോദിച്ചു മനസ്സിലാക്കി ഒന്നു ഞെട്ടി.

ഉത്തരം ഇങ്ങനെയായിരുന്നു.

വണ്ടി ഓടിക്കാനൊക്കെ അറിയാം സൈക്കിളാണെന്ന് മാത്രം.

സാരമില്ല സൈക്കിളെങ്കി സൈക്കിള്‍( ഞാന്‍ സൈക്കിളിന്‍റെ പിന്നില്‍ പോകുന്ന എന്നെ ഒന്നു സങ്കല്‍പിച്ചു, സൂപ്പര്‍)


                                   അങ്ങനെ കല്യാണം കഴിഞ്ഞു.എന്നും സിനിമ കണ്ടില്ലെങ്കില്‍ ഞങ്ങളെ ആരെങ്കിലും തൂക്കിക്കൊല്ലും എന്ന മട്ടില്‍ ഒരു ദിവസം വിടാതെ ഞങ്ങള്‍ തിയേറ്ററിലേക്കോടി.ഒരു രാത്രി പത്തു പത്തരയാവുമ്പൊ ഞങ്ങള്‍ South kalamassery  ബസ്സിറങ്ങും, കുറ്റാകൂരിരുട്ട്, ഓട്ടോറിക്ഷ പോയിട്ട് ഒരു കാളവണ്ടി പോലും സ്റ്റാന്ഡിലുണ്ടാവില്ല.എനിക്കാണെങ്കില്‍ ഒരടി നടക്കുന്നത് ഇഷ്റ്റമല്ല. എന്‍റെ room mate നൂലുപോലത്തെ ജിനു ഉണ്ടപ്പക്ക്രുവായ എന്നെ കല്യാണത്തിനു മുമ്പ് എത്ര ഭീഷണിപ്പെടുത്തിയിട്ടും ഞാനവളുടെ കൂടെ നടക്കാന്‍ പോയിട്ടില്ല. ആ ഞാനാണ്, എത്ര ആലോചന വന്നതാ  ഞാന്‍ പകയോടെ ഷാനുക്കയെ നോക്കും .നടക്കുന്നതില്‍പരം ആനന്ദം വേറെ ഒന്നുമില്ലാത്ത ഷാനുക്ക

ഹമ്പടി അങ്ങനെയെങ്കിലും നീ ഒന്നു നടക്ക് എന്ന മട്ടില്‍ എന്നെയും വലിച്ചുകൊണ്ട് ഒന്നരക്കിലോമീറ്റര്‍ നടന്ന് വീടെത്തും.


                  കല്യാണത്തോടനുബന്ധിച്ചുള്ള ചിലവുകളും സല്‍ക്കാരങ്ങളും നിമിത്തം ഞങ്ങളുടെ (ഞങ്ങളുടെ അല്ല എന്‍റെ) വണ്ടി എന്ന സ്വപ്നം നീണ്ടുപോയി. അതിലുപരി ഷാനുക്കക്ക് വണ്ടിയോട് ഒരു താല്പര്യം വരണ്ടെ, എന്നെ ഫോര്‍ വീലര്‍ പഠിപ്പിക്കുന്നതിനിടയില്‍ two wheeler പഠിപ്പിക്കാന്‍ സാര്‍ ശ്രമിച്ചതാണ്.രണ്ടു ദിവസമെ പഠിപ്പിച്ചുള്ളൂ. mitവണ്ടിയില്‍ ആയിരുന്നു പഠിപ്പിച്ചത്. സാറെന്നെ സ്പീഡ് കുറക്കാന്‍ ഹാന്ഡില്‍ തിരിചാല്‍ മതി എന്നു പറഞ്ഞുകൊണ്ട്  സ്റ്റാര്‍ട്ട് ചെയ്ത് വിടും. ഞാനൊരു പോക്കാണ്. ലുട്ടാപ്പി കുന്തതില്‍ പോകുന്നപോലെ, ഇതിനിടക്ക് നിര്‍ത്തണേ, നിര്‍ത്തണേ... എന്നലറിക്കരഞ്ഞുകൊണ്ട് പലകുറി ഹാന്ഡില്‍ തിരിക്കും, അതോടെ സ്പീഡ് വര്‍ധിച്ച് ഞാനും വണ്ടിയും കൂടെ അവിടെ കിടക്കും. സാറാണെങ്കില്‍ ആ നേരം ഗ്രൌണ്ടില്‍ കിടന്ന് ചിരിച്ച് ചിരിച്ച് കുന്തം മറിയുകയാവും. കിടന്ന കിടപ്പിലുള്ള എന്‍റെ മുഖഭാവം കണ്ടിട്ടാവണം ചിരി നിര്‍ത്തി സാറോടിവരും,


രണ്ടുദിവസം കൂടി ഓടിച്ചാല്‍ ശെരിയാവും


കി കി കീ   എന്ന് സാറിനു പിന്നെയും ചിരിപൊട്ടും.അതോടെ ഞാന്‍ കാറു മാത്രം പഠിച്ചാല്‍ മതി എന്നുറപ്പിച്ചു. നാട്ടുകാര്‍ക്കെന്തു പറ്റിയാലും അവനവനു ഒന്നും പറ്റില്ലല്ലോ.


                   വണ്ടി വാങ്ങാനുള്ള കപ്പാസിറ്റി ഒത്തു വരാത്തതിനാലും ഡ്രൈവിങ് അറിയാത്തതുകൊണ്ടും ഷാനുക്ക ഒരു സൈക്കിള്‍ വാങ്ങി. എനിക്കു കൂടി സൈക്കിള്‍ പഠിക്കണം എന്നു പറഞ്ഞിരുന്നതിനാല്‍ ( ഇനി സൈക്കിളിലൊരു കൈ നോക്കിക്കളയാം)ചെറിയ ലേഡീസ് സൈക്കിളാണ്‍ വാങ്ങിയത്.പൊക്കം കുറവായ ഞാന്‍ അതില്‍ കയറി ഇരുന്നു നോക്കി,


ഇതും വലിയ സൈക്കിളാണല്ലോ


എന്ന് ഗര്‍ജിച്ചു. ഇതിലും ചെറുത് ഇനി അമനു (4 yrs old) പറ്റുന്നതേ ഉള്ളൂ എന്ന് ഷാനുക്ക അമര്‍ഷത്തോടെ (ലേഡീസ് സൈക്കിള്‍ വാങ്ങിയ ദേഷ്യം) തിരിച്ച് ഗര്‍ജിച്ചു , അതോടെ ഞാനടങ്ങി.സൈക്കിള്‍ പഠനം  കാറിനേക്കാളും സ്കൂട്ടറിനേക്കാളും വന്‍പരാജയമായിരുന്നു.ഒരു ദിവസം എന്നെ പഠിപ്പിച്ച് കലി കൊണ്ട ഷാനുക്ക എന്നെയും സൈക്കിളിനെയും എടുത്ത് വലിച്ചെറിഞ്ഞതിനാലും ഭര്‍ത്താക്കന്മാര്‍ എന്ന കണ്‍ട്രീസിന്‍റെ കൂടെ ഒരിക്കലും ഒരു വാഹനവും പഠിക്കരുത്, അവര്‍ നമ്മളെ ആക്ഷേപിക്കും എന്നെ ഉപദേശം മീന മാഡത്തിന്‍റെ കയ്യില്‍ നിന്നു കിട്ടുകയും ചെയ്തതിനാലും ഞാന്‍ പഠനം നിര്‍ത്തി.ഷാനുക്ക ദിവസവും ഓഫീസിലേക്ക് സൈക്കിളില്‍ പോകും , ഇങ്ങനെ വേണം ആരോഗ്യം ഇപ്പൊഴെ സംരക്ഷിക്കണമെന്നു പെനിസിലുപോലത്തെ ഷാനുക്കയെ നോക്കി അപ്പുറത്തെ വീട്ടില്‍ മുറ്റത്ത് 2 ഇന്നോവയുള്ള scientist ഞങ്ങളെ പ്രശംസിക്കും.


അതെ അതെ എന്നു വിനയാന്വിതരായി scientist കണ്‍മുന്നില്‍നിന്ന് മാറുന്ന നിമിഷം ഞങ്ങള്‍ പൊട്ടിച്ചിരിക്കും.


                                  അതിനിടക്ക് ഒരത്ഭുതം സംഭവിച്ചു. രാജാവിനു ബാംഗ്ലൂരില്‍ വെച്ച് നീന്താന്‍ കഴിഞ്ഞപോലെ അളിയന്‍റെ സ്കൂട്ടര്‍ പഠിക്കാന്‍ വേണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഷാനുക്ക ഒരു പോക്കു പോയി, നാഷണല്‍ ഹൈവെയിലേക്ക് അപ്രത്യക്ഷനായി, ബേജാറായ അളിയന്‍ ഒരു കുടപോലുമെടുക്കാതെ, sunscreen lotion  പോലും തേക്കാന്‍ നില്‍ക്കാതെ ഷാനുക്കയുടെ പിന്നാലെ കുതിച്ചോടിയെങ്കിലും നിരാശനായി വേവാലാതി പൂണ്ട് ഒരു 20 മിനിറ്റിനുള്ളില്‍ തിരിച്ചെത്തി. ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ എടീ എനിക്ക് വണ്ടി ഓടിക്കാനറിയാം എന്നലറിക്കൊണ്ട് ഷാനുക്കയും തിരിച്ചെത്തി.അതോടെ ഷാനുക്കക്ക് സ്കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹം മുളപൊട്ടി, ഉടന്‍ 22000 രൂപ കൊടുത്ത് ഒരു second hand Activa വാങ്ങി. അന്ന് ആ വണ്ടിയുടെ പിന്നില്‍ യാത്ര ചെയ്ത് ഞാന്‍ ക്രുതാര്‍ഥയാവുകയും ഇത്രയും ലാഭത്തില്‍ നമുക്ക് ഒരു വണ്ടി കിട്ടിയല്ലോ,


എന്താണു ദാസാ ഈ ബുദ്ധി മുന്നെ തോന്നാതിരുന്നത് എന്നു പരസ്പരം പ്രശംസിക്കുകയും ചെയ്തു.


                      ഏകദേശം ഒരാഴ്ചക്കുള്ളില്‍ തന്നെ activa യുടെ പൊട്ടും പൊടിയുമൊക്കെ ഇളകാന്‍ തുടങ്ങി. ഒരു ദിവസം ടെറസിന്‍റെ മുകളില്‍ നിന്ന് ഡ്രെസ്സ് ഉണക്കാനിടുകയായിരുന്ന എന്‍റെ സഹോദരി എടീ അതാ ഷാനൂ എന്നു പറഞ്ഞ് എന്നെ അലറിവിളിച്ചു. എന്തത്യാപത്താണാവോ എന്നു വിചാരിച്ചു കൊണ്ട് ഞാന്‍ ടെറസ്സിലേക്കോടി. ഷാനുക്ക ഒരു വളവു തിരിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് വരുന്ന രംഗമാണ്‍ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.


വലിഞ്ഞു മുറുകിയിരിക്കുന്ന മുഖം, വില്ലുപോലെയുള്ള പുരികം, കത്തുന്ന കണ്ണുകള്‍,

പറക്കുന്ന വണ്ടി, ഞങ്ങള്‍ പട പട ഇടിക്കുന്ന ഹ്രുദയത്തോടെ ആ കാഴ്ച നോക്കിനിന്നു. വണ്ടി മിന്നല്‍ പോലെ വളവു തിരിഞ്ഞ് വീടിന്‍റെ ഗേറ്റ് കടന്ന്(ഗേറ്റ് അടക്കാറില്ല) പോര്‍ച്ചിലെക്കു കുതിക്കുന്നു. പെട്ടെന്നൊരു ശബ്ദം. ഞങ്ങള്‍ ഡ്രെസ്സൊക്കെ അവിടെയിട്ട് താഴേക്കോടി. ഷാനുക്ക ഒരു സര്‍ക്കസ്സുകാരനെപ്പോലെ  അവിടെയുള്ള അമന്‍റെ കളിപ്പാട്ടങ്ങളും മറ്റു സാമഗ്രികളും തട്ടിത്തെറിപ്പിച്ച് പോര്‍ച്ചിന്‍റെ തൂണില്‍ കാല്‍ ചവിട്ടി വണ്ടി നിര്‍ത്തി വിജയശ്രീലാളിതനായി ഞങ്ങളെ നോക്കി.


ഇതെന്താണിത്ര സ്പീഡ്, ഞങ്ങള്‍ അത്ഭുതപ്പെട്ടു


സ്പീഡൊന്നുമല്ല, ബ്രേക്ക് പോയതാ,


ഞങ്ങള്‍ ഞെട്ടി,

ഇനി മുതല്‍ ഈ വണ്ടി ഉപയോഗിക്കണ്ട.


ഏയ്, അതൊന്നും കുഴപ്പമില്ല, ഇതിന്‍റെ ബ്രേക്ക് എപ്പൊഴും പോകുമല്ലൊ, ഞാന്‍ വര്‍ക് ഷോപ്പില്‍ കൊടുക്കുകയാ പതിവ്


ഞങ്ങള്‍ വീണ്ടുംഞെട്ടി, അപ്പോള്‍ റോഡില്‍ വെച്ച് ബ്രേക്ക് പൊയാല്‍... സാബിറ സംശയം പ്രകടിപ്പിച്ചു.


അതിനു പോസ്റ്റോ മതിലോ ഇല്ലാത്ത റോഡുണ്ടോ ഷാനുക്ക ഞങ്ങളെ പുച്ഛിച്ചു കൊണ്ട് അകത്തേക്ക് പോയി.



                ഒരു ബിസിനസ്സുകാരനാവുക എന്ന അഭിലാഷമുള്ള ഷാനുക്ക ജോലി രാജിവെച്ച് ബിസിനസ്സ് ചെയ്താലോ എന്നെന്നോട് ചോദിക്കും.

എന്തു ബിസിനസ്സ് ചെയ്യും

കോഴിവളര്‍ത്തലായാലോ


മടിയനായ ഷാനുക്ക കോഴിവളര്‍ത്തിയാലുണ്ടാകുന്ന ആപത്താലോചിച്ച് കിടുങ്ങിക്കൊണ്ട്  ഷാനുക്കയെ ആക്ഷേപിക്കാതെ ഞാന്‍ നയത്തില്‍ അതില്‍ നിന്നു പിന്തിരിപ്പിക്കും


കോഴിപ്പനി വന്നു എല്ലാം ചത്ത് പോയാലോ


എന്നാ മീന്‍ വളര്‍ത്തിയാലോ, അലങ്കാരമല്‍സ്യം


ഹും, സ്വന്തം വീട്ടില്‍ 2 fish tank ഉണ്ട്, വീട് വാങ്ങുന്ന സമയത്ത് നിറച്ച് വലിയ മീനുകളുണ്ടായിരുന്ന ടാങ്കുകളില്‍ ഇപ്പൊ തേങ്ങയാണ്‍ കൂട്ടി ഇട്ടിരിക്കുന്നത് എന്നു മനസ്സിലാലോചിച്ച നിമിഷം നയമൊക്കെ നഷ്ടപെട്ട് ഞാന്‍ " അതും ചത്തുപോകും എന്നു പ്രതിവചിച്ചു."


ഇതു കേട്ട നിമിഷം ഷാനുക്ക എന്‍റെ മനസ്സിലിരുപ്പ് മനസ്സിലാക്കി.

നീ ഒരിക്കലും എന്നെ ബിസിനസ്സ് ചെയ്യാന്‍ സമ്മതിക്കില്ല, നിന്‍റെ വാക്കാരു കേള്‍ക്കുന്നു എന്നക്രമാസക്തനായി.

അയ്യോ കയ്യില്‍നിന്നുപോയോ എന്നു പേടിച്ച് ഞാന്‍ അടുത്ത നയം പ്രയോഗിച്ചു.


നമുക്ക് റബ്ബര്‍ഷീറ്റ് ബിസിനസ്സ് നടത്താം ( കല്യാണം കഴിഞ്ഞ സമയത്ത് ഷാനുക്ക എന്നോട് പങ്കുവെച്ച ചില രഹസ്യങ്ങളില്‍പെട്ടതായിരുന്നു റബ്ബര്‍ഷീറ്റിനെപറ്റിയുള്ളതും. ഷാനുക്ക പഠിപ്പെല്ലാം കഴിഞ്ഞ് വീട്ടില്‍ തൂണുപോലെ നിക്കുന്ന കാലം. മക്കളെ ഒരു നിമിഷം വെറുതെ ഇരുത്തരുത്, അവരെ മാടിനെപ്പോലെ പണിയെടുപ്പിക്കണമെന്ന പോളിസിയുള്ള ഷാനുക്കയുടെ ഉപ്പ ഉടന്‍ തന്‍റെ  റബ്ബര്‍ തോട്ടത്തിലെ വെട്ടുകാരനെ പറഞ്ഞുവിട്ടു. ആ ദൌത്യം ഷാനുക്കയെ ഏല്പിച്ചു. റബ്ബര്‍ വെട്ടുക മാത്രമല്ല  അവിടത്തെ എല്ലാ മേക്കാടുപണിയും  ചെയ്യണം കൂടാതെ ഷീറ്റ് വിറ്റ് ക്രുത്യം പൈസ ഉപ്പ എന്ന പുരുഷസിംഹത്തെ ഏല്പിക്കുകയും വേണം. റബ്ബര്‍ വെട്ടുക, തീപ്പയര്‍ സംരക്ഷണം, പോച്ച പറിക്കല്‍ ഇത്യാദി എല്ലാം ചെയ്തു കഴിയുമ്പോഴേക്കും വൈകുന്നേരമാകും. പൈസയെല്ലാം ഉപ്പയെ ഏല്പിക്കുന്നതുകാരണം വട്ടച്ചിലവിനു പൈസയില്ലാതെ ഷാനുക്ക നട്ടം തിരിഞ്ഞു. അതു കൊണ്ട് സ്വന്തം പറമ്പിലെ ഷീറ്റ് ( അത്യാവശ്യത്തിനുമാത്രം) കട്ടുവിറ്റ് ഷാനുക്ക വട്ടച്ചിലവിനുള്ള പൈസ കണ്ടെത്തി. അതുകൊണ്ട് തന്നെ റബ്ബര്‍ ക്രുഷിയെക്കുറിച്ചും ഷീറ്റിനെക്കുറിച്ചും ഷാനുക്കക്ക് വള്ളിപുള്ളി വിടാതെ അറിയാം.അതു കൊണ്ടാണ്‍ ഞാനങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.)

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്നു പറയുന്നതുപോലെ  റബ്ബര്‍ എന്നുകേട്ടാല്‍ ഷാനുക്കക്ക് തന്‍റെ ജീവിതത്തിലെ ആ ഇരുണ്ട കാലഘട്ടം ഓര്‍മ വരുന്നതിനാല്‍ തല്‍സമയം ബിസിനസ്സ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മണ്ടസ്കൂട്ടറില്‍ അവിടെനിന്നും നിഷ്ക്രമിച്ചു.


                        എന്നുമെന്നും റിപ്പയറിങ് ചെയ്തുകൊണ്ട് activa ഞങ്ങളുടെ പൈസ തിന്നുമുടിച്ചു.അന്നൊക്കെ ഒമ്പതുമണിക്ക് ഓഫീസിലെത്തേണ്ട ഞാന്‍ 9.10 നു വീട്ടില്‍ നിന്നിറങ്ങും. 9.20 നു  register എടുക്കുന്നതിനു മുമ്പ് ഓഫീസിലെത്തണം. ഷാനുക്ക എന്നെയും ഒന്നരവയസ്സുള്ള ദവീനെയും വണ്ടിയിലിരുത്തി വണ്ടി പറപ്പിക്കും, ഞങ്ങളുള്ളപ്പൊ ഇങ്ങനെ ഓടിക്കല്ലെ, ഷാനുക്ക ഒറ്റക്കുള്ളപ്പോ ഇങനെ ഓടിച്ചോന്നു പറഞ്ഞു ഞാന്‍ പിന്നിലിരുന്നു കരയും.ഹമ്പടി ഇതു കേള്‍ക്കുന്ന ഷാനുക്ക ഒന്നുകൂടെ സ്പീഡ് കൂട്ടും.ആയിടക്ക് എന്‍റെ റിസര്‍ച്ചാവശ്യത്തിനായി ഞങ്ങള്‍ എറണാകുളം  സൌത്തിലേക്ക് താമസം മാറ്റി.പതിവുപോലെ ഞാനും ദവീനും ഷാനുക്കയുടെ കൂടെ വണ്ടിയില്‍ പോവുകയായിരുന്നു. തിയറിയില്‍ expert ആയ ഞാന്‍ ലൈസന്‍സില്ലാത്ത ഷാനുക്കയെ പിന്നിലിരുന്നു നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കും. indicator ഇടൂ, ഹോണടിക്കൂ എന്നൊക്കെ. ഇനി ഒരക്ഷരം മിണ്ടിപ്പോകരുത് എന്നു പറയുന്നതു വരെ ഞാനിതു തുടരും.ഇടക്ക് വച്ച് വണ്ടി ഓഫായി. ഭാര്യയും കുട്ടിയുമായി പോകവേ വണ്ടി നിന്നുപോയതില്‍ അഭിമാനക്ഷതമേറ്റ ഷാനുക്ക (ഒട്ടും അപമാനമില്ലാതെ ഞാന്‍ പിന്നിലിരിക്കുകയാണ്)വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തീവ്രശ്രമം നടത്തുകയാണ്


എന്തൊക്കെയോ അകത്തുനിന്ന് പൊടിയുന്ന ശബ്ദം


അതെന്താ

അതങ്ങനെയൊക്കെയാ ഷാനുക്കക്ക് ദേഷ്യം. അവസാനം മാനം കിട്ടി വണ്ടി സ്റ്റാര്‍ട്ടായി. പിന്നെയും ഉള്ളില്‍ നിന്ന് എന്തൊക്കെയൊ ശബ്ദങ്ങള്‍

അതൊന്നും വകവെക്കാതെ ഞങ്ങള്‍ മുന്നോട്ട് പോയി.അപ്പൊ അതാ അടുത്ത പ്രതിസന്ധി, റോഡ് പൊളിച്ച് മെറ്റല്‍ മാത്രം ഇട്ടിരിക്കുന്നു. പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന മട്ടില്‍ ഞങ്ങളുടെ വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

അപ്പൊ വീണ്ടും വണ്ടിയുടെ ഉള്ളില്‍ നിന്നും ശബ്ദങ്ങള്‍.വണ്ടി ആകപ്പാടെ കുലുങ്ങാന്‍ തുടങ്ങി.വളരെപ്പതുക്കെ പോവുന്നവണ്ടി സ്ളോമോഷനില്‍ വീഴാന്‍ പോവുകയാണ്.


ഷാനുക്ക കാലുകുത്ത്, കുത്ത് എന്നലറുന്നുണ്ട്, ഞാനൊന്നു കുത്തിയാല്‍ വണ്ടി മറിയുന്നത് ഒഴിവാക്കാം. പക്ഷെ ഇത്തരം ആപത്ഘട്ടങ്ങളില്‍ ഞാനൊരിക്കലും ഉചിതമായി പ്രവര്‍ത്തിച്ച ചരിത്രമില്ല (പാവം ദവീന്‍ നടക്കാന്‍ തുടങ്ങുന്നതിനു മുമ്പെ ദിവസവും വീഴും. ഞാന്‍ ആ ആ ആ എന്നലറിക്കൊണ്ട് അവന്‍ വീഴുന്നതും നോക്കി നില്ക്കുമെന്നല്ലാതെ ഇന്നുവരെ രക്ഷിച്ചിട്ടില്ല.ഒരിക്കല്‍ ഞാന്‍ അവനു കുറുക്കും കൊടുത്തുകൊണ്ട് സിറ്റൌട്ടില്‍ നില്‍ക്കുകയാണ്. എന്തൊ കുരുത്തക്കേടൊപ്പിച്ച അവനു സ്റ്റെപ്പിലൂടെ മുറ്റത്തേക്കു വീഴുന്നു. ഞാന്‍ പതിവുപോലെ ആ ആ ആ എന്നലറിക്കൊണ്ടു കയ്യിലുള്ള സ്പൂണ്‍ വിടാതെ അതിനെന്തെങ്കിലും സംഭവിച്ചാലോഎന്ന മട്ടില്‍ തുള്ളിക്കോണ്ട് നില്ക്കുന്നു. കുറെ അകലെ മുറ്റമടിച്ചോണ്ടിരിക്കുന്ന 64 കാരിയായ  ഉമ്മ എന്‍റെ അലര്‍ച്ച കേള്‍ക്കുകയും ചൂലു വലിച്ചെറിഞ്ഞ് പറന്നുവന്നു കുട്ടി രണ്ടാമത്തെ സ്റ്റെപ്പിലെത്തിയപ്പൊഴെക്കും താഴെയുള്ള കല്ലില്‍തട്ടാതെ പുഷ്പം പോലെ വാരിയെടുക്കുകയും ചെയ്തു). എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു മനസ്സിലാകിയ ഞാന്‍ കാലുകുത്തുന്നതിനുപകരം, പെഡല്‍സ്റ്റാന്‍ഡില്‍ കാലു അമര്‍ത്തിപ്പിടിച്ചു.ഞാന്‍ ഒരിക്കലും കാലുകുത്തില്ലെന്നു മനസ്സിലാക്കിയ ഷാനുക്ക വണ്ടി വീഴാതിരിക്കാന്‍ കഠിനമായി പ്രയത്നിച്ച് മുട്ടുകാലില്‍ വണ്ടി താങ്ങി നിര്‍ത്തി.പതുക്കെ വളരെ പതുക്കെ ഞാനും ദവീനും റോഡിലേക്ക് നിരങ്ങി വീണു. ചുരിദാറില്‍ ഒരു ചെളി പോലും ആവാത്ത ഞാന്‍ ചിരിച്ചോണ്ട് ചാടിഎഴുന്നേറ്റ് അലറിക്കരയുന്ന ദവീനെ എടുത്തു.(അവന്‍ കെട്ടിയിരുന്ന pampers ഒന്നു മാറിപ്പോയതൊഴിച്ചാല്‍ ഒരു കുന്തവും പറ്റാത്ത അവന്‍ മെറ്റലില്‍ ഇരുന്നുകൊണ്ട് വെറുതെ അലറി നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു).ഇത് ചെറിയ അപകടമായിരുന്നെങ്കിലും അവന്‍റെ കരച്ചില്‍ കേട്ട് കടന്നുപോയ എല്ലാ വണ്ടികളും തിരിച്ചോടിവന്നു. എല്ലാ പാവം മനുഷ്യരും കൂടി ഞങ്ങളെആശ്വസിപ്പിക്കാന്‍ തുടങ്ങി, ആരൊക്കെയൊ മറിഞ്ഞ വണ്ടി നേരെയാക്കിവെച്ചു.ഒരു പാവം മനുഷ്യന്‍ എന്‍റെ ബാഗ് വാങ്ങിപ്പിടിച്ച് ഒന്നും പറ്റാത്ത എന്നോട്,  പേടിക്കരുത് സാരമില്ല എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു.ഞാനാണെങ്കില്‍ സന്ദര്‍ഭത്തിന്‍റെ ഗൌരവം മനസ്സിലാക്കി ദുഃഖിതയായി നിന്നു.


