Tuesday, February 18, 2014

ഒരു ആശുപത്രിവാസത്തിന്‍റെ ഓര്‍മ്മ

ക്ഷമ അടുത്തുകൂടെ പോകാത്ത ഞാന്‍ പ്രാക്റ്റിക്കല്‍ ക്ളാസ്സുകളില്‍ ഒരു പരാജയമായിരുന്നു.എന്തിനീ മാര ണങ്ങള്‍ എന്‍റെ കയ്യു തന്നെ ധാരാളം എന്നു ചിന്തിച്ചിരുന്ന ഞാന്‍  കത്രിക ഒഴിച്ച് Dissection boxലെ ഒറ്റ റ്റൂളും ഉപയോഗിച്ചിരുന്നില്ല.തവളയുടെ മസ്തിഷ്കം ചെയ്യാന്‍ വേണ്ടി തവളത്തല തരും.അതിന്‍റെ വായിലൂടെ തള്ള വിരലിട്ട്, ഞാന്‍ ഒറ്റ ചീന്തു ചീന്തും.പിന്നെ കത്രികയെടുത്തു വെട്ടും, എന്നിട്ട് സ്ളൈഡിലേക്ക് ഒരു കൊട്ടാണ്.ചില പൊട്ടും പൊടിയും താഴെ വീഴും. അത്ര തന്നെ, അങ്ങനെ പരീക്ഷക്ക് ഈ തവളത്തല ഒരു ഐറ്റമായി വന്നു. ഒരു തലയേ ഒരു വിദ്യാര്‍ത്ഥിക്ക് കൊടുക്കാന്‍ പറ്റൂ. ഞാന്‍ ഒരു തല ചെയ്യും, കുറച്ചു പൊട്ടും പൊടിയും കിട്ടും,  മേജര്‍ഓപ്പറേഷന്‍ ചെയ്യുന്ന ഡോക്ടര്‍ സിസ്റ്ററിന്‍റെ നേക്ക് കൈ നീട്ടുന്നത് പോലെ ്‌ ഞാന്‍അറ്റെന്‍ഡര്‍മാരുടെ നേര്‍ക്ക് കൈനീട്ടും.എക്സാമിനര്‍ കാണാതെ ആ പാവങ്ങള്‍ എനിക്ക് ആറു തല തന്നു, എന്തു കാര്യം.ബോട്ടണി പുസ്തകം ഇപ്പൊ എന്‍റെ കയ്യില്‍ കിട്ടിയാല്‍ പോലും ഞാനതെടുത്ത് അടുപ്പിലിടും.അത്ര ഇഷ്റ്റമാണ്. കൂട്ടാന്‍ കഷ്ണംനുറുക്കുന്നതു പോലത്തെ എന്‍റെ സ്ളൈഡുകള്‍ മൈക്രോസ്കോപ്പിലൂടെ കണ്ട് സര്‍ എന്നെ തുറിച്ചു നോക്കും, ഞാന്‍ കാണാത്ത എന്തു കുന്തമാണാവോ സര്‍ അതില്‍ കണ്ടു പിടിച്ചത് എന്ന മട്ടില്‍ ഞാനും ഏന്തി വലിഞ്ഞു നോക്കും , അപ്പൊ കാണാം എന്‍റെ സ്ലൈഡങ്ങനെ ലെന്‍സും മുട്ടി വണ്ണത്തില്‍ഇരിക്കുന്നത്‌.കോളെജിന്‍റെ അന്നോളമുള്ള ചരിത്രത്തില്‍ ഏറ്റവും കുറവു മാര്‍ക്ക് പ്രാക്റ്റിക്കലിനു കരസ്ഥമാക്കി ഞാനൊരു റെക്കോഡുമിട്ടു.

                        ഒടുക്കം പ്രമാദമായ എന്‍റെFinal Year പരീക്ഷ വന്നു.പരീക്ഷക്കിനി വെറും 26 ദിവസങ്ങള്‍ മാത്രം. അത്രയും കാലംറെക്കോര്‍ഡ് വരക്കല്‍ മാത്രമെ ഞാന്‍ ചെയ്തിരുന്നുള്ളൂ, പിന്നെ നോവല്‍ വായനയും. Lunch റ്റൈമിലൊക്കെ ഞാന്‍ ലൈബ്രറിയിലേക്കോടും, അവിടെ വൈക്കം മുഹമ്മദ് ബഷീറിന്‍റെ സമ്പൂര്‍ണ്ണ ക്രുതികള്‍ റഫറന്‍സ് ബുക്ക്‌ പോലെ വെച്ചുകാണും,  issue ചെയ്യില്ല.അത് വായിച്ച് കിക്കിടി കിടി കിടി എന്നു ഞാന്‍ ചിരിക്കും, എത്ര അടക്കിപ്പിടിച്ചാലും പുറത്തേക്ക് തെറിക്കുന്ന ഈ ചിരി കേട്ട് ബുദ്ധിജീവികള്‍ എന്നെ പകയോടു കൂടി നോക്കും. അങ്ങനെ ഉല്ലാസ പൂര്‍ണ്ണമായ (ബഷീറിന്‍റെ ഭാഷയില്‍ സുന്ദരവും സുരഭിലവുമായ ) എന്‍റെ ആ ജീവിതത്തെ ഞെട്ടിച്ചു കൊണ്ടാണ്പരീക്ഷ കടന്നു വരുന്നത്.improve ചെയ്യേണ്ട ഒറ്റക്കുറവേ ഉള്ളൂ, കൊട്ടക്കണക്കിന്‍ മാര്‍ക്ക് കിട്ടും എന്ന ധാരണയില്‍ തോറ്റതും തോല്‍ക്കാത്തതും ഇനി എഴുതാനുള്ളതും പ്രാക്റ്റിക്കലും അടക്കം 24 പരീക്ഷകള്‍ ഞാന്‍ എഴുതാന്‍ തീരുമാനിച്ചു.തീരുമാനമെടുത്ത അന്നു തന്നെ ഞാന്‍ വീട്ടില്‍ പോയി ഉച്ചത്തിലൊന്നു അലറിക്കരഞ്ഞു, അതെന്തിനാണെന്നു വെച്ചാല്‍ എന്‍റെ പരീക്ഷകളുടെ ഗൌരവം അവര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്.ഉമ്മ ഓടിവന്നു, 24 ദിവസവും എനിക്കു വേണ്ടി ഓതേണ്ട ചുമതല ഏറ്റെടുത്തു. ആദ്യപടിയായി ഞാന്‍ syllabus എടുത്തു വായിച്ചു നോക്കി ഞെട്ടല്‍ രേഖപ്പെടുത്തി.ചില വിഷയങ്ങളുടെ പേരു പോലും ഞാനന്നാണ്‍ കണ്ടത്.ഒട്ടും സമയം കളയാതെ ഞാന്‍ സ്റ്റോറിലേക്കോടി, ബുക്ക് വാങ്ങിക്കാന്‍.പരീക്ഷ മൂട്ടില്‍ വന്നപ്പൊ ബുക്ക് വാങ്ങിക്കൊണ്ടു പോണ മാക്രി എന്ന മട്ടില്‍ സ്റ്റോറുകാരന്‍ എന്നെ അവ്ജ്ഞയോടെ നോക്കി.വീട്ടില്‍ ഞാന്‍  ആരും സംസാരിച്ചു പോകരുത് എന്ന നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.ശബ്ദം കേട്ടാല്‍ പഠിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ്.ഉമ്മ ഒക്കെ എന്നെ പേടിച്ച് മിണ്ടാതെ നടക്കുകയാണ്.വല്ലതും മിണ്ടിയാല്‍ ഞാനപ്പൊ കരയും.2 ദിവസം കഴിഞ്ഞതും എനിക്ക് irritable bowel syndrome   എന്ന modern disease  പിടിപെട്ടു.മലയാളത്തില്‍ പേടിച്ചുതൂറല്‍, എപ്പഴും ഞാന്‍ കക്കൂസിലായിരിക്കും, വേറെ ആര്‍ക്കും അവസരം കൊടുക്കില്ല.ഒരു 20 ദിവസം കഴിഞ്ഞതും ഞാന്‍ ഉറക്കം കുറച്ചു, എന്നു വെച്ചാല്‍ ആരു പറഞ്ഞാലും ഞാന്‍ കിടക്കയില്‍ കിടക്കില്ല, ചാരു കസേരയില്‍ ഇരിക്കുകയേ ഉള്ളൂ, എന്നിട്ട് രാത്രി ഉറങ്ങേണ്ടുന്നതിനു പകരം രാത്രിയും പകലും ഇരുന്നുറങ്ങും.ഇടക്കു കണ്ണു തുറക്കുമ്പോള്‍ കാണാം ഉമ്മ എന്‍റെ മുന്നില്‍ മൂക്കത്ത് വിരലും വെച്ച് നിക്കുന്നത്.അപ്പൊ ഞാന്‍ എഴുന്നേറ്റിട്ട് 2 മിനിറ്റൊന്നു വിശ്രമിക്കട്ടെ എന്നു പറഞ്ഞ് കട്ടിലില്‍ കിടക്കും.അങ്ങനെ പരീക്ഷ ആരംഭിച്ചു. irritable bowel syndrome അതിന്‍റെ പാരമ്യത്തിലുമെത്തി.ഭക്ഷണപദാര്‍ഥങ്ങളൊക്കെ ഞാന്‍ നിന്നേ കഴിക്കൂ, ഉമ്മ അതൊക്കെ ഒരു താലം പോലെ പിടിച്ച് മുന്നില്‍ നിന്നോളണം(നിന്ന് നിന്ന് ഉമ്മയുടെ കാലു കുഴയും).അപ്പോള്‍ എന്‍റെ സഹോദരി പുച്‌ഛത്തോടെ എന്നെ നോക്കിയിട്ട് പറയും, ഇത്രയൊക്കെ തിന്നണമെങ്കില്‍ ഇരുന്നു തിന്നുകൂടെ എന്ന്.


