Tuesday, October 14, 2014

പശു

              എല്ലാവര്‍ക്കും ജനിച്ചു വളര്‍ന്ന നാടും  കുട്ടിക്കാലവും  മനോഹരമാണ്. എനിക്കും അങ്ങനെതന്നെ. ഹിന്ദുക്കളും മുസ്ലിങ്ങളും  ഇടകലര്‍ന്നു ജീവിക്കുന്ന  ഒരു അന്തരീക്ഷം.ക്രിസ്ത്യാനികള്‍ഇലലായിരുന്നു.ഞാന്‍ അന്ചാം ക്ളാസ്സില്‍  പഠിക്കുമ്പോള്‍ ഇടുക്കിയില്‍ നിന്നും അമ്മച്ചിയും കുടുംബവും താമസിക്കാനെത്തി . അതോടെ ആ  കുറവും തീര്‍ന്നു. ഓണത്തിനും വിഷുവിനുമൊക്കെ അയല്‍പക്കത്തെ അമ്മൂട്ടി അമ്മയും ഭാരതിയമ്മയും പായസവും ഓലനും കാളനുമൊക്കെ കൊണ്ടുതരും, അതിനു വേണ്ടി ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുമായിരുന്നു. പകരം ഇരുപത്തേഴാം രാവിനും പെരുന്നാളിനുമൊക്കെ പലഹാരങ്ങളും ഇറച്ചിക്കറിയും ഉമ്മ അവര്‍ക്കും എത്തിക്കും.ഞങ്ങളുടെ സമ്മര്‍ദപ്രകാരം ഉമ്മ പായസവും  മകന്‍ കുട്ടന്‍റെ ആവശ്യപ്രകാരം ഭാരതിയമ്മ ഇറച്ചിക്കറിയും ഉണ്ടാക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട യത്നം തന്നെ നടത്തിയെങ്കിലും മുനഫര്‍ സിനിമപാട്ട്  പാടുന്നതു പോലെയായിപ്പോയി അത് ( കൂടെപ്പഠിച്ച അവന്‍ ഏതു സിനിമപാട്ടും മാപ്പിളപ്പാടായേ പാടൂ) .

                            സ്ഥലത്തെ പ്രധാനദിവ്യന്‍ എന്നു പറയുന്നതുപോലെ ആ നാട്ടിലെ 
ഏക പീടിക ഞങ്ങളുടേതായിരുന്നു.ഉപ്പ ലീഗ് കുടുംബത്തില്‍ നിന്നുംപൊങ്ങി
വന്ന ഒരു രക്തനക്ഷത്രമൊക്കെ ആണെങ്കിലും നല്ല മതവിശ്വാസി കൂടിയായതിനാല്‍  അന്‍ചുനേരവും പള്ളിയിലേക്കോടും,ഈ സമയത്തും പിന്നെ ഭക്ഷണസമയത്തും ( അതൊരു തപസ്സാണ്, ആ സമയത്ത് ആന കുത്തിയാലും ഉപ്പ ഇളകില്ല, ഏതെങ്കിലും നിര്‍ഭാഗ്യവാന്‍മാര്‍ അന്നേരം
 കടയില്‍ വന്നാല്‍ അവരെയെല്ലാം ഉപ്പ ആട്ടിപ്പായിക്കും, കിത്താബിലെഴുതിയിട്ടുണ്ട്,  ഭക്ഷണം കഴിക്കുമ്പൊ എഴുന്നേല്‍ക്കരുതെന്ന് പറഞ്ഞ്) കുന്നംകുളത്ത് സാധനമെടുക്കാന്‍ പോകുംമ്പോഴുമെല്ലാം കടപരിപാലനം ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. ആദ്യം കടയില്‍ ഈ സമയത്തൊക്കെ നിന്നിരുന്നത് ഉമ്മയെക്കൂടാതെ മൂത്ത സഹോദരിയായിരുന്നു, അവള്‍ സ്വല്‍പം വലുതായപ്പൊ ആ ബാറ്റണ്‍ അടുത്താള്‍ക്ക് കൈമാറി,അവള്‍ വലുതായപ്പൊ  മൂന്നാമത്തെ ആള്‍ക്കും 
അവസാനം എന്‍റെ കയ്യിലും കിട്ടി.പിന്നെ ആ ബാറ്റണ്‍ കട പൊളിയുന്നതുവരെ 
എന്‍റെ കയ്യിലിരുന്നു.ആ ദേഷ്യം ഞാനവിടത്തെ മിഠായിപ്പാത്രങ്ങളോടും 
പഴക്കുലകളോടും തീര്‍ത്ത കാരണം പെന്സിലുപോലിരുന്ന ഞാന്‍ കട 
പൊളിയുമ്പോഴേക്കും ഭൂമിഗോളം പോലെയായി.അവസാനത്തെ 
കുട്ടിയായാലുള്ള അവശതകള്‍ ഏറെയാണ്.മൂത്തവരുടെ ലൊട്ടുലൊടുക്കു 
സാധനങ്ങള്‍ പരമ്പരയായി നമുക്കു കൈമാറ്റം ചെയ്യപ്പെടും.ഒന്നും 
സ്വന്തമായുണ്ടാവില്ല, പിന്നെ എത്ര വലുതായാലും വീട്ടുകാരിങ്ങനേ പറയൂ
അവളു കുട്ടിയല്ലെ, എന്നിട്ടു 5 kg അരി തലയില്‍ വെച്ചു തരും, പൊടിപ്പിച്ചു
കൊണ്ടുവരാന്‍.മാനം കപ്പലു കേറുകയല്ലെ, ആരോട് പറയാന്‍. ഇങ്ങനേ 5 kg 
അരി തലയിലും വെച്ചു പോവുമ്പോഴാണ്, ക്ളാസ്സ് റ്റീച്ചറായ ബാബുമാഷെ 
കാണുക,അപ്പോള്‍ ഞാന്‍  ഇന്നസെന്‍റ്‌ ഗോഡ്ഫാദറില്‍  N.N. പിള്ളയെ
കാണുമ്പോള്‍ നോക്കുന്നതുപോലെ ഇയാളാരാ എന്ന മട്ടില്‍ ചാക്കും
തലയില്‍വെച്ച് ഒറ്റ പോക്കാണ്.

                        രണ്ടാം ക്ളാസ്സിലെ അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞപ്പൊഴാണ്,
സാക്ഷരതായജ്ഞം എന്നപേരില്‍ ഞങ്ങളുടെ നാട്ടില്‍  സാക്ഷരത പ്രവര്‍ത്തനങ്ങള്‍ അലയടിക്കുന്നത്.സ്‌കൂളിന്‍റെ പടി കണ്ടിട്ടില്ലാത്ത
എന്‍റെ ഉമ്മക്കും സാക്ഷരതക്ളാസ്സിനു പോണമെന്നാഗ്രഹമുണ്ടായെങ്കിലും 
ഉമ്മയുടെ പ്രൌഡിയും ഗാംഭീര്യവും അതിനനുവദിച്ചില്ല. അതു മണത്തറിഞ്ഞ
 ഗഫൂര്‍ സാക്ഷരതബുക്ക് വീട്ടിലെത്തിച്ചു. പ്രൌഡിയും ഗാംഭീര്യവും കാരണം
സ്വന്തം പേരു പോലും മാറ്റിയ ആളാണ്‍ എന്‍റെ ഉമ്മ.ഉമ്മയെ കല്യാണം കഴിച്ചു 
കൊണ്ടു വന്നപ്പോള്‍ പരിചയപ്പെടാന്‍ വന്ന നാട്ടുകാരോട് ഉണ്ണീമ എന്ന പേര്‍ 
ഇഷ്ടമില്ലാത്തതു കാരണം ഉമ്മ വേറൊരു പേരു കെട്ടിയുണ്ടാക്കി പറഞ്ഞു കൊടുത്തു , മാളു(എത്ര പൊട്ട പേര്), അതോട് കൂടി ഉണ്ണീമ എന്ന പേര്‍ 