               ഇതിനിടക്ക് ആരോ ഷാനുക്കയോട് പാന്‍റ്റ് കീറിപ്പോയല്ലോ എന്ന് ചോദിക്കുന്നത് കേട്ടു. ഞാന്‍ നോക്കുമ്പോള്‍ മുട്ടിനു താഴെ പാന്‍റില്ല. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോഴതാ മുട്ടിന്‍മേല്‍ വലിയ ഒരു മെറ്റല്‍ കഷ്ണത്തിന്‍റെ ആക്രുതിയില്‍ എല്ലാം അടര്‍ന്നുപോയി വെള്ളക്കളറിലിരിക്കുന്നു.സ്കൂട്ടറിന്‍റെ വെയിറ്റും കൂടാതെ ഞങ്ങളുടെ 50+10 കിലോയും ഒരു മുട്ടുകാലില്‍ താങ്ങിയപ്പോള്‍ പറ്റിയതായിരുന്നു അത്. ഉടന്‍ ആളുകള്‍ ഒരു ഓട്ടോറിക്ഷ പിടിച്ച് ഞങ്ങളെ ആശുപത്രിയിലേക്ക് വിട്ടു. ligament നു ചെറിയ പരിക്കും എട്ടു സ്റ്റിച്ചും ഒക്കെയായി ഞങ്ങള്‍ അന്നു രാത്രി വീട്ടിലേക്കു മടങ്ങി. എന്തായാലും അന്നു കാലുകുത്താത്തതിന്‍റെ ശിക്ഷ എനിക്കു ഒരു ബക്കറ്റിന്‍റെ രൂപത്തില്‍ കിട്ടി.ആ ബക്കറ്റും പിടിച്ച് ഒരു പത്തു ദിവസം ഞാന്‍ ബെഡ്റൂമിനും ടോയ്‌ലറ്റിനും ഇടക്കു നടക്കേണ്ടി വന്നു. ഏകദേശം ഒരു മാസത്തെ റെസ്റ്റിനു ശേഷം (ligament നു പരിക്കു പറ്റിയതിനാല്‍)ഷാനുക്ക വീണ്ടും activa യുമായി റോഡിലിറങ്ങി.  വീണ്ടും ബ്രേക്ക് പോയി,  തല്‍സമയം റോഡില്‍ പോസ്റ്റുകളും മതിലും ഇല്ലാതിരുന്നതിനാല്‍ ബേജാറായ ഷാനുക്ക കുറെ ദൂരം ഒരു വാണം കണക്കെ മുന്നോട്ട് പോയശേഷം വണ്ടി ഒരു മെറ്റല്‍ കൂനയിലേക്ക് ഓടിച്ചുകേറ്റി മറിച്ചിട്ടു. അന്നു രാത്രി തന്നെ മഹാനായ ആക്ടീവയെ  വന്‍തുകക്കു (എന്നു ഷാനുക്ക പറയുന്നു)കൂട്ടുകാരനു കൈമാറി.



വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്

സ്കൂട്ടര്‍


Sunday, April 12, 2015

പല്ലു

                        സര്‍ക്കാരിന്‍റെ പന്‍ചവല്‍സരപദ്ധതിപോലെ ഏകദേശം അന്ചു വര്‍ഷമെടുത്തുകൊണ്ടാണു എന്‍റെ പല്ലിനു കമ്പിയിടല്‍ പൂര്‍ത്തിയായത്.എനിക്കു ഒരു 20 വയസ്സായപ്പോള്‍മുതല്‍ നാട്ടുകാരും വീട്ടുകാരും എന്നെ കര്‍ശനപരിശോധനക്ക് വിധേയമാക്കാന്‍ തുടങ്ങി, ഒടുക്കം അവര്‍ ആ സത്യം കണ്ടുപിടിച്ചു, (വല്ല കടംകഥക്ക് ഉത്തരം കണ്ടു പിടിച്ചപോലെ)എന്‍റെ പല്ലു സ്വല്‍പം പൊന്തിയിട്ടാണ്. ആ ഒറ്റക്കുറവു പരിഹരിച്ചാല്‍മതി, ഞാന്‍ സുന്ദരിയാവും എന്നമട്ടിലായി എല്ലാരുടെയും സംസാരം.ആ സമയത്ത് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്, വീട്ടുകാരുടെ പൈസ കൊണ്ട് പഠിക്കുന്നു, അതിന്നിടക്ക് സൌന്ദര്യം വര്‍ധിപ്പിക്കാനുള്ള പൈസ ചോദിക്കുകയല്ലെ, ഒരിക്കലുമില്ല, പോരാത്തതിനു ഞാനൊരു ചെറുകിട ബുദ്ധിജീവി ചമഞ്ഞ് നടക്കുകയാണ്, എനിക്കു സൌന്ദര്യബോധം പോയിട്ട് ബോധം തന്നെയുണ്ട് എന്നവര്‍ കരുതുന്നില്ല, വെറുതെ എന്തിനു ഉള്ള വില കളയണം അവസാനം പൈസയും കിട്ടില്ല, ഉള്ള മാനവും പോവും.

                   അങ്ങനെ പഠിത്തം കഴിഞ്ഞു,  ജോലിക്കു കയറി, തുച്ഛമായ ശമ്പളം, അതും കഴിഞ്ഞ്  IIM  Kozhikode ല്‍ trainy ആയി കയറി, പേരൊക്കെ വലിയ പേരാന്നേ ഉള്ളൂ.അതിലും തുച്ഛമായ സ്റ്റൈപ്പന്‍റ്. IIM  digital library ല്‍ ജോലി നോക്കിയിരുന്ന ടിങ്കു ഉണ്ട്,അവനാണു  digital camera യുടെ  custodian.ടിങ്കുവിനും ഞങ്ങള്‍ക്കും ഒറ്റ ജോലിയേ ഉള്ളൂ, ഫോട്ടോ എടുക്കുക. ആരെങ്കിലും ഒരാള്‍ പുതിയ ഡ്രെസ്സിട്ടുവന്നാല്‍ ഉടന്‍, എവിടെ ടിങ്കു, വിളിയവനെ. പിന്നെ ഫോട്ടോ എടുപ്പിന്‍റെ ഒരു മേളമാണ്.ഞാന്, സീന, ചിത്ര. പിന്നെ സീന, ചിത്ര, ടിങ്കു,. പിന്നെ ഞന്‍ സീന, ടിങ്കു.അവിടെ teaching assistant  ആയി ജോലി നോക്കുന്ന ആറടി ലക്ഷ്മി ഉണ്ട്,ഞങ്ങടെ റൂംമേറ്റ് അവള്‍ക്ക് ക്ളാസ്സൊന്നുമില്ലെങ്കില്‍ ഒരു കൊടിമരം പോലെ ഒരറ്റത്ത് അവളും ഫോട്ടോവില്‍ കാണും. ഇങ്ങനെ ഒരു പത്തുപത്തര വരെ ഫോട്ടോ എടുക്കും. അതിനു ശേഷമേ ഞങ്ങള്‍ ജോലിയെക്കുറിച്ചു ചിന്തിക്കുകപോലുമുള്ളൂ. ഈ ഫോട്ടൊ ഒക്കെ public folder ല്‍ share ചെയ്ത് ബിജു സാര്‍, ജോഷിസാര്‍ മാഡംസ്  തുടങ്ങിയവരെക്കൂടി പീഡിപ്പിച്ചാലെ ഞങ്ങള്‍ക്കു സമാധാനമാകൂ (അന്നു facebook ഒന്നും ഇറങ്ങിയിട്ടില്ല).ഇങ്ങനെ എല്ലാ ഫോട്ടോയും അപഗ്രഥിച്ചു കഴിഞ്ഞപ്പൊ എനിക്കും ആ സത്യം മനസ്സിലായി എന്‍റെ പല്ലു അല്പം പൊങ്ങിയിട്ടാണ്.

ട്രൈനിംങ്ങ് കഴിഞ്ഞപ്പോഴേക്കും എനിക്കു cusat ല്‍ ജോലികിട്ടി. പല്ലിനു കമ്പിയിടുക തന്നെ, ആ പ്രാവശ്യം വീട്ടില്‍ പോയപ്പോള്‍ ഞാന്‍ ഉപ്പയെയും കൂട്ടി പല്ലുഡോക്റ്ററെ കാണാന്‍ പോയി. അവിടെ കയറിചെന്നപ്പോള്‍ ഡോക്റ്റര്‍ അകത്താണ്.ഏതോ നിര്‍ഭാഗ്യവാന്‍റെ പല്ലും പറിച്ചോണ്ടിരിക്കുകയാണ്.സന്ദര്‍ശകറൂമില്‍ ഒരു വലിയ ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കിയിട്ടുണ്ട്. ഒരാള്‍ സ്യൂട്ടുമിട്ട് എന്തോ ആലോചിച്ചോണ്ട് ആകാശത്തേക്ക് നോക്കിയിരിക്കുന്ന ഫോട്ടോ. ഇതാരാണപ്പ, Father of dental surgery ആണോ ആ ആരെങ്കിലുമായിക്കോട്ടെ, എനിക്കിപ്പൊ എന്‍റെ പല്ലു താഴ്ന്ന് സുന്ദരിയായി മാറിയാമതി.കുറച്ചു കഴിഞ്ഞപ്പോ ഡോക്റ്റര്‍ പുറത്തുവന്നു, വേറെ ആരുമല്ല, Father of dental surgery തന്നെ. സ്വന്തം ഫോട്ടോയാണപ്പോ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്, കൊള്ളാം, ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്‍റെ വായ നോക്കിക്കോണ്ട് ഡോക്റ്റര്‍ പറഞ്ഞു. നാലു പല്ലു പറിക്കണം.ഞാന്‍ ഞെട്ടി. കാരണം അല്ലെങ്കിലേ എന്‍റെ രണ്ടു പല്ലു കേടാണ്, മറ്റൊന്നിന്‍ ധര്‍മയോഗത്തില്......വര്‍ണ്യത്തിലാശങ്കയായിട്ട് ഉണ്ടൊ ഇല്ലയോ എന്ന മട്ടിലാണ്  രണ്ടെണ്ണം നിക്കുന്നത്., നാലെണ്ണം കൂടി പോയാല്‍ വായ ആളൊഴിഞ്ഞ കമ്പാര്‍ട്ട്മെന്‍ര്‍ പോലെയാകും. ഞാനീ ആശങ്ക ഡോക്റ്ററുമായി പങ്കുവെച്ചെങ്കിലും ഡോക്റ്റര്‍ ഉറച്ചു നിന്നു, പ്രായം കൂടുന്തോറും കമ്പിയിട്ടാലും പല്ലു താഴ്ന്നില്ലെന്നു വരും. ഇപ്പൊ എത്ര വയസ്സായി, ഉപ്പ എന്‍റെ വയസ്സു കൂട്ടിപ്പറയുന്നതിനു മുമ്പെ ഞാന്‍ ഉള്ളതില്‍ നിന്നു ഒരു വയസ്സു കുറച്ചു പറഞ്ഞു. (ഉപ്പ അങ്ങനെയാണ്, വയസ്സു കൂട്ടിയെ പറയൂ, ഉമ്മയാണെങ്കില്‍ നേരെ തിരിച്ചും, ഉമ്മ ഉണ്ടായിരുന്നെങ്കില്‍ പത്തു വയസ്സു കുറച്ചെ പറയൂ, എന്നെ ബാലികയാക്കി മാറ്റിയേനെ).

