Friday, November 22, 2013

ചണ്ഡീഗഡ്

                               എന്‍റെ നവോദയ ടെസ്റ്റ് കഴിഞ്ഞ് ഇന്‍റര്‍വ്യൂ കാര്‍ഡ് കിട്ടിയപ്പോള്‍ സ്ഥലം ചണ്ഡീഗഡ്.പതിവു പോലെ ഞാന്‍ ഞെട്ടിയില്ല(ചെന്നൈ ട്രിപ്പ് കഴിഞ്ഞതോടെ ഞെട്ടലൊക്കെ പോയി) പകരം ആരെങ്കിലും എന്നെ ഇങ്ങോട്ട് വിളിക്കുമോ എന്ന് ഞാന്‍ നോക്കിയിരുന്നു, കാര്യമുണ്ടായി, ഷിവ്യ, സൌദ എന്നീ രണ്ട് അഗതികളും എന്നെപ്പോലെ ആരുമില്ലാതെ കുത്തിയിരിക്കുകയായിരുന്നു.ഒറ്റക്കാണെങ്കിലും ഇന്‍റര്‍വ്യൂ അറ്റെന്‍ഡ് ചെയ്തിരിക്കും എന്നു ഞങ്ങള്‍ ധീരമായി പ്രതിഞ്ജ എടുത്തു. ആ സാഹസം ചെയ്യേണ്ടി വന്നില്ല.സൌദയുടെ കൂടെ അവളുടെ ബന്ധുവായ ഇലിയാസ്(ബന്ധുവാണോ അതോ അയല്‍വാസിയാണോ, എന്തായാലും അവര്‍ യത്തീംഖാനയില്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവരായിരുന്നു.അതില്‍പരം ഒരു ബ്ന്ധുത്വം ഉണ്ടോ)വരാമെന്നേറ്റു.ഒരേ ഒരു ഇല്യാസിനെക്കണ്ട് സൌദയെ കൂടാതെ ഞാനും ഷിവ്യയും കൂടി പെട്ടി ശെരിയാക്കി.മലപ്പുറത്തെ ആണുങ്ങളൊക്കെ പെട്ടെന്നു വിവാഹം കഴിക്കും, എന്‍റെ കൂടെ പഠിച്ച മലപ്പുറം ആണ്‍കുട്ടികളൊക്കെ കെട്ടി കുട്ടിയായ ശേഷമായിരുന്നു എന്‍റെ വിവാഹം.മിലിട്ടറിയില്‍ ജോലി ചെയ്തിരുന്ന ഇലിയാസും സൌദയും സമപ്റായക്കാരായിരുന്നെങ്കിലും ഇലിയാസ് അന്നേ കെട്ടി കുട്ടിയായിരുന്നു.ഷിവ്യ വീട്ടില്‍ പറഞ്ഞത് എന്‍റെ അളിയനും സൌദയുടെ ചേട്ടനും ഇലിയാസും ടെസ്റ്റിന്‍ കൂടെ വരുന്നുണ്ടെന്നായിരുന്നു.ഞാന്‍ പറഞ്ഞത് ഷിവ്യയുടെ അച്‌ചനും സൌദയുടെ ചേട്ടനും കൂടെവരുന്നുണ്ടെന്നായിരുന്നു.ഇടക്ക് എന്‍റെ ഉമ്മ ചോദിക്കും, " മാളേ, ഒറ്റക്ക് പൂവാന്‍ പറ്റ്വോ, ആളോളൊക്കെ ഉണ്ടോന്ന്" ഞാന്‍ ഉമ്മയോട് ഉണ്ടെന്ന് ഗര്‍ജിച്ച ശെഷം നെന്‍ചുഴിയും(പേടിച്ചിട്ട്). പിന്നെ അന്നേ എനിക്ക് അത്ര ചിന്താ ശേഷിയൊന്നും ഇല്ലാത്തതിനാല്‍ കൂടുതല്‍ നെന്ചുഴിയാതെ ഞാന്‍ നോര്‍മലാവും.


                     അങ്ങനെ ഞങ്ങള്‍ മൂന്നുപേര്‍ ഷൊറണൂരുനിന്നും ഷിവ്യ കോഴിക്കോട്ടു നിന്നും ച്ണ്ഡീഗഡിലേക്ക് പുറപ്പെട്ടു.ആദ്യമൊക്കെ പരിചയസമ്പന്നരെപ്പോലെ ട്രെയിനില്‍ കുത്തിയിരുന്ന ഞാനും സൌദയും ഷിവ്യയും ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ ആ കംപാര്‍റ്റ്മെന്‍റിലുള്ള സര്‍വരേയും പരിചയപ്പെട്ട് സര്‍വരഹസ്യങ്ങളും പങ്കു വെച്ചു.ഇതില്‍ കലിപൂണ്ട ഇലിയാസ് അവരൊക്കെ നിങ്ങളെ വല്ലതും ചെയ്താല്‍ ഞാന്‍ കയ്യും കെട്ടി നോക്കി നിക്കുമെന്ന് ഞങ്ങളെ പേടിപ്പിച്ച ഉടന്‍  എനിക്കും ഷിവ്യയ്ക്കും സംശയരോഗം പിടിപെട്ടു.ഞങ്ങളെ അപ്പുറത്തുള്ള ആള്‍ നോക്കുന്നു, ഇപ്പുറത്തുള്ള ആള്‍ ബാത്റൂമിലേക്ക് പൊയപ്പൊ പിന്നാലെ വന്നു(ആ പാവം മനുഷ്യന്‍ വാഷ്ബേസില്‍ തുപ്പാന്‍ പോയതായിരുന്നു) എന്നൊക്കെ പരാതി പറയാന്‍ തുടങ്ങി.തുടര്‍ന്ന് ഞങ്ങളെ നന്നായി നോക്കണേ, പോത്തുപോലെ ഉറങ്ങരുതെ എന്നൊക്കെ ചട്ടം കെട്ടി അതാത് ബര്‍ത്തില്‍ ഉറങ്ങാന്‍ കിടന്നു.


                               അന്ന് ആ കംപാര്‍ട്ട്മെന്‍റിലുള്ള മിക്കവരേയും ഞാന്‍ ഇന്നും മറന്നിട്ടില്ല.ഒന്ന് നവദമ്പതികളായിരുന്നു, അവരുടെ ഇടക്കുള്ള ചില കേളികള്‍ കാണുമ്പോള്‍ നമ്മള്‍ കോങ്കണ്ണുള്ള ആള്‍ക്കാരെപ്പോലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാ മതി, വേറെ കുഴപ്പമൊന്നുമില്ല.

 അതില്‍ ഭര്‍ത്താവ് നവോദയയില്‍ റ്റീച്ചറാണ്, ഭാര്യയെ ഞങ്ങളെപ്പോലെ നവോദയയുടെ ഇന്‍റര്‍വ്യൂവിന്‍ കൊണ്ടു പോവുകയാണ്.ഭര്‍ത്താവിന്‍റെ പേര്‍ ഞാന്‍ മറന്നു പോയി,തന്‍മാത്ര സിനിമ കണ്ട അന്നുമുതല്‍ ഞാന്‍ ഡിമന്‍ഷ്യ പേഷ്യന്‍റാണ്.പോയ വഴികള്‍ എനിക്കൊരിക്കലും ഓര്‍മ ഉണ്ടാവാറില്ല.കുസാറ്റില്‍ ജോയിന്‍ ചെയ്ത കാലത്ത് എറണാകുളത്തെ വഴിപഠിപ്പിക്കലായിരുന്നു തനൂജ മാഡത്തിന്‍റെ പണി.തലേ ദിവസം കാണിച്ചു തന്ന സ്ഥലം അടുത്ത ദിവസം കാണിച്ചു തരുമ്പോള്‍ ഞാന്‍ ചോദിക്കുംഇതേതാ പുതിയ സ്ഥലം, അപ്പോള്‍ മാഡം പല്ലിറുമ്മുന്നതു കാണാം.കല്യാണം കഴിഞ്ഞ ഇടക്ക് ഞാനും ഷാനുക്കയും കിടപ്പും ഇരിപ്പും ഒക്കെ തിയേറ്ററില്‍ തന്നെയായിരുന്നു. ജോലി കഴിഞ്ഞ് ഷാനുക്ക തിയേറ്ററിന്‍റെ മുന്നില്‍ കാത്തു നില്‍ക്കും ഞാനങ്ങോട്ട് പറന്നെത്തണം.ആദ്യമൊക്കെ ഞാന്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഷാനുക്ക സമചിത്തതയോടെ മേനക അല്ലെങ്കില്‍ പത്മ ബസ്സില്‍ കയറൂ എന്നു പറഞ്ഞു തരുമായിരുന്നു.ഒരു 2 മാസം കഴിഞ്ഞിട്ടും ഞാന്‍ ചോദിക്കും ഏതു ബസ്സില്‍ കയറണമെന്ന് അപ്പൊപിന്നെ മറുപടി ഇങ്ങനെയായി, പുല്ലേ നീ ഏത് ഡാഷിലെങ്കിലും കയറി വായോന്ന്.പിന്നൊന്ന് ഉണ്ണി, പാവം അറേന്ച്ട് ലവ് ആണ്, പെണ്‍കുട്ടി ഇടക്കിടക്ക് ഫോണ്‍ വിളിക്കും, ഡല്‍ഹിയിലേക്ക് പോകുന്നു.പിന്നൊരാള്‍ കുറച്ച് പ്രായമായ ഒരു പട്ടാളക്കാരനായിരുന്നു.ഞങ്ങളുടെ പൊട്ടത്തരങ്ങള്‍ കാണുമ്പോള്‍ ഉപദേശിക്കുക എന്നായിരുന്നു പ്രധാന ജോലി.


                                ഞങ്ങള്‍ ചണ്ഡീഗഡ് വണ്ടിയിറങ്ങിയപ്പോള്‍ ഒരു സംശയം,ഹെന്ത് തെറ്റിപ്പോയോ ഇതു തിരുവനന്തപുരമാണോന്ന്, അത്രയധികം മലയാളികള്‍ സ്റ്റേഷനില്‍ പാഞ്ഞുനടക്കുന്നു.എല്ലാം നവോദയ ഇന്‍റര്‍വ്യൂവിനു വന്നവരാണ്.ഞങ്ങള്‍ നവദമ്പതികളടക്കമുള്ള ചെറിയ ജാഥ ഇവരെയൊന്നും ഗൌനിക്കാതെ ഓട്ടോയില്‍ കയറി സ്ഥലം വിട്ടു ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങി.വിജയനും ദാസനും വാടകവീട് കണ്ടുപിടിക്കാനിറങ്ങിയപോലെ ഒറ്റ ലോഡ്ജും ഇലിയാസിനും നവവരനും പിടിക്കുന്നില്ല.അവസാനം ഒന്നുകിട്ടി, വാടക കേട്ട് ഞാനും ഷിവ്യയും സൌദയും ഒന്നു ഞെട്ടിയെങ്കിലും അതിലും കുറഞ്ഞ ലോഡ്ജ് ആ രാജ്യത്തിലില്ലെന്ന ഇലിയാസിന്‍റെ ഭീഷണിക്ക് ഒടുക്കം വഴങ്ങി.നവദമ്പതികള്‍ ആദ്യമേ ചാടിക്കേറി ഒരു റൂം സെലെക്റ്റ് ചെയ്തു.അവറുടെ അടുത്തുള്ള റൂമില്‍ ഞങ്ങള്‍ മൂന്നു പേരും ഹോട്ടലിന്‍റെ അങ്ങേ മൂലക്കുള്ള റൂമില്‍ ഇലിയാസും കിടക്കാന്‍ ധാരണയായി.ഞങ്ങളുടെ റൂമിന്‍ രണ്ട് വാതിലുകളുണ്ടെന്ന  ഒരു കുഴപ്പമുണ്ടായിരുന്നു.ദമ്പതികളാണെങ്കില്‍ റൂമില്‍ ഉല്ലസിച്ച് നടക്കുകയാണ്.പിന്നെങ്ങനെ അവരുടെ റൂം ചോദിക്കും.ഇലിയാസിന്‍റെ റൂമാണെങ്കില്‍ അങ്ങേ അറ്റത്താണ്.ഞങ്ങള്‍ ഒറ്റപ്പെട്ടു പോവൂലെ. അതുകൊണ്ട് അവിടെതന്നെ കിടക്കാന്‍ തീരുമാനിച്ചു. അന്നു രാത്രി മുഴുവന്‍ കേള്‍ക്കാത്ത ശബ്ദങ്ങളും കേട്ട് ഷിവ്യ രണ്ടാമത്തെ വാതിലിന്‍റെ മുന്നില്‍ ഉറക്കമൊഴിച്ചതൊഴിച്ചാല്‍ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.

                                 

                                       നവവരന്‍ ധാരാളം സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു, ഏതു നാട്ടില്‍ചെന്നാലും ആ നാട്ടിലെ ഭക്ഷണം കഴിക്കണം എന്ന പോളിസിയുള്ള അദ്ദേഹം ഭാര്യയെകൂടാതെ ഞങ്ങളെയും അതൊക്കെ തീറ്റിക്കാന്‍ യത്നിച്ചു.ചന്ദ്രനില്‍ ചെന്നാലും പുട്ട് വേണമെന്നാഗ്രഹിക്കുന്ന ഞാനാണെങ്കില്‍ ആകെ കഷ്ടത്തിലായി.പക്ഷെ ഞാന്‍ ഒന്നും കഴിക്കാതിരുന്നില്ല.(ഏതു സന്ദര്‍ഭത്തിലായാലും ഭക്ഷണം ഞാന്‍ കഴിച്ചിരിക്കും, അത്ര ആദരവാണ്‍ ഭക്ഷണത്തോട്). പണ്ട് എന്നെയും സഹോദരിമാരെയും ചികില്‍സിച്ചിരുന്ന വൈദ്യന്‍ ഉണ്ടാക്കിത്തന്നിരുന്ന കഷായങ്ങള്‍ കുടിക്കുന്ന വൈദഗ്ധ്യത്തോടെ ഞാന്‍ എല്ലാം വിഴുങ്ങിക്കളഞ്ഞു.മണിയനീച്ചകള്‍ ആര്‍ക്കുന്ന ആ ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിച്ച്തോടെ ഏതു തീട്ടക്കുണ്ടില്‍ നിന്നും ഭക്ഷണം കഴിക്കനുള്ള തന്‍റേടവുമായെന്ന് പറഞ്ഞാ പോരെ.

                         

                           ഇന്‍റര്‍വ്യൂ സെന്‍റര്‍ മലയാളികളുടെ ഒരു പൂരപ്പറമ്പായിരുന്നു.ഏകദേശം ഉച്ചയോടെ ഞങ്ങള്‍ മൂന്നു പേരുടെയും ഇന്‍റര്‍വ്യൂ കഴിഞ്ഞു.കഴിഞ്ഞതും ഞങ്ങള്‍ സ്ഥലങ്ങള്‍ കാണാം പോകാമെന്നു പറഞ്ഞ് പരക്കം പായാന്‍ തുടങ്ങി.ഇലിയാസ് ഒരു ഓട്ടോ പിടിച്ചു വന്നു.അതിനുള്ളില്‍ ഞങ്ങളുടെ ജാഥ കയറിപ്പറ്റി. അവിടത്തെ ഓട്ടോകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഡ്രൈവര്‍ക്കു പിന്നില്‍ മുഖാമുഖം തിരിഞ്ഞിരിക്കുന്ന രണ്ട് സീറ്റുകളുണ്ടായിരിക്കും, ധാരാളം സ്ഥലം.റോസ് ഗാര്‍ഡനും റോക്ക് ഗാര്‍ഡനും കണ്ട ശേഷം സുഖ്ന ലേക്ക് കാണാനോടി.അതിനു ശേഷമാണ്‍ ആ ചരിത്ര സംഭവം നടന്നത്.ഞാനും ഇലിയാസും സൌദയും ഒട്ടകപ്പുറത്ത് കയറി.ചെന്നിക്കുത്ത് കാരണം ഷിവ്യ ഒട്ടകപ്പുറത്ത് കയറുന്നില്ലെന്ന് പറഞ്ഞു.ഒട്ടകം ഇരുന്നു, ഫ്രണ്ടില്‍ സൌദ ഇരുന്നു, നടുവില്- ഇലിയാസും, വിധി എന്നല്ലാതെ എന്തു പറയാന്‍ ഒട്ടകക്കാരന്‍(കുതിരക്കാരന്‍ എന്നു പറയുന്നതു പോലെ, അങ്ങനെതന്നെ അല്ലെ പറയുക)എന്നെ ഏറ്റവും പിറകിലാണ്‍ കയറ്റിയത്.ഒട്ടകം പതുക്കെ എഴുന്നേല്‍ക്കാന്‍ തുടങ്ങി.അതോടൊപ്പം തന്നെ ഞാന്‍ പിന്നിലേക്ക് ഊര്‍ന്നു പോകാനും തുടങ്ങി.ഞാന്‍ ഒട്ടകത്തെ അരണ്ടു പിടിച്ചു.അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല, ഞാന്‍ പിന്നിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.ആ നിമിഷം എന്‍റെയും സൌദയുടെയും തൊണ്ടയില്‍ നിന്ന് നിര്‍ത്തണേ എന്നൊരാര്‍തത നാദം ഉയര്‍ന്നു.അതുകേട്ട് ഷിവ്യയും ആ പാര്‍ക്കിലെ മറ്റുള്ളവരും ഞെട്ടി. ഒട്ടകക്കാരന്‍ കുലുക്കമൊന്നുമില്ല.ഷഹാദത്ത് കലിമ ചൊല്ലുകതന്നെ, അന്യ നാട്ടില്‍ കിടന്ന് മരിക്കാനാണല്ലോ വിധി, ഉമ്മയുടെ മുഖം ഓര്‍മ്മ വന്നു, ആ കയ്യില്‍ നിന്നു ഒരു തുള്ളി വെള്ളം വാങ്ങിക്കുടിച്ച് മരിക്കണ്ടതിനു പകരം.ഞാന്‍ പൊട്ടിക്കരഞ്ഞു.കൂടെ സൌദയും.അവള്‍ വെറുതെ നിലവിളിക്കുകയാണ്, അവള്ക്ക് പിടിക്കാന്‍ ജീനിയും പിന്നെ കുറെ കയറുകളുമൊക്കെയുണ്ട്, എന്‍റെ അവസ്ഥ അതല്ല.ഒട്ടകത്തെ ആക്രമിക്കുക എന്നല്ലാതെ ഇലിയാസിനെ ആക്രമിക്കാന്‍ പറ്റില്ലല്ലോ. ഈ കോലാഹലത്തിനിടക്ക് ഒട്ടകം നിവര്‍ന്നു നിന്നു.ഒട്ടകം ഓരോ ചുവട് വെക്കുമ്പൊ ഞാന്‍ പിന്നിലോട്ട് പോകും വീണ്ടും ഞാന്‍പിടിച്ചു കയറും.അങ്ങനെ മുന്നോട്ട് പോവുകയാണ്.ഇതിനിടക്കു നിര്‍ത്താന്‍ ഞനും സൌദയും ഒട്ടകക്കാരനോറ്റ് കരഞ്ഞു പറയുന്നുണ്ട്, ഹിന്ദിയില്‍ ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് അയാള്‍ ചിരിച്ചോണ്ട് നടക്കുകയാണ്.

ഒട്ടകപ്പുറത്തെ ഞങ്ങളുടെ പ്രകടനം കണ്ട് താഴെ നിക്കുന്ന ഷിവ്യയുടെ ചെന്നിക്കുത്ത് പരകോടിയിലെത്തി.കുറച്ചു ദൂരം കൂടി മുന്നോട്ട് നടന്ന് ഒട്ടകക്കാരന്‍ ഞങ്ങളെ താഴെയിറക്കി.കണ്ണീരോടെ ഞാനും സൌദയും താഴെ ഇറങ്ങി.ഒട്ടകപ്പുറത്തു കയറാന്‍ ഞങ്ങള്‍ നവദമ്പതികളെ നിര്‍ബന്ധിച്ചെങ്കിലും പൂതി നടന്നില്ല.


                                     അടുത്ത ദിവസം രാവിലെ ഞങ്ങള്‍ തിരിച്ച് ഷൊറണൂരിലേക്ക് വണ്ടി കയറി. ഇലിയാസിന്‍ ജോലിസ്ഥലത്തേക്ക് പോകേണ്ടതിനാല്‍ ഞങ്ങള്‍ മാത്രമെ പോന്നുള്ളൂ.അങ്ങനെ മലയാളി പടകള്‍ക്കൊപ്പം ഞങ്ങളും വണ്ടി കയറി.ഞങ്ങളുടെ രണ്ടു പേരുടെ ടിക്കറ്റ് കണ്‍ഫേമായിരുന്നില്ല, .ആ കംപാര്‍ട്മെന്‍റു മൊത്തമായി ടൂര്‍ പോയി തിരിച്ചു വരുന്ന ഗോവന്‍കുട്ടികളും റ്റീച്ചേഴ്സും ബുക്ക് ചെയ്തതായിരുന്നു.യാത്രയും അലച്ചിലും കൊണ്ട് അവശരായ ഞങ്ങള്‍ക്ക് ഗോവന്‍കുട്ടികളുടെ ആക്രോശങ്ങളും ആഹ്ളാദപ്രകടനങ്ങളും അവസാനിക്കാത്ത തീറ്റയും (മുകളിലെ ബര്‍ത്തില്‍ നിന്നു തലയിലേക്ക് നിരന്തരം ഭക്ഷണസാധനങ്ങള്‍ വീണുകൊണ്ടിരിക്കും)സഹിക്കാന്‍ കഴിയാത്തതായി, അങ്ങനെ ഷിവ്യ (കൂട്ടത്തില്‍ ഹിന്ദി അറിയുന്ന ഏകവ്യക്തി)അവരുടെ റ്റീച്ചറിനോട് പരാതി പറഞ്ഞു, അതോടെ കുട്ടികളും ഞങ്ങളും യുദ്ധമാരംഭിച്ചു.എന്‍റെയും സൌദയുടെയും ഡയലോഗുകള്‍ ഷിവ്യ ഹിന്ദിയില്‍ അവരോട് പറയും, അവര്‍ പറയുന്നതു പരിഭാഷപ്പെടുത്തി തിരിച്ചും പറഞ്ഞു തരും, മൊഹന്‍ലാല്‍ ബാസ്റ്റഡിന്‍റെ അര്‍ഥം പറഞ്ഞു കൊടുക്കുമ്പോള്‍ ശ്രീനിവാസന്‍ കോപാകുലനാകുന്നതു പോലെ എനിക്കും സൌദക്കും ദേഷ്യം ഇരച്ചു കയറും.ഞങ്ങള്‍ മലയാളത്തില്‍ പറഞ്ഞു ചിരിക്കുന്നത് കാണുമ്പോള്‍ ഭാഷ മനസ്സിലാകാത്ത കാരണം അവര്‍ക്കും പ്രാന്തു വരും.പഠിപ്പിക്കാനോ വീട്ടുകാരെക്കൊണ്ട് പൈസ ചിലവാക്കിച്ചു, ഇനി ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്ന കോപ്രാട്ടികള്‍ക്ക് കൂടി വീട്ടുകാരെ ബുദ്ധിമുട്ടിക്കില്ലെന്ന് പ്രതിഞജ ചെയ്തിരുന്ന കാരണം സ്വയം ജോലി ചെയ്ത പൈസ കൊണ്ടായിരുന്നു ഞങ്ങള്‍ യാത്ര ചെയ്തിരുന്നത്. ലോഡ്ജ് വാടക വിചാരിച്ചതിനപ്പുറത്തേക്ക് പോയ കാരണം ബ്ഡ്‌ജറ്റ് തെറ്റിയ ഞങ്ങള്‍  ക്രുത്യം മൂന്നു നേരം എന്ന കണക്കില്‍ മാത്രം  ട്രൈന്‍ ഭക്ഷണം കഴിച്ച് ഇരിക്കുകയാണ്.ആ സമയത്താണ്‍ ഗോവക്കാരുടെ ഒരു തീറ്റ.ഇടക്ക് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ സൌദ ചാടിയിറങ്ങും എന്നിട്ട് നാലഞു കുപ്പികളില്‍ drinking water നിറക്കും. അതു കയ്യില്‍ തന്നിട്ട് വെള്ളം ധാരാളം കുടിച്ചൊ വിശപ്പറിയില്ല എന്നൊരു ഫിലോസഫിയും തട്ടി വിടും. അങ്ങനെ മൂന്നു നാളത്തെ യാത്രക്കു ശേഷം ഞങ്ങള്‍ ഷൊറണൂരില്‍ വണ്ടിയിറങ്ങി.അതു വരെ ഞാന്‍ നടത്തിയിട്ടുള്ളതില്‍ വെച്ചേറ്റവും ദീര്‍ഘമായ യാത്രയായിരുന്നു അത്.