Friday, November 22, 2013

ചണ്ഡീഗഡ്

                               എന്‍റെ നവോദയ ടെസ്റ്റ് കഴിഞ്ഞ് ഇന്‍റര്‍വ്യൂ കാര്‍ഡ് കിട്ടിയപ്പോള്‍ സ്ഥലം ചണ്ഡീഗഡ്.പതിവു പോലെ ഞാന്‍ ഞെട്ടിയില്ല(ചെന്നൈ ട്രിപ്പ് കഴിഞ്ഞതോടെ ഞെട്ടലൊക്കെ പോയി) പകരം ആരെങ്കിലും എന്നെ ഇങ്ങോട്ട് വിളിക്കുമോ എന്ന് ഞാന്‍ നോക്കിയിരുന്നു, കാര്യമുണ്ടായി, ഷിവ്യ, സൌദ എന്നീ രണ്ട് അഗതികളും എന്നെപ്പോലെ ആരുമില്ലാതെ കുത്തിയിരിക്കുകയായിരുന്നു.ഒറ്റക്കാണെങ്കിലും ഇന്‍റര്‍വ്യൂ അറ്റെന്‍ഡ് ചെയ്തിരിക്കും എന്നു ഞങ്ങള്‍ ധീരമായി പ്രതിഞ്ജ എടുത്തു. ആ സാഹസം ചെയ്യേണ്ടി വന്നില്ല.സൌദയുടെ കൂടെ അവളുടെ ബന്ധുവായ ഇലിയാസ്(ബന്ധുവാണോ അതോ അയല്‍വാസിയാണോ, എന്തായാലും അവര്‍ യത്തീംഖാനയില്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവരായിരുന്നു.അതില്‍പരം ഒരു ബ്ന്ധുത്വം ഉണ്ടോ)വരാമെന്നേറ്റു.ഒരേ ഒരു ഇല്യാസിനെക്കണ്ട് സൌദയെ കൂടാതെ ഞാനും ഷിവ്യയും കൂടി പെട്ടി ശെരിയാക്കി.മലപ്പുറത്തെ ആണുങ്ങളൊക്കെ പെട്ടെന്നു വിവാഹം കഴിക്കും, എന്‍റെ കൂടെ പഠിച്ച മലപ്പുറം ആണ്‍കുട്ടികളൊക്കെ കെട്ടി കുട്ടിയായ ശേഷമായിരുന്നു എന്‍റെ വിവാഹം.മിലിട്ടറിയില്‍ ജോലി ചെയ്തിരുന്ന ഇലിയാസും സൌദയും സമപ്റായക്കാരായിരുന്നെങ്കിലും ഇലിയാസ് അന്നേ കെട്ടി കുട്ടിയായിരുന്നു.ഷിവ്യ വീട്ടില്‍ പറഞ്ഞത് എന്‍റെ അളിയനും സൌദയുടെ ചേട്ടനും ഇലിയാസും ടെസ്റ്റിന്‍ കൂടെ വരുന്നുണ്ടെന്നായിരുന്നു.ഞാന്‍ പറഞ്ഞത് ഷിവ്യയുടെ അച്‌ചനും സൌദയുടെ ചേട്ടനും കൂടെവരുന്നുണ്ടെന്നായിരുന്നു.ഇടക്ക് എന്‍റെ ഉമ്മ ചോദിക്കും, " മാളേ, ഒറ്റക്ക് പൂവാന്‍ പറ്റ്വോ, ആളോളൊക്കെ ഉണ്ടോന്ന്" ഞാന്‍ ഉമ്മയോട് ഉണ്ടെന്ന് ഗര്‍ജിച്ച ശെഷം നെന്‍ചുഴിയും(പേടിച്ചിട്ട്). പിന്നെ അന്നേ എനിക്ക് അത്ര ചിന്താ ശേഷിയൊന്നും ഇല്ലാത്തതിനാല്‍ കൂടുതല്‍ നെന്ചുഴിയാതെ ഞാന്‍ നോര്‍മലാവും.


                     അങ്ങനെ ഞങ്ങള്‍ മൂന്നുപേര്‍ ഷൊറണൂരുനിന്നും ഷിവ്യ കോഴിക്കോട്ടു നിന്നും ച്ണ്ഡീഗഡിലേക്ക് പുറപ്പെട്ടു.ആദ്യമൊക്കെ പരിചയസമ്പന്നരെപ്പോലെ ട്രെയിനില്‍ കുത്തിയിരുന്ന ഞാനും സൌദയും ഷിവ്യയും ഏതാനും സെക്കന്‍റുകള്‍ക്കുള്ളില്‍ ആ കംപാര്‍റ്റ്മെന്‍റിലുള്ള സര്‍വരേയും പരിചയപ്പെട്ട് സര്‍വരഹസ്യങ്ങളും പങ്കു വെച്ചു.ഇതില്‍ കലിപൂണ്ട ഇലിയാസ് അവരൊക്കെ നിങ്ങളെ വല്ലതും ചെയ്താല്‍ ഞാന്‍ കയ്യും കെട്ടി നോക്കി നിക്കുമെന്ന് ഞങ്ങളെ പേടിപ്പിച്ച ഉടന്‍  എനിക്കും ഷിവ്യയ്ക്കും സംശയരോഗം പിടിപെട്ടു.ഞങ്ങളെ അപ്പുറത്തുള്ള ആള്‍ നോക്കുന്നു, ഇപ്പുറത്തുള്ള ആള്‍ ബാത്റൂമിലേക്ക് പൊയപ്പൊ പിന്നാലെ വന്നു(ആ പാവം മനുഷ്യന്‍ വാഷ്ബേസില്‍ തുപ്പാന്‍ പോയതായിരുന്നു) എന്നൊക്കെ പരാതി പറയാന്‍ തുടങ്ങി.തുടര്‍ന്ന് ഞങ്ങളെ നന്നായി നോക്കണേ, പോത്തുപോലെ ഉറങ്ങരുതെ എന്നൊക്കെ ചട്ടം കെട്ടി അതാത് ബര്‍ത്തില്‍ ഉറങ്ങാന്‍ കിടന്നു.


                               അന്ന് ആ കംപാര്‍ട്ട്മെന്‍റിലുള്ള മിക്കവരേയും ഞാന്‍ ഇന്നും മറന്നിട്ടില്ല.ഒന്ന് നവദമ്പതികളായിരുന്നു, അവരുടെ ഇടക്കുള്ള ചില കേളികള്‍ കാണുമ്പോള്‍ നമ്മള്‍ കോങ്കണ്ണുള്ള ആള്‍ക്കാരെപ്പോലെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാ മതി, വേറെ കുഴപ്പമൊന്നുമില്ല.

 അതില്‍ ഭര്‍ത്താവ് നവോദയയില്‍ റ്റീച്ചറാണ്, ഭാര്യയെ ഞങ്ങളെപ്പോലെ നവോദയയുടെ ഇന്‍റര്‍വ്യൂവിന്‍ കൊണ്ടു പോവുകയാണ്.ഭര്‍ത്താവിന്‍റെ പേര്‍ ഞാന്‍ മറന്നു പോയി,തന്‍മാത്ര സിനിമ കണ്ട അന്നുമുതല്‍ ഞാന്‍ ഡിമന്‍ഷ്യ പേഷ്യന്‍റാണ്.പോയ വഴികള്‍ എനിക്കൊരിക്കലും ഓര്‍മ ഉണ്ടാവാറില്ല.കുസാറ്റില്‍ ജോയിന്‍ ചെയ്ത കാലത്ത് എറണാകുളത്തെ വഴിപഠിപ്പിക്കലായിരുന്നു തനൂജ മാഡത്തിന്‍റെ പണി.തലേ ദിവസം കാണിച്ചു തന്ന സ്ഥലം അടുത്ത ദിവസം കാണിച്ചു തരുമ്പോള്‍ ഞാന്‍ ചോദിക്കുംഇതേതാ പുതിയ സ്ഥലം, അപ്പോള്‍ മാഡം പല്ലിറുമ്മുന്നതു കാണാം.കല്യാണം കഴിഞ്ഞ ഇടക്ക് ഞാനും ഷാനുക്കയും കിടപ്പും ഇരിപ്പും ഒക്കെ തിയേറ്ററില്‍ തന്നെയായിരുന്നു. ജോലി കഴിഞ്ഞ് ഷാനുക്ക തിയേറ്ററിന്‍റെ മുന്നില്‍ കാത്തു നില്‍ക്കും ഞാനങ്ങോട്ട് പറന്നെത്തണം.ആദ്യമൊക്കെ ഞാന്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഷാനുക്ക സമചിത്തതയോടെ മേനക അല്ലെങ്കില്‍ പത്മ ബസ്സില്‍ കയറൂ എന്നു പറഞ്ഞു തരുമായിരുന്നു.ഒരു 2 മാസം കഴിഞ്ഞിട്ടും ഞാന്‍ ചോദിക്കും ഏതു ബസ്സില്‍ കയറണമെന്ന് അപ്പൊപിന്നെ മറുപടി ഇങ്ങനെയായി, പുല്ലേ നീ ഏത് ഡാഷിലെങ്കിലും കയറി വായോന്ന്.പിന്നൊന്ന് ഉണ്ണി, പാവം അറേന്ച്ട് ലവ് ആണ്, പെണ്‍കുട്ടി ഇടക്കിടക്ക് ഫോണ്‍ വിളിക്കും, ഡല്‍ഹിയിലേക്ക് പോകുന്നു.പിന്നൊരാള്‍ കുറച്ച് പ്രായമായ ഒരു പട്ടാളക്കാരനായിരുന്നു.ഞങ്ങളുടെ പൊട്ടത്തരങ്ങള്‍ കാണുമ്പോള്‍ ഉപദേശിക്കുക എന്നായിരുന്നു പ്രധാന ജോലി.


                                ഞങ്ങള്‍ ചണ്ഡീഗഡ് വണ്ടിയിറങ്ങിയപ്പോള്‍ ഒരു സംശയം,ഹെന്ത് തെറ്റിപ്പോയോ ഇതു തിരുവനന്തപുരമാണോന്ന്, അത്രയധികം മലയാളികള്‍ സ്റ്റേഷനില്‍ പാഞ്ഞുനടക്കുന്നു.എല്ലാം നവോദയ ഇന്‍റര്‍വ്യൂവിനു വന്നവരാണ്.ഞങ്ങള്‍ നവദമ്പതികളടക്കമുള്ള ചെറിയ ജാഥ ഇവരെയൊന്നും ഗൌനിക്കാതെ ഓട്ടോയില്‍ കയറി സ്ഥലം വിട്ടു ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങി.വിജയനും ദാസനും വാടകവീട് കണ്ടുപിടിക്കാനിറങ്ങിയപോലെ ഒറ്റ ലോഡ്ജും ഇലിയാസിനും നവവരനും പിടിക്കുന്നില്ല.അവസാനം ഒന്നുകിട്ടി, വാടക കേട്ട് ഞാനും ഷിവ്യയും സൌദയും ഒന്നു ഞെട്ടിയെങ്കിലും അതിലും കുറഞ്ഞ ലോഡ്ജ് ആ രാജ്യത്തിലില്ലെന്ന ഇലിയാസിന്‍റെ ഭീഷണിക്ക് ഒടുക്കം വഴങ്ങി.നവദമ്പതികള്‍ ആദ്യമേ ചാടിക്കേറി ഒരു റൂം സെലെക്റ്റ് ചെയ്തു.അവറുടെ അടുത്തുള്ള റൂമില്‍ ഞങ്ങള്‍ മൂന്നു പേരും ഹോട്ടലിന്‍റെ അങ്ങേ മൂലക്കുള്ള റൂമില്‍ ഇലിയാസും കിടക്കാന്‍ ധാരണയായി.ഞങ്ങളുടെ റൂമിന്‍ രണ്ട് വാതിലുകളുണ്ടെന്ന  ഒരു കുഴപ്പമുണ്ടായിരുന്നു.ദമ്പതികളാണെങ്കില്‍ റൂമില്‍ ഉല്ലസിച്ച് നടക്കുകയാണ്.പിന്നെങ്ങനെ അവരുടെ റൂം ചോദിക്കും.ഇലിയാസിന്‍റെ റൂമാണെങ്കില്‍ അങ്ങേ അറ്റത്താണ്.ഞങ്ങള്‍ ഒറ്റപ്പെട്ടു പോവൂലെ. അതുകൊണ്ട് അവിടെതന്നെ കിടക്കാന്‍ തീരുമാനിച്ചു. അന്നു രാത്രി മുഴുവന്‍ കേള്‍ക്കാത്ത ശബ്ദങ്ങളും കേട്ട് ഷിവ്യ രണ്ടാമത്തെ വാതിലിന്‍റെ മുന്നില്‍ ഉറക്കമൊഴിച്ചതൊഴിച്ചാല്‍ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.

                                 

                                       നവവരന്‍ ധാരാളം സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു, ഏതു നാട്ടില്‍ചെന്നാലും ആ നാട്ടിലെ ഭക്ഷണം കഴിക്കണം എന്ന പോളിസിയുള്ള അദ്ദേഹം ഭാര്യയെകൂടാതെ ഞങ്ങളെയും അതൊക്കെ തീറ്റിക്കാന്‍ യത്നിച്ചു.ചന്ദ്രനില്‍ ചെന്നാലും പുട്ട് വേണമെന്നാഗ്രഹിക്കുന്ന ഞാനാണെങ്കില്‍ ആകെ കഷ്ടത്തിലായി.പക്ഷെ ഞാന്‍ ഒന്നും കഴിക്കാതിരുന്നില്ല.(ഏതു സന്ദര്‍ഭത്തിലായാലും ഭക്ഷണം ഞാന്‍ കഴിച്ചിരിക്കും, അത്ര ആദരവാണ്‍ ഭക്ഷണത്തോട്). പണ്ട് എന്നെയും സഹോദരിമാരെയും ചികില്‍സിച്ചിരുന്ന വൈദ്യന്‍ ഉണ്ടാക്കിത്തന്നിരുന്ന കഷായങ്ങള്‍ കുടിക്കുന്ന വൈദഗ്ധ്യത്തോടെ ഞാന്‍ എല്ലാം വിഴുങ്ങിക്കളഞ്ഞു.മണിയനീച്ചകള്‍ ആര്‍ക്കുന്ന ആ ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിച്ച്തോടെ ഏതു തീട്ടക്കുണ്ടില്‍ നിന്നും ഭക്ഷണം കഴിക്കനുള്ള തന്‍റേടവുമായെന്ന് പറഞ്ഞാ പോരെ.

                         

                           ഇന്‍റര്‍വ്യൂ സെന്‍റര്‍ മലയാളികളുടെ ഒരു പൂരപ്പറമ്പായിരുന്നു.ഏകദേശം ഉച്ചയോടെ ഞങ്ങള്‍ മൂന്നു പേരുടെയും ഇന്‍റര്‍വ്യൂ കഴിഞ്ഞു.കഴിഞ്ഞതും ഞങ്ങള്‍ സ്ഥലങ്ങള്‍ കാണാം പോകാമെന്നു പറഞ്ഞ് പരക്കം പായാന്‍ തുടങ്ങി.ഇലിയാസ് ഒരു ഓട്ടോ പിടിച്ചു വന്നു.അതിനുള്ളില്‍ ഞങ്ങളുടെ ജാഥ കയറിപ്പറ്റി. അവിടത്തെ ഓട്ടോകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഡ്രൈവര്‍ക്കു പിന്നില്‍ മുഖാമുഖം തിരിഞ്ഞിരിക്കുന്ന രണ്ട് സീറ്റുകളുണ്ടായിരിക്കും, ധാരാളം സ്ഥലം.റോസ് ഗാര്‍ഡനും റോക്ക് ഗാര്‍ഡനും കണ്ട ശേഷം സുഖ്ന ലേക്ക് കാണാനോടി.അതിനു ശേഷമാണ്‍ ആ ചരിത്ര സംഭവം നടന്നത്.ഞാനും ഇലിയാസും സൌദയും ഒട്ടകപ്പുറത്ത് കയറി.ചെന്നിക്കുത്ത് കാരണം ഷിവ്യ ഒട്ടകപ്പുറത്ത് കയറുന്നില്ലെന്ന് പറഞ്ഞു.ഒട്ടകം ഇരുന്നു, ഫ്രണ്ടില്‍ സൌദ ഇരുന്നു, നടുവില്- ഇലിയാസും, വിധി എന്നല്ലാതെ എന്തു പറയാന്‍ ഒട്ടകക്കാരന്‍(കുതിരക്കാരന്‍ എന്നു പറയുന്നതു പോലെ, അങ്ങനെതന്നെ അല്ലെ പറയുക)എന്നെ ഏറ്റവും പിറകിലാണ്‍ കയറ്റിയത്.ഒട്ടകം പതുക്കെ എഴുന്നേല്‍ക്കാന്‍ തുടങ്ങി.അതോടൊപ്പം തന്നെ ഞാന്‍ പിന്നിലേക്ക് ഊര്‍ന്നു പോകാനും തുടങ്ങി.ഞാന്‍ ഒട്ടകത്തെ അരണ്ടു പിടിച്ചു.അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല, ഞാന്‍ പിന്നിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.ആ നിമിഷം എന്‍റെയും സൌദയുടെയും തൊണ്ടയില്‍ നിന്ന് നിര്‍ത്തണേ എന്നൊരാര്‍തത നാദം ഉയര്‍ന്നു.അതുകേട്ട് ഷിവ്യയും ആ പാര്‍ക്കിലെ മറ്റുള്ളവരും ഞെട്ടി. ഒട്ടകക്കാരന്‍ കുലുക്കമൊന്നുമില്ല.ഷഹാദത്ത് കലിമ ചൊല്ലുകതന്നെ, അന്യ നാട്ടില്‍ കിടന്ന് മരിക്കാനാണല്ലോ വിധി, ഉമ്മയുടെ മുഖം ഓര്‍മ്മ വന്നു, ആ കയ്യില്‍ നിന്നു ഒരു തുള്ളി വെള്ളം വാങ്ങിക്കുടിച്ച് മരിക്കണ്ടതിനു പകരം.ഞാന്‍ പൊട്ടിക്കരഞ്ഞു.കൂടെ സൌദയും.അവള്‍ വെറുതെ നിലവിളിക്കുകയാണ്, അവള്ക്ക് പിടിക്കാന്‍ ജീനിയും പിന്നെ കുറെ കയറുകളുമൊക്കെയുണ്ട്, എന്‍റെ അവസ്ഥ അതല്ല.ഒട്ടകത്തെ ആക്രമിക്കുക എന്നല്ലാതെ ഇലിയാസിനെ ആക്രമിക്കാന്‍ പറ്റില്ലല്ലോ. ഈ കോലാഹലത്തിനിടക്ക് ഒട്ടകം നിവര്‍ന്നു നിന്നു.ഒട്ടകം ഓരോ ചുവട് വെക്കുമ്പൊ ഞാന്‍ പിന്നിലോട്ട് പോകും വീണ്ടും ഞാന്‍പിടിച്ചു കയറും.അങ്ങനെ മുന്നോട്ട് പോവുകയാണ്.ഇതിനിടക്കു നിര്‍ത്താന്‍ ഞനും സൌദയും ഒട്ടകക്കാരനോറ്റ് കരഞ്ഞു പറയുന്നുണ്ട്, ഹിന്ദിയില്‍ ഇവിടെ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് അയാള്‍ ചിരിച്ചോണ്ട് നടക്കുകയാണ്.

ഒട്ടകപ്പുറത്തെ ഞങ്ങളുടെ പ്രകടനം കണ്ട് താഴെ നിക്കുന്ന ഷിവ്യയുടെ ചെന്നിക്കുത്ത് പരകോടിയിലെത്തി.കുറച്ചു ദൂരം കൂടി മുന്നോട്ട് നടന്ന് ഒട്ടകക്കാരന്‍ ഞങ്ങളെ താഴെയിറക്കി.കണ്ണീരോടെ ഞാനും സൌദയും താഴെ ഇറങ്ങി.ഒട്ടകപ്പുറത്തു കയറാന്‍ ഞങ്ങള്‍ നവദമ്പതികളെ നിര്‍ബന്ധിച്ചെങ്കിലും പൂതി നടന്നില്ല.


                                     അടുത്ത ദിവസം രാവിലെ ഞങ്ങള്‍ തിരിച്ച് ഷൊറണൂരിലേക്ക് വണ്ടി കയറി. ഇലിയാസിന്‍ ജോലിസ്ഥലത്തേക്ക് പോകേണ്ടതിനാല്‍ ഞങ്ങള്‍ മാത്രമെ പോന്നുള്ളൂ.അങ്ങനെ മലയാളി പടകള്‍ക്കൊപ്പം ഞങ്ങളും വണ്ടി കയറി.ഞങ്ങളുടെ രണ്ടു പേരുടെ ടിക്കറ്റ് കണ്‍ഫേമായിരുന്നില്ല, .ആ കംപാര്‍ട്മെന്‍റു മൊത്തമായി ടൂര്‍ പോയി തിരിച്ചു വരുന്ന ഗോവന്‍കുട്ടികളും റ്റീച്ചേഴ്സും ബുക്ക് ചെയ്തതായിരുന്നു.യാത്രയും അലച്ചിലും കൊണ്ട് അവശരായ ഞങ്ങള്‍ക്ക് ഗോവന്‍കുട്ടികളുടെ ആക്രോശങ്ങളും ആഹ്ളാദപ്രകടനങ്ങളും അവസാനിക്കാത്ത തീറ്റയും (മുകളിലെ ബര്‍ത്തില്‍ നിന്നു തലയിലേക്ക് നിരന്തരം ഭക്ഷണസാധനങ്ങള്‍ വീണുകൊണ്ടിരിക്കും)സഹിക്കാന്‍ കഴിയാത്തതായി, അങ്ങനെ ഷിവ്യ (കൂട്ടത്തില്‍ ഹിന്ദി അറിയുന്ന ഏകവ്യക്തി)അവരുടെ റ്റീച്ചറിനോട് പരാതി പറഞ്ഞു, അതോടെ കുട്ടികളും ഞങ്ങളും യുദ്ധമാരംഭിച്ചു.എന്‍റെയും സൌദയുടെയും ഡയലോഗുകള്‍ ഷിവ്യ ഹിന്ദിയില്‍ അവരോട് പറയും, അവര്‍ പറയുന്നതു പരിഭാഷപ്പെടുത്തി തിരിച്ചും പറഞ്ഞു തരും, മൊഹന്‍ലാല്‍ ബാസ്റ്റഡിന്‍റെ അര്‍ഥം പറഞ്ഞു കൊടുക്കുമ്പോള്‍ ശ്രീനിവാസന്‍ കോപാകുലനാകുന്നതു പോലെ എനിക്കും സൌദക്കും ദേഷ്യം ഇരച്ചു കയറും.ഞങ്ങള്‍ മലയാളത്തില്‍ പറഞ്ഞു ചിരിക്കുന്നത് കാണുമ്പോള്‍ ഭാഷ മനസ്സിലാകാത്ത കാരണം അവര്‍ക്കും പ്രാന്തു വരും.പഠിപ്പിക്കാനോ വീട്ടുകാരെക്കൊണ്ട് പൈസ ചിലവാക്കിച്ചു, ഇനി ടെസ്റ്റ്, ഇന്‍റര്‍വ്യൂ എന്ന കോപ്രാട്ടികള്‍ക്ക് കൂടി വീട്ടുകാരെ ബുദ്ധിമുട്ടിക്കില്ലെന്ന് പ്രതിഞജ ചെയ്തിരുന്ന കാരണം സ്വയം ജോലി ചെയ്ത പൈസ കൊണ്ടായിരുന്നു ഞങ്ങള്‍ യാത്ര ചെയ്തിരുന്നത്. ലോഡ്ജ് വാടക വിചാരിച്ചതിനപ്പുറത്തേക്ക് പോയ കാരണം ബ്ഡ്‌ജറ്റ് തെറ്റിയ ഞങ്ങള്‍  ക്രുത്യം മൂന്നു നേരം എന്ന കണക്കില്‍ മാത്രം  ട്രൈന്‍ ഭക്ഷണം കഴിച്ച് ഇരിക്കുകയാണ്.ആ സമയത്താണ്‍ ഗോവക്കാരുടെ ഒരു തീറ്റ.ഇടക്ക് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ സൌദ ചാടിയിറങ്ങും എന്നിട്ട് നാലഞു കുപ്പികളില്‍ drinking water നിറക്കും. അതു കയ്യില്‍ തന്നിട്ട് വെള്ളം ധാരാളം കുടിച്ചൊ വിശപ്പറിയില്ല എന്നൊരു ഫിലോസഫിയും തട്ടി വിടും. അങ്ങനെ മൂന്നു നാളത്തെ യാത്രക്കു ശേഷം ഞങ്ങള്‍ ഷൊറണൂരില്‍ വണ്ടിയിറങ്ങി.അതു വരെ ഞാന്‍ നടത്തിയിട്ടുള്ളതില്‍ വെച്ചേറ്റവും ദീര്‍ഘമായ യാത്രയായിരുന്നു അത്.

Wednesday, September 25, 2013

ഇക്‌ബാല്‍ സാറും എന്‍റെ ഉപ്പയും

                                         ചിലര്‍ക്ക് പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായമാകും.എന്‍റെ ഉപ്പ ആ തരത്തിലുള്ള ആളാണ്, 60 വയസ്സുള്ളപ്പോള്‍ ഉപ്പ ഒരു എണ്‍പതിന്‍റെ പ്രകടനം കാഴ്ചവെച്ചു.മൊബൈല്‍ ഉപയൊഗിക്കാന്‍ ഞാന്‍ ഉപ്പയെ പഠിപ്പിച്ചതിനു എനിക്കൊരു അവാര്‍ഡ് തരണം ഐക്യരാഷ്ട്രസഭ.എന്നാല്‍തന്നെയും ഞങ്ങളുടെ വായനാശീലവും അഭിമാനബോധവും സ്വതന്ത്ര ചിന്താഗതിയും എല്ലാം ഉപ്പാക്ക് അവകാശപ്പെട്ടതാണുതാനും, ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ ഉപ്പ 2 പത്രം വരുത്തും.ഒന്നു, ദേശാഭിമാനി, അത്‌ പാര്‍ട്ടി വിവരങ്ങള്‍ അറിയാനാണ്‍, പിന്നൊന്നു മാത്രുഭൂമി.ഇതും പോരാഞ്ഞ് മാത്രുഭൂമി ആഴ്ചപ്പതിപ്പും കുറച്ചു കൂടി വലുതായപ്പോള്‍ ആരോഗ്യമാസികയും വരുത്താന്‍ തുടങ്ങി( അതു വായിച്ച്‌ ഞനും സാബിറയും നിത്യരോഗികളായി).ഈ  രണ്ട് മാസികകളിലൂടെയും ഞാന്‍ ചെറുപ്പം മുതലേ വായിച്ചിരുന്നതാണ്‍ ബി. ഇക്ബാലിനെ.സ്കൂള്‍ വിദ്യഭ്യാസം ലഭിചിട്ടില്ലാത്ത ഉപ്പ സ്വന്തമായി ഒരു ലിപി തന്നെ വികസിപ്പിച്ചിരുന്നു, അതു വായിച്ചാല്‍ മനസ്സിലാകുന്ന രണ്ടേ രണ്ട് വ്യക്തികളേ ഉള്ളൂ, ഒന്ന് ഞാന്‍, രണ്ടാമത്തെയാള്‍  ഉപ്പ തന്നെ.

                എനിക്കും വിനീതക്കും MLISc ക്ക്‌ റാങ്ക് കിട്ടിയത് പ്രമാണിച്ച് ഫറൂഖ് കോളേജുകാര്‍ ഒരു അവാര്‍ഡ് ദാനം സംഘടിപ്പിച്ചു.വര്‍ഷങ്ങള്‍ കൊണ്ടുള്ള ഉപ്പയുടെ വിലാപത്തിനു (എത്ര കുട്ട്യോള്ടെ ഫോട്ടം പേപ്പറില്‍ വരുന്നു റാങ്കും കിട്ടിയിട്ട്)പരിഹാരമായി കിട്ടിയ റാങ്ക് സ്വീകരണം കാണാന്‍ ഞാനും ഉപ്പയും സഹോദരിയും കൂടി പോകാമെന്നു വെച്ചു.ഇക്ബാല്‍ സാറായിരുന്നു അവാര്‍ഡ് ദാനത്തിന്‍ ക്ഷണിക്കപ്പ്പ്പെട്ടത്. അന്നു സര്‍ കേരള യൂണിവേഴ്സിറ്റി വിസി ആണെന്നു തോന്നുന്നു.ആ ഡെസിഗ്നേഷനും മുമ്പെ ഞാന്‍ വായിച്ചറിഞ്ഞിട്ടുള്ള സാറില്‍ നിന്നും അത് വാങ്ങാന്‍ കഴിയുന്നതില്‍ എനിക്കും സന്തോഷം തോന്നി.

                               അങ്ങനെ അന്നേ ദിവസം ബസ്മാര്‍ഗം ഞങ്ങള്‍ ഫരൂഖിലേക്ക്‌ പട്ടാമ്പിയില്‍ നിന്നും പുറപ്പെട്ടു.(ട്രെയിനും ഞാനും ശത്രുക്കളാണല്ലോ).പക്ഷേ ആയിടക്ക് ഒരു അറ്റാക്ക് കഴിഞ്ഞിട്ടുള്ള ഉപ്പ അവിടെ എത്തിയപ്പോഴേക്കും ക്ഷീണിച്ചു പോയി.എസി ഹാളിലായിരുന്നു സ്റ്റേജ്.എന്‍റെയും വിനീതയുടെയും വീട്ടുകാരെ പ്രമുഖ അതിഥികളായി ഹാളിലെ മുന്സീറ്റില്‍ തന്നെ സംഘാടകര്‍ ഇരുത്തി.ഇക്ബാല്‍ സര്‍ എത്തി, . അന്നു അത്ഭുതവസ്റ്റുവായ പെന്‍ഡ്രൈവ് കാണിച്ചു, അതു കംപ്യൂട്ടെറില്‍ ഘടിപ്പിച്ചു പ്രസംഗം തുടങ്ങി.ചെവി വളരെ കുറച്ചു കേള്‍ക്കുന്ന ഉപ്പ പ്രസംഗം ശ്രദ്ധിക്കുന്നതു പോലുമില്ലെന്നു എനിക്കു മനസ്സിലായി.വളരെ താല്‍പര്യത്തോട് കൂടെ എല്ലാവരും പ്രസംഗം കേട്ട്കൊണ്ടിരിക്കുകയാണ്, എന്‍റെ പകുതി മനസ്സാണെങ്കില്‍ ഉപ്പയുടെ പോക്കറ്റിലിരിക്കുകയാണ്.കാരണം ഇങ്ങനെയുള്ള ചടങ്ങുകളില്‍ ഉപ്പ തീരെ പങ്കെടുത്തിട്ടില്ല.വല്ല അക്രമവും കാണിച്ചാലോ എന്ന ആപത്ശങ്ക. കുറച്ചു കഴിഞ്ഞതും എസിയുടെ തണുപ്പു കാരണം ഉപ്പ ചുമക്കാന്‍ തുടങ്ങി.സംഘാടകര്‍ ഓടിപ്പോയി തണുപ്പു കുറച്ചു.ഉപ്പ  ചുമക്കും, ഇകബാല്‍ സര്‍ പ്രസംഗം ഒന്നു നിര്‍ത്തും വീണ്ടും തുടരും.അങ്ങനെ മുന്നോട്ട് പോവുകയാണ്.കുറച്ചു കഴിഞ്ഞതും ഉപ്പക്ക് ബോറടിക്കാന്‍ തുടങ്ങി.ഉപ്പ ചെറുതായി കോട്ടുവായിട്ടു. ഭാഗ്യം! അതാരും കണ്ടില്ല.അടുത്തതായി ആരെയും തെല്ലും കൂസാത്ത എന്‍റെ സ്വന്തം ഉപ്പ അ ആ ആ ആ ഹാ ഹ് എന്നു നീണ്ട കോട്ടു വായിട്ടു, എക്കൊ ഉള്ള ആ എസി ഹാളില്‍ ആ കോട്ടുവായുടെ നീളം ഒന്നു കൂടി വര്‍ധിച്ചതായി ഒരു തകര്‍ച്ചയോടെ ഞാന്‍ മനസ്സിലാക്കി. അതോടെ ഇക്ബാല്‍ സര്‍ പെന്‍ഡ്രൈവ് ഊരി, പെട്ടി അടച്ചു. ഞാന്‍ ഗദ്ഗദത്തോടെ സമ്മാനം ഏറ്റുവാങ്ങി .


                       ഏതാനും മാസങ്ങള്‍ക്കു ശേഷം ഞാന്‍ ഇക്ബാല്‍ സാറിനെ കോഴിക്കോട് ഒരു ബുക് എക്സിബിഷനില്‍ വെച്ച് കണ്ടുമുട്ടി.സാറിന്‍റെ പ്രസംഗം മോശമായതു കൊണ്ടല്ല , എന്‍റെ ഉപ്പയുടെ അറിവില്ലായ്മ കൊണ്ടാണ്‍ എന്നൊക്കെ പറയാന്‍ വെമ്പി ഞാന്‍ ഓടിചെന്നെങ്കിലും പ്രമുഖരെ, പ്രത്യേകിച്ചും ഞാന്‍ ആദരിക്കുന്നവരെ കാണുമ്പോളുള്ള സഹജമായ വിമുഖതമൂലം (വായയിലെ വെള്ളം വറ്റലും നാവിറങ്ങിപ്പോകലും) ഞാനിത്രയെ ചോദിച്ചുള്ളൂ, ഇക്‌ബാല്‍ സാറല്ലെ എന്നു മാത്രം, സര്‍ അതെ എന്നു ചിരിച്ചു കൊണ്ടുത്തരം നല്കി തിരിച്ചു നടന്നു, സാറിനാണെങ്കില്‍ സ്റ്റേജില്‍ വെച്ച് ഒരു നോക്കു മാത്രം കണ്ട എന്നെ മനസ്സിലായതുമില്ല.

Sunday, September 1, 2013

ചെന്നൈ ട്രിപ്പ്.

                             ഞാന്‍ IIMK- ല്‍ ട്രെയ്നി ആയി ജോലി നോക്കുന്ന കാലം.എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു. ഏകദേശം ആറടിപൊക്കമുള്ള ഒരു ലക്ഷ്മി,ഒരു ദീപിക പദുക്കോണ്‍ ലുക്കുള്ള കക്ഷി ആനക്കു ആനയുടെ വലുപ്പം അറിയാത്ത പോലെ സ്വന്തം സൌന്ദര്യം മനസ്സിലാക്കാതെ തന്‍റെ കാലിന്‍റ്റതുവരെ മാത്രം പൊക്കമുള്ള എന്നെ നോക്കി നെടുവീര്‍പ്പിടും.ഷാജീ നീയെത്ര ഭാഗ്യവതി എന്നും പറഞ്ഞ്.ഒറ്റക്കുട്ടി ആയതുകൊണ്ടുള്ള ചില പ്രശ്നങ്ങളൊഴിച്ചാല്‍ ആകാരം പോലെ വലിയൊരു മനസ്സിനും  ഉടമയായിരുന്നു. പിന്നെ ഇടക്ക് ചില കട്ടിമലയാളം പ്രയോഗിക്കും.മുമ്ബൈയില്‍ ജനിച്ചു വളര്‍ന്ന മൂപ്പിലാത്തി ഭാഷാസ്നേഹം കൊണ്ട് മലയാളം പഠിച്ചു വെച്ചിട്ടുണ്ട്.അതും പോരാഞ്ഞ് ചില സാഹിത്യ പ്രയോഗങ്ങളുണ്ട്.അതു കേട്ടലാണ്‍ നമ്മള്‍ ഞെട്ടുക. ബിന്ദു പണിക്കര്‍ ഒരു സിനിമയില്‍ ഇംഗ്ളീഷ് പറയുന്നുണ്ട്, അതുപോലെ.

                         ആയിടക്ക് ഞാന്‍ IRDA  apply ചെയ്തിരുന്നു.ഹാള്‍ടിക്കെറ്റ് വന്നപ്പൊ ടെസ്റ്റ് സെന്‍റര്‍ ചെന്നൈ, ആ കാലത്ത് ഞാന്‍ കേരളം വിട്ടൊന്നും പ്രവര്‍ത്തന പരിധി വ്യാപിപ്പിച്ചിരുന്നില്ല.അതുകൊണ്ട് ചെന്നൈ കേട്ട് ഞെട്ടിയ ഞാന്‍ കൂടെ വരാന്‍ ആരെങ്കിലുമുണ്ടോ എന്നൊക്കെ പരമരഹസ്യമായി (അതായത് വേണമെങ്കില്‍ വന്നാല്‍ മതി വന്നില്ലെങ്കിലും വേറെ ആളുണ്ട് എന്ന വ്യംഗ്യേന ഉള്ളിലാണെങ്കിലോ എന്‍റ്റെ കൂടെ ആരെങ്കിലും വന്ന് രക്ഷിക്കണേ എന്ന്) നാട്ടിലും വീട്ടിലും ഒക്കെ അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല, അതുകൊണ്ട് ആ പൂതി മതിയാക്കി ഞാനങ്ങനെ കുത്തിയിരിക്കുമ്പോള്‍ ആറടിക്കരി വന്ന് ഗര്‍ജ്ജിച്ചു.

                       അന്നു വൈകുന്നേരത്തെ ലോക്കല്‍ ട്രെയിനില്‍

ലക്ഷ്മിയും ഞാനും കൂടെ ചെന്നൈയില്‍ പോകാന്‍ തീരുമാനമായി, നാളെയാണ്‍ എക്സാം, രാവിലെ അവിടെ എത്തും, എത്തിക്കഴിഞ്ഞാല്‍ പിന്നെ ബസ്സിന്‍റെ കാര്യങ്ങളൊക്കെ റഷീദ് നോക്കിക്കോളും.ചെന്നൈ യൂണിവേഴ്സിറ്റിയില്‍  പഠിക്കുന്ന റഷീദ് അവന്‍റെ കോഴ്സിന്‍റെ ഭാഗമായി 10 ദിവസത്തെ ട്രെയിനിങ് ചെയ്തത് IIM ലായിരുന്നു, അവിടത്തെ ട്രെയിനിയായിരുന്ന എന്‍റെ സെക്ഷനിലായിരുന്നു റഷീദിന്‍റെ ട്രെയിനിങ്.ഫലത്തില്‍ എന്‍റെ ട്രെയ്നി.The Gad Fly എന്ന നോവലില്‍ നായകന്‍ പറയുന്നുണ്ട്, ഒരു അടിമയുടെ അടിമയായിരിക്കുക എന്നതാണ്‍ ലോകത്തിലേറ്റവും ഭീകരം എന്ന്. അതായിരുന്നു സത്യത്തില്‍ റഷീദിന്‍റെ അവസ്ഥ.പത്തഞ്ഞൂര്‍ ജേണലുകള്‍ വായിക്കുക പിന്നെ സീലടിക്കുക, ഇതായിരുന്നു അവന്‍റെ പ്രധാന ഡ്യൂട്ടി.വായിക്കുക എന്നു വെച്ചാല്‍ എഴുതിയ ആളിന്‍റെ പേര്‍ നോക്കുക, ഏതെങ്കിലും IIMKപരിഷകളുടെ പേര്‍ അതിലുണ്ടെങ്കില്‍ ഉടന്‍ സ്കാന്‍ ചെയ്ത് വേറൊരു കുണ്ടാമണ്ടി സോഫ്റ്റ്‌വെയറില്‍ കൊണ്ടുപോയിടണം.അവനുണ്ടായിരുന്ന പത്തു ദിവസം ഞാനൊന്നു നടുനിവര്‍ത്തി എന്നു പറഞ്ഞാപോരെ.

                          അങ്ങനെ ഞങ്ങള്‍ കോഴിക്കോട് സ്റ്റേഷനില്‍ നിന്ന് ചെന്നൈക്ക് ലോക്കല്‍ ട്രെയ്നില്‍ വണ്ടി കയറി. സ്വന്തം ശകടമായ ബസ്സില്‍നിന്ന് ട്രെയ്നിലെത്തിയതോടെ എലി പുലിയായി മാറി ഞാന്‍ ലക്ഷ്മിയുടെ പിന്നിലൊളിച്ചു.ഏറ്റവും പിറകില്‍ ലേഡീസ് കംപാര്‍ട്ട്മെന്‍റില്‍ കേറിയപാടെ ലക്ഷ്മി ഒരു വിശകലനം നടത്തി, എന്നിട്ട് ട്രെയ്നിലെ പുതുമുഖമായ എന്നോട് പറഞ്ഞു, ഷാജീ മനുഷ്യന്‍മാര്‍ ഇരുന്നിട്ട് ലഗേജ് ഇരുന്നാ മതി,നമുക്കാ ലഗേജ് മാറ്റി ബര്‍ത്തിലിരിക്കാം.ഞാന്‍ ചുറ്റും നോക്കി, എല്ലാം തമിഴ്സ്‌ത്രീകള്‍, ഞങ്ങള്‍ മത്രമേ നില്‍ക്കുന്നുള്ളൂ ആകെ മൊത്തം സിനിമയില്‍ സ്റ്റണ്ട് സീനിനു മുമ്പുള്ള ഒരു നിശ്ശബ്ദത, ഞാന്‍ പതുക്കെ ലഗേജില്‍ തൊട്ടു.അപ്പോള്‍ ഒരു മറ്മരം, പിറുപിറുകല്‍, അപകടം മണത്ത ഞാന്‍ ആറടിയെ നോക്കി,ഉടന്‍ പിന്നില്‍ നിന്നൊരു ഗര്‍ജ്ജനം

യാരെടീ നീ, തൊട്ടു കഴിഞ്ഞാല്‍ ശുട്ടിടുവേന്‍

പിന്നെ നടന്നത് മലയാളത്തിലും തമിഴിലുമായി ഒരു ഘോരയുദ്ധമായിരുന്നു.ലക്ഷ്മി മംഗ്ളീഷ് തമിഴിലും ഞാന്‍ ഇടക്കിടക്ക് ചില മലയാളം ഡയലോഗുകളിലൂടെയും യുദ്ധത്തില്‍ പങ്കെടുത്തെങ്കിലും ഞങ്ങള്‍ തോറ്റുതൊപ്പിയിട്ടു.

ലഗേജെങ്ങാന്‍ തൊട്ടാല്‍ കത്തിച്ചു കളയും, മിണ്ടാതെ അവിടെ നിന്നു കൊള്ളണം, #$***@#%^!**$%#@ഡും

 എന്നായിരുന്നു മലയാള പരിഭാഷ. ശേഷം കുന്തം പോലെ നിന്ന ഞങ്ങളെ രണ്ടു മൂന്നു മയമുള്ള തമിഴ് സ്‌ത്രീകള്‍ഇടപെട്ട് സീറ്റിലിരിക്കാന്‍ സ്ഥലം തന്നു.പാവം മീന മാഡത്തെ പരിചയപ്പെടുന്നതുവരേക്കും തമിഴ് സംസാരിക്കുന്നവരെല്ലാം എന്‍റെ ശത്രുക്കളായിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ നെയ്ബര്‍, എന്തോ അവശത ബാധിച്ച തമിഴ് സ്ത്രീ കുടിക്കാന്‍ വെള്ളം ചോദിച്ചു, ഞാന്‍ കൊടുത്തു.

                 അപമാനഭാരം മൂലം കടുത്ത ദേഷ്യത്തില്‍ ശത്രുപാളയത്തിലിരുന്ന ഞങ്ങള്‍സേലത്തെത്തിയപ്പോഴേക്കും തണുപ്പു മൂലം പൂച്ചകളായി മാറി.ഒരു കഷ്ണം സോപ്പും ഒരു തോര്‍ത്തും മാത്‌റം എടുത്തിരുന്ന ഞങ്ങള്‍ ചുരിദാര്‍ ഷാളുമായി യുദ്ധം ചെയ്യാന്‍ തുടങ്ങി,എനിക്ക് ഷാള്‍ ഒരു പുതപ്പിന്‍റെ സേവനം തന്നെങ്കിലും ലക്ഷ്മിയെ സംബന്ധിച്ചത് രണ്ടറ്റവും മുട്ടാത്ത ഒരു കണ്ടം തുണിയായിരുന്നു.  നേരം പുലരാറായപ്പോള്‍ ഞങ്ങള്‍ ചെന്നൈ സെന്‍ട്രലില്‍ വണ്ടിയിറങ്ങി.നേരെ ലേഡീസ് വെയ്റ്റിങ് റൂമില്‍ അത്യാവശ്യം വേണ്ട മേക്കപ്പ് നിര്‍വഹിച്ച് സ്റ്റേഷനു മുമ്പില്‍ വെയ്റ്റ് ചെയ്യുന്ന റഷീദിന്‍റടുത്തേക്ക് വെച്ച് പിടിച്ചു.അപ്പൊ അവിടെ ചെറിയ തിക്കും തിരക്കും, ചൂരലുമായി ഒരു പോലീസ് വന്നു വടിവീശാന്‍ തുടങ്ങി, ഞാന്‍ കുലുങ്ങിയില്ല, കേരളത്തിലെ പോലീസല്ലതെന്നു മനസ്സിലായി, മേക്കപ്പോണ്ടൊന്നും കാര്യമുണ്ടയില്ല, എനിക്കും ലക്ഷ്മിക്കും ചെറിയൊറടി കിട്ടി. പടച്ചവനേ ഈ ജയലളിതയെ ഷെരിപ്പെടുത്തണം, ഞെട്ടിപ്പോയ ഞങ്ങള്‍ റഷീദിന്‍റെ മെക്ക്ട്ട് കയറാന്‍ തുടങ്ങി(അവനൊറ്റൊരുത്തനാണിതിനൊക്കെ കാരണമെന്ന മട്ടില്‍)

                          പരീക്ഷ കഴിഞ്ഞതും ഞങ്ങള്‍ പരക്കം പായാന്‍ തുടങ്ങി, മറീന ബീച്ച് കണ്ട് ചെറുതായൊന്നു ഞെട്ടിയ ശേഷം ശരവണ സ്റ്റോറിലേക്കോടി.തിരിച്ച് ആറുമണിയുടെ ലോക്കല്‍ ട്രെയ്നില്‍ ഞങ്ങള്‍ കോഴിക്കോട്ടേക്ക് വണ്ടികയറി, ഇപ്രാവശ്യം ബര്‍ത്തില്‍ കയറി കിടന്നു, കാര്യമുണ്ടായില്ല.കുറച്ചു കഴിഞ്ഞപ്പോ ഞങ്ങളെപ്പോലെ വേറെയും കുറെ അഗതികള്‍ കയറിയ കാരണം കിടപ്പു ഇരിപ്പായി.നീളക്കൂടുതല്‍ കാരണം ഒടിഞ്ഞു മടങ്ങി ഇരുന്ന ലക്ഷ്മി കാലു വേദന കാരണം ഒന്നു കുടയും, അപ്പൊ മറീന ബീച്ചിലെ മണലു മുഴുവന്‍ താഴെ നിക്കുന്നവരുടെ വായില്‍ വീഴും.ഞൊണ്ടി ഞൊണ്ടി ലക്ഷ്മിയും പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ലാതെ ഞാനും കോഴിക്കോട് വണ്ടിയിറങ്ങി, ദേഹത്തെ ജംഗ്ഷനുകളും ജോയിന്‍റുകളുമൊക്കെ ഇടിഞ്ഞു പൊളിഞ്ഞ ലക്ഷ്മി 2 ദിവസം കിടപ്പിലായി. ഏകദേശം25 ദിവസം കഴിഞ്ഞപ്പൊ ചിക്കെന്‍പോക്സ് പിടിച്ച് ഞാനും കിടപ്പിലായി.അതായിരുന്നു എന്‍റെ ആദ്യത്തെ ചെന്നൈ ട്രിപ്പ്.

          ദേഷ്യം വന്നാല്‍ ഇംഗ്ളീഷ് പറയുന്ന മലയാളം പറഞ്ഞ് ഞെട്ടിപ്പിക്കുന്ന നിഷ്കപടതയുടെ പര്യായമായ എന്‍റെ ആറടിക്കാരിക്കുള്ളതാണീ പോസ്റ്റ്

Monday, June 10, 2013

K. S.R.T.C ബസ്

                             K. S.R.T.C ബസ്സിനെന്‍റെ ജീവിതത്തില്‍ നല്ല റോളുണ്ട്(മൂപ്പിലാന്‍ ചെയ്ത ക്രൂരക്രുത്യങ്ങള്‍!).ഞാനെന്‍റെ MLISc കഴിഞ്ഞ് ഷൊര്‍ണൂരുള്ള ഒരു സ്വാശ്രയ സ്ഥാപനത്തിലാണ്‍ ജോലി ചെയ്തിരുന്നത്.കായികാധ്വാനവും കയ്യാങ്കളിയുമായിരുന്നു പ്രധാന തൊഴില്‍.രാവിലെ എട്ടുമണിയുടെ ബസ്സില്‍ കയറി 6 മണിയുടെ ബസ്സില്‍ തിരിച്ചു വന്നാല്‍ എല്ലുകളൊക്കെ ഒടിഞ്ഞു നുറുങ്ങി മടങ്ങി ഞാന്‍ കട്ടിലിലൊരു കിടത്തമുണ്ട്.അപ്പോള്‍ എന്‍റെ ഉമ്മ തലക്കാം ഭാഗത്തിരുന്നു ചോദിക്കും, "മാളേ എന്താണവിടെ ജോലി എന്ന്".


                                  ആ സമയത്താണ്‍ ഞാന്‍ യൂണിവേഴ്സിറ്റിയുടെ റാങ്ക് ലിസ്റ്റില്‍ വരുന്നത്. MLIScകഴിഞ്ഞ് ജോലി എങ്ങാനും കിട്ടിപ്പൊയില്ലെങ്കിലോന്ന് പേടിച്ച് ഞാന്‍ ഇന്ത്യ ഒട്ടുക്ക് ഓടി നടന്ന് പരീക്ഷകള്‍ എഴുതിയിരുന്നു.ഏത് ലിസ്റ്റില്‍ പേരുണ്ടെന്ന് പറഞ്ഞാലും ഉപ്പ എന്നോട് ചോദിക്കും "അല്ലെങ്കിലെന്താ പേര്‍ വരാതിരിക്കാന്‍ എന്ന്". പണ്ട് പ്രൊഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ കൊടുക്കുമ്പൊ ഉപ്പ രണ്ടേ രണ്ട് വിഷയങ്ങളിലെ മാര്‍ക്കേ നോക്കൂ, ഇംഗ്ഗ്ളീഷും കണക്കും, എന്‍റെ പ്രിയപ്പെട്ട മലയാളമോ സോഷ്യലോ തിരിഞ്ഞ കണ്ണുകൊണ്ട്‌ മറിഞ്ഞു നോക്കില്ല, എന്നിട്ട് ഒരാത്മഗതം നടത്തും, എത്ര കുട്ടികളുടെ ഫോട്ടം പേപ്പറില്‍ വരുന്നു, റാങ്കും കിട്ടിയിട്ട്.അതു കൊണ്ടു തന്നെ  ഞാന്‍ ജോലിക്ക് ജോയിന്‍ ചെയ്തപ്പോ പോലും വീട്ടിലൊരു ആലവാരവും ഉണ്ടായില്ല, ഞാന്‍ സ്വയം നടത്തിയ ആലവാരങ്ങലൊഴിച്ച്. 


                           ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴെക്കും ജോലിക്കുള്ള  memo കിട്ടി. ആദ്യത്തെ വരി വായിച്ച് ഞാനതു ചുരുട്ടി മടക്കി എടുത്തു വെച്ചു.ഒരു ദിവസം പോലും ലീവ് എടുക്കാന്‍ പറ്റാത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പോലെ ഞാനെന്‍റെ സ്ഥാപനത്തെ സേവിച്ചു കൊണ്ടിരിക്കുകയായിരുന്നു.ജോയിന്‍ ചെയ്യേണ്ട ഡേറ്റിന്‍ ഏകദേശം ഒരാഴ്ച  മുമ്പ് ചുരുട്ടെടുത്ത് വിശദമായൊന്നു വായിച്ചു നോക്കി, അപ്പൊഴല്ലെ കൂത്ത്.ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വേണം, ഞാനാണെങ്കില്‍ അപ്ലേ ചെയ്തിട്ട് പോലുമില്ല. ഉടന്‍ ഞാനെന്‍റെ യൂണിവേഴ്സിറ്റിയിലേക്കോടി.രണ്ടു രണ്ടര വര്‍ഷം യൂണിവേഴ്സിറ്റി നിരങ്ങിയ പരിചയം കൊണ്ട്  emergency fee ഒക്കെ അടച്ച് തലേ ദിവസം ഞാനത് നേടിയെടുത്തു.ചുരുട്ടിന്‍റെ അവസാനഭാഗത്ത്  medical certificate വേണമെന്ന് പറയുന്നുണ്ട്.അതിനു സുഷമ ഉണ്ടല്ലോന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നു.


                              സുഷമ എന്നു പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടിലെ ഏക ഡോക്റ്ററാണ്.അതുകൊണ്ട് തന്നെ കേരളത്തില്‍ സുഷമ കഴിഞ്ഞേ വേറെ ആളുള്ളൂ എന്ന മട്ടിലായിരുന്നു.ഗര്‍ഭിണിയാണെങ്കിലും  കുട്ടിയാണെങ്കിലും വയസ്സനാണെങ്കിലും ഒക്കെ സുഷമ തന്നെ.ആളുകള്‍ അത് സ്വന്തം ഇഷ്ടപ്രകാരം സുസമ, സൂസമ്മ എന്നൊക്കെ വിളിക്കും. ചുരുട്ട് വായിച്ച് സുഷമ ഞെട്ടി, കാരണം സുഷമ ഗ്രേഡ് 1 അല്ല.അത് കേട്ട് ഞാനും ഞെട്ടി.അപ്പോള്‍ തന്നെ സുഷമ എന്നെ പട്ടാമ്പി ഗവ. ഹോസ്പിറ്റലിലേക്ക് ഓടിച്ചു, അവിടെയും ഗ്രേഡ് 1 ഇല്ല. ഒരു നിമിഷം വൈകാതെ ഞാന്‍ ഒറ്റപ്പാലത്തേക്കോടി.അവിടെയെത്തിയപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു.തളരാതെ ഞാന്‍ ഡോക്റ്ററുടെ വീട്ടിലേക്ക് പറന്നു.ഡോക്റ്റര്‍ റെഡി, പക്ഷെ അന്ചുമണികഴിഞ്ഞ കാരണം ഓഫീസ്‌ സീല്‍ വെക്കാന്‍ പറ്റില്ല, അതു കൊണ്ട് അടുത്ത ദിവസം വരാന്‍ പറഞ്ഞു.നാളെയാണ്‍ സാര്‍ ജോയിന്‍  ചെയ്യേണ്ടതെന്നറിയിച്ചപ്പോള്‍ ഡോക്റ്റര്‍ എന്നെ ഒരു നോട്ടം നോക്കി, അതിന്‍റെ മലയാളം പരിഭാഷ ഇതായിരുന്നു...... ന്‍ മുട്ടുമ്പോളണോ പറമ്പന്ന്വേഷിക്കുകാന്ന്

 

                     അങ്ങനെ അടുത്ത ദിവസം ഒരു ലോഡുമായി (Lagguage)ഞാന്‍ അതിരാവിലെ വീട്ടില്‍ നിന്നിറങ്ങി.ഈ വക കാര്യങ്ങളൊന്നും ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല.അതു കൊണ്ട് തന്നെ കൂടെ വരാനിറങ്ങിയ ഉപ്പയെ ഞാന്‍ പല്ലും നഖവും ഉപയോഗിച്ച് തോല്‍പിച്ചിരുന്നു.(ഇതൊക്കെ അറിഞ്ഞാല്‍ ഉപ്പ എന്നെയും കൊന്ന് ജയിലില്‍പോകും, പിന്നെ ജോയിന്‍ ചെയ്യലൊന്നും നടക്കില്ല, കാരണം certificate വാങ്ങിയിട്ട് വേണ്ടേ പോകാന്‍).ഉപ്പയുടെ രീതി അനുസരിച്ച് ഉച്ചക്കുള്ള പരീക്ഷക്ക് പുലര്‍ച്ചെ പരീക്ഷാഹാളിലെത്തണം,ഈ ക്രൂരക്രുത്യങ്ങള്‍ കാരണം  Pre degree കഴിഞ്ഞപ്പൊഴെ ഞാന്‍ ഉപ്പയുടെ സേവനം വേണ്ടാന്ന് വെച്ചിരുന്നു.പിന്നെ ഉപ്പ പെണ്‍കുട്ടികള്‍ എല്ലാം തനിയെ ചെയ്യണം എന്ന പോളിസിക്കാരനാണ്, വാഹനമോടിക്കുന്ന സ്ത്രീകളെ ഉപ്പാക്ക് വലിയ ബഹുമാനമാണ്. ഉപ്പയുടെ വലിയ റാലി സൈക്കിള്‍ ഓടിച്ച് പറത്താത്തതിനു ഉപ്പ ഞങ്ങളെ പുച്‌ഛിക്കും.

 

                               രാവിലെത്തന്നെ ഞാന്‍ ഒറ്റപ്പാലം ഹോസ്പിറ്റലിലേക്ക് പറന്നെങ്കിലും കാര്യമുണ്ടായില്ല. ഓഫീസ് തുറക്കണമെങ്കില്‍ 10 മണിയാകും.എരിപൊരി സന്ചാരം മാറ്റാന്‍ വേണ്ടി ലോഡിറക്കിഞാന്‍ അടുത്തുള്ള ചായക്കടയില്‍ കയറി.(എവിടെപ്പോയാലും എനിക്ക് ചായക്കടയില്‍ കയറുന്ന സ്വഭാവമുണ്ട്‌, അങ്ങനെ എന്‍റെ  ഒരു P.S.Cപരീക്ഷയുടെ അരമണിക്കൂര്‍ നഷ്ടപ്പെട്ടിട്ടുണ്ട്).ചായ കുടിച്ചെത്തിയപ്പോഴേക്കും ഓഫീസ് തുറന്നു, സീലടിച്ചു, ഡോക്ടറിന്‍റെ ഗുഡ് ലക്കൊക്കെ സ്വീകരിച്ചു ത്രിശ്ശൂരേക്ക് വണ്ടി കയറി, സാദാ ലിമിറ്റഡ് സ്റ്റോപ്പ് നിരങ്ങി നിരങ്ങി ത്രിശ്ശൂര്‍ പ്രൈവറ്റ് സ്റ്റാന്‍ഡിലെത്തി, ഞാന്‍ ലോഡുമായി  K.S.R.t.Cസ്റ്റാന്‍ഡിലേക്ക്  നടന്നു(അതെന്താണ്‍ ഞാന്‍ ഓട്ടോറിക്ഷ വിളിക്കാതിരുന്നത്)സൂപ്പര്‍ഫാസ്റ്റില്‍ കയറി.ഉച്ചക്ക് മുമ്പ് ജോയിന്‍ ചെയ്യണം എന്നയിരുന്നെന്‍റെ കണക്ക് കൂട്ടല്‍.കയറി ഇരുന്നപ്പോ തന്നെ ഞാന്‍ കണ്ടക്റ്ററെ വിസ്തരിച്ചു, ഒറ്റക്ക് പോകുന്ന കുട്ടിയാണ്, ജോയിന്‍ ചെയ്യാന്‍ പോവുകയാണ്, കളമശ്ശേരി എത്തിയാല്‍ പറയണം.പണ്ട് പറ്റിയ പറ്റ് പറ്റരുതല്ലോ.ഓരൊ 10 മിനിറ്റ് കൂടുമ്പോളും ഞാന്‍ അയാളെ ഓര്‍മിപ്പിക്കും.അങ്ങനെ ഉറങ്ങാതെ പിടിച്ചിരിക്കുകയാണ്, ഒറ്റ ബോര്‍ഡും വിടാതെ വായിക്കുന്നുണ്ട്. പ്രീമിയര്‍ കളമശ്ശേരി എത്തിയപ്പോള്‍ ഞാന്‍ കണ്ടക്ടറെ കണ്ണും തുറിച്ചു നോക്കാന്‍ തുടങ്ങി, അയാളപ്പൊ കണ്ണടക്കും. അതാ അടുത്ത ബോര്‍ഡ് ഇടപ്പള്ളി, എന്‍റെ കുഞ്ഞിത്തല പ്രവര്‍ത്തിക്കാന്‍ തുടങ്ങി.അടിയന്തിരമായി കണ്ടക്റ്ററെ വിളിപ്പിച്ചു.അപ്പോ ആ മഹാന്‍ അയാളീ റൂട്ടിലാദ്യമായ് ഓടുകയാ, കുസാറ്റ് എവിടെയാന്നരിയില്ലാന്ന്!. ഞാന്‍ തകര്‍ന്നു, വണ്ടി നിര്‍ത്താന്‍ പറഞ്ഞപ്പോളോ കോന്തന്‍ പറയുകയാ, അതു സൂപ്പര്‍ഫാസ്റ്റാ, കലൂരേ ഇനി സ്റ്റോപ്പുള്ളൂന്ന്.

 

                        അങ്ങനേ ഞാന്‍ ലോഡും കൊണ്ട് ബ്ളോക്കും കഴിഞ്ഞ് കലൂര്‍ ബസ്സെറങ്ങി, ഇതിനിടക്ക് പലകുറി കണ്ണു കൊണ്ടൂം നാവു കൊണ്ടും ഞാന്‍ കണ്ടക്റ്ററെ ഭേദ്യം ചെയ്തിരുന്നു.കലൂരില്‍ നിന്ന് പ്രൈവറ്റ് ബസ്സില്‍ കയറിയ ഞാന്‍ കണ്ടക്റ്ററെ വിശ്വാസം പോരാഞ്ഞ് ഡ്രൈവറെയും കിളിയെയും കൂടാതെ അടുത്തിരിക്കുന്ന ആളുകളോടും കുസാറ്റ് എത്തിയാല്‍ പറയാന്‍ എല്‍പിച്ചിരുന്നു.ഒടുക്കത്തെ ബ്ലോക്കും കഴിഞ്ഞ് ഒരു മണിക്കൂറെടുത്ത് ബസ് എന്‍റെ സ്റ്റോപ്പ് എത്തിയപ്പോഴേക്കും, ബസ്സില്‍ നിന്ന് ഒരാര്‍ത്തനാദം ഉയര്‍ന്നു, കുസാറ്റേ എന്നും പറഞ്ഞ്. അങ്ങനെ  K.S.R.T.C ബസിന്‍റെ സഹായം കൊണ്ട് എന്‍റെ സര്‍വീസ് ബുക്കില്‍ ജോയിനിംഗ് ഡേറ്റ് ആഫ്റ്റര്‍ നൂണ്‍ ആയിപ്പോയി.


Saturday, June 8, 2013

കുന്നംകുളം Vs കൂത്താട്ടുകുളം

                     ഞാന്‍ ഒറ്റക്ക് സന്ചരിച്ച കുറേ സ്ഥലങ്ങളുണ്ട്.അതില്‍ ധീരതയോടെ (അതായത് പേടിച്ചു വിറച്ച് ) ഞാന്‍ നേരിട്ട കുറച്ചു സംഭവങ്ങള്‍ പറയട്ടേ. ഞാന്‍ എന്‍റെ  BLISc കഴിഞ്ഞ്‌  അങ്കമാലിയിലെ ഒരു സ്വാശ്രയ സ്ഥാപനത്തില്‍ ആദ്യമായി ജോലിക്കു കയറി ഒരു മാസം കഴിഞ്ഞ്‌ ആദ്യമായി  വീട്ടിലേക്കു പോവുകയാണ്.കുന്നംകുളം എന്ന കുഞ്ഞക്ഷരം ബോര്‍ഡില്‍ കണ്ടതും കണ്ണടച്ച് K.S.R.T.C യില്‍ ചാടിക്കേറി.സീറ്റിലിരുന്നാല്‍ ഉടന്‍ ഉറങ്ങിക്കളയണമെന്ന പോളിസി ഉള്ളതുകൊണ്ട് താമസംവിനാ ഉറക്കം ആരംഭിച്ചു.


                  10 മിനിറ്റ് കൂടുമ്പോള്‍ കണ്ണു തുറന്നു  നോക്കുമ്പൊളൊക്കെ കാണാത്ത കാഴ്ചകള്‍. ഏല്ലാം ത്രിണവത്ഗണിച്ചുകൊണ്ടു ഗാഡസുഷുപ്തിയിലായി.കുറേ കഴിഞ്ഞപ്പോള്‍ ഒരു ഞരക്കം.ബസ് ഒരു സ്റ്റോപ്പില്‍ നിറ്ത്തിയതാണ്.കുറേ സമയമായി ഞാന്‍ കയറിയിട്ട്, കണക്കു പ്രകാരം ത്രിശൂര്‍ എത്തേണ്ടതാണ്.അപ്പോളതാ ഒരു പള്ളിക്കു മുമ്പില്‍ അമ്മയുടേയും കുട്ടിയുടെയും ഉഗ്രന്‍ പ്രതിമ,(ആ സ്ഥലം മൂവാറ്റുപുഴയായിരുന്നു.) ഞാനിന്നുവരെ കണ്ടിട്ടില്ലല്ലോ ഇത്രയും വലിയ ഈ പ്രതിമ ത്രിശൂരില്‍ എന്നോര്‍ത്ത് ഞാനെന്‍റെ ശ്രദ്ധക്കുറവിനെ ശാസിച്ചു വീണ്ടും കണ്ണടച്ചു.. അടുത്തിരിക്കുന്ന പെണ്‍കുട്ടി ഉറക്കമുണര്‍ന്ന എന്നോട് ചിരിച്ചു കാണിച്ചപ്പോള്‍ ഒരു കുശലം ചോദിച്ചു കളയാമെന്നു കരുതി ത്രിശൂരെത്താറായോന്നു ഞാന്‍ ചോദിച്ചു, ചോദ്യം കേട്ടതും ആ കുട്ടി ഒരു ഞെട്ടു ഞെട്ടി,എന്നിട്ടു ചോദിച്ചു, ഇതു കൂത്താട്ടുകുളം ബസ്സാണല്ലോ. അപ്പോള്‍ ഞെട്ടിയത് ഞാനാണ്.പണ്ട് സ്കൂളില്‍ കൂത്താട്ടുകുളം മേരിയെക്കുറിച്ച് ഒരു പാഠം പഠിച്ചിട്ടുള്ളതല്ലാതെ ഞാനന്നുവരെ കേള്‍ക്കാത്ത ഒരു സ്ഥലമായിരുന്നു കൂത്താട്ടുകുളം.


                 ഉടന്‍ വണ്ടി നിര്‍ത്താന്‍ ഞാനാവശ്യ്പ്പെട്ടു.എന്‍റെ വലിയ ദേഹവും ചെറിയ ശബ്ദവും കുഞ്ഞന്‍ കണ്ണുകളും കണ്ട കണ്ടക്റ്റര്‍ പറഞ്ഞു,

"ഇതു സൂപ്പര്‍ഫാസ്റ്റാണ്, ഇവിടെയൊന്നും സ്റ്റോപ്പില്ല, കൂത്താട്ടുകുളത്തേ ഇനി നിര്‍ത്തൂ".

"പിന്നെന്തിനു നിങ്ങളെനിക്കു ടിക്ക്റ്റ് തന്നു, ഞാന്‍ കുന്നംകുളം എന്നാണല്ലോ പറഞ്ഞത്".

"ഇതു കുന്നംകുളത്തു നിന്നു വരുന്ന വണ്ടിയാണ്‍, ഞാന്‍ കൂത്താട്ടുകുളം എന്നാ കേട്ടത്, അതു കൊണ്ടാ ടിക്കറ്റ് തന്നത്‌"

 എന്നും പറഞ്ഞാ ബുദ്ധിമാനായ കശ്മലന്‍ എന്‍റെ കയ്യില്‍ നിന്നും ടിക്കറ്റും വാങ്ങിക്കളഞ്ഞു. അപ്പോഴേക്കുംസമയം 5.30 ആയിരുന്നു.അങ്ങനെ കുന്നംകുളത്തേക്കു പുറപ്പെട്ട ഞാന്‍ കൂത്താട്ടുകുളം നഗരത്തില്‍ വണ്ടിയിറങ്ങി.


                             അശരണയായ എന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വേണ്ടി കൂടെ ഇറങ്ങിയ ആളുകളെല്ലാം ചുറ്റും കൂടി, അവരെ എല്ലാം ആട്ടിപ്പായിച്ചു കൊണ്ട് 2 ചേച്ചിമാര്‍ ഓടിവന്നു എന്‍റെ കൈ പിടിച്ചു, എന്നിട്ട് അവരുടെ കൂടെ വരാന്‍ നിര്‍ദ്ദേശിച്ചു.മിക്ക പീഡനക്കേസുകളിലും ഓരോ സ്ത്രീകള്‍ പ്രതിയാണല്ലോ അതു കൊണ്ട് സൂക്ഷിക്കണം എന്നുറച്ച് ഞാന്‍ കൈ സൂത്രത്തില്‍ വിടുവിച്ച് അവരുടെ പിന്നാലെ നടന്നു. അങ്ങനെ വല്ലതുമുണ്ടായാല്‍ ഒറ്റ  ഓട്ടം വച്ചു കൊടുക്കാമാല്ലോ!.

ആ പാവപ്പെട്ട ചേച്ചിമാരിലൊരാള്‍ക്കു എന്‍റെ പൊട്ടത്തരം കണ്ട് കരച്ചില്‍ വന്നു.അതിനും എന്‍റെ പ്രായത്തിലുള്ള ഒരു മോളുള്ളതാണ്, സൂക്ഷിച്ചു വേണ്ടേ കയറാന്‍ എന്നൊക്കെപറഞ്ഞ് എണ്ണിപ്പെറുക്കാന്‍ തുടങ്ങി.തിരിച്ചു ഞാനും എന്‍റെ വീട്ടില്‍ പോകാതെ അങ്കമാലിയിലേക്കു പൊയ്ക്കോളാം, ബസ് സ്റ്റോപ്പ് കാണിച്ചു തന്നാ മതി, എന്നൊക്കെ  എണ്ണിപ്പെ റുക്കിയെങ്കിലും അവര്‍ ലവലേശം എന്നെ ഗൌനിച്ചില്ല.


                    കുറേ കൂടിയാലോചനക്കൊടുവില്‍ അവരുടെ പെരുമ്പാവൂരിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുന്ന ഒരു കൂട്ടുകാരിയെ ഏല്പ്പിക്കാന്‍ ധാരണയായി.എന്‍റെ കഥകളൊക്കെ കേട്ട് ഞെട്ടിയ ആ കൂട്ടുകാരി എന്നെയുംകൊണ്ട് തിരിച്ചു അങ്കമാലിയിലേക്ക് പുറപ്പെട്ടു.ബസ്സില്‍ വെച്ച് അവര്‍  BEdനു പഠിക്കുന്ന ഒരു മുക്കനൂര്‍കാരിയെ പരിചയപ്പെട്ട് അതിന്‍റെ സുരക്ഷിത കരങ്ങളില്‍ എന്നെ ഏല്‍പ്പിച്ചു.ആ പെണ്‍കുട്ടി ഫോണ്‍ വിളിച്ച് അതിന്‍റെ അച്ഛനെ സ്റ്റോപ്പില്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു, എന്നെ ഭദ്രമായി ഹോസ്റ്റല്‍ റൂമില്‍ ഇറക്കാന്‍ വേണ്ടി, അങ്ങനെ ഏകദേശം ഒരു ജാഥക്കുള്ള ആളുകളുമായി വീട്ടിലേക്ക് പുറപ്പെട്ട ഞാന്‍ രാത്രി എട്ടുമണിയോടെ ഹോസ്റ്റലില്‍ തിരിച്ചെത്തി. വാതില്‍ തുറന്ന് എന്നെക്കണ്ട് ഞെട്ടിപ്പോയ റൂംമേറ്റ് ഫ്ലവര്‍ ഒരാന്തലോടെ കഥകളൊക്കെ കേട്ട് കുരിശും വരച്ച് പിറ്റേന്നു അതിരാവിലെ എന്നെ വീട്ടിലേക്ക് യാത്രയാക്കി.