                        അങ്ങനെ പരീക്ഷകളൊക്കെ കഴിഞ്ഞു.ഇനി practicals  മാത്രമേ ഉള്ളൂ.പടച്ചവനേ   ഇനി എന്നെക്കൊണ്ട് ബുക്ക് എന്നു പറഞ്ഞ സാധനം കൈ കൊണ്ട് തൊടാനുള്ള ഇട വരുത്തരുതെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു.ഭയങ്കര ചൂടുള്ള ഒരു വേനല്‍ക്കാലമായിരുന്നു അത്.ഉമ്മ കട്ടിലില്‍ കിടക്കുന്നു. ഞാനും സാബിറയുംചൂടു കാരണം കട്ടിലുപേക്ഷിച്ച് തറയില്‍ കിടക്കുകയാണ്.എന്നിട്ടും ചൂടെടുക്കുന്നു.ഞാന്‍ കിടക്കുന്ന പായയില്‍ നിന്ന് എന്‍റെ രണ്ട് കാലും തറയിലേക്കെടുത്തു വെച്ചു.സുഘസുഷുപ്തിയിലേക്ക് സമാധാനത്തോടെ വീഴുകയാണ്.അപ്പോള്‍ എന്തോ ഒന്ന് മുകളില്‍ നിന്ന് താഴെക്കു വീണു(ഞങ്ങള്‍ കിടക്കുന്നതു പഴയമോഡല്‍ ഓടുവീടിന്‍റെ കോണിറൂമിലാണ്).അതെന്താണ്‍ വീണത് എന്നു പറഞ്ഞുകൊണ്ട് ഉമ്മയും കൂതറ സാബിറയും എന്‍റെ ഉറക്കം കെടുത്തുകയാണ്.അനുസരണത്തിനു പേരുകേട്ട സാബിറ എഴുന്നേറ്റ് അവളുടെ ഭാഗം മാത്രം പരിശോധിച്ച് എന്‍റെ ഭാഗത്താണു സാധനം വീണിരിക്കുന്നതെന്നു ഒരു റിപ്പോര്‍ട്ടും കൊടുത്തു.ഉടന്‍ ഉമ്മ എന്‍റെ മെക്കിട്ട് കേറാന്‍ തുടങ്ങി, അതു വല്ല എലിയോ പല്ലിയോ ആയിരിക്കുമ്, ഒന്നും കാണാനില്ലെന്നും പറഞ്ഞുകൊണ്ട് ദ്രോഹി സാബിറയെയും ശപിച്ച് ഉറങ്ങാന്‍ തുടങ്ങി.കുറച്ചു കഴിഞ്ഞതും എന്‍റെ കാലില്‍ പതുക്കെ എന്തോ നക്കുന്നതു പോലെ അനുഭവപ്പെട്ടു.ഞാന്‍ കുലുങ്ങിയില്ല.കുറച്ചു കൂടി കഴിഞപ്പോ ന്കാലില്‍ നിന്നും രക്തമൊഴുകുന്നതായി തോന്നി, നശിച്ച എലി, അപ്പുറത്ത് ആ സാബിറയുടെ കാലുണ്ടായിട്ടും എന്‍റെ കാലില്‍ തന്നെ കടിച്ചു എന്നു പ്രാകിക്കൊണ്ട് ഞാന്‍ ഉറക്കം തുടര്‍ന്നു.ഭാഗ്യത്തിന്‍ കുറച്ചു കൂടികഴിഞ്ഞപ്പോ ബാത്റൂമില്‍ പോകാന്‍ തോന്നിയ കാരണം മനസ്സില്ലാ മനസ്സോടെ ഞാന്‍ എഴുന്നേറ്റു. കാലില്‍ നിന്നും അപ്പോഴും രക്തം പോകുന്നുണ്ടായിരുന്നു.കാല്‍ കഴുകിക്കഴിഞപ്പോ എനിക്കു വെള്ളം കുടിക്കാന്‍ തോന്നി,ആകെ ഉറക്കപ്പിച്ച്, അതൊ തലചുറ്റലോ ഒന്നും മനസ്സിലാവാതെ ഞാന്‍ അടുക്കളയില്‍ നിന്നും തിരിച്ച് നടന്നു, വെള്ളം കുടിച്ചില്ല. ഇടനാഴിയിലെത്തിയപ്പോള്‍ ഞാന്‍ തലചുറ്റി വീണു.വീഴുന്നതിനിടക്ക് എന്‍റെ തല ശക്തിയായി ചുമരിലിടിച്ചു.ആ ആഘാതത്തില്‍ എന്‍റെ ഉറക്കമൊക്കെ പമ്പ കടന്നു. സാമാന്യ ബുദ്ധി ഒട്ടുമില്ലാത്ത എനിക്ക് അന്നാദ്യമായി ഒരു തിരിച്ചറിവുണ്ടായി, എന്നെ കടിച്ചത് എലിയല്ല, പാമ്പാണ്.


                                 ആ തിരിച്ചറിവില്‍ ഞാന്‍ പകച്ചിരുന്നു, ഒരു നിമിഷം എന്‍റെ മനസ്സിലൂടെ സുജയുടെയും ശ്രീമതിയുടെയും മുഖങ്ങള്‍ കടന്നുപോയി.( നാലാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ്‍ എന്‍റെ സഹപാഠി സുജ പാമ്പു കടിച്ച് മരിക്കുന്നത്,ഞങ്ങളുടെ കടയില്‍ നിന്ന് രാത്രി സമയത്ത് സാധനം വാങ്ങിപ്പോയ സുജയെ പാടവരമ്പത്ത് വെച്ച് എട്ടടിമൂര്‍ഖന്‍ കടിക്കുകയായിരുന്നു.പേടിച്ച് സുജ വരമ്പത്ത് കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി, ആ ഓട്ടത്തിനിടക്ക് സുജ വീണ്ടും പാമ്പിനെചവിട്ടി, പാമ്പ് ഒന്നില്‍കൂടുതല്‍ തവണ കുട്ടിയെ കടിച്ചു, ആശുപത്രിയിലെത്തുന്നതിനു മുമ്പെ സുജ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോവാനായി കയ്യിലെടുത്ത അയല്‍വാസി ഉപ്പുക്കയോട് സുജ ഇങ്ങനെ ചോദിച്ചത്രെ ഉപ്പുക്ക ഞാന്‍ മരിക്കുമോന്ന്.ശ്രീമതിയെ പാമ്പു കടിക്കുന്നത് ഏഴില്‍ പഠിക്കുമ്പോഴാണ്.അതും രാത്രിയിലായിരുന്നു, ഉറങ്ങുന്ന സമയത്ത്.പാവപ്പെട്ടവരായ അവര്‍ എലിയാണെന്നു കരുതി വീണ്ടും ഉറങ്ങി, പുലരാറായപ്പോള്‍ ശ്രീമതി നാവിറങ്ങിപ്പോകുന്ന പോലെ വെള്ളം വേണമെന്നു പറഞ്ഞ് അമ്മയെ ഉണര്‍ത്തി, ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛനില്ലാത്ത ശ്രീമതി മരിച്ചുപോയി)..ഭിത്തിയോട് ചേര്‍ന്നിരുന്നുകൊണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞു.അപ്പൊഴാണ്‍ ഞാന്‍ മനസ്സിലാകിയത്, എന്തൊരു മണ്ടന്‍ ജീവിതമാണ്‍ ഞാന്‍ നയിച്ചതെന്ന്. കുശുമ്പും ദുരഭിമാനങളും ദേഷ്യവും ജയ പരാജയങ്ങളും. ജീവിച്ചിരിക്കുക എന്നതിനേക്കാള്‍ വലിയ വിജയമുണ്ടോ, എത്ര വര്ഷമാണ്‍ ഞാന്‍ പാഴാക്കിയത്.സന്യാസിമാരുടെ മനസ്സ്, അതായിരുന്നു വേണ്ടത്.ഒരുപത്തു ദിവസം എനിക്കധികം തരൂ, ഞാന്‍ തിരുത്താം.അടുത്ത നിമിഷം എനിക്ക്  പേടിയായി, ഒറ്റക്ക് മരിക്കാന്‍, ഞാന്‍ മാത്രം മരിക്കാന്‍ പോകുന്നു, ഒരാള്‍ കൂടി ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്നുപോലുംഞാനാഗ്രഹിച്ചു.(ഏറ്റവും വലിയ തമാശ ഒരു നാലുദിവസം പിന്നിട്ടപ്പോള്‍ തന്നെ ഞാന്‍ പഴയതുപോലെ കുശുമ്പുകാരിയും ദുരഭിമാനക്കാരിയുമായി മാറി എന്നാണ്).19 വര്‍ഷങ്ങള്‍(അന്നെന്‍റെ വയസ്സ്)എന്‍റെ മുന്നിലൂടെ പാസ് ചെയ്തു, പ്രത്യേകിച്ച് തെറ്റുകളൊന്നും ചെയ്തിട്ടില്ല, വെറും 19 വര്‍ഷങ്ങള്‍.ചില സന്ദര്‍ഭങ്ങള്‍ വിവരിക്കാന്‍നമുക്ക് ഭാഷ പോരാതെ വരും, എഴുത്തുകാര്‍ക്കൊക്കെ കഴിയുമായിരിക്കും.ഇതെഴുതുമ്പോള്‍ എന്‍റെ മുന്നില്‍ അക്ഷരങ്ങള്‍ തലകുനിച്ച് നില്‍ക്കുന്നു.


                                    ആ സമയത്തിനിടയില്‍ എന്‍റെ കരച്ചില്‍ കേട്ട് ഉമ്മയും ഉപ്പയും പാവപ്പെട്ട സാബിറയും പാഞ്ഞുവന്നു.ചെറുപ്പം മുതലേ ഈ പാമ്പുമരണങ്ങള്‍ കണ്ടിട്ടുള്ളതിനാലോ എന്തോ Reptiles എന്നchapter  പഠിക്കാന്‍ വന്നപ്പോള്‍ സാധാരണ പാഠപുസ്തകങ്ങളില്‍ ഒരു താല്‍പര്യവുമുണ്ടാവാത്ത ഞാന്‍ കുറെ reference book തിരഞ്ഞുപിടിച്ച് വായിച്ചിരുന്നു.എനിക്കെങ്ങാനും പാമ്പു കടിച്ചാല്‍ എന്തു ചെയ്യണമെന്നുവരെ ഞാനന്ന് തീരുമാനിച്ചിരുന്നു.ആ ഞാനാണ്‍ പോത്തു കരയുന്നതു പോലെ ചുമരും ചാരിയിരുന്നു കരയുന്നത്.അപ്പോഴും ചോരയൊഴുകിക്കൊണ്ടിരിക്കുന്ന എന്‍റെ മുറിവിലേക്ക് ഞാന്‍ കണ്ണീരോട് കൂടി നോക്കി.ഉടന്‍ ഒരു തുണികൊണ്ടുവരാന്‍ ഞാന്‍ സാബിറയോട് പറഞ്ഞു, ഞാനും അവളും കൂടെ എന്‍റെ ചെറുവിരലിനു തൊട്ടു മുകളിലും ഞെരിയാണിക്കുമുകളിലും പിന്നെ കാല്‍മുട്ടിനു മുകളിലുമായി മൂന്നിടത്തു കെട്ടി.അതിനു ശേഷം ചെയ്യാന്- പാടില്ലാത്ത ഒരു സാഹസം കൂടി ഞാന്‍ ചെയ്തു.എന്‍റെ വായില്‍ മുറിവുകളുണ്ടോന്ന്   വിശദമായി പരിശോധിച്ചു.ഇല്ലെന്നുറപ്പുവരുത്തിയതിനു ശേഷംഞാന്‍ എന്‍റെ കാലിലെ ചെറുവിരല്‍ വായിലേക്കിട്ട് രക്തംsuck  ചെയ്തു കളഞ്ഞു.അതു ചെയ്യുമ്പോള്‍ എന്‍റെ മനസ്സിലുണ്ടായിരുന്നത്, ഏതായാലും ഞാന്‍ മരിക്കാന്‍ പോവുകയാണ്‍, ഇങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ രക്ഷപ്പെട്ടാലോ എന്നയിരുന്നു.
അതിനുശേഷം ഞാന്‍ സിനിമയിലെ ക്ലൈമാക്സ് രംഗങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങി.ഒരു ഗ്ലാസ്സ് വെള്ളം ആവശ്യപ്പെട്ടു.സത്യത്തില്‍എനിക്കൊട്ടും ദാഹം ഉണ്ടായിരുന്നില്ല.എന്തും ചെയ്യാന്‍ റെഡിയായി നില്‍ക്കുന്ന സാബിറ വെള്ളമെടുക്കാനോടി, വെള്ളവുമായി വന്ന അവളോട് ഞാന്‍ ഇതേവരെ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്നു പറഞ്ഞു.അവളെ ഒന്നു കരയിപ്പിക്കുകയായിരുന്നു ഉദ്ദേശം. സംഗതി ഫലിച്ചു, അവള്‍ കരയാന്‍ തുടങ്ങി, എനിക്ക് സമാധാനമായി.വെറും 2 മിനിറ്റ് നേരത്തെ പാമ്പു തിരച്ചിലിനു ശേഷം ഉപ്പ റാലി സൈക്കിളില്‍ വണ്ടി വിളിക്കാന്‍പറന്നിരുന്നു.ഏകദേശം മൂന്നുമിനിറ്റിനുള്ളില്‍ ഉപ്പ വണ്ടിയുമായി കുതിച്ചെത്തി, സാബിറയെ അടുത്ത വീടായ ഭാരതിയമ്മയുടെ കരങ്ങളില്‍ ഭദ്രമായി ഏല്‍പ്പിച്ചു.പലരും പല വിഷചികില്‍സാകേന്ദ്രങ്ങളും പറഞ്ഞെങ്കിലും അതിലൊന്നും കുലുങ്ങാതെ മെഡിക്കല്‍ കോളേജിലേക്ക് വണ്ടീ വിടാന്‍ പറഞ്ഞു, ബസ്സില്‍ പോവുകയാണെങ്കില്‍ ഞങ്ങളുടെ അവിടെനിന്ന് 2 hrsദൂരമുള്ള മെഡിക്കല്‍ കോളേജിലേക്ക് വെറും 40 മിനിറ്റ് കൊണ്ട് വണ്ടി എത്തിക്കാന്‍ ഡ്രൈവര്‍ കബീറിനു കഴിഞ്ഞു.

                            മെഡിക്കല്‍ കോളേജിവണ്ടിയില്‍ കയറിയതും എന്‍റെ പഴയ ബുദ്ധിയില്ലായ്ക തിരിച്ചെത്തി. ഇതേവരെ ഞാന്‍ മരിച്ചിട്ടില്ല എന്ന ചിന്ത എനിക്കാനന്ദം പകര്‍ന്നു, അന്നത്തെ ഹിറ്റ് പാട്ടായ സുഖമാണീ നിലാവ് എന്ന പാട്ടും പാടിഒരു ടൂര്‍ പോകുന്ന മൂഡോടെയാണ്‍  ഞാന്‍ വണ്ടിയിലിരുന്നത്.കാഷ്വാലിറ്റിയില്‍ എനിക്ക് നല്ല സ്വീകരണമാണ്‍  കിട്ടിയത്, ഹൌസ് സര്‍ജന്‍മാര്‍ എന്‍റെ രക്തം ഓരോ മണിക്കൂര്‍ ഇടവിട്ട് റ്റെസ്റ്റ് ചെയ്യാനാരംഭിച്ചു.കൂടാതെ അടുത്ത ബെഡ്ഡിലുള്ളവരൊക്കെ എന്‍റെ ചുറ്റും കൂടി സ്നേഹിക്കാന്‍ തുടങ്ങി, അവിടെ എത്തിയതും ഒരു കിടക്ക കിട്ടിയല്ലോ എന്ന മട്ടില്‍ ഞാന്‍ ഉറങ്ങാന്‍ തുടങ്ങിയതും അടുത്ത ബെഡ്ഡിലുള്ളവരൊക്കെ കുട്ടിയെ ഉറക്കരുത് എന്നും അലറിക്കൊണ്ട് പാഞ്ഞുവന്നു, ഉമ്മ അവരുടെ വാക്ക് അക്ഷരംപ്രതി പാലിക്കുന്നതിനായി  ഉറങ്ങുന്ന എന്നെ പിച്ചാനും നുള്ളാനും തുടങ്ങി.ആ തടസ്സങ്ങളെയൊക്കെ പുല്ലുപോലെ നേരിട്ട് ഉറങ്ങുന്ന എന്നെ ഉണര്‍ത്താന്‍ വേണ്ടി അടുത്ത വാര്‍ഡില്‍നിന്നു വരെ ആളെത്തി.ആ അര്‍ധരാത്രിയിലും സുസ്മേരവദനരായി ജോലിചെയ്യുന്ന പാവം ഹൌസ് സര്‍ജന്‍മാര്‍. പുലര്‍ച്ചെ മൂന്നരയായപ്പോള്‍ എന്‍റെ ECGയില്‍ ചെറിയ variation കണ്ടു, എങ്കിലും രാവിലെയായപ്പോ അവര്‍ എന്നെ വാര്‍ഡിലേക്ക് refer ചെയ്തു, അവിടെയും സിസ്റ്റര്‍മാരുടെയും സഹബെഡ്ഡുകാരുടെയും വക നല്ല സ്വീകരണമാണ്‍ കിട്ടിയത്. അതിരാവിലെതന്നെ സീനിയര്‍ ഡോക്ടര്‍ വന്നു പരിശോധിക്കുകയും ചെയ്തു. അത്രയുമൊക്കെ ആയപ്പോള്‍ എന്നെക്കടിച്ച്ത് വല്ല നീര്‍ക്കോലിയുമായിരിക്കും എന്ന അനുമാനത്തില്‍ എല്ലാവരും എത്തിച്ചേര്‍ന്നു.അപ്പോഴാണ്‍ സാബിറയെ എല്ലാവര്‍ക്കും ഓറ്മ്മ വന്നത്.അവളെ കൂട്ടാന്‍വേണ്ടി ഉപ്പ വീട്ടിലേക്ക് പോകാന്‍ ധാരണയായി, കൂട്ടിനു കബീറിനെയും നിര്ത്തി.

                       ഉപ്പ ഇറങ്ങി കുറച്ചു സമയം കഴിഞ്ഞതും എനിക്ക് കഠിനമായ ശ്വാസതടസ്സം നേരിട്ടു. icu വിലേക്ക് മാറ്റിയ എന്നെ ഡോക്റ്റര്‍മാര്‍ ഒന്നു മുതല്‍ 100 വരെ ശ്വാസം പിടിച്ച് എണ്ണാന്‍ പറയും .മാക്സിമം പത്താകുമ്പോഴേക്ക് ഞാന്‍ തളരും, അപ്പൊഴെക്കും അവര്‍എനിക്ക് ഓക്സിജെന്‍ സിലിണ്ടര്‍ വെച്ചിരുന്നു.അതു വെച്ചപാടെ ഞാന്‍ ഉറക്കം തുടങ്ങി, ശ്വാസമെടുക്കുക എന്ന എന്‍റെ ഡ്യൂട്ടി തന്നെ ഞാന്‍ നിര്‍ത്തിവെച്ചു.അങ്ങ്നേ ഞാന്‍ മയങ്ങാന്‍ തുറ്റങ്ങിയപ്പോള്‍ ഒരു സീനിയര്‍ ഡോക്ടര്‍ ഓടിവരുന്നത് മയക്കത്തിനിടയില്‍ ഞാന്‍ കണ്ടൂ, പിന്നെ ഒന്നും ഓര്‍മയില്ല.ഇടക്കിടക്ക് ഞാന്‍ ചെറുതായി ഉണരും വീണ്ടും മയങ്ങും, അപ്പൊഴൊക്കെ  ആ ഡോക്ടറുടെ ആശങ്ക നിറഞ്ഞ മുഖം ഞാന്‍ കണ്ടു.ഒരു നാലുമണിയോടെ ഞാന്‍ പൂര്‍ണ്ണമായും ഉണര്‍ന്നു. ആ സമയം ആ ഡോക്ടര്‍ എഴുന്നേറ്റ് ഇനി പേടിക്കാനില്ലെന്നും പറഞ്ഞ് പതുക്കെ നടന്നു പോയി.പിന്നെ ഞാന്‍ ആ ഡോക്ടറെ കണ്ടില്ല.ഇതിനിറ്റയില്‍ അവര്‍ എനിക്ക് പോളിവിനം കയറ്റിയതായി പിന്നീടറിഞ്ഞു .

                    

                      ഉണര്‍ന്നു കഴിഞ്ഞതും സിസ്റ്റര്‍മാര്‍ എന്നെ ആഹ്ലാദാരവത്തോടെ വരവേറ്റു, എന്നോട് ചിരിച്ച് കളിക്കാന്‍ വേണ്ടി പഠിക്കുന്ന 2 സിസ്റ്റേഴ്സിനെത്തന്നെ അവര്‍ ഏര്‍പ്പാടാക്കിയിരുന്നു. ആ നീര്‍ക്കോലി കടിച്ച് കുട്ടിയെവിടെ, അതിനെ പിന്നെയും ഓന്ത് കടിച്ചുവൊ എന്നൊക്കെ ഡൊക്ടര്‍മാര്‍ എന്നെ കളിയാക്കും.അവരോട് എന്നെ കടിച്ചത് neurotoxic ആയ പാമ്പാണോ എന്നൊക്കെ ഞാന്‍ മുറിവിവിരം ഇളക്കും, അല്‍പജ്ഞാനം ആപത്ത് എന്ന മട്ടില്‍ എന്നെ ഒന്നു നോക്കിയ ശേഷം അവര്‍ പറയും നിന്നെക്കടിച്ചത് ഒരു തവളയാണ്‍ എന്ന്. നന്നായി ഉണര്‍ന്നപ്പോള്‍ എനിക്ക് ഒരാനയെതിന്നാനുള്ള വിശപ്പനുഭവപ്പെട്ടു.ഇതിനിടയില്‍ ഉപ്പ തിരിച്ച് കുതിച്ചെത്തിയിരുന്നു.അന്നു മൊബൈല്‍ പ്രചാരത്തിലായിട്ടില്ല.ഉപ്പ വീടിന്‍റവിടെ ബസ്സിറങ്ങിയപ്പൊഴാണ്‍ അവിടെ ഫോണ്‍ വന്നകാര്യം അറിയുന്നത്, ഉടന്‍ ഉപ്പ തിരിച്ച് പറന്നു. ആശുപത്രിയിലേക്ക്. അതുകൊണ്ട് ഉപ്പക്ക് സാബിറയെ കാണാന്‍ പറ്റിയില്ല.നഴ്സ് ഞാന്‍ കഴിച്ച ഭക്ഷണത്തിന്‍റെ കണക്കെടുക്കാന്‍ വരും, അതു പറയുമ്പോളെനിക്ക് ചിരി വരും, അത്രയധികം ഞാന്‍ കഴിച്ചിട്ടുണ്ടാകും.

                       അവിടെവെച്ചുണ്ടായ രണ്ടുമൂന്നു സംഭവങ്ങള്‍ ഞാനിപ്പൊഴുമോര്‍ക്കുന്നു. പോളിവിനം കയറ്റിയതിന്‍റെ അടുത്ത ദിവസം അവരെന്നെ വാര്‍ഡിലേക്ക് മാറ്റി.അന്നു വൈകുന്നേരം എനിക്ക് വീണ്ടും ശ്വാസതടസ്സമുണ്ടായി.സ്ട്രക്ചരും ഓക്സിജന്‍ സിലിണ്ടറും നഴ്സുമാരും പിന്നെ ഹൌസ് സര്‍ജന്‍മാരും കയറിയപ്പോള്‍ പിന്നെ ഉമ്മക്ക് കയറാന്‍ ലിഫ്റ്റില്‍ സ്ഥലമില്ലാതായി.ഉമ്മയോട് സ്റ്റെയര്‍ കയറിവന്നോളാന്‍ എല്ലാവരും അലറി.സ്റ്റെയര്‍ കയറി icu കണ്ടുപിടിക്കുന്നത് പോയിട്ട് നടക്കാന്‍പോലും മറന്നു പോയി കരഞ്ഞു കൊണ്ടു നിന്ന ഉമ്മയെ അവിടെയുണ്ടായിരുന്ന വേറൊരു ഹൌസ് സര്‍ജന്‍, കരയണ്ട , നമുക്ക് നടന്നുപോകാമെന്നു പറഞ്ഞ് കൈപിടിച്ച് icu  വില്‍ എത്തിച്ചു.അടുത്ത ദിവസം നാട്ടില്‍ നിന്ന് എന്നെ കാണാന്‍ വന്നവരില്‍ ഒരാള്‍ അതേ ഹൌസ് സര്‍ജന്‍റെ കോളറില്‍ കുത്തിപ്പിടിച്ച് നിന്നെയൊക്കെ ഇടിച്ചു ചമ്മന്തിയാക്കി ക്കളയും രക്ഷപ്പെടുത്തിയില്ലെങ്കില്‍ എന്നലറി, മൂപ്പര്ക്ക് എന്നോട് സ്നേഹമുണ്ടായിട്ടൊന്നുമല്ല, അത്രയും പേരുടെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്തതാണ്.ആ ഡോക്ടറുടെ മുഖം ഞാന്‍ മറന്നിട്ടില്ല. നിസ്സഹായതോടെ ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. എന്‍റെ മുറിവിവരം കൊണ്ട് ഡോക്ടര്‍മാര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാമതുംicu  വില്‍ എത്തിയപ്പോള്‍ഡോക്ടര്‍മാര്‍ എനിക്ക് policythemia ബാധിച്ചുവോന്ന് സംശയം പറഞ്ഞു.എന്‍റെ BSc  കാലയളവില്‍ ഞാനെടുത്ത രണ്ടേ രണ്ട് assaignment കളില്‍ ഒന്നായിരുന്നു policythemia. ഞാന്‍ അലറാന്‍ തുടങ്ങി, അയ്യോ എനിക്ക് polycythemia ആണേ എന്നും പറഞ്ഞ്.രാത്രി icu വില്‍ എന്‍റടുത്തു ഡ്യൂട്ടിക്കിട്ടിരുന്ന ഒരു ഡോക്ടര്‍ ഇടക്ക് വന്നു ഉണര്‍ത്താന്‍ നോക്കിയിട്ട് ഞാന്‍ ഉണരുന്നില്ല. ഡോക്ടര്‍ ഒന്നും നോക്കിയില്ല. എഴുന്നേറ്റ് നിന്ന് എന്‍റെ ചെകിട്ടത്തൊറ്റ അടി തന്നു.ഉറക്കം പോയ വഴി കണ്ടില്ല. പൂര്‍ണ്ണ ആരോഗ്യവതിയായി ഞാന്‍ നാലാം ദിവസം അവിടെനിന്നുdischarge ആയി, പോകാന്‍ നേരത്ത് ഡോക്ടര്‍മാരും നഴ്സുമാരും എനിക്ക് നല്ലൊരു sent off തന്നെ തന്നു.

28 comments:

shajitha said...

വളരെ വളരെ നീളം കൂടിയ ഈ പോസ്റ്റില്‍ നര്‍മമില്ലെങ്കിലും ഇതിടാന്‍ കാരണം എന്‍റെ പൌരബോധമാണ്. സര്‍ക്കാര്‍ ആശുപത്രികളെ പുച്ഛ്ത്തോടെ നിരീക്ഷിക്കുന്ന നമുക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായാല്‍ അതു share ചെയ്യണ്ടെ, രണ്ടാമത്, ഡോക്ടര്‍മാര്‍ക്ക് അധികം salary കൊടുക്കുന്നതില്‍ നമ്മളെന്തിനു ലഹള കൂട്ടുന്നു, തീര്‍ച്ചയായും അവരതര്‍ഹിക്കുന്നു, ഒരു വര്‍ഷത്തെ ഹൌസ് സര്ജന്‍സിക്കാലം ഒന്നുമതി അവര്‍ക്ക് പട്ടും വളയും കൊടുക്കാന്‍.പോസ്റ്റിനു നീളം കൂടിയതില്‍ ക്ഷമിക്കണം ക്ഷമിക്കണം

ഷാജു അത്താണിക്കല്‍ said...

ഇത് നല്ല ഒരു വായന അനുഭവം തന്നു...................

viddiman said...

മടുപ്പില്ലാതെ വായിക്കാൻ കഴിയുന്നുണ്ട്. പക്ഷേ എഴുതുന്നതിൽ ഇനിയും ശ്രദ്ധ വേണം. ലാബിൽ പരീക്ഷണങ്ങൾ ചെയ്യുന്നതിൽ തുടങ്ങി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യുന്നതിൽ എഴുത്ത് അവസാനിക്കുമ്പോൾ, തുടക്കത്തിലുണ്ടായിരുന്ന വിഷയങ്ങൾ വിട്ടു പോയി. പരീക്ഷണങ്ങളും പരീക്ഷയും മാർക്കുമെല്ലാം ഒരു പോസ്റ്റും പാമ്പുകടി മറ്റൊരു പോസ്റ്റും ആയി ഇടാമായിരുന്നു. അതു പോലെ policythemia പോലുള്ള സാങ്കേതിക പദങ്ങൾ ഉപയോഗിക്കുമ്പോൾ താഴെ ഒരു ചെറുവിവരണം നൽകുന്നതും നന്നായിരിക്കും.

ajith said...

ചില സന്ദര്‍ഭങ്ങള്‍ വിവരിക്കാന്‍നമുക്ക് ഭാഷ പോരാതെ വരും>>>>> എന്നാലും ആ സന്ദര്‍ഭങ്ങളെക്കുറിച്ച് വായിക്കുന്നവരുടെ ഉള്ളില്‍ ഒരു കാഴ്ച്കയുണ്ടാകുന്നവിധം എഴുതിയിട്ടുണ്ട്

shajitha said...

ഷാജുവിനും അജിത് സാറിനും വിഡ്ഡിമാനും നന്ദി,viddiman പറഞ്ഞതു ശെരിയാണ്, സത്യത്തില്‍ എഴുതാന്‍ മടിയാണ്.വെറുതെ ഇരിക്കുമ്പോള്‍ മനസ്സില്‍ ഞാന്‍ ധാരാളം എഴുതുമെങ്കിലും സിസ്റ്റത്തിന്‍റെ മുന്നിലെത്തിയാല്‍ മടിയാണ്, എത്ര പെട്ടെന്ന് അതെഴുതി അവസാനിപ്പിക്കാം എന്നാണ്‍ എന്‍റെ നോട്ടം, ആ ധ്രുതിയാണ്‍ പോസ്റ്റ് ഇങ്ങനെയാവാന്‍ കാരണം

Vimal said...

ഇത് വായിച്ചു കഴിഞ്ഞപ്പോൾ Adventures of Tom Sawyer, Mark Twain എന്ന നോവലിലെ സംഭവങ്ങളാണ് മനസ്സിൽ ഓടി വന്നത്. ടോമിന് പനി പിടിച്ചതും, സ്കൂളിൽ പോകാനുള്ള പേടിയുമൊക്കെ ഷജിതയുടെ പോലെ തന്നെ. ടോമിന്റെ പല്ല് പറിക്കുന്ന രംഗമൊക്കെ എന്റെ മനസ്സിൽ ഓടി വന്നു. സാബിറ ടോമിന്റെ അനിയൻ സിഡ് നെ പോലെ തന്നെ. അഭിനന്ദനങ്ങൾ.

shajitha said...
This comment has been removed by the author.
Arifa said...

വായിക്കാൻ നല്ല രസമുണ്ടെടോ... നിന്റെ ഭാഷ കൊണ്ട് എല്ലാവരെയും നിന്റെ അനുഭവങ്ങളിലേക് എത്തിക്കാൻ കൈഞ്ഞു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഉല്‍ക്കണ്ഠയോടെ വായിക്കുമ്പോഴും പലയിടത്തും ചിരിച്ചു പോയി.. സ്വതസിദ്ധമായ നര്‍മ്മം അവസരോചിതമായിത്തന്നെ പ്രയോഗിച്ചിട്ടുണ്ട്. അത് കൊണ്ട് പെട്ടെന്ന് വായിച്ചു തീര്‍ന്നത് പോലെ.
എന്തായാലും അന്ന് രക്ഷപ്പെട്ടതുകൊണ്ട് ഇന്നിത് വായിക്കാനായല്ലോ.. തുടരുക..

shajitha said...

Thank uuu arifa, നന്ദി മുഹമ്മദ് സര്‍, തുടക്കം മുതലേ എന്‍റെ പോസ്റ്റുകള്‍ വായിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും, സത്യത്തില്‍ എനിക്കതു പ്രധാനപ്പെട്ട വിഷയമാണെങ്കിലും വായിക്കുന്നവര്‍ക്ക് ബോറാകുമോ എന്നോര്‍ത്ത് പെട്ടെന്നവസാനിപ്പിച്ചതാണ്, പിന്നെ type ചെയ്യാനുള്ള മടിയും

ഫൈസല്‍ ബാബു said...

മറവിയുടെ ആഴങ്ങളിലേക്ക് മാഞ്ഞുപോവുമായിരുന്ന അനുഭവങ്ങളെ ഒരു ഡയറിക്കുറിപ്പ്‌ പോലെ ഇവിടെ എഴുതിയിരിക്കുന്നു , ഏറ്റവും ഹൃദയസ്പര്‍ശിയായി തോന്നിയത് കൂട്ടുകാരിയുടെ മരണത്തെ കുറിച്ചുള്ള ഭാഗമായിരുന്നു .

shajitha said...

thank u faisal babu for your valuable comment

സാജന്‍ വി എസ്സ് said...

ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത സംഭവം.ഈ പേടിപ്പെടുത്തുന്ന ഓര്‍മകളെയും ഇത്രയും രസകരമായി അവതരിപ്പിച്ചിരിക്കുന്നു..നല്ല രചനാ ശൈലി,,

തുടക്കം പറഞ്ഞ കാര്യങ്ങള്‍ എന്റെതിനു സമാനമാണ്.ബോടോണി പ്രച്ടികാല്‍ ക്ലാസ്സിലെ സ്ലിടില്‍ കൊള്ളാതെ തടിച്ചു നില്‍ക്കും,പാറ്റയെ കണ്ടിക്കാനെ അറിയില്ലാരുന്നു.ഒടുവില്‍ പ്ലസ്‌ടു പൂര്തിയയപ്പോഴേ സയന്‍സ് പഠനം ഞാന്‍ മതിയാക്കി

shajitha said...

thank u sajan, vaayichathinum abipraayathinum, pre- degreekkum practicalil ettavum kuravu maark vaangi njan record ittathaan, ennittum enik zoology enna baram perendi vannu.

Anil cheleri kumaran said...

Good writing style

shajitha said...

thank you kumaran sir

Sangeeth K said...

ചുരുക്കിപ്പറഞ്ഞാല്‍ ഭയങ്കര ധൈര്യശാലിയാണല്ലേ...? :P

സുധി അറയ്ക്കൽ said...

ഇതിൽ നർമ്മമില്ലെന്ന് ആരു പറഞ്ഞു??എനിക്ക്‌ ഭയങ്കരമായി ഇഷ്ടപ്പെട്ടു...ഇത്ര രസകരമായ എഴുത്ത്‌ ഞാൻ നേരത്തെ കണ്ടില്ലല്ലോ!!!എങ്കിൽ നിങ്ങൾ ഇനിയും എഴുതിയേനേ!!!

ആദ്യം മുതൽ അവസാനം വരെ ചിരിച്ചു.പാമ്പ്‌ കടിച്ച ഭാഗം ഒന്ന് വല്ലാതാക്കിയെങ്കിലും മൊത്തത്തിൽ അടിപൊളിയാണു!!!!!

പ്രകാശ് ചിറക്കൽ said...

Nalla rasondu...

പ്രകാശ് ചിറക്കൽ said...

Nalla rasondu...

shajitha said...

thank u prakash chirakkal

Ramu Kaviyoor said...

നന്നായിരിയ്ക്കുന്നു. എന്റെ പേജ് (http://ramukaviyoor.blogspot.in/2013/09/snake-bites.html) വായിച്ചതിനു നന്ദി.

shajitha said...

thank u sir, thankalude arivupakarunna article nu

Unknown said...

njan innanu ethokke vaayikkunnathuuuu.ithrem naal waste aayalloooooo.superrrrrrrrr.

shajitha said...

santhosham

Assainar Kutty said...

ജന്മസിദ്ധമായ കഴിവ് അതായത് വായനക്കാരെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് ഉമ്മ വഴി കിട്ടിയതോ അതോ ഉപ്പ വഴിയോ?... എന്തായാലും ഏതു തിരക്കിലും തുടരുക...എനിക്ക് എഴുതാന്‍ കഴിയില്ലെങ്കിലും (കയ്യും കാലും എല്ലാം ഉണ്ട്ട്ടോ) വായന പ്രത്യേകിച്ച് നര്‍മ്മത്തില്‍ പൊതിഞ്ഞ അനുഭവങ്ങളും യാത്രാവിവരണങ്ങളും എന്നെ വളരെ ആകര്‍ഷിക്കുന്നു.

shajitha said...

thank u sir ee prolsaahanathinu

ആദി said...

നല്ല എഴുത്ത്. താത്ത ഒരു സംഭവം തന്നാട്ടോ. വായിച്ചു. തുടക്കം കുറേ ചിരിച്ചു. പിന്നെ ചെറുതായൊന്ന് ടെൻഷൻ അടിച്ചു. പിന്നെ അവസാനത്തെ ഭാഗം ഇത്താടെ ഭാഷയിൽ പറഞ്ഞാൽ കിക്കിടി കിടി കിടി ഹൈപിച്ച് ആയിരുന്നു. പുതിയ രോഗവും പാമ്പ് (തവള) കടിയും ഒക്കെ നന്നായി അവതരിപ്പിച്ചു.

ആശംസകൾ