Thursday, March 13, 2014

ഡ്രൈവിംഗ് ടെസ്റ്റ്

                   റാലി സൈക്കിള്‍ ഓടിക്കാന്‍ അറിയാത്തതിലുള്ള ഉപ്പയുടെ നിരന്തരമായ പരിഹാസം ചെറുപ്പം മുതല്‍ കേള്‍ക്കുന്നതുകൊണ്ടോ എന്തോ ഡ്രൈവിങ് അറിയുന്നവരോട് എനിക്ക് ആരാധനയായിരുന്നു. ഒരീച്ച പോലും പോകാത്ത
ഞങ്ങളുടെ നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അവിടത്തെ ഏക ബസായ MR Service ഡ്രൈവര്‍ സുര പറത്തും, അതും നോക്കിക്കൊണ്ട് നിര്‍നിമ്മേഷയായി ഞാന്‍
ഡ്രൈവറുടെ സീറ്റിനു പിറകില്‍ തൂങ്ങി നില്ക്കും.(Students ഇരിക്കരുത് എന്ന
അലിഖിത നിയമവും പാലിച്ച്). ഞങ്ങളുടെ നാട്ടിലെ
ഡ്രൈവര്‍മാരെല്ലാം സാധുക്കളും പാവങ്ങളുമായിരുന്നു.ആ തൂങ്ങി നില്പ്പിനിടയില്‍ എനിക്ക് പല സംശയങ്ങളും വരും.ചില ഇടുക്കു വഴികളിലൂടെ ബസ്സ് ഒരിക്കലും പോകില്ലെന്നുറപ്പിക്കും, പക്ഷെ ബസ് easy ആയി കേറിപ്പോകും, ഈ സമയങ്ങളിലെല്ലാം ഞാന്‍ സുരയെ അഭിമാനപുരസ്കരം നോക്കും. എന്‍റെ ഈ കാഴ്ചപ്രശ്നം പോലെ തന്നെ ഉള്ള മറ്റൊരു പ്രശ്നമായിരുന്നു, Left Rightപ്രശ്നം. ചോറുണ്ണുന്ന കയ്യേത് എന്ന് ചിന്തിച്ചാലല്ലാതെ എനിക്ക് റൈറ്റൊ ലെഫ്‌റ്റോ പറയാന്‍ കഴിയില്ല. ഇങ്ങനെ ചിന്തിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ചെറുപ്പത്തില്‍ ഈ technique പഠിപ്പിച്ചു തന്ന ജാനകി റ്റീച്ചറെ പ്രാകും.ഈ പ്രശ്നം കാരണം ആരെങ്കിലും വഴിചോദിച്ചാല്‍ ഞാന്‍ തെറ്റിച്ചേ പറഞ്ഞുകൊടുക്കൂ, ഓട്ടോയിലൊക്കെ പോകുമ്പോള്‍ ഞാന്‍ സ്റ്റൈലില്‍ ഓട്ടോക്കാരനോട് ആജ്ഞാപിക്കും, ഇനി റൈറ്റിലേക്ക് പോട്ടെ എന്നൊക്കെ(ലെഫ്റ്റിലേക്ക് പോട്ടെ എന്നാണ്‍ സാരാംശം) അപ്പോള്‍ അയാളെന്നെ ഒരു നോട്ടം നോക്കാനുണ്ട്, ഇതേത് വട്ടത്തിയാണ്‍ എന്ന മട്ടില്‍.

     അങ്ങനെ ജോലി കിട്ടിയ സമയം. എല്ലാ അല്ലലും അലട്ടലും തീര്‍ന്നിരിക്കുന്നു, പോരാത്തതിനു പഠിക്കുക എന്ന മാരണവും ചെയ്യേണ്ടതില്ല, ഡ്രൈവിംഗ് പഠിക്കുക തന്നെ, ഞാന്‍ തനൂജമാഠത്തെയും കൂട്ടി പഠിക്കാന്‍ പുറപ്പെട്ടു.ദക്ഷിണയും വെച്ച് ഞാന്‍ ബിനുസാറിന്‍റെ കീഴില്‍ പഠനം തുടങ്ങി.ക്ഷമാശീലനായ പാവം പിടിച്ച മനുഷ്യന്‍.ആദ്യമൊക്കെ സാര്‍ ക്ടാവേ Right ഒടിക്കൂ എന്നു പറഞ്ഞാല്‍ ഞാന്‍ ചോറുണ്ണുന്നതു ഏതുകൈ എന്നു ചിന്തിക്കാന്‍ തുടങ്ങും.അപ്പോഴേക്കും സമയം തീര്‍ന്നു കാണും.പിന്നെ പിന്നെ സര്‍ Right ഒടിക്കു എന്നു ഗര്‍ജിക്കാന്‍ തുടങ്ങി.ഗര്‍ജനം കാരണം ഏതുകൈ എന്നു ഏകാഗ്രതയോടെ ചിന്തിക്കാന്‍ പറ്റില്ല.അപ്പൊ ഞാന്‍ ഏതെങ്കിലുമൊക്കെ ഒടിച്ചുകൊടുക്കും, എന്നെ പഠിപ്പിക്കാന്‍ തുടങ്ങിയതോടെ സര്‍ ദുര്‍വാസാവായി മാറി.പിന്നെ കാറില്‍ സ്റ്റിയരിംഗ് ഒഴിച്ച് എല്ലാം double ആയ കാരണം അപകടങ്ങളൊന്നും ഉണ്ടായില്ല.തിയറിയില്‍ എന്നെ കടത്തി വെട്ടാന്‍ആരുമുണ്ടായിരുന്നില്ല.ക്ലച്ച് അമര്‍ത്തിയേ ഗിയര്‍ മാറാവൂ എന്നൊക്കെ ഏതൊറക്കത്തില്‍ ചോദിച്ചാലും ഞാന്‍ പറയുമെങ്കിലും പ്രാക്റ്റിക്കലില്‍ ഞാനൊരു പരാജയമായിരുന്നു. H എത്തിയപ്പോഴേക്കും എന്നെ ചീത്ത പറഞ്ഞ് സാറും കേട്ട് കേട്ട് ഞാനും തളര്‍ന്നു.അങ്ങനെ ഒരു ദിവസം എന്‍റെ പ്രകടനം കണ്ട് സാറിന്‍റെ സമനില തന്നെ തെറ്റി, ഹെന്ത് ചണ്‍ഠീഖടും കൂത്താട്ടുകുളത്തും പോയി വന്ന ഞാന്‍, ആ എന്നെയാണ്, ഞാന്‍ ഉടന്‍ എന്‍റെ സഹോദരി സാബിറയെ phone വിളിച്ചു(അവളുടെ കണ്ണില്‍ ലോകത്തേറ്റവും ബുദ്ധിയുള്ളവളും കഴിവുള്ളവളും  ഞാനാണ്). വിവരങ്ങളൊക്കെ കേട്ട് അവള്‍ ഞെട്ടിപ്പോയി, ഒന്നുനും കൊള്ളാത്ത കാര്‍ എനിക്ക്കോടിക്കനറിയില്ല, ഞാന്‍ ഒരു ബിനുസാറിന്‍റെ ചീത്തയും കേട്ടിരിപ്പാണെന്ന്.അവള്‍ കലി തുള്ളി, ആരാണ്‍ ഈ ബിനുസാര്‍, അയാള്‍ പോയി പണി നോക്കട്ടെ, ഇത്രയൊക്കെ പരീക്ഷ ജയിച്ചില്ലേ, ഇനി ഇപ്പൊ ഒരു മണ്ടക്കാര്‍ ഓടിക്കനറിയില്ലെങ്കില്‍ ഒരു കുന്തവുമില്ല.ആഹ്ഹാ.ഞാന്‍ സമാധാനത്തോടെ phone വെച്ചു.പക്ഷെ അടുത്ത ദിവസമായപ്പോഴേക്കും എന്‍റെ മനസ്സു മാറി. വീണ്ടും ക്ലാസിനു പോയിത്തുടങ്ങി. ഒരുവിധം ഞാന്‍ H പഠിച്ചെടുത്തു.എന്‍റെ കഴിവില്‍ നല്ല വിശ്വാസമുള്ളതു കൊണ്ട് സ്റ്റിയറിംഗ് ഒരിക്കലും സാര്‍ എനിക്കൊറ്റക്കു തന്നിരുന്നില്ല.

                     അങ്ങനെ മര്‍മ്മപ്രധാനമായ ആ ദിവസം വന്നെത്തി, ഡ്രൈവിംഗ് ടെസ്റ്റ്.ബീവറേജസ്സിലെ ക്യൂ പോലെ ഏതാണ്ട് ഐക്യത്തോടെയും പരസ്പരസ്നേഹത്തോടെയും നില്‍ക്കുന്ന മറ്റൊരു സ്ഥലമാണ്‍ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലവും.ഓരോരുത്തര്‍ H എടുക്കുന്നത് പെരുമ്പറ കൊട്ടുന്ന ഹ്രുദയത്തോടെയാണ്‍ നമ്മള്‍നോക്കി നില്ക്കുക.അവസാനം എന്‍റെ സമയം എത്തി.ആളുകളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഞാന്‍ H എടുത്തുകൊണ്ടിരിക്കുകയാണ്.ഇടക്ക് സാറിന്‍റെ മുഖം കണ്ണാടിയില്‍കൂടി കാണാം.ഞാനെന്തൊക്കെയാണാവോ കാട്ടികൂട്ടാന്‍ പോകുന്നത് എന്നോര്‍ത്തു ഞെട്ടിക്കൊണ്ട് സാര്‍ ഭൂമിയിലേക്കും നോക്ക്ക്കി നിപ്പാണ്.കൂടെ തനൂജ മാഠവും.കമ്പികളൊന്നും തട്ടി മറിച്ചിടാതെ വിജയകരമായി ഞാന്‍ അവസാനലാപ്പെത്തി.സ്വല്‍പ്പം ചെരിഞ്ഞാണ്‍ എന്‍റെ വണ്ടി നിക്കുന്നത്, ഇനി ഒരുവട്ടം പിന്നിലേക്ക് കൂടി വണ്ടി എടുത്ത് തുടങ്ങിയിടത്തു തന്നെ എത്തിച്ചാല്‍ H പൂര്‍ത്തിയായി.ഞാന്‍ കണ്ണാടിയിലൂടെ വണ്ടി ഓഫ്ഫാകാതെ സാറിനെ നോക്കി, സാര്‍ ആശ്വാസത്തോടെ സ്വല്പം ലെഫ്റ്റ് ഒടിക്കണം എന്നു vehicle Inspector കാണാതെ എന്നോട് ആംഗ്യം കാണിച്ചു(വണ്ടി സ്റ്റഡി അക്കാന്‍ വേണ്ടി).ഒട്ടും താമസിച്ചില്ല,സ്വല്പം റൈറ്റ് ഒടിച്ചുകൊണ്ട് പോരേ എന്ന മട്ടില്‍ സാറിനെ നോക്കിയതും സാര്‍ പഴയ ദുര്‍വാസാവായി മാറി.അങ്ങനെ ഒന്നുകൂടി ചെരിഞ്ഞ് കമ്പി മുട്ടി മുട്ടിയില്ല എന്ന മട്ടില്‍ ഞാന്‍ പൂര്‍ത്തിയാക്കി. എല്ലാവരും ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

                          റോഡിനു യോഗ്യത നേടിയ ഞാനും തനൂജമാഠവും സാറിന്‍റെ മറ്റു രണ്ടു studentsനു ഒപ്പം കാറില്‍ കയറി ഇരുന്നു.Vehicle Inspector വന്നെത്തി.ആദ്യം ഓടിച്ചത് 18 വയസ്സു മാത്രം പ്രായമായ എന്നല്‍ നല്ലവണ്ണം ഓടിക്കാനറിയുന്ന ഒരു കുട്ടിയെക്കൊണ്ടായിരുന്നു.അതിന്‍റെ പ്റായക്കുറവു നിമിത്തം Vehicle Inspector ന്‍റെ ഞെട്ടിക്കലില്‍ അതു കുറച്ച് ഞെട്ടിയതൊഴിച്ചാല്‍ വളരെ നന്നായി തന്നെ റോഡ് പൂര്‍ത്തിയാക്കി.പിന്നെ തനൂജ മാഠമായിരുന്നു. മാഠവും അസ്സലായിതന്നെ റോഡ് ചെയ്തു.അടുത്തത് എന്‍റെ ഊഴമാണ്.ഇയാള്‍ ഞെട്ടിച്ചാലൊന്നും ഞാന്‍ ഞെട്ടാന്‍ പോകുന്നില്ല എന്നു മനസ്സിലുറപ്പിച്ചുകൊണ്ട് ഞാന്‍ ഡ്രൈവിംഗ് സീറ്റിലിരുന്നു(ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ഞെട്ടിയത് ഇന്‍സ്പെക്റ്ററായിരുന്നു എന്നു മാത്രം). ആദ്യമായി സ്റ്റിയറിംഗ് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ പോവുകയാണ്.വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. നമുക്ക് എല്ലാ ഗിയറുകളൂം അറിയാം എന്നാ കാര്യം എത്രയും വേഗത്തില്‍ വെഹികള്‍ ഇന്‍സ്പെക്റ്ററെ ബോധ്യപ്പെടുത്തണം എന്ന സാറിന്‍റെ ആപ്തവാക്യം ഞാനോര്‍ത്തു. സ്റ്റാര്‍ട്ട് ചെയ്ത് ഒരു സെക്കന്‍റു കഴിഞ്ഞപ്പൊ തന്നെ ഞാന്‍ രണ്ടാമത്തെ ഗിയറും ഇട്ടു. വണ്ടി പറക്കാന്‍ തുടങ്ങി, സ്റ്റിയറിംഗൊക്കെ പാളിപ്പോകുന്നു. Left ഒടിക്കു Right ഒടിക്കു എന്നൊക്കെ Vehicle Inspector പറയുന്നുണ്ട് അതിനനുസരിച്ച് ഞാന്‍ എല്ലാം opposite ഒടിക്കുന്നുണ്ട്. . അത്യാവശ്യം traffic ഉള്ള റോഡിലാണ്‍ ടെസ്റ്റ്, ആളുകള്‍ മൂക്കത്തു വിരലും വെച്ച് വളഞ്ഞും പുളഞ്ഞും പോകുന്ന എന്‍റെ വണ്ടി  നോക്കി നില്ക്കുകയാണ്. ബ്രേക്ക് ചവിട്ടാന്‍ vehicle inspector ഗര്‍ജിച്ചു, അതനുസരിച്ഛ് ഞാന്‍ ആഞ്ഞു ചവിട്ടി, പക്ഷേ ആക്സിലറേറ്ററാണെന്നു മാത്രം.അതിനിടക്ക് വണ്ടി ഒരു പെട്ടി ഓട്ടോയെ മുട്ടാന്‍ പോയി.മുട്ടി മുട്ടിയില്ല, എന്നെ തട്ടി മറിച്ചിട്ട് vehicle inspector  സ്റ്റിയറംഗ് കൈക്കലാക്കി. വണ്ടി ഓഫ് ചെയ്തു.കടക്കു പുറത്ത് എന്ന ഒറ്റ അലര്‍ച്ച.ഇന്‍സ്പെക്റ്റര്‍ എന്നെ കൈ വെക്കുന്നതിനു മുമ്പ് ഞാന്‍ ഓടി കാറില്‍ നിന്നും ഇറങ്ങി.