കാലയവനികക്കുള്ളില്‍ മറഞ്ഞു. പകരം മാളാത്തയും മാളുവും മാളുവുമ്മയു മൊക്കെയായി അതുമാറി.ബുക്ക് കിട്ടിയെങ്കിലും വീട്ടിലാരും ഉമ്മയെ പഠിപ്പിക്കാന്‍ മിനക്കെട്ടില്ല, അതുകൊണ്ട് ധീരതയോടെ ഞാനാ ദൌത്യം
ഏറ്റെടുത്തു.ഉമ്മ രാത്രി എട്ട് മണിയായാലേ പഠിക്കാന്‍ വരൂ, അപ്പൊഴേക്കും 
എനിക്കുറക്കം വരാന്‍ തുടങ്ങുമെങ്കിലും പഠിപ്പിക്കാനുള്ള വ്യഗ്രതമൂലം ഞാന്‍
പിടിച്ചുനില്‍ക്കും.പഠിപ്പിക്കല്‍ രാത്രി ഒമ്പതര വരെയെ ഉണ്ടാവൂ. ക്ലൈമക്സില്‍ നായകന്‍ മരിച്ചു വീഴുന്ന ദുഃഖസിനിമ പോലെ ഞാനപ്പോഴേക്കും വീണുറങ്ങിപ്പോകും.ഒരു കൊല്ലം  കൊണ്ട് ബുക്ക് മുഴുവന്‍ പഠിപ്പിച്ചു തീര്‍ന്നു.അപ്പോഴേക്കും ഞാന്‍ മൂന്നാം ക്ളാസ്സിലെത്തിയിരുന്നു.എന്നാപിന്നെ കുറച്ചു കണക്കു കൂടി പഠിപ്പിക്കാം എന്നു ഞാന്‍ ഉറച്ചു.അങ്ങനെ 20+10 ഇട്ടുകൊടുത്തു. ഉമ്മ പുഷ്പം പോലെ 30 എന്നെഴുതി.  ഞാന്‍ 20-10  എന്നെഴുതി, ദാ വന്നു ഉത്തരം 10. കുറച്ചു കൂടെ കടുപ്പത്തില്‍ ഇട്ടു കൊടുക്കാം, ഞാന്‍ പോയി സ്വന്തം ബുക്കെടുത്ത് 20-15 എന്ന റ്റീച്ചര്‍ തന്ന ഹോംവര്‍ക്ക് കൊടുത്തു, എന്നോടാ കളി, ശേഷം ഞാന്‍ ടീച്ചര്‍ പഠിപ്പിച്ച് പ്രകാരം ഒന്നു കടമെടുത്ത് കയ്യിലെ വിരലൊക്കെ എണ്ണി ചെയ്യാന്‍ തുടങ്ങി. ഇതിനിടക്ക് ഞാന്‍ ഉമ്മയുടെ സ്ളേറ്റിലേക്കൊന്നു പാളി നോക്കി, അതാ കിടക്കുന്നു പുല്ലു പോലെ അവിടെ ഉത്തരം 5. ഞാന്‍ തോറ്റു, ആയുധം വെച്ചു കീഴടങ്ങി, കണക്കു പഠിത്തം അതൊടെ അവസാനിച്ചു. കാരണം കടയിലിരുന്നു പുഷ്പംപോലെ മനക്കണക്കു കൂട്ടി പഠിച്ച ഉമ്മയെ കടമെടുത്ത് കുറക്കാന്‍ പഠിപ്പിക്കലൊക്കെ അസാധ്യമായിരുന്നു.അതുകൊണ്ട് പഠനം അവസാനിപ്പിക്കാന്‍ ധരണയായി.അവസാനമായി ഒപ്പിടാന്‍ പഠിക്കാം എന്നു ഉമ്മ പറഞ്ഞു. അതുവരെ ഉമ്മ thumb impression ആണിട്ടിരുന്നത്. ഞാന്‍ ഉമ്മക്ക് ഇ 
എന്ന അക്ഷരംപോലത്തെ ഒപ്പ് പഠിപ്പിച്ചു(എന്താണാവോ എനിക്കന്നങ്ങനെ 
തൊന്നിയത്, നാലാം ക്ളാസ്സിലാണല്ലോ English പഠിച്ചു തുടങ്ങുന്നത്, അതായിരിക്കാം മലയാള ഭാഷയില്‍ ഒപ്പിട്ടത്.). ആരും അതിലൊന്നും ഇടപെടാത്തതു കാരണം ആധാരങ്ങളടക്കം എല്ലാ രേഖകളിലും ഉമ്മ ഇ എന്ന ഒപ്പ് അഭിമാനപുരസ്കരം ഇട്ടുകൊടുത്തു.പരമേശ്വരന്‍ നായരുടെ കര്‍ശന നിര്‍ദേശപ്രകാരം അന്നുമുതല്‍ പേപ്പര്‍ വായന ശീലമാക്കിയതിനാല്‍ ആ അക്ഷരങള്‍ ഉമ്മ ഒരിക്കലും മറന്നില്ല.അക്കാലത്ത് ഏകദേശം50-60 വയസ്സുകാരനും മിതഭാഷിയും ഷര്‍ട്ട് ഒരിക്കലും ഇട്ടു കണ്ടിട്ടില്ലാത്തതുമായ  എന്‍റെ ആരാധനപുരുഷനായിരുന്നു പരമേശ്വരന്‍ നായര്‍.  പീടികയില്‍ കോണ്‍ഗ്രസ്സുകാരും മാര്‍കിസ്റ്റുകാരുമായുള്ള തല്ലില്‍  ന്യായമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് പരമേശ്വരന്‍ നായര്‍ തന്‍റെ 
വ്യക്തിപ്രഭ കാത്തുസൂക്ഷിച്ചു.ഞങ്ങള്‍ കുട്ടികളുടെയെല്ലാം തലമുടി     
വെട്ടിയിരുന്ന പരമേശ്വരന്‍ നായര്‍ മതപ്രസംഗം സ്ഥിരമായി കേള്‍ക്കാന്‍ വരും, സത്യത്തില്‍ വയളും കേള്‍ക്കാനെന്ന പേരില്‍ പള്ളിമുറ്റത്ത്ഒരു പുല്‍പായയും മറ്റുറക്കസാമഗ്രികളുമായെത്തി ഉസ്‌താദ് വായ തുറക്കുമ്പോഴേക്കും കൂര്‍ക്കം വലിച്ചുറങ്ങുന്ന ഞങ്ങളേക്കാള്‍ നല്ല ശ്രോതാവായിരുന്നു പരമേശ്വരന്‍ നായര്‍.വീട്ടിലെ ജനല്‍ച്ചില്‍ അബദ്ധത്തില്‍ പൊട്ടിയതിനു ഭാര്യ ആക്ഷേപിച്ചതു കാരണം  (എന്ന്‌ ജന്സംസാരം)ആത്മഹത്യ ചെയ്യുകയാണുണ്ടയത്. ആ അഭിമാനിക്ക് സഹിക്കാവുന്നതിലപ്പുറമായിര്ക്കാം കുടുംബത്തില്‍ നിന്നേറ്റ അപമാനം.

                    ആയിടക്കാണ്‍ ഞങ്ങളുടെ പശു പ്രസവിച്ചത്.ഉമ്മയുടെ 
അസാന്നിധ്യത്തില്‍ നടന്ന ആ സംഭവത്തിന്‍റെ കാര്‍മികര്‍ ഉപ്പയും ഞാനും 
സാബിറയും ആയിരുന്നു( ഉമ്മ വടക്കാന്‍ചേരിയിലുള്ള സ്വന്തം വീട്ടില്‍ 
പോയതാണ്.ആണ്ടിലൊരിക്കല്‍ മാത്രം നടക്കുന്ന കാര്യം. അന്നു തന്നെ
പശുവിനു പ്രസവിക്കാനും തോന്നി.).പശു പ്രസവിച്ചു കഴിഞ്ഞാല്‍ മറുപിള്ള 
പുറത്തു വരും, നാടന്‍ ഭാഷയില്‍ ചവര്‍ എന്നാണ്‍ പറയുക.പശു ഉടന്‍ 
തിരിഞ്ഞ് ചവര്‍ തിന്നുമെന്നും അങ്ങനെ തിന്നാല്‍ പാല്‍ കുറയുമെന്നാണ്‍ 
വിശ്വാസം (ഈ ലോകത്ത് ഏതെങ്കിലും പശു അങ്ങനെ തിന്നിട്ടുണ്ടോ ആവോ), 
അതിനുള്ള ഇട നമ്മള്‍ വരുത്തരുത്.ചവര്‍ ചാടിപ്പിടിച്ച് ഏതെങ്കിലും 
പാലമരത്തിലോ എരുക്ക് മരത്തിലോ തൂക്കണം. അങ്ങനെ 
ചാടിപ്പിടിക്കാനായി ഞാനും സാബിറയും ഉപ്പയും പശുവെ 
ഉറ്റുനോക്കിക്കോണ്ട് നില്‍പാണ്.ചവര്‍ വീണു, മമ്മൂട്ടിയെപ്പോലെ ഉപ്പ
ചാടിവീണ്‍ ചവര്‍ കൈക്കലാക്കി. അങ്ങനെ ചവര്‍ പാലമരത്തില്‍ തൂക്കാന്‍ 
വേണ്ടി ഉപ്പ യാത്രയായി. അക്കാലത്തൊന്നും ഞങ്ങളുടെ സമീപത്തുള്ള 
ക്ഷേത്രവളപ്പ് മതില്‍ കെട്ടിത്തിരിച്ചിരുന്നില്ല, എല്ലാ മതസ്ഥരും  ക്ഷേത്രവളപ്പിലൂടെ നടക്കുമായിരുന്നു. ക്ഷേത്രവളപ്പില്‍ കൂടാതെ ക്ഷേത്രത്തിന്‍റെ ഉള്ളിലും പാലമരമുണ്ട്.( ആ അമ്പലത്തില്‍ മാത്രമേ ഞാനങ്ങനെ കണ്ടിട്ടുള്ളൂ, അതെങ്ങനേ എനിക്കറിയാമെന്നു ചോദിച്ചാല്‍ ഞാന്‍ കൂട്ടുകാരുടെ കൂടെ ഇഷ്ടം പോലെ അമ്പലത്തില്‍ കയറിയിട്ടുണ്ട്.). സാധാരണ ഉമ്മ ചവര്‍ തൂക്കാറുള്ള പാലമരവും എരുക്കുമരവും എത്തണമെങ്കില്‍  കുറേ നടക്കണം.അത്രയൊന്നും നടക്കാന്‍ അധ്വാനിയായ ഉപ്പ മിനക്കെട്ടില്ല, ക്ഷേത്രവളപ്പിലെ പാലയില്‍ എന്‍റെ സ്വന്തം ഉപ്പ ചവര്‍ തൂക്കി.ആ പാലയില്‍ എന്നും വിളക്കൊന്നും കത്തിക്കില്ലെങ്കിലും പൂരത്തിന്‍റെ സമയത്ത് കത്തിക്കാറുണ്ട്. ഈ സംഭവതിനു ഒരു ദ്റുക്സാക്ഷിയുണ്ടായി, eye witness, അമ്മൂട്ടിഅമ്മ. പിറ്റേദിവസം മിസൈല്‍ കണക്ക് അമ്മൂട്ടിഅമ്മ ഉമ്മയെകാണാന്‍ വീട്ടിലേക്ക് പാഞ്ഞു വന്നു, സിദ്ധി എന്താണ്‍ ചെയ്തത്, ഞാനെന്‍റെ കണ്ണുകൊണ്ടു കണ്ടതാ, എന്നും പറഞ്ഞ് അമ്മൂട്ടിഅമ്മ ഉറഞ്ഞ്തുള്ളി, ഉമ്മ കഥ കേട്ട് ഞെട്ടിപ്പോയി, ഇനി എന്തു ചെയ്യും, ഉമ്മ നിസ്സഹായയായി, അമ്മൂട്ടിഅമ്മ താനത്‌ ആരും കാണാതെ എടുത്തുകളഞെന്നും പറഞ്ഞ് ഉമ്മയെ ആശ്വസിപ്പിച്ചു, ശേഷം പരിഹാരകര്‍മ്മം ചെയ്യാനുള്ള പൈസയുമായി ആ സാത്വിക യാത്രയായി.ഇന്നാണെങ്കില്‍ ഒരു നാടു കത്തുമായിരുന്നു അതിന്‍റെ പേരില്‍.