കുറച്ചു പറഞ്ഞിട്ടൊന്നും കാര്യമുണ്ടായില്ല. ഡോക്ടറുടെ അഭിപ്രായത്തില്‍ സമയം വളരെ അതിക്രമിച്ചിരിക്കുന്നു.ഒരു നിമിഷം പോലും കളയാതെ ഡോക്ടര്‍ എന്‍റെ പല്ലെടുക്കാന്‍ തുടങ്ങി. ഒന്ന്, രണ്ട്, മൂന്ന് ഡോക്ടര്‍ നീട്ടിത്തന്ന പാത്രത്തിലേക്ക് ക്ടിം, ക്ടിം, ക്ടിം എന്ന് ഞാനെന്‍റെ മൂന്ന് പല്ലുകള്‍ തുപ്പിക്കൊടുത്തു. നാലാമത്തെ പല്ലായപ്പോഴേക്കും ഡോക്ടര്‍ ക്ഷീണിച്ചു, ഫാന്‍ കൂട്ടിയിട്ടു. എന്തൊക്കെയോ സാധനങ്ങളെടുത്തു തട്ടുകയും മുട്ടുകയും ചെയ്യുന്നുണ്ട്, എന്നിട്ടും നാലാമത്തെ പല്ലിളകുന്നില്ല.ഞാനാണെങ്കില്‍ മൂന്നലര്‍ച്ച കഴിഞ്ഞ് തളര്‍ന്നിരിക്കുകയാണ്. സമയമാകുമ്പോള്‍ അലറാം എന്നു കരുതി, അവസാനം ഡോക്ടര്‍ ചുറ്റിക പോലത്തെ ഒരു സാധനമെടുത്ത് എന്‍റെ ഇളകാത്ത പല്ലിനെ ഒറ്റടി, ശേഷം ഒറ്റ വലി, പശ്ചാത്തല സംഗീതമായി എന്‍റെ അലര്‍ച്ചയും. അങ്ങനെ നാലാമത്തെ പല്ലും വീണു.

വിയര്‍ത്തു കുളിച്ച ഡോക്ടര്‍ ഒരു കെട്ട് പഞ്ഞി എടുത്ത് എന്‍റെ വായില്‍ കുത്തിതിരുകി, ഇനി ശബ്ദിക്കരുത് എന്ന മട്ടില്‍.വീട്ടിലെത്തിയ എന്നെ കണ്ട് ഉമ്മ പേടിച്ചു, നാലു പല്ലെടുക്കാന്‍ വേണ്ടി നടത്തിയ കഠോര തരിപ്പിക്കല്‍ കാരണം കോടിപ്പോയ മുഖത്തേക്ക് നോക്കി ഉമ്മ ചോദിച്ചു,

എന്തു പറ്റി മകളേ....

പല്ലെടുത്തു ഉപ്പ മറുപടി പറഞ്ഞു.

എത്രെണ്ണം?

സാബിറ(എന്‍റെ സഹോദരി) ഉപ്പയെ question ചെയ്യാന്‍ തുടങ്ങി,

ഉപ്പ കുടുങ്ങി, പാവം ഉപ്പക്ക് എണ്ണം കൂടി പിടി കിട്ടിയിട്ടില്ല.

 ഞാന്‍ നാല്‍ വിരല്‍ പൊക്കിക്കാണിച്ചു.

നാലെണ്ണമോ!!

ങളെന്താണ്‍ മന്സ്യാ കുട്ടീനെ കൊല്ലാന്‍ കൊണ്ടു പോയതാണോന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഉമ്മ എനിക്ക് ചോര്‍ വിളമ്പിത്തന്നു.

ചോര്‍ കണ്ട് എനിക്കും കരച്ചില്‍ വന്നു. (വിശന്നിട്ട്)

എന്തെങ്കിലും തിന്നാന്‍ പറ്റോ, ഞാന്‍ കട്ടിലില്‍ കിടപ്പായി, ഇടക്കിടക്ക് എഴുന്നേറ്റ് പോയി വാഷ്ബേസിനില്‍ രക്തം തുപ്പും.

അങ്ങനെ രാത്രിയായി, ഒരുവിധം സംസാരിക്കാറായപ്പോള്‍ ഞാനെന്‍റെ സുഹ്രുത്ത് പ്രമോദിനെ ഫോണില്‍ വിളിച്ചു.അവന്‍ dental college - ല്‍  librarian ആണെങ്കിലും സംസര്‍ഗം കൊണ്ട് ഒരു പല്ലുഡോക്ടറെപ്പോലെത്തന്നെയാണ്.

നിനക്കതിനുമാത്രം പൊക്കമുണ്ടോ കമ്പിയിടാന്‍ മാത്രം. അവനു അത്ഭുതം

പൊങ്ങിയിട്ടാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല, എനിക്കു പ്രാന്തു വന്നു, ഇക്കാലമത്രയും പല്ലു പൊന്തിയിട്ടാണേന്ന് നാട്ടാരു മുഴുവന്‍ നിലവിളിച്ചിട്ടിനി നാലു പല്ലുപോയിട്ടാ. നാലു പല്ലോ, എല്ലാം കൂടി ഒറ്റ ദിവസമെടുത്തെന്നൊ

അങ്ങനെ ഒറ്റദിവസം കൊണ്ട് എടുക്കരുതെന്നും, പിന്നെ പല്ലു വളരെ പൊങ്ങിയവര്‍ക്കേ നാലെണ്ണമൊക്കെ എടുക്കാറുള്ളൂവെന്നും അല്ലാത്തവര്‍ക്ക് രണ്ടെണ്ണം എടുത്താലും മതിയാകുമെന്നുമെന്നും ഉത്ബോധിപ്പിച്ച ശേഷം അവന്‍ ചോദിച്ചു, അയാള്‍  BDS ആണൊ അതൊ MDS ആണൊ

എന്ത് BDS, MDS

ഞാനതൊന്നും നോക്കിയിട്ടുണ്ടായിരുന്നില്ല.

