Saturday, February 2, 2019

പോലീസ്

ഇന്നലെ എന്‍റെ റിസര്‍ച്ചിന്‍റെ റിവ്യൂ ആയിരുന്നു. എപ്പൊഴും എവിടെയും നേരത്തിനു എത്താന്‍ പറ്റാത്തത് കാരണം മിനിമം 9.45 നു എര്‍ണാകുളം നോര്‍ത്തില്‍ നിന്നുള്ള ജനശതാബ്ദിക്കെങ്കിലും പോകണമെന്ന് ഞാന്‍ തലേന്നെ ഉറപ്പിച്ചിരുന്നു. അങ്ങനെ ഞാനാ വണ്ടിപിടിക്കാന്‍ വേണ്ടി 9.20 നുകുസാറ്റ് മെറ്റ്രോ സ്റ്റേഷനിലേക്കോടി. നോക്കിയപ്പോള്‍ പൈസ എടുത്തിട്ടില്ല. പിന്നെ ഷാനുക്ക സ്കൂട്ടറില്‍ സിനിമാ സ്റ്റൈലില്‍ പറന്നു വന്നു പൈസ  തന്നു തിരിച്ചു പോയി.ആകെ രണ്ടു തവണയേ ഞാന്‍ മെട്രോയില്‍ പോയിട്ടുള്ളൂ. അതിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ ഷാനുക്കയുടെ തലയിലിട്ട് ആകാശത്തു നോക്കി നിന്നതു കാരണം, മെട്രൊ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എനിക്ക്  ഒരു നിമിഷം ഒരു മന്ദത നേരിട്ടെങ്കിലും ഒട്ടും സമയം കളയാതെ ഞാന്‍ ഒരു കുട്ടിയുടെ പിന്നാലെ ഓടി. അതെന്തൊക്കെ ചെയ്യുന്നുവൊ അതൊക്കെ ചെയ്ത്‌ വിജയകരമായി ഗേറ്റ് കടന്നു(ടിക്കറ്റൊക്കെ  ആ കുന്തത്തില്‍ വെച്ച്‌). ശേഷം കുട്ടി സ്റ്റെപ് കയറണോ, എസ്കലേറ്ററില്‍ കയറണൊ എന്ന് ശങ്കിച്ചു, ഞാനും ശങ്കിച്ചു.ഇത്രയുമായപ്പോള്‍ ഞാനെന്തോ കക്കാന്‍ വേണ്ടി അതിനു പിന്നാലെ നടക്കുകയാണെന്ന് കുട്ടി ഉറപ്പിച്ചു. എന്തായാലും ആ കുട്ടി ആലുവക്കല്ലാത്തതു ഭാഗ്യം ആണെങ്കില്‍ ഞാന്‍ നോര്‍ത്തില്‍ പോകണ്ടതിനു പകരം അതിന്‍റെ കൂടെ ആലുവയില്‍ ഇറങ്ങിയേനെ. കൊള്ളക്കാരി എന്ന് ആ കുട്ടി എന്നെ തെറ്റിദ്ധരിച്ചത് എനിക്ക് ക്ഷമിക്കാന്‍ കഴിഞില്ല.അതുകൊണ്ട് നോര്‍ത്തിറങ്ങിയപ്പോള്‍ അതിന്‍റെ പിന്നാലെ പോകാതെ സ്വന്തം ബുദ്ധി പ്രയോഗിച്ച് ഒന്നു വട്ടം കറങ്ങിയെങ്കിലും ഒരു അമ്മൂമ്മ എന്നെ രക്ഷിച്ചു. അപ്പൊഴെക്കും സമയം 9.40. ഇനിയും ബുദ്ധി പ്രയോഗിച്ചാല്‍ വണ്ടി പോകുമെന്നുറപ്പായതുകൊണ്ട് രക്ഷിക്കണേ എന്നു ഞാന്‍ ഒരു ഓട്ടോക്കാരനെ അഭയം പ്രാപിക്കുകയും അയാള്‍ രണ്ടടി നടക്കണ്ട സ്ഥലത്തേക്ക് 30 രൂപ വാങ്ങി എത്തിക്കുകയും ചെയ്തു.ജനശതാബ്ദി ടിക്കറ്റ് ചോദിച്ച എന്നീ കൌണ്ടറിലുള്ള ആള്‍ രൂക്ഷമായൊന്നു നോക്കി.(ബുക്ക് ചെയ്താല്‍ മാത്രം കിട്ടുന്ന ആ സാധനത്തിനെ ഞാന്‍ അപമാനിച്ചത്രെ).


ട്രെയിന്‍ വന്നു വളരെ കുറച്ച് ആളുകള്‍. ഇനി വരുമോന്നറിയില്ലല്ലൊ, ഏറ്റവും പിന്നിലിരിക്കാം. ആരെങ്കിലും ആട്ടിവിട്ടാല്‍ അന്തസായി എഴുന്നെറ്റു നില്‍ക്കാന്‍ പിന്നിലാണു സൌകര്യം. ഇനി ടി.ടി.ഇ വന്നാല്‍ ഒന്നു കരയണം (സാദാ ടിക്കറ്റ് മാറ്റാന്‍). സമാധാനമായി ഇഡ്ഡലി തിന്നുന്നതിനിടയില്‍ ചില ആപല്‍ചിന്തകള്‍ വേട്ടയാടാന്‍ തുടങ്ങി.ഒന്നാമത് വണ്ടിയില്‍ ആളു വളരെ കുറവ്, ഞാനാണെങ്കില്‍ പിന്നിലാണിരിക്കുന്നത്. അടുത്ത് ഡോറാണ്, അവിടെ ഹിന്ദിക്കാരനെപ്പോലെ ഒരാള്‍ നില്‍ക്കുന്നുമുണ്ട്. ആര്‍ക്കു വേണമെങ്കിലും എന്നെ ആക്രമിക്കാം. ഗോവിന്ദച്ചാമി...ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങിയ സമയത്താണ്‍ റ്റി.റ്റി.ഇ വന്നത്. ഞാന്‍ ചാടി എഴുന്നേറ്റു കണ്ണു തുറിച്ച് അറിവില്ലാതെ പറ്റിപ്പോയതാണെന്നും സാദാ ടിക്കറ്റ് മാറ്റിത്തരണമെന്നു്‌ം അഭ്യര്‍ഥിച്ചു.അപ്പൊ അയാള്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങി.എനിക്കെന്ത് ഹിന്ദി ഞാന്‍ മലയാളത്തിലും(ഹിന്ദി എന്‍റെ ശത്രുവാണ്, ക മ അറിയില്ല, പത്താം ക്ളാസ്സില്‍ ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ്‍ ഇനി ഹിന്ദി തൊടില്ലെന്ന്). ഭാഷാ ഏതായാലും അയാളുടെ രോഗം എനിക്ക് മനസ്സിലായി (ഈ ലോകത്തിലെ ഏത് പെണ്‍കുട്ടികള്‍ക്കും ചെറുപ്പം മുതലേ കൈവരുന്നതണാ സിദ്ധി). അയാള്‍ ചിരിച്ചു കുഴഞ്ഞ് എന്‍റെ കയ്യില്‍ നിന്നും ടിക്കറ്റും വാങ്ങി ഒറ്റപ്പോക്ക്. ഒരു നിമിഷം കൊണ്ട് ഞാന്‍ സമനില വീണ്ടെടുത്തു.

ടിക്കറ്റ് എടുത്തിട്ടില്ല എന്നു പറഞ്ഞ് എന്നെ പേടിപ്പിക്കാനും പിന്നെ മുതലെടുക്കാനാവുമൊ അയാളുടെ പരിപാടി, എന്‍റെ ചെറിയ ശബ്ദം കേട്ട് ആരുടെയെങ്കിലും കൂടെ ഓടിപ്പോകാന്‍ തനിച്ചു വീട്ടില്‍ നിന്നിറങ്ങിയ ഒരു ചെറിയ പെണ്‍കുട്ടിയാണെന്നു കരുതിക്കാണുമോ (പടച്ചവനേ.. സൌന്ദര്യം ഒരു ശാപമായോ), ഭാവനയില്‍ എന്നെ വെട്ടിക്കാന്‍ ഒരാളുമില്ല (ഒരാളുണ്ട്, എന്‍റെ ഉമ്മ).
 ഞാന്‍ ചുറ്റിലും ശ്രദ്ധിച്ചു.ഒരാള്‍ ഫോണിലൂടെ ഗര്‍ജിക്കുന്നുണ്ട്.
" ആ അടിപിടിക്കേസിലെ ആള്‍ക്കാരു വന്നൊ", ഞാന്‍ ഫോണ്‍ വിളിച്ചപ്പോളാണോടാ അനക്കു പുറത്തുപോവാന്‍ തോന്നണത്", വെച്ചിട്ടു പോടൊ".

നേരത്തെ ടിക്കറ്റ് നോക്കാന്‍ ടി.ടി.ഇ അയാളുടെ അടുത്തു ചെന്നപ്പോള്‍ അയാള്‍ രൂക്ഷമായി നോക്കിയതും ടി.ടി.ഇ  പേടിച്ചോടിയതും ഞാന്‍ ശ്രദ്ധിച്ചിരുന്നു.

ഒന്നുകൂടി ഉറപ്പു വരുത്താന്‍ ഞാനയാളുടെ കാലിന്‍റെ മുകളില്‍ നോക്കി. ഷാനുക്ക അപൂര്‍വ്വവസരങ്ങളില്‍ ഇടുന്ന ഷൂസ്(ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഷാനുക്ക യൂണിഫോമിടുന്നത് ഇഷ്ടമില്ലാത്ത ആളാണ്. അഥവാ ഇടേണ്ടി വന്നാല്‍ അതു മടക്കിക്കൊണ്ടുപോയി ഓഫീസില്‍വെച്ചേ ഇടൂ). എല്ലാ കാര്യങ്ങളും എനിക്ക് മനസ്സിലായി. കണ്ണൂരില്‍ നിന്നു ജോലിയുമായി ബന്ധപെട്ട് തിരുവനന്തേക്ക് പോകുന്ന  S.I ആണ്‍ ആ ഇരിക്കുന്നത് (എന്തൊരു ബുദ്ധീ...), എന്നെ ഇനി ടിക്കറ്റെടുത്തിട്ടില്ലെന്നു പറഞ്ഞ് ആ ടി.ടി.ഇ അപമാനിക്കാന്‍ വന്നാല്‍ എല്ലാം അറിയുന്ന ഒരാളു വേണ്ടേ. പിന്നെ ഒട്ടും അമാന്തിച്ചില്ല, ഞാന്‍ ഒരു പോലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെല്ലുന്ന ആഡ്യത്തത്തോടെ അയാളുടെ അടുത്തെക്ക്ക്കോടി. എന്‍റെ കയ്യില്‍ നിന്നും സാദാടിക്കറ്റ് ആ ടി.ടി.ഇ വാങ്ങിക്കൊണ്ടുപോയി എന്ന് ബോധിപ്പിച്ചു.. ഇനി എന്നെ നോക്കണ്ട എല്ലാ ഉത്തരവാദിത്തവും അയാള്‍ക്കാണെന്ന മട്ടില്‍. അയാളാണെങ്കില്‍ റ്റ്രെയിനിലും സമാധാനം തരില്ലെ എന്ന മട്ടില്‍ പല്ലു കൂട്ടിയിറുമ്മി " അവിടെപ്പോയിരിക്ക്, അയാളു തന്നോളും" എന്ന് ഗര്‍ജിച്ചു. തന്നില്ലെങ്കില്‍ അവനെ ഞാന്‍ ഇന്ചിക്കുത്തു കുത്തും എന്ന മട്ടില്‍.
മതി, അതു മതി .ഞാന്‍ സമാധാനത്തോടെ സീറ്റില്‍ ചെന്നിരുന്നു ഇടക്കു വെച്ച് അനാഥരായിപ്പോയ ബാക്കി ഇഡ്ഡലികളെ തിന്നാന്‍ തുടങ്ങി. പിന്നെ ആര്‍മാദിക്കലാണ്‍ ലാപ്ടോപ്പ് നോക്കി പ്രെസെന്‍റേഷന്‍ പഠിക്കുന്നു,ഫോം ഫില്‍ ചെയ്യുന്നു, . എല്ലാം അവിടെയിട്ട് ബാത്റൂമില്‍ പോകുന്നു, വായും പൊളിച്ച് ഉറങ്ങുന്നു. നോക്കാന്‍ പോലീസുണ്ടല്ലോ. സമാധാനം പോയത് ഇന്‍സ്പെക്ടര്‍ക്കാണ്. അയാള്‍ ഉറക്കത്തില്‍ നിന്ന് ഇടക്ക് ചാടി എഴുന്നേല്‍ക്കും, എന്നിട്ട് പല്ലിറുമ്മി രൂക്ഷമായി നോക്കും. അപ്പൊ ഞാന്‍ ക്ളാസ്സിലെ കുട്ടികള്‍ അച്ചടക്കത്തിലിരിക്കുന്നതു പോലെ എന്റെ അവിടെയും ഇവിടെയും കിടക്കുന്ന ബാഗും പേഴ്സുമൊക്കെ നേരെ വെക്കും. വേണ്ടീര്‍ന്നില്ല്യ, ഇതിപ്പോ പോലീസ് സ്റ്റേഷനിലിരിക്കുന്ന പോലെയായി.


(പണ്ടൊരിക്കല്‍ ഞാനും സാബിറയും ഇതുപോലൊന്ന് പോലീസില്‍ സ്റ്റേഷനില്‍ പോയിട്ടുണ്ട്, ഡിഗ്രിക്കു പഠിക്കുമ്പോള്‍. സര്‍ട്ടിഫിക്കറ്റ് അറ്റെസ്റ്റ് ചെയ്യാന്‍ തെണ്ടിയിട്ട് ഒരെണ്ണം ചെയ്തു തരുന്നില്ല. ഇനി കുറെ അകലെ ഒരു ഡോക്ടറുടെ വീടാണുള്ളത്. എന്തു ചെയ്യണം, ഞങ്ങളങ്ങനെ പട്ടാമ്പി സ്റ്റാന്‍ഡില്‍ ആലോചിച്ചു നില്‍ക്കുകയാണ്, ചുറ്റിലും കുറച്ച് ഓട്ടോക്കാരും, വായ നോക്കിക്കോണ്ട്. ഞാന്‍ സാബിറയോട് പറഞ്ഞു, ഡോക്ടറുടെ വീടുവരാന്‍ നടക്കാന്‍ വയ്യ, നമുക്കു തൊട്ടുമുന്നിലുള്ള പോലീസ്സ്റ്റേഷനില്‍ പോകാം, അവിടെ ആരെങ്കിലും അറ്റെസ്റ്റ് ചെയ്തു തരും. അവള്‍ക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുന്നതിനു മുമ്പെ ഞാന്‍ സ്റ്റേഷനിലെത്തി, ഓട്ടോക്കാര്‍ ഓടിയോളിച്ചു, ഗതികെട്ട് അവളും പിന്നാലെ വന്നു. അവിടെ എത്തിയപ്പോള്‍  S. I. ക്ക് ചെയ്യാന്‍ പറ്റില്ല, C.I വരണം. ഞങ്ങള്‍ പോകട്ടെ എന്നു പറഞ്ഞിട്ട്  S.I സമ്മതിക്കുന്നില്ല.  വന്നിട്ടു പോയാമതീന്ന്. സാബിറ ഇടകിടക്ക് എന്നെ പല്ലിറുമ്മിക്കൊണ്ട് നോക്കും, ഞാനപ്പോഴെ പരഞ്ഞതല്ലെ വേണ്ടാന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ ആകെ എല്ലാവരും പരക്കം പായുന്നു, C.I വരുന്നതാണ്. ആ തിരക്കിനിടയില്‍ ഞങ്ങളവിടെ നിന്നും രക്ഷപ്പെട്ടു, ഭാഗ്യം അറസ്റ്റ് ചെയ്തില്ല.)

ഒരു മുക്കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോ ടി.ടി.ഇ വന്നു. ചാടി എന്‍റ്റടുത്തു വന്നിരുന്നു, ഞാന്‍ ബാഗ് ഇടയില്‍  വെച്ചു, ഹമ്പട..അയാള്‍ ശാപ്പാട് അടിച്ചു കയറ്റിയോ എന്നൊക്കെ  വള വള അടിച്ച്, ഹിന്ദി അറിയില്ലല്ലെ എന്ന് ചിരിച്ച് മറിയാന്‍ തുടങ്ങി. അപ്പൊ ഞാന്‍ '' ഹിന്ദി അറിയില്ല, പക്ഷെ  English അറിയാം (ഹൊ, എന്തൊരു അഹങ്കാരം) ഇന്‍സ്പെക്ട്റാണെങ്കില്‍ മീശ പിരിച്ച് പല്ലു കടിച്ച് ഇയാളെത്തന്നെ നോക്കിക്കോണ്ടിരിക്കുകയാണ്. ഞാന്‍ തിരിച്ച് മറുപടി പറയുന്നതൊന്നും അദ്ദേഹത്തിനു തീരെ ഇഷ്ടപ്പെടുന്നില്ല.
ഇയാള്‍ വീണ്ടും പലതും ചോദിക്കാന്‍ തുടങ്ങി, എങ്ങോട്ടു പോകുന്നു, എന്തിനു പോകുന്നു, ജോലിയെന്താ, എത്ര സാലറി. ഞാന്‍ മറുപടികള്‍ വിടാതെ പറഞ്ഞുകൊണ്ടിരിക്കെ ഇടക്ക് ഇന്‍സ്പെക്ടറെ നോക്കിയതും പിന്നെ ഒരക്ഷരം മിണ്ടിയില്ല (കാരണം പിന്നെ മിണ്ടിയാല്‍ ഇന്‍സ്പെക്ടര്‍ എന്നെ തല്ലുമായിരുന്നു).അപ്പൊ അയാള്‍ എന്നോട് റ്റിക്കറ്റെടുക്കാന്‍ പറഞ്ഞു. ഞാന്‍ ടിക്കറ്റ് അല്ലെ നിങ്ങള്‍ എന്‍റെ കയ്യില്‍ നിന്നും വാങ്ങിക്കൊണ്ടുപോയത് എന്നു പച്ചമലയാളത്തില്‍ ചോദിച്ചതും ഇന്‍സ്പെക്ടര്‍ ചാടി എഴുന്നേറ്റു. അപ്പൊഴെക്കും ടി.ടി.ഇ. ആ യെസ് യെസ് ഞാനറിയാതെ എപ്പൊഴാണ്‍ ഈ ടിക്കറ്റ് കോട്ടിന്‍റെ ഉള്ളില്‍ കയറിയത് എന്ന ഭാവത്തില്‍ എന്‍രെ ടിക്കറ്റ് നിഷ്പ്രയാസം പുറത്തെടുത്ത് 40 Rs  വാങ്ങി രസീതും തന്നു വേഗം സ്ഥലം വിട്ടു.

(ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ തിരിച്ചു സംസാരിക്കല്‍ എന്‍റെ ഒരു വീക്ക്നെസ്സ് ആണ്. പണ്ടൊരിക്കല്‍ ഒരു പയ്യന്‍ ട്രെയിനില്‍ വെച്ച് സംസാരിക്കുകയും റിസര്‍ച്ച് എങ്ങനെ ചെയ്യും എന്നൊക്കെ ചോദിക്കുകയും ഞാന്‍ വിശദമായി എല്ലാം പറഞ്ഞുകൊടുക്കുകയും ചെയ്തു. മാനേജ്മെന്റില്‍ ധാരാളം ഗൈഡുമാര്‍ കുസാറ്റിലുണ്ടെന്നു പറഞ്ഞപ്പോള്‍ അവിടെ വന്നാല്‍ വിളിക്കാന്‍ അയാള്‍ നമ്പര്‍ ചോദിച്ചു,കൊടുത്തു.ഞാന്‍ ട്രെയിനില്‍ നിന്നിറങ്ങിയതും അയാള്‍ മിസ്കാള്‍ അടിക്കാന്‍ തുടങ്ങി.എന്തൊരു ചതി.പിന്നെ അയാളുടെ മിസ്കാള്‍ കേള്‍ക്കുമ്പോള്‍ ഷാനുക്ക പറയും നീ എന്തിനാ അയാള്‍ക്കു മാത്രം നമ്പര്‍ കൊടുത്തത്, നേരെ ആ റ്റ്രെയിനിന്‍റെ ബാത്റൂമില്‍ കയറി നമ്പര്‍ എഴുതിയിടാമായിരുന്നില്ലെ എന്ന്.)

പിന്നീട് കോട്ടയത്തിറങ്ങുമ്പോള്‍ പോലീസുകാരനോട് യാത്ര പറയണോ എന്നു ഞാന്‍  സംശയിച്ചു.

മനുഷ്യന്‍മാരാണ്, വല്ല പോഴത്തരത്തിനും ഉത്തരവാദിത്തം മാറി വേറെ വല്ലതും തോന്നിയാല്‍ , പിന്നെ വൈരാഗ്യം കൊണ്ട് ഷാനുക്കയെ ജയിലിലിട്ടിടിച്ചാല്‍ (ഭാവന, ഭാവന..). വേണ്ടാ, ഒന്നും മിണ്ടാതെ ഞാന്‍ കോട്ടയത്തിറങ്ങി.

പ്രെസെന്‍റേഷന്‍ കുഴപ്പമുണ്ടായിരുന്നില്ല. ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍ ഗൈഡ് ഗംഭീരം , ഗംഭീരം  എന്നു പറയും. സബ്ജെക്റ്റ് എക്സ്പെര്‍ട്ട് എന്നെ ചീത്ത പറയാതിരിക്കാനാണ്‍ (സബ്ജെക്റ്റ് എക്സ്പെര്‍ട്ടും എന്നെ പഠിപ്പിച്ചതാണ്, അതുകൊണ്ടാണ്‍ സാറിനിത്ര സംശയം.).

തിരിച്ചു കോട്ടയത്തു നിന്നും വൈറ്റില എത്തുമ്പോഴേക്കും ആറരയായിരുന്നു. മെട്രൊ പണി നടക്കുന്നത് കൊണ്ട് യൂണിവേഴ്സിറ്റി സ്റ്റോപ്പില്‍ വണ്ടി ഇറങ്ങിയപ്പോള്‍ ഏഴര കഴിഞ്ഞു. ക്റോസ്സ് ചെയ്ത്  രണ്ടടി നടന്നാല്‍ ഓട്ടോ കിട്ടും . എത്ര നടന്നിട്ടും ഓട്ടോ കാണുന്നില്ല. എന്തോ ഒരു ബുദ്ധിക്ക് ഇരുട്ടത്ത് സൂക്ഷിച്ചു നോക്കിയപ്പോ ഓട്ടോസ്റ്റാന്‍ഡ് കഴിഞ്ഞിരിക്കുന്നു.(ഇരുട്ടെനിക്ക് പണ്ടെ പ്രശ്നമാണ്. ഒരിക്കല്‍ ഷാനുക്ക രാത്രി വണ്ടി നി്‌ര്‍ത്തി എന്നെ സാധനം വാങ്ങാന്‍ കടയില്‍  വിട്ടു. സാധനം വാങ്ങി വരുമ്പോള്‍ രണ്ടു വണ്ടി നില്‍ക്കുന്നു. ഞാന്‍ വേഗം ഷാനുക്കയെ ശ്രദ്ധിക്കാതെ ബൈക്കുകാരന്‍റെ അടുത്തേക്ക് നടന്നു, പിന്നില്‍ കയറാന്‍. അയാള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതിനാല്‍ കയറാന്‍ പറ്റിയില്ല. അന്നു ഷാനുക്ക എന്നോട് പറഞ്ഞു.ഇപ്പൊ എന്‍റെ കയ്യില്‍ ഒരു ലക്ഷം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ നിനക്ക് ഒരു ക്യാഷ് അവാര്‍ഡ് തന്നേനെ എന്ന്‌.). പിന്നെ ഞാന്‍ തിരിച്ചു നടന്ന് വീണ്ടും ക്രോസ്സ് ചെയ്ത് ഓട്ടോയില്‍ കയറി വീടെത്തി.