Monday, January 9, 2023

ക്വാളിറ്റി ബേക്കറി

                             എത്ര നേരത്തെ എഴുന്നേറ്റാലും എന്നും രാത്രി വൈകി കിടന്നാലും എനിക്കൊരിക്കലും ക്രുത്യ സമയത്ത് ഓഫീസില്‍ പന്‍ച് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല   . അന്ന് രാവിലെ അടുക്കളയിലെ ലോങ്ജമ്പും ഹൈജമ്പും എല്ലാം തീര്‍ത്ത് ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം 8.50. ഞാന്‍ ക്രുത്യസമയത്ത് പന്ച് ചെയ്യാന്‍ പോകുന്ന സുദിനം ഇതാ വന്നെത്തിയിരിക്കുന്നു. ആഹാ, ഞാന്‍ സന്തോഷം കൊണ്ട് ഹാളില്‍ ഉലാത്താന്‍ തുടങ്ങി.ഇങ്ങനെ ഒരു അവസ്ഥ ഇന്നുവരെ ഉണ്ടായിട്ടുള്ലതല്ല. അതുകൊണ്ട് ഒന്നുലാത്തിക്കളയാം.

    യൂണിവേഴ്സിറ്റി ക്യാമ്പസില്‍ തന്നെ താമസിക്കുന്ന ഞാന്‍ സാധാരണ ഓഫീസിലെത്താന്‍ വേണ്ടി ആലുവ മുതല്‍ കളമശ്ശേരി വരെയുള്ള എല്ലാ ഓട്ടോക്കാരെയും വിളിച്ച് കരയുകയാണ്‍ പതിവ്. ഇന്നതിന്‍റെ ആവശ്യമില്ല. രാവിലെ 6.30 നു ഓഫീസില്‍ പോയിരിക്കുന്ന ഷാനുക്ക എന്നെ ഓഫീസിലാക്കാന്‍ വേണ്ടി 9 മണിയാകുമ്പോഴേക്കും എത്താമെന്ന് പറഞ്ഞിട്ടുണ്ട്. 3 തവണ ഉലാത്തിക്കഴിഞ്ഞപ്പൊ മനസ്സിലൊരു ആപത്ശങ്ക. 

ഇനി ഷാനുക്ക മറന്നു പോയിക്കാണുമോ, വിളിച്ചു നോക്കിയാലൊ

വേണ്ടാ. ഞാന്‍ വില്ലുപോലത്തെ പുരികങ്ങളും കത്തുന്ന കണ്ണുകളുമായി ശരവേഗത്തില്‍ വണ്ടി ഓടിക്കുന്ന ഷാനുക്കയെ ഒന്നു സങ്കല്‍പിച്ചു.


 ഇനി ഞാന്‍ വിളിച്ച് ഷാനുക്കയുടെ കോണ്‍സന്‍ട്രേഷന്‍ തെറ്റുകയും വണ്ടി മറിയുകയും ചെയ്താലോ, വേണ്ടാ, ഉലാത്തുക തന്നെ. ഇന്നായിരിക്കില്ല ആ സുദിനം. ഇനിയിപ്പൊ 9 മണിക്ക് പന്ച് ചെയ്‌തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. relaxation time കിടക്കുകയല്ലെ.

                        സമയം 9.20. ഉലാത്തി ഉലാത്തി കാലു വേദനിക്കാന്‍ തുടങ്ങി. ഇനി കാത്തു നില്‍ക്കുന്നതില്‍ അര്‍ഥമില്ല.വിളിക്കുക തന്നെ. വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നില്ല. ചിലപ്പോള്‍ വണ്ടി ഓടിക്കുകയായിരിക്കും. ഒന്നു കൂടി ചിന്തിച്ചപ്പോള്‍ അങ്ങനെയല്ല. ഞങളുടെ രണ്ടാളുടെ  സ്വഭാവവും ഒരുപോലെയാണ്‍ (ഷാനുക്ക വിളിച്ചാല്‍ ഞാനോ ഞാന്‍ വിളിച്ചാല്‍  ഷാനുക്കയൊ ഒറ്റ കോളില്‍ ഫോണ്‍ എടുക്കാറില്ല. എന്നാല്‍ വല്ല കൂട്ടുകാരുമാണെങ്കില്‍ ഞങ്ങള്‍ ചാടി എടുക്കും).

 

ഒന്നു കൂടി വിളിച്ചു. 

"എന്താ, പെട്ടെന്നു പറ"(അതീവ ധ്രുതിയിലുള്ള ശബ്ദം)

"എന്നെ എന്താ വിളിക്കാന്‍ വരാത്തത്"

"നിന്നെ വിളിക്കാന്‍ വരുകയോ"

"ഹെന്ത്!, എന്നെ ഇന്ന് രാവിലെ കൊണ്ടു വിടാം എന്നു പറഞ്ഞതല്ലേ"

"ഞാനങ്ങനെ പറഞ്ഞോ, നീ വല്ല ഓട്ടോയും വിളിച്ചു പോ"

"എന്നെ കൊണ്ടു വിടാം എന്നു പറഞ്ഞത് കൊണ്ടല്ലെ ഞാന്‍ കാത്തു നിന്നത്,അല്ലെങ്കില്‍ ഞാന്‍ എപ്പൊഴെ പോയേനെ"

ഞാന്‍ അലറി.

ഷാനുക്ക എന്നെ ശ്രദ്ധിക്കുന്നത് പോലുമില്ല. വേറെ ആരോടോ എന്തൊക്കെയോ പറയുന്നു.

ഒരു വാഗ്വാദത്തിനുള്ള സമയമല്ലിത്. എത്രയും പെട്ടെന്ന് ഓഫീസിലെത്തണം. ഞാന്‍ ആ കാപാലികനെ മനസ്സില്‍ അമ്മിക്കല്ലു കൊണ്ട് നാലു ഇന്ചിക്കുത്ത് കൊടുത്ത് ഫോണ്‍ കട്ട് ചെയ്ത് എന്‍റെ ഓട്ടോ സുഹ്രുത്തുക്കളെ വിളിച്ചു. ഒരാളും ആ യൂണിവേഴ്സിറ്റി പരിസരത്തില്ല.  ഞാന്‍ വാതില്‍ വലിച്ചടച്ച് കൊണ്ട് ഗേറ്റിനു പുറത്തേക്കോടി. വീടിനു മുന്നില്‍ നിന്ന് ഏകദേശം ഒരു 200 മീറ്റര്‍ ഹിമാലയത്തിന്‍റെ മുകളിലേക്ക് എന്ന പോലെ കുത്തനെ ഒരു കയറ്റമാണ്.

ഒന്നും നോക്കിയില്ല. ഞാന്‍ ആ കയറ്റം ഓടിക്കയറി. മുകളിലെത്തിയിട്ട് പട്ടി കിതക്കുന്ന പോലെ കിതച്ച് അവിടെ നിന്നു (എന്നും ഞാനങ്ങനെയാണ്.എന്‍റെ ആ ഓടിക്കയറ്റവും മുകളില്‍ ചെന്നുള്ള വിശ്രമിക്കലും കണ്ടാല്‍ എനിക്കെന്തൊ മുകളില്‍ എടുത്തു വെച്ചിട്ടുണ്ട് എന്നാണ്‍ തോന്നുക).


ഒരടി നടക്കാന്‍ പറ്റുന്നില്ല. ഓടിക്കയറ്റം വേണ്ടായിരുന്നു. ഒരാവേശത്തിനു ചെയ്തു പോയതാണ്.

സമയം 9.25. അതു കണ്ടതോടെ എന്‍റെ ക്ഷീണമൊക്കെ പമ്പ കടന്നു. ഞാന്‍ ഏന്തി വലിച്ച് കിതച്ചു കൊണ്ട് നടക്കാന്‍ തുടങ്ങി.ഒരു 300 മീറ്റര്‍ നടന്നാല്‍ മൂന്നും കൂടിയ റോഡുണ്ട്.  അവിടെ എത്തിയ ഞാന്‍ 3 റോഡിലേക്കും ഓടിക്കളിക്കാന്‍ തുടങ്ങി.ഏതെങ്കിലും ഒരു ഓട്ടോയെ തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയാണ്‍ ഈ പരാക്രമങ്ങളൊക്കെ. ഒറ്റ ഓട്ടോ പോലും നിര്‍ത്തുന്നില്ല, എല്ലാറ്റിലും ആളുകളാണ്‍ . എന്തൊരു വിധി, വല്ല ബൈക്കുകാരനെയും തടഞ്ഞ് പിന്നില്‍ കയറിപ്പോയാലോ. 

അപ്പോഴതാ ഒരു ഓട്ടോ വരുന്നു, ഞാന്‍ കൈ കാണിച്ചു. ആളുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് പ്രശ്നമല്ല. ഞാന്‍ എല്ലാറ്റിനും കൈ കാണിക്കും. ആ ഓട്ടോ കുറച്ചു മുന്നോട്ട് കൊണ്ടുപോയി നിര്‍ത്തി. സാധാരണ ഓട്ടോ അല്ല, ഡോര്‍ ഉള്ള ടാക്സി ഓട്ടോയാണ്, ഞാന്‍ പിന്നാലെ ഓടി.

ഓട്ടോക്കാരന്‍റെ മുഖത്തൊരു സംശയം.  അയാള്‍ക്ക് ഒന്നും പറയാനിട കൊടുക്കാതെ ഞാന്‍ ബാക്ക് ഡോര്‍ വലിച്ചു തുറന്നു. എന്തൊക്കെയോ ചവര്‍ സാധനങ്ങള്‍, പെട്ടികള്‍ ഒക്കെ. എനിക്കിരിക്കാന്‍ സ്ഥലമില്ല. മുന്നില്‍ നോക്കിയപ്പോള്‍ ഡ്രൈവറുടെ സീറ്റിന്‍റെ അടുത്തുള്ള സീറ്റില്‍ ഒന്നുമില്ല.

മൌനം സമ്മതം , ഞാന്‍ അയാളുടെ മുഖത്തേക്കൊന്ന് നോക്കിയിട്ട് അവിടെ ചാടിക്കയറി ഇരുന്നു.

ഇവിടെ ഇരുന്നു എന്നുള്ളതു കൊണ്ട് വേറൊന്നും തോന്നണ്ട എന്ന മട്ടില്‍ ഞാന്‍ അയാളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട്, സ്റ്റ്രെയിറ്റ് പോയി ലെഫ്റ്റ് പോണം എന്ന് ആജ്ഞാപിച്ചു.

ഡ്രൈവര്‍ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്. ഞാനാണെങ്കില്‍ എന്നോട് മിണ്ടിപ്പോകരുത്, ഞാന്‍ അത്തരക്കാരിയല്ല എന്ന മട്ടില്‍ ഇരിക്കുകയാണ്.

വണ്ടി ഡേകെയറിന്‍റെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ നിറുത്താന്‍ പറഞ്ഞു, എന്നിട്ട് ദവീന്‍റെ സാധനസാമഗ്രികളൊക്കെ എടുത്ത് ഡേകെയറിലേക്ക് പറന്നു (അവന്‍ സ്കൂള്‍ വിട്ടാല്‍ അവിടെയാണ്‍ വരുക, അവനു മാറാനുള്ള ഡ്രെസ്സും കഴിക്കാനുള്ള ഭക്ഷണവുമൊക്കെയാണ്‍ എന്‍റ കയ്യില്‍). ആ പറക്കലിനിടയിലും ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. ഡേ കെയറിനു മുന്നിലുള്ള മില്‍മക്കാരന്‍ അതിശയത്തോടെ എന്നെ നോക്കുന്നു. അയാള്‍ക്ക് ഷാനുക്കയെ അറിയാം.(അയാളെ മാത്രമല്ല, അന്നാട്ടിലെ എല്ലാ ചായകടക്കാര്‍ക്കും ഷാനുക്കയെ അറിയാം, വീട്ടില്‍ നിന്നു കുടിക്കുന്ന 5 ചായ പോരാഞ്ഞ് ഷാനുക്ക നടന്ന് ചായ കുടിക്കും). അയാളുമായുള്ള ബന്ധം നിര്‍ത്താന്‍ ഇന്നു തന്നെ ഷാനുക്കയോട് പറയണം. ഒരു സദാചാരക്കാരന്‍ വന്നിരിക്കുന്നു. ഇങ്ങനെയുള്ളവരെയൊക്കെ ചതക്കണം.

മില്‍മക്കാരനെ ത്രുണവല്‍ഗണിച്ച് കൊണ്ട് ഞാന്‍ തിരിച്ച് വണ്ടിയില്‍ക്കയറി നേരെ പോയി റൈറ്റ് തിരിഞ്ഞ് കംപ്യൂട്ടര്‍ അപ്‌ളിക്കേഷന്‍ എന്ന ഡിപ്പാര്‍റ്റ്മെന്‍റിലേക്ക് വിടാന്‍ ഓര്‍ഡറിട്ടു. അപ്പോള്‍ ഡ്രൈവര്‍ വിക്കി വിക്കി നിങ്ങള്‍ ഇവിടെ ഇറങ്ങുമോ, എനിക്ക് വേറെ വഴിക്ക് പോണം എന്നു പറഞ്ഞു.

ഹെന്ത്! കേറിയ ഞാന്‍ ഇറങ്ങാനോ, ഒരിക്കലുമില്ല എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് "നിങ്ങള്‍ അതു കയറുമ്പോ പറയണ്ടെ, കാശു തന്നാ പോരെ, ഒന്നു വേഗം വിടൂ, എനിക്ക് തിരക്കുണ്ട്" എന്നലറി. 

അങ്ങനെ വളവുകളും തിരിവുകളും ഒക്കെ പിന്നിട്ട് ശരവേഗത്തില്‍ ഞങ്ങള്‍ ഡിപ്പാര്‍ട്ട്മെന്‍റിലെത്തി.  ഇനി നമ്മള്‍ തമ്മില്‍ ഒരു ബന്ധവുമില്ല, ഒരു പ്രത്യേക സാഹചര്യത്തില്‍ മുന്നില്‍ കയറിപ്പോയതാണ്, ഇനി ഇതിന്‍റെ പേരില്‍ ഭാവിയില്‍ എന്നോട് ചിരിക്കാനൊന്നും വന്നേക്കരുത് എന്ന മട്ടില്‍ ഗൌരവം ഒട്ടും വിടാതെ ചോദിച്ചു.

 "എത്രയായി"

"അയ്യോ, എനിക്ക് പൈസ വേണ്ട, ഞാന്‍ quality bakery യുടെ വണ്ടിയാ, ഡെലിവെറിക്ക് പോവുകയാണ്, ഞാന്‍ ഈ ഡിപ്പാര്‍ട്ട്മെന്‍റിലും ഡെലിവറി ചെയ്തിട്ടുണ്ട്"

ആ ഒരു നിമിഷത്തിലാണ്‍ ഞാന്‍ വണ്ടിയുടെ പിന്‍ഭാഗം ശ്രദ്ധിക്കുന്നത്. വണ്ടിയുടെ പിന്‍ഭാഗം നീണ്ടിരിക്കുന്നു. അതൊരു ഓട്ടോ ടാക്സി ആയിരുന്നില്ല,ടെമ്പോ ആയിരുന്നു. എത്രയും പെട്ടെന്ന് ഓട്ടോ കിട്ടണം എന്ന ആക്രാന്തത്തില്‍ പാവം ടെമ്പോയെ തെറ്റിദ്ധരിച്ചതാണ്. വെറുതെയല്ല മില്‍മക്കാരന്‍ എന്നെ നോക്കിയത്‌. നവരസത്തിനു ശേഷമുള്ള ഒരു രസവുമായി നിക്കുന്ന എന്റെ മുഖത്ത് നോക്കി അയാള്‍ കൈ വീശി. ഞാന്‍ തിരിച്ചും

ഞാന്‍ ഒരു കള്ളനെപ്പോലെ ചുറ്റും നോക്കിയശേഷം (ടെമ്പോയിലെ ലാന്‍ഡിങ്ങ്‌ ആരും കണ്ടില്ലല്ലോന്ന്) ഓടിപ്പോയി പന്ച് ചെയ്തു.