അവസാനം കമ്പി പല്ലില്‍ വീണു.ആ നാളുകളില്‍ അനുഭവിക്കുന്ന വേദന, ഇതു വായിക്കുന്നവരില്‍ കമ്പിയിട്ടവരാരും മറക്കില്ല. കൂടാതെ ഡോക്ടര്‍  BDS ആണെന്നും മനസ്സിലായി.മാസത്തിലൊരിക്കല്‍ കമ്പി മുറുക്കണമെന്നാണ്. ആ മുറുക്കിയ ദിവസങ്ങളിലെ വേദനയും കൂടാതെ നാലു പല്ലു കളഞ്ഞ പാതകി എന്ന ചിന്തയും കാരണം എനിക്കു ഡോക്ടറെ കാണുന്നതേ ഇഷ്ടമല്ലായിരുന്നു.ഒരിക്കല്‍ മുറുക്കാന്‍ പോയപ്പോള്‍ ഞാനൊരു നിര്‍ഭാഗ്യവതിയെ കണ്ടുമുട്ടി. മുന്‍വശത്തെ 2 പല്ലുകളിലൊന്നു മാത്രം താഴത്തേക്ക് നീണ്ടിരിക്കുന്നു. അതു മാറ്റാനാണോ കമ്പിയിട്ടതെന്നു ആരാഞ്ഞപ്പോള്‍ കിട്ടിയ മറുപടി എന്‍റെ ഹ്രുദയം തകര്‍ക്കുന്നതായിരുന്നു.പല്ലു പൊങ്ങിയതിനാ കമ്പിയിട്ടത്, ഡോക്ടര്‍ മുറുക്കിയിട്ടാ ഇങ്ങനെയായത്, ഇനി അതു ശരിയാക്കിത്തരാമെന്നു പറഞ്ഞിട്ടുണ്ടെന്നായിരുന്നു ആ നിഷ്കളങ്കയുടെ മറുപടി. അതിനു ശേഷം ഉറക്കത്തില്‍ ഞാനീ കുട്ടിയുടെ മുഖം കണ്ട് ഞെട്ടി ഉണരുകയും എന്‍റെ പല്ലെങ്ങാനും ഇറങ്ങിയിട്ടുണ്ടോന്ന് തൊട്ടു നോക്കുകയും ചെയ്യുമായിരുന്നു.അങ്ങനെ ഒരു വര്‍ഷം പിന്നിട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ കമ്പി ഊരാമെന്നാണ്‍ ഡോക്ടര്‍ പറഞ്ഞിരുന്നത്. ഡോക്ടര്‍ ഒരു തവണ മുറുക്കുമ്പോള്‍ എല്ലാ പല്ലും കൂടെ ഒരു കോണിലേക്കു പോകും, അടുത്ത തവണ മുറുക്കുമ്പോള്‍ അങ്ങേ അറ്റത്തേക്ക് പോകും, അങ്ങനെ പല്ലു കിടന്നു ഓടിക്കളിച്ചു കൊണ്ടിരിക്കുകയാണ്. ഒരുവിധം stern ആകുമ്പോള്‍ ഞാന്‍ ഡോക്ടറോട് കമ്പി ഊരാന്‍ കെന്ചും. അപ്പൊ ഡോക്ടര്‍ നാലു പല്ലെടുത്ത സ്ഥലം തൊട്ടു കാണിച്ചിട്ട് പറയും, ഈ gap ഒക്കെ fillചെയ്താലെ ഊരാന്‍ പറ്റൂന്ന്. ആ gap ഒക്കെ fill  ചെയ്യണമെങ്കില്‍ ഇനിയെത്ര  കാതം പിന്നിടണമാവോന്ന് ഞാന്‍ മനസ്സില്‍ പറയും.

ആയിടക്കാണ്‍ എന്‍റെ കല്യാണം തീരുമാനിച്ചത്, കല്യാണചെക്കനും ഞാനും തുല്യദുഃഖിതരായിരുന്നു, കാരണം വായില്‍ കമ്പി. എങ്ങനെയെങ്കിലും വായിലെ കമ്പി ഒന്നു വലിച്ചെറിഞ്ഞ് കല്യാണ ആല്‍ബത്തില്‍കമ്പിയില്ലാതെ നിന്നു മാനം കാക്കണമെന്നു ഞങ്ങള്‍ ഫോണിലൂടെ തീരുമാനിച്ചു.

എറണാകുളത്താണു രണ്ടു പേരും താമസമെങ്കിലും പെണ്ണു കാണലിനു ശേഷം ഞങ്ങള്‍ പരസ്പരം കണ്ടിട്ടില്ലായിരുന്നു.കലൂര്‍സ്റ്റാന്‍ഡില്‍ കാത്തു നിക്കാം എന്നാണ്‍ ഷാനുക്ക പറഞ്ഞിരുന്നത്.കണ്‍മുന്നില്‍ ആള്‍ വന്നു നിന്നാലും തിരയുന്ന ശീലമുള്ളതുകൊണ്ട് ഞാന്‍ നേരെ ഫോണെടുത്തു വിളിച്ചു. ഞാനിതാ നിന്‍റെ മുന്നില്‍ എന്ന ഗര്‍ജനം കേട്ടു നോക്കിയപ്പോളതാ ഒരാളു മുന്നില്‍ നില്‍ക്കുന്നു.മുട്ടുവരെയുള്ള ഷര്‍ട്ട്,(അതെന്താണെന്നു പിന്നീടു മനസ്സിലായി , ബ്രാന്‍റഡേ ധരിക്കൂ, നാല്‍പത്തിനാലോ അമ്പതോ എന്തുമാവട്ടെ ബ്രാന്‍റഡ് ആയിരിക്കണം, 38 ഇടേണ്ട ആളാണ്‍ ഈ അക്രമം കാണിച്ചു നിക്കുന്നത്.), ഫുള്‍കൈ, അതിലൊന്നു മടക്കിയിട്ടുണ്ട്, അടുത്തത് മടക്കുമ്പോഴേക്കും മടി ബാധിച്ചു എന്നു തോന്നുന്നു.ഷര്‍ട്ട് തേച്ചിട്ടില്ലാന്നു പോട്ടെ, കഴുകിയൊ എന്നത് സംശയം. പോക്കറ്റിലെന്തൊക്കെയൊ കുത്തി നിറച്ചു വെച്ചിട്ടുണ്ട്.ഇനി നാരങ്ങയാണോ, അല്ല പിന്നെ.എന്‍റെ കണ്ണുകള്‍ പതുക്കെ പാന്‍റിലേക്കു വീണു.എന്തായാലും ഷര്‍ട്ടിന്‍റെ ഇറക്കക്കൂടുതല്‍ പാന്‍റില്‍ പരിഹരിച്ചിരിക്കുന്നു.പാന്‍റിന്‍റെ രണ്ടു പോക്കറ്റുകളെയും വെറുതെ വിട്ടിട്ടില്ല.ഒരു ബാഗില്‍ വെക്കേണ്ട വസ്തുവഹകള്‍ അവനവന്‍റെ ദേഹത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുകയാണെന്ന് ചുരുക്കം.തലമുടി ചീകിയിട്ട് ക്രുത്യം ഒരു മാസമായിക്കാണും, അത്ര സൂക്ഷ്മമായി പറായാന്‍ കാരണം ഒരു മാസം മുമ്പാണ്‍ എന്നെ പെണ്ണു കാണാന്‍ വന്നത്.

ബ്ളോക്കുണ്ടായിരുന്നോ?

അതു ചോദിച്ചപ്പോള്‍ തലമുടിയിലും മീശയിലും പിന്നെ ശ്മശ്രുക്കളിലും പറ്റിപ്പിടിച്ചിരുന്ന ധൂളികള്‍ എന്‍റെ ദേഹത്ത് ശക്തിയായി പതിച്ചു.

ഞാന്‍ പെട്ടെന്നു ഒന്നും മിണ്ടിയില്ല

നാണവും കീണവുമൊന്നുമല്ല കെട്ടോ, ഞാനാലോചിക്കുകയായിരുന്നു.പെണ്ണുകാണലിന്‍റന്നു കണ്ടപ്പോ ഇങ്ങനെയല്ലായിരുന്നല്ലൊ. ഈ കാര്യം അന്നു രാത്രി ഞാന്‍ തനൂജ മാഡത്തോട് പറഞ്ഞപ്പോള്‍ മാഡം എന്നെ ഓടിച്ചു വിട്ടു.പിന്നേ, പറയണാളെ എന്തൊരു ചന്തമാണേയ് എന്നും പറഞ്ഞ്.അതിന്‍റെ ഗുട്ടന്‍സ്  ഷാനുക്ക പിന്നീട് പറഞ്ഞു തന്നു. പെണ്ണു കാണലിന്‍റെ തലേന്ന്  രത്രി ഷാനുക്ക നോക്കിയപ്പോള്‍ ഒറ്റ ഷര്‍ട്ടും കഴുകിയിട്ടില്ലത്രെ. അപ്പൊ ഉടന്‍ കൂട്ടുകാരന്‍റെ കട രാത്രി തുറപ്പിച്ചു, ഇരുട്ടായതുകൊണ്ടോ എന്തോ വലുപ്പം കുറഞ്ഞ ഒരു ഷര്‍ട്ടാണു കയ്യില്‍ കിട്ടിയത്.പോരാത്തതിനു ബ്രാന്‍റഡുമല്ല, പിന്നെ കട്ടിങും ഷേവിങുമൊക്കെ ചെയ്യുകയും ചെയ്തു.അതാണ്‍ കാര്യം. പെണ്ണു കാണാന്‍ വന്നപ്പോഴെ ഞാന്‍ നോക്കിയിരുന്നു, പാന്‍റിനെന്‍ന്തോ കുഴപ്പമുണ്ടല്ലോന്ന്.

ഷാനുക്കയും എന്നെ കണ്ട് ഞെട്ടി നിക്കുകയാണ്. കാരണം എന്നെ കണ്ട് ഉമ്മ ഒക്കെ നെഞ്ഞത്തടിച്ചു കരയും, ഞാന്‍ നേരെ നടക്കുന്നില്ലേ, ഒരുങ്ങുന്നില്ലേന്നു പറഞ്ഞ്. അതുകൊണ്ട് ഞാന്‍ കരുതിക്കൂട്ടി വെള്ളച്ചുരിദാറുമിട്ടോണ്ട് മേക്കപ്പുമിട്ട് ചെന്നിരിക്കുകയാണ്.ഇനി അതിന്‍റെ ഒരു കുറവു വേണ്ട. അതു പക്ഷെ സ്ഥിരം മുണ്ടൂടുക്കുന്നയാള്‍ ഒരു സുപ്രഭാതത്തില്‍ പാന്‍റിട്ടാല്‍ എങ്ങനെയിരിക്കും?, അതുപോലെയായിരുന്നു.അന്നു കണ്ടതിന്‍റെ ആഘാതത്തില്‍ ഷാനുക്ക ഇന്നുവരെ ആ വെള്ളച്ചുരിദാറിടാന്‍ സമ്മതിച്ചിട്ടില്ല.അങ്ങനെ ഞങ്ങള്‍ ഡോക്റ്ററെ കണ്ടു, രണ്ടു പേരുടെയും വായിലെ കമ്പി നീക്കം ചെയ്യപ്പെട്ടു.ആല്‍ബത്തില്‍ കമ്പിയില്ലാതെ നിന്ന് ഞങ്ങള്‍ മാനം നേടുകയും ചെയ്തു.പക്ഷെ എന്‍റെ  close up ഫോട്ടൊ വരുമ്പോള്‍ കാണുന്നവര്‍ ആല്‍ബത്തില്‍ നിന്ന് കണ്ണെടുത്ത് ചോദിക്കും

ഏ രണ്ടു പല്ലില്ലേ എന്ന്,

അപ്പൊ ഞാനൊരു ചിരി ചിരിക്കും, അതൊടെ അവര്‍ക്ക് മനസ്സിലാകും, രണ്ടല്ല നാലു പല്ലില്ലെന്നു.ഷാനുക്കയുടെ ഡോക്ടര്‍ പല്ലൊന്നും പറിക്കാതിരുന്ന കാരണം ഈ പ്രശ്നം ഉണ്ടായിരുന്നില്ല.അതോടെ ഞങ്ങള്‍ വിരുന്നുകളൊക്കെ കഴിഞ്ഞ ശേഷം ( അവരു കൂടി അറിഞ്ഞോട്ടെ നാലു പല്ലില്ലാത്ത കാര്യം) വീണ്ടും കമ്പിയിടാന്‍ തീരുമാനിച്ചു.

ആയിടക്കാണ്‍ എന്‍റെ മൂത്ത അളിയന്‍ MBA പരീക്ഷ എഴുതാന്‍ എറണാകുളത്തു വരുന്നത്. Airforce ല്‍ ജോലിചെയ്യുന്ന അളിയന്‍ വളരെ ചിട്ടയും അച്ചടക്കവും ഉള്ള അധ്വാനിയായആളാണ്. മടിച്ചിയായ എന്നെ കയ്യില്‍കിട്ടിയാല്‍ ഉടന്‍ ജോലി ചെയ്യിപ്പിക്കുകയും ചിട്ട പഠിപ്പിക്കുകയുമായിരുന്നു ആളിയന്‍റെ hobby . അന്നൊക്കെ ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്, ഇതു പോലെ ചിട്ടയുള്ള  ആളെയാണു എനിക്കു കിട്ടുന്നതെങ്കില്‍ സയനൈഡ് കുടിച്ചു മരിച്ചോളാമെന്ന്.അതു വേണ്ടിവന്നില്ല, ചിട്ട അടുത്തു കൂടെ പോയിട്ടില്ലാത്ത ആദര്‍ശത്തിന്‍റെ ആള്‍രൂപം എന്നൊക്കെ പറയുന്നതുപോലെ മടിയുടെ ആള്‍രൂപമായ ഷാനുക്കയും ഞാനും താമസിക്കുന്നിടത്തേക്കാണ്‍ അളിയന്‍റെ കടന്നു വരവ്.ഒറ്റനോട്ടത്തിലെ അളിയനു മനസ്സിലായി, പാചകം പോയിട്ട് അടുക്കളയില്‍ വെള്ളം പോലും ചൂടാക്കുന്നില്ല എന്ന്.അതിന്‍ ഒരു മാസം മുമ്പ് എന്‍റെ ഉമ്മ വന്നു നിന്ന് എന്നെ പാചകം പഠിപ്പിക്കാന്‍ നോക്കിയെങ്കിലുംഎനിക്കു theory പറഞ്ഞു തന്നാ മതി, practical class വേണ്ട എന്നു ഗര്‍ജിച്ച കാരണം ഉമ്മ പഠിപ്പിക്കല്‍ മതിയാക്കി തിരിച്ചുപോയിരുന്നു.ഒട്ടും സമയം കളയാതെ അളിയന്‍ എന്നെ പാചകം പഠിപ്പിക്കാന്‍ തുടങ്ങി(ഉമ്മമാരോട് തട്ടിക്കയറുന്നതുപോലെ അളിയനോട് പറ്റില്ലല്ലൊ, അതുകൊണ്ട് ഞാന്‍ പന്ചപുചഛമടക്കി നിക്കുകയാണ്). Marine fish, fresh water fish ഇവ തമ്മിലുള്ള വ്യത്യാസം , ഇവ വറുക്കാന്‍ വേണ്ടി മസാല പുരട്ടുന്നതെങ്ങനെ?, ഉപ്പ് marine fish ല്‍ സ്വതവേ ഉണ്ടായിരിക്കും, fresh water fish ല്‍ അങ്ങനെയല്ല. ഏത് കറിക്കും ഒരു സ്പൂണ്‍ മുളകുപോറ്റിയിട്ടാല്‍ മല്ലിപ്പൊടി 2 സ്പൂണ്‍ ഇടണം, Pressure cooker അടക്കുന്നതെങ്ങനെ, 90 ഡിഗ്രിയില്‍ അടപ്പു പിടിച്ചിട്ടു വേണം അടക്കാന്‍., ചോറു വാര്‍ക്കുമ്പോള്‍ ചോറു താഴെപ്പോകുക എന്ന അവസ്ഥ സംജാതമാകാതിരിക്കാന്‍ കൈക്കൊള്ളേണ്ട കാര്യങ്ങളെന്തൊക്കെയാണ്‍ തുടങ്ങി എല്ലാ കാര്യങ്ങളും അളിയന്‍ പട്ടാളച്ചിട്ടയില്‍ ആ ഒരാഴ്ച കൊണ്ട് എന്നെ പഠിപ്പിച്ചു. സത്യത്തില്‍ അളിയന്‍ പരീക്ഷ എഴുതാനാണോ, അതൊ എന്നെ പഠിപ്പിക്കാനാണോ ലീവ് എടുത്തു വന്നിരിക്കുന്നതെന്ന്, ഒരുവേള ഞാന്‍ സംശയിച്ചുപോയി.

അങ്ങനെ പല്ലിനു രണ്ടാമതും കമ്പിയിടാന്‍ തീരുമാനമായി.ഇനി ചതി പറ്റരുതല്ലോ, നല്ല സ്ഥലത്തു തന്നെ പൊയ്ക്കളയാം, ഞാന്‍ പ്രമോദിനെ ഫോണ്‍ വിളിച്ചു.അവന്‍റെ  dental college ലെ ഡോക്റ്ററെ കാണാന്‍ തീരുമാനിച്ചു, വീണ്ടും കമ്പി എന്‍റെ വായില്‍ കയറി.പക്ഷെ ഇതിനിടക്ക് വര്‍ണ്ണ്യത്തിലാശങ്കയായി ഇരിക്കുന്ന എന്‍റെ 2 പല്ലുകള്‍ കാരണം നീരു വരാന്‍ തുടങ്ങി, അതൊന്നും കണക്കാക്കതെ ഡോക്ടര്‍ വേലി (കമ്പി) വലിച്ചുമുറുക്കും , എന്നിട്ട് antibiotic തരും. ജീവിതം ആകെ വേദനാഭരിതമായി മുന്നോട്ട് പോവുകയാണ്.ഒരു പ്രാവശ്യം മുറുക്കാന്‍ ചെന്നപ്പോള്‍ (ആ പ്രാവശ്യം മാത്രം ഷാനുക്ക കൂടെ വന്നിരുന്നില്ല) ഡോക്ടര്‍ എന്‍റെ കേടായ പല്ലുകള്‍ കണ്ട്  ഒന്നും മിണ്ടാതെ ഒരു കടലാസും തന്നു, അടുത്ത ബ്ളോക്കിലിരിക്കുന്ന doctor അടുത്തേക്ക് പറഞ്ഞുവിട്ടു.ഞാന്‍ നിരക്ഷരകുക്ഷിയെപ്പോലെ കടലാസ് ഡോക്റ്റര്‍ക്ക് നീട്ടി. ഒരു തടിയന്‍ .ഒന്നും മിണ്ടുന്നത് ഇഷ്ടമല്ല. ഞാന്‍ ചിരിച്ചുകൊണ്ട്(പേടിച്ചിട്ട്) സൌഹ്രുദം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും എന്നെ doctor ഒട്ടും ഗൌനിച്ചില്ല.അയാള്‍ ഒരു സാധനം എടുത്ത് വായില്‍ വെച്ചു. അതു വെച്ചു  കഴിഞ്ഞാല്‍ പിന്നെ നമ്മടെ വായ പൊളിഞ്ഞു തന്നെ ഇരിക്കും. വേണമെന്നു വിചാരിച്ചാലും നമുക്ക് ഒരക്ഷരം മിണ്ടാന്‍ പറ്റില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ജീവന്‍ പോകുന്ന വേദന അനുഭവപ്പെട്ടു.(ചരിത്രത്തില്‍ ഞാനനുഭവിച്ച് ഏറ്റവും വലിയ വേദന) ഞാന്‍ ഒറ്റലര്‍ച്ച, അപ്പൊഴേക്കും എന്നോട് വാഷ്ബേസില്‍ തുപ്പാന്‍ പറഞ്ഞു, തുപ്പിക്കഴിഞ്ഞപ്പോ ഞാന്‍ കണ്ട കാഴ്ച, എന്‍റെ അന്ചാമതെ പല്ലു അതാ താഴെ കിടക്കുന്നു. ഇതൊക്കെ കഴിഞ് ഞാന്‍ റൂട്ട് ചികില്‍സ ചെയ്ത് നേരെ ആക്കാന്‍ വേണ്ടി വച്ച പല്ലാണ്, ഇയാളോട് ആരു പറഞ്ഞു അതു പറിക്കാന്‍, എന്‍റെ അനുവാദമില്ലാതെ എന്‍റെ പല്ലു പറിക്കാന്‍ ഇയാളാര്, ഞാന്‍ വേണമെങ്കില്‍ ആ പല്ലിനു വേണ്ടീ കമ്പി തന്നെ ഉപേക്ഷിക്കുമായിരുന്നു. എനിക്കൊന്നും പറയാന്‍ പറ്റിയില്ല. കാരണം അപ്പൊഴെക്കും doctor എന്‍റെ വായില്‍ പഞ്ഞി കുത്തിതിരുകിയിരുന്നു.

കരഞ്ഞുകൊണ്ട് നിക്കുന്ന എന്നോട് doctor പൈസ അടച്ചോളാന്‍ പറഞ്ഞു. പുറത്തിറങ്ങിയതും എനിക്ക് സങ്കടം സഹിച്ചില്ല, 5 പല്ലുകള്‍, മറ്റെ doctor എന്നോട് ഒരു വാക്കു പറഞ്ഞില്ലാല്ലൊ, പറിക്കാനാണെന്നു, ഞാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് pramod ഇരിക്കുന്നിടത്തേക്ക് നടന്നു. അവനെക്കണ്ടതും ഞാന്‍ കൂടുതല്‍ ശക്തിയായി കരയാന്‍ തുടങ്ങി.എന്താ, എന്താ, അവനും കൂടെയുള്ള ക്ലര്‍ക്കും ഓടിവന്നു.

വായില്‍ പഞ്ഞിയല്ലെ എന്ത് മിണ്ടാന്‍

ഞാന്‍ വീണ്ടും കരയാന്‍ തുടങ്ങി, അപ്പൊ കൂടെയുള്ള ക്ലര്‍ക്ക് ഇപ്പൊ എവിടുന്ന വരുന്നത്, എന്നു ചോദിച്ചു

ഞാന്‍ പല്ലു പറിച്ച സ്ഥലം ചൂണ്ടിക്കാണിച്ചുകൊടുത്തു.

ആ അവിടെനിന്നാണോ

ഒറ്റക്കാണോ പോയത്

ഞാന്‍ തല കുലുക്കി

എന്താണാവോ ഉണ്ടായത്, ക്ലര്‍ക്ക് ആത്മഗതം നടത്തി

ഒറ്റക്കൊരു പെണ്‍കുട്ടി ആ റൂമില്‍ നിന്നു വന്നു കരയുന്നു, എന്താണവോ ക്ലര്‍ക്കിന്‍റെ ഭാവന കാടുകയറുകയാണ്.

എന്‍റെ വായില്‍ പഞ്ഞി ഇരിക്കുന്ന കാര്യം അവര്‍ക്കറിയില്ലല്ലൊ

ഭാവനയുടെ പോക്ക് കണ്ട് പേടിച്ചിട്ട് ഞാനവിടെ ഇരുന്ന ഒരു കടലാസെടുത്ത് എന്‍റെ പല്ലു പറിച്ച കാര്യവും പറിക്കുന്ന കാര്യം ഞാന്‍ അറിയാതിരുന്നതും കണ്ണീരോടെ എഴുതി.

കടലാസ് കിട്ടിയതും pramod അതുമായി orthodontist ന്‍റെ അടുത്തേക്ക് ഒറ്റ ഓട്ടം, ഒരു നിമിഷത്തിനുള്ളില്‍ അവന്‍ തിരിച്ചോടി വന്നു, എന്നിട്ടു പറഞ്ഞു

നിന്‍റെ കയ്യില്‍ ഒരു കടലാസ് തന്നിരുന്നു, അതില്‍ tooth extraction എന്നെഴുതിയിരുന്നത്രെ, നീ വായിച്ചൊ

എന്തു വായിക്കാന്‍? ഞാനത് നോക്കിയിട്ടു പോലുമില്ലായിരുന്നു. എന്നാലും എന്നോട് പറയണ്ടേ, അല്ലാതെ പറിക്കാന്‍ പാടുമോ, എന്നൊക്കെ ഞാന്‍ വര്‍ധിച്ച ദേഷ്യത്തോടെ മനസ്സില്‍ പറഞ്ഞു (വായില്‍ പഞ്ഞിയല്ലെ)

ഇനി നീ 3 ദിവസം കഴിഞ്ഞിട്ട് വരണം, മറ്റെ കേടായ പല്ലു പറിക്കാന്‍ (ഭാഗ്യം, എല്ലാം കൂടി ഇന്നു തന്നെ പറിക്കുന്നില്ല, അത്രയും പുരോഗമനം ഉണ്ടായി)

നീയും നിന്റെ കോളേജും , എന്റെ പട്ടി വരും ഇനി എന്നു വീണ്ടും മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ വണ്ടി കയറി. പിന്നെ ഞാന്‍ ആ dental college ല്‍ പോയതെ ഇല്ല. അപ്പൊഴെക്കും കമ്പി വായില്‍ കയറി 3 വര്‍ഷം പിന്നിട്ടിരുന്നു.

കുറച്ചു മാസങ്ങള്‍ കഴിഞ്ഞു, ഞാന്‍ എന്റെ വായിലെ വേലിയും ഏന്തി എന്തു ചെയ്യണം എന്നറിയാതെ നടക്കുകയാണ്.അപ്പോള്‍ എന്റെ പറിക്കാതെ നിര്‍ത്തിയിരുന്ന ആറാമത്തെ പല്ലു വേദനിക്കാന്‍ തുടങ്ങി, അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി മിലിട്ടറിയില്‍ നിന്നു വിരമിച്ച ഒരു ഡോക്റ്ററെ കാണാന്‍ തീരുമാനിച്ചു. ആ doctor വളരെ നല്ല മനുഷ്യനായിരുന്നു. പല്ലു പരിശോധിച്ച ശേഷം doctor റൂട്ട് ചികില്‍സ തള്ളിക്കളഞ്ഞു, ഒരു വര്‍ഷം മുമ്പായിരുന്നെങ്കില്‍ നടന്നേനെ, ഇനി പറിച്ചെ പറ്റു എന്നു വിധിയെഴുതി. ഞാന്‍ ഡോക്റ്ററുടെ കയ്യും കാലും പിടിച്ചുകൊണ്ട് അരുതേ, ഹരുതേ എന്ന് കരയാന്‍ തുടങ്ങി.എന്റെ അന്ചാമത്തെ പല്ലിന്റെ വേദന അത്ര ഭീകരമായിരുന്നു. ആ ചരിത്രമൊക്കെ  കേട്ട doctor ഒരിക്കലും  infection വന്ന പല്ലു അപ്പൊഴെ പറിക്കരുത്, antibiotic കൊടുത്ത് infection മാറ്റിയെ പറിക്കാവൂ എന്നു ഞങ്ങളെ ഉത്ബോധിപ്പിച്ചു. (അമ്പൊ, ഈ ഡോക്റ്റര്‍മാരെ ഒക്കെ എന്തു വേണം, ആരാന്റെ തടി എന്നൊക്കെ പറയുന്നതുപോലെ, വല്ലോരുടെ പല്ലു, അവര്‍ക്കെന്താ). എന്റെ infection മാറ്റിയശേഷം ഒരു പുഷ്പം പറിക്കുന്നതുപോലെ ആ doctor ആറാമത്തെ പല്ലു പറിച്ചെടുത്തു, ശേഷം orthodontist ന്റെ അടുത്തേക്ക് refer ചെയ്തു.

At last (പണ്ട് സ്കൂളില്‍ english പാഠപുസ്തകത്തിലൊക്കെ പറയില്ലെ), ഞങ്ങടെ പല്ലുചരിത്രത്തിലെ അവസാനത്തെ ഡോക്റ്ററെ കണ്ടു. വര്‍ഷങ്ങള്‍ പഴകിയ കമ്പികളും മുത്തുകളും ഒക്കെക്കണ്ട് ഡോക്റ്റര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഈ പല്ലിനു കമ്പിയിടേണ്ട ആവശ്യം തന്നെ ഉണ്ടായിരുന്നില്ല. ഇനി ഇടുകയാണെങ്കില്‍തന്നെ പല്ലു പറിക്കേണ്ടിയിരുന്നില്ല (എത്ര നല്ല നിരീക്ഷണം). ഡോക്ടര്‍ എല്ലാ കഴിവുകളും ഉപയോഗിച്ച് മുകള്‍നിരയിലെ gap ഒരുവിധം fill ചെയ്തു. എന്നിട്ടു പറഞ്ഞു, താഴത്തെ fill ചെയ്യാതിരിക്കുകയാണ്‍ നല്ലത്, ഇപ്പൊഴെ താഴെ പല്ലു ഒരുപാട് ബാക്കിലാണ്.അതിനു പകരം നമുക്ക് താഴെ 2 പല്ലു വെക്കാം. 18000 രൂപയാകും. ഞങ്ങള്‍ അപ്പൊ മാത്രം ഒരു ബുദ്ധി പ്രയോഗിച്ചു, പല്ലു വെച്ചില്ല അത്ര തന്നെ. അങ്ങനെ 2008 ല്‍ തുടങ്ങിയ കലാപരിപാടിക്കു 2011 അവസാനം തിരശ്ശീല വീണു.