Sