Wednesday, September 25, 2013

ഇക്‌ബാല്‍ സാറും എന്‍റെ ഉപ്പയും

                                         ചിലര്‍ക്ക് പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായമാകും.എന്‍റെ ഉപ്പ ആ തരത്തിലുള്ള ആളാണ്, 60 വയസ്സുള്ളപ്പോള്‍ ഉപ്പ ഒരു എണ്‍പതിന്‍റെ പ്രകടനം കാഴ്ചവെച്ചു.മൊബൈല്‍ ഉപയൊഗിക്കാന്‍ ഞാന്‍ ഉപ്പയെ പഠിപ്പിച്ചതിനു എനിക്കൊരു അവാര്‍ഡ് തരണം ഐക്യരാഷ്ട്രസഭ.എന്നാല്‍തന്നെയും ഞങ്ങളുടെ വായനാശീലവും അഭിമാനബോധവും സ്വതന്ത്ര ചിന്താഗതിയും എല്ലാം ഉപ്പാക്ക് അവകാശപ്പെട്ടതാണുതാനും, ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ ഉപ്പ 2 പത്രം വരുത്തും.ഒന്നു, ദേശാഭിമാനി, അത്‌ പാര്‍ട്ടി വിവരങ്ങള്‍ അറിയാനാണ്‍, പിന്നൊന്നു മാത്രുഭൂമി.ഇതും പോരാഞ്ഞ് മാത്രുഭൂമി ആഴ്ചപ്പതിപ്പും കുറച്ചു കൂടി വലുതായപ്പോള്‍ ആരോഗ്യമാസികയും വരുത്താന്‍ തുടങ്ങി( അതു വായിച്ച്‌ ഞനും സാബിറയും നിത്യരോഗികളായി).ഈ  രണ്ട് മാസികകളിലൂടെയും ഞാന്‍ ചെറുപ്പം മുതലേ വായിച്ചിരുന്നതാണ്‍ ബി. ഇക്ബാലിനെ.സ്കൂള്‍ വിദ്യഭ്യാസം ലഭിചിട്ടില്ലാത്ത ഉപ്പ സ്വന്തമായി ഒരു ലിപി തന്നെ വികസിപ്പിച്ചിരുന്നു, അതു വായിച്ചാല്‍ മനസ്സിലാകുന്ന രണ്ടേ രണ്ട് വ്യക്തികളേ ഉള്ളൂ, ഒന്ന് ഞാന്‍, രണ്ടാമത്തെയാള്‍  ഉപ്പ തന്നെ.

                എനിക്കും വിനീതക്കും MLISc ക്ക്‌ റാങ്ക് കിട്ടിയത് പ്രമാണിച്ച് ഫറൂഖ് കോളേജുകാര്‍ ഒരു അവാര്‍ഡ് ദാനം സംഘടിപ്പിച്ചു.വര്‍ഷങ്ങള്‍ കൊണ്ടുള്ള ഉപ്പയുടെ വിലാപത്തിനു (എത്ര കുട്ട്യോള്ടെ ഫോട്ടം പേപ്പറില്‍ വരുന്നു റാങ്കും കിട്ടിയിട്ട്)പരിഹാരമായി കിട്ടിയ റാങ്ക് സ്വീകരണം കാണാന്‍ ഞാനും ഉപ്പയും സഹോദരിയും കൂടി പോകാമെന്നു വെച്ചു.ഇക്ബാല്‍ സാറായിരുന്നു അവാര്‍ഡ് ദാനത്തിന്‍ ക്ഷണിക്കപ്പ്പ്പെട്ടത്. അന്നു സര്‍ കേരള യൂണിവേഴ്സിറ്റി വിസി ആണെന്നു തോന്നുന്നു.ആ ഡെസിഗ്നേഷനും മുമ്പെ ഞാന്‍ വായിച്ചറിഞ്ഞിട്ടുള്ള സാറില്‍ നിന്നും അത് വാങ്ങാന്‍ കഴിയുന്നതില്‍ എനിക്കും സന്തോഷം തോന്നി.

                               അങ്ങനെ അന്നേ ദിവസം ബസ്മാര്‍ഗം ഞങ്ങള്‍ ഫരൂഖിലേക്ക്‌ പട്ടാമ്പിയില്‍ നിന്നും പുറപ്പെട്ടു.(ട്രെയിനും ഞാനും ശത്രുക്കളാണല്ലോ).പക്ഷേ ആയിടക്ക് ഒരു അറ്റാക്ക് കഴിഞ്ഞിട്ടുള്ള ഉപ്പ അവിടെ എത്തിയപ്പോഴേക്കും ക്ഷീണിച്ചു പോയി.എസി ഹാളിലായിരുന്നു സ്റ്റേജ്.എന്‍റെയും വിനീതയുടെയും വീട്ടുകാരെ പ്രമുഖ അതിഥികളായി ഹാളിലെ മുന്സീറ്റില്‍ തന്നെ സംഘാടകര്‍ ഇരുത്തി.ഇക്ബാല്‍ സര്‍ എത്തി, . അന്നു അത്ഭുതവസ്റ്റുവായ പെന്‍ഡ്രൈവ് കാണിച്ചു, അതു കംപ്യൂട്ടെറില്‍ ഘടിപ്പിച്ചു പ്രസംഗം തുടങ്ങി.ചെവി വളരെ കുറച്ചു കേള്‍ക്കുന്ന ഉപ്പ പ്രസംഗം ശ്രദ്ധിക്കുന്നതു പോലുമില്ലെന്നു എനിക്കു മനസ്സിലായി.വളരെ താല്‍പര്യത്തോട് കൂടെ എല്ലാവരും പ്രസംഗം കേട്ട്കൊണ്ടിരിക്കുകയാണ്, എന്‍റെ പകുതി മനസ്സാണെങ്കില്‍ ഉപ്പയുടെ പോക്കറ്റിലിരിക്കുകയാണ്.കാരണം ഇങ്ങനെയുള്ള ചടങ്ങുകളില്‍ ഉപ്പ തീരെ പങ്കെടുത്തിട്ടില്ല.വല്ല അക്രമവും കാണിച്ചാലോ എന്ന ആപത്ശങ്ക. കുറച്ചു കഴിഞ്ഞതും എസിയുടെ തണുപ്പു കാരണം ഉപ്പ ചുമക്കാന്‍ തുടങ്ങി.സംഘാടകര്‍ ഓടിപ്പോയി തണുപ്പു കുറച്ചു.ഉപ്പ  ചുമക്കും, ഇകബാല്‍ സര്‍ പ്രസംഗം ഒന്നു നിര്‍ത്തും വീണ്ടും തുടരും.അങ്ങനെ മുന്നോട്ട് പോവുകയാണ്.കുറച്ചു കഴിഞ്ഞതും ഉപ്പക്ക് ബോറടിക്കാന്‍ തുടങ്ങി.ഉപ്പ ചെറുതായി കോട്ടുവായിട്ടു. ഭാഗ്യം! അതാരും കണ്ടില്ല.അടുത്തതായി ആരെയും തെല്ലും കൂസാത്ത എന്‍റെ സ്വന്തം ഉപ്പ അ ആ ആ ആ ഹാ ഹ് എന്നു നീണ്ട കോട്ടു വായിട്ടു, എക്കൊ ഉള്ള ആ എസി ഹാളില്‍ ആ കോട്ടുവായുടെ നീളം ഒന്നു കൂടി വര്‍ധിച്ചതായി ഒരു തകര്‍ച്ചയോടെ ഞാന്‍ മനസ്സിലാക്കി. അതോടെ ഇക്ബാല്‍ സര്‍ പെന്‍ഡ്രൈവ് ഊരി, പെട്ടി അടച്ചു. ഞാന്‍ ഗദ്ഗദത്തോടെ സമ്മാനം ഏറ്റുവാങ്ങി .


                       ഏതാനും മാസങ്ങള്‍ക്കു ശേഷം ഞാന്‍ ഇക്ബാല്‍ സാറിനെ കോഴിക്കോട് ഒരു ബുക് എക്സിബിഷനില്‍ വെച്ച് കണ്ടുമുട്ടി.സാറിന്‍റെ പ്രസംഗം മോശമായതു കൊണ്ടല്ല , എന്‍റെ ഉപ്പയുടെ അറിവില്ലായ്മ കൊണ്ടാണ്‍ എന്നൊക്കെ പറയാന്‍ വെമ്പി ഞാന്‍ ഓടിചെന്നെങ്കിലും പ്രമുഖരെ, പ്രത്യേകിച്ചും ഞാന്‍ ആദരിക്കുന്നവരെ കാണുമ്പോളുള്ള സഹജമായ വിമുഖതമൂലം (വായയിലെ വെള്ളം വറ്റലും നാവിറങ്ങിപ്പോകലും) ഞാനിത്രയെ ചോദിച്ചുള്ളൂ, ഇക്‌ബാല്‍ സാറല്ലെ എന്നു മാത്രം, സര്‍ അതെ എന്നു ചിരിച്ചു കൊണ്ടുത്തരം നല്കി തിരിച്ചു നടന്നു, സാറിനാണെങ്കില്‍ സ്റ്റേജില്‍ വെച്ച് ഒരു നോക്കു മാത്രം കണ്ട എന്നെ മനസ്സിലായതുമില്ല.

Sunday, September 1, 2013

ചെന്നൈ ട്രിപ്പ്.

                             ഞാന്‍ IIMK- ല്‍ ട്രെയ്നി ആയി ജോലി നോക്കുന്ന കാലം.എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു. ഏകദേശം ആറടിപൊക്കമുള്ള ഒരു ലക്ഷ്മി,ഒരു ദീപിക പദുക്കോണ്‍ ലുക്കുള്ള കക്ഷി ആനക്കു ആനയുടെ വലുപ്പം അറിയാത്ത പോലെ സ്വന്തം സൌന്ദര്യം മനസ്സിലാക്കാതെ തന്‍റെ കാലിന്‍റ്റതുവരെ മാത്രം പൊക്കമുള്ള എന്നെ നോക്കി നെടുവീര്‍പ്പിടും.ഷാജീ നീയെത്ര ഭാഗ്യവതി എന്നും പറഞ്ഞ്.ഒറ്റക്കുട്ടി ആയതുകൊണ്ടുള്ള ചില പ്രശ്നങ്ങളൊഴിച്ചാല്‍ ആകാരം പോലെ വലിയൊരു മനസ്സിനും  ഉടമയായിരുന്നു. പിന്നെ ഇടക്ക് ചില കട്ടിമലയാളം പ്രയോഗിക്കും.മുമ്ബൈയില്‍ ജനിച്ചു വളര്‍ന്ന മൂപ്പിലാത്തി ഭാഷാസ്നേഹം കൊണ്ട് മലയാളം പഠിച്ചു വെച്ചിട്ടുണ്ട്.അതും പോരാഞ്ഞ് ചില സാഹിത്യ പ്രയോഗങ്ങളുണ്ട്.അതു കേട്ടലാണ്‍ നമ്മള്‍ ഞെട്ടുക. ബിന്ദു പണിക്കര്‍ ഒരു സിനിമയില്‍ ഇംഗ്ളീഷ് പറയുന്നുണ്ട്, അതുപോലെ.

                         ആയിടക്ക് ഞാന്‍ IRDA  apply ചെയ്തിരുന്നു.ഹാള്‍ടിക്കെറ്റ് വന്നപ്പൊ ടെസ്റ്റ് സെന്‍റര്‍ ചെന്നൈ, ആ കാലത്ത് ഞാന്‍ കേരളം വിട്ടൊന്നും പ്രവര്‍ത്തന പരിധി വ്യാപിപ്പിച്ചിരുന്നില്ല.അതുകൊണ്ട് ചെന്നൈ കേട്ട് ഞെട്ടിയ ഞാന്‍ കൂടെ വരാന്‍ ആരെങ്കിലുമുണ്ടോ എന്നൊക്കെ പരമരഹസ്യമായി (അതായത് വേണമെങ്കില്‍ വന്നാല്‍ മതി വന്നില്ലെങ്കിലും വേറെ ആളുണ്ട് എന്ന വ്യംഗ്യേന ഉള്ളിലാണെങ്കിലോ എന്‍റ്റെ കൂടെ ആരെങ്കിലും വന്ന് രക്ഷിക്കണേ എന്ന്) നാട്ടിലും വീട്ടിലും ഒക്കെ അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല, അതുകൊണ്ട് ആ പൂതി മതിയാക്കി ഞാനങ്ങനെ കുത്തിയിരിക്കുമ്പോള്‍ ആറടിക്കരി വന്ന് ഗര്‍ജ്ജിച്ചു.

                       അന്നു വൈകുന്നേരത്തെ ലോക്കല്‍ ട്രെയിനില്‍

ലക്ഷ്മിയും ഞാനും കൂടെ ചെന്നൈയില്‍ പോകാന്‍ തീരുമാനമായി, നാളെയാണ്‍ എക്സാം, രാവിലെ അവിടെ എത്തും, എത്തിക്കഴിഞ്ഞാല്‍ പിന്നെ ബസ്സിന്‍റെ കാര്യങ്ങളൊക്കെ റഷീദ് നോക്കിക്കോളും.ചെന്നൈ യൂണിവേഴ്സിറ്റിയില്‍  പഠിക്കുന്ന റഷീദ് അവന്‍റെ കോഴ്സിന്‍റെ ഭാഗമായി 10 ദിവസത്തെ ട്രെയിനിങ് ചെയ്തത് IIM ലായിരുന്നു, അവിടത്തെ ട്രെയിനിയായിരുന്ന എന്‍റെ സെക്ഷനിലായിരുന്നു റഷീദിന്‍റെ ട്രെയിനിങ്.ഫലത്തില്‍ എന്‍റെ ട്രെയ്നി.The Gad Fly എന്ന നോവലില്‍ നായകന്‍ പറയുന്നുണ്ട്, ഒരു അടിമയുടെ അടിമയായിരിക്കുക എന്നതാണ്‍ ലോകത്തിലേറ്റവും ഭീകരം എന്ന്. അതായിരുന്നു സത്യത്തില്‍ റഷീദിന്‍റെ അവസ്ഥ.പത്തഞ്ഞൂര്‍ ജേണലുകള്‍ വായിക്കുക പിന്നെ സീലടിക്കുക, ഇതായിരുന്നു അവന്‍റെ പ്രധാന ഡ്യൂട്ടി.വായിക്കുക എന്നു വെച്ചാല്‍ എഴുതിയ ആളിന്‍റെ പേര്‍ നോക്കുക, ഏതെങ്കിലും IIMKപരിഷകളുടെ പേര്‍ അതിലുണ്ടെങ്കില്‍ ഉടന്‍ സ്കാന്‍ ചെയ്ത് വേറൊരു കുണ്ടാമണ്ടി സോഫ്റ്റ്‌വെയറില്‍ കൊണ്ടുപോയിടണം.അവനുണ്ടായിരുന്ന പത്തു ദിവസം ഞാനൊന്നു നടുനിവര്‍ത്തി എന്നു പറഞ്ഞാപോരെ.

                          അങ്ങനെ ഞങ്ങള്‍ കോഴിക്കോട് സ്റ്റേഷനില്‍ നിന്ന് ചെന്നൈക്ക് ലോക്കല്‍ ട്രെയ്നില്‍ വണ്ടി കയറി. സ്വന്തം ശകടമായ ബസ്സില്‍നിന്ന് ട്രെയ്നിലെത്തിയതോടെ എലി പുലിയായി മാറി ഞാന്‍ ലക്ഷ്മിയുടെ പിന്നിലൊളിച്ചു.ഏറ്റവും പിറകില്‍ ലേഡീസ് കംപാര്‍ട്ട്മെന്‍റില്‍ കേറിയപാടെ ലക്ഷ്മി ഒരു വിശകലനം നടത്തി, എന്നിട്ട് ട്രെയ്നിലെ പുതുമുഖമായ എന്നോട് പറഞ്ഞു, ഷാജീ മനുഷ്യന്‍മാര്‍ ഇരുന്നിട്ട് ലഗേജ് ഇരുന്നാ മതി,നമുക്കാ ലഗേജ് മാറ്റി ബര്‍ത്തിലിരിക്കാം.ഞാന്‍ ചുറ്റും നോക്കി, എല്ലാം തമിഴ്സ്‌ത്രീകള്‍, ഞങ്ങള്‍ മത്രമേ നില്‍ക്കുന്നുള്ളൂ ആകെ മൊത്തം സിനിമയില്‍ സ്റ്റണ്ട് സീനിനു മുമ്പുള്ള ഒരു നിശ്ശബ്ദത, ഞാന്‍ പതുക്കെ ലഗേജില്‍ തൊട്ടു.അപ്പോള്‍ ഒരു മറ്മരം, പിറുപിറുകല്‍, അപകടം മണത്ത ഞാന്‍ ആറടിയെ നോക്കി,ഉടന്‍ പിന്നില്‍ നിന്നൊരു ഗര്‍ജ്ജനം

യാരെടീ നീ, തൊട്ടു കഴിഞ്ഞാല്‍ ശുട്ടിടുവേന്‍

പിന്നെ നടന്നത് മലയാളത്തിലും തമിഴിലുമായി ഒരു ഘോരയുദ്ധമായിരുന്നു.ലക്ഷ്മി മംഗ്ളീഷ് തമിഴിലും ഞാന്‍ ഇടക്കിടക്ക് ചില മലയാളം ഡയലോഗുകളിലൂടെയും യുദ്ധത്തില്‍ പങ്കെടുത്തെങ്കിലും ഞങ്ങള്‍ തോറ്റുതൊപ്പിയിട്ടു.

ലഗേജെങ്ങാന്‍ തൊട്ടാല്‍ കത്തിച്ചു കളയും, മിണ്ടാതെ അവിടെ നിന്നു കൊള്ളണം, #$***@#%^!**$%#@ഡും

 എന്നായിരുന്നു മലയാള പരിഭാഷ. ശേഷം കുന്തം പോലെ നിന്ന ഞങ്ങളെ രണ്ടു മൂന്നു മയമുള്ള തമിഴ് സ്‌ത്രീകള്‍ഇടപെട്ട് സീറ്റിലിരിക്കാന്‍ സ്ഥലം തന്നു.പാവം മീന മാഡത്തെ പരിചയപ്പെടുന്നതുവരേക്കും തമിഴ് സംസാരിക്കുന്നവരെല്ലാം എന്‍റെ ശത്രുക്കളായിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ നെയ്ബര്‍, എന്തോ അവശത ബാധിച്ച തമിഴ് സ്ത്രീ കുടിക്കാന്‍ വെള്ളം ചോദിച്ചു, ഞാന്‍ കൊടുത്തു.

                 അപമാനഭാരം മൂലം കടുത്ത ദേഷ്യത്തില്‍ ശത്രുപാളയത്തിലിരുന്ന ഞങ്ങള്‍സേലത്തെത്തിയപ്പോഴേക്കും തണുപ്പു മൂലം പൂച്ചകളായി മാറി.ഒരു കഷ്ണം സോപ്പും ഒരു തോര്‍ത്തും മാത്‌റം എടുത്തിരുന്ന ഞങ്ങള്‍ ചുരിദാര്‍ ഷാളുമായി യുദ്ധം ചെയ്യാന്‍ തുടങ്ങി,എനിക്ക് ഷാള്‍ ഒരു പുതപ്പിന്‍റെ സേവനം തന്നെങ്കിലും ലക്ഷ്മിയെ സംബന്ധിച്ചത് രണ്ടറ്റവും മുട്ടാത്ത ഒരു കണ്ടം തുണിയായിരുന്നു.  നേരം പുലരാറായപ്പോള്‍ ഞങ്ങള്‍ ചെന്നൈ സെന്‍ട്രലില്‍ വണ്ടിയിറങ്ങി.നേരെ ലേഡീസ് വെയ്റ്റിങ് റൂമില്‍ അത്യാവശ്യം വേണ്ട മേക്കപ്പ് നിര്‍വഹിച്ച് സ്റ്റേഷനു മുമ്പില്‍ വെയ്റ്റ് ചെയ്യുന്ന റഷീദിന്‍റടുത്തേക്ക് വെച്ച് പിടിച്ചു.അപ്പൊ അവിടെ ചെറിയ തിക്കും തിരക്കും, ചൂരലുമായി ഒരു പോലീസ് വന്നു വടിവീശാന്‍ തുടങ്ങി, ഞാന്‍ കുലുങ്ങിയില്ല, കേരളത്തിലെ പോലീസല്ലതെന്നു മനസ്സിലായി, മേക്കപ്പോണ്ടൊന്നും കാര്യമുണ്ടയില്ല, എനിക്കും ലക്ഷ്മിക്കും ചെറിയൊറടി കിട്ടി. പടച്ചവനേ ഈ ജയലളിതയെ ഷെരിപ്പെടുത്തണം, ഞെട്ടിപ്പോയ ഞങ്ങള്‍ റഷീദിന്‍റെ മെക്ക്ട്ട് കയറാന്‍ തുടങ്ങി(അവനൊറ്റൊരുത്തനാണിതിനൊക്കെ കാരണമെന്ന മട്ടില്‍)

                          പരീക്ഷ കഴിഞ്ഞതും ഞങ്ങള്‍ പരക്കം പായാന്‍ തുടങ്ങി, മറീന ബീച്ച് കണ്ട് ചെറുതായൊന്നു ഞെട്ടിയ ശേഷം ശരവണ സ്റ്റോറിലേക്കോടി.തിരിച്ച് ആറുമണിയുടെ ലോക്കല്‍ ട്രെയ്നില്‍ ഞങ്ങള്‍ കോഴിക്കോട്ടേക്ക് വണ്ടികയറി, ഇപ്രാവശ്യം ബര്‍ത്തില്‍ കയറി കിടന്നു, കാര്യമുണ്ടായില്ല.കുറച്ചു കഴിഞ്ഞപ്പോ ഞങ്ങളെപ്പോലെ വേറെയും കുറെ അഗതികള്‍ കയറിയ കാരണം കിടപ്പു ഇരിപ്പായി.നീളക്കൂടുതല്‍ കാരണം ഒടിഞ്ഞു മടങ്ങി ഇരുന്ന ലക്ഷ്മി കാലു വേദന കാരണം ഒന്നു കുടയും, അപ്പൊ മറീന ബീച്ചിലെ മണലു മുഴുവന്‍ താഴെ നിക്കുന്നവരുടെ വായില്‍ വീഴും.ഞൊണ്ടി ഞൊണ്ടി ലക്ഷ്മിയും പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ലാതെ ഞാനും കോഴിക്കോട് വണ്ടിയിറങ്ങി, ദേഹത്തെ ജംഗ്ഷനുകളും ജോയിന്‍റുകളുമൊക്കെ ഇടിഞ്ഞു പൊളിഞ്ഞ ലക്ഷ്മി 2 ദിവസം കിടപ്പിലായി. ഏകദേശം25 ദിവസം കഴിഞ്ഞപ്പൊ ചിക്കെന്‍പോക്സ് പിടിച്ച് ഞാനും കിടപ്പിലായി.അതായിരുന്നു എന്‍റെ ആദ്യത്തെ ചെന്നൈ ട്രിപ്പ്.

          ദേഷ്യം വന്നാല്‍ ഇംഗ്ളീഷ് പറയുന്ന മലയാളം പറഞ്ഞ് ഞെട്ടിപ്പിക്കുന്ന നിഷ്കപടതയുടെ പര്യായമായ എന്‍റെ ആറടിക്കാരിക്കുള്ളതാണീ പോസ്റ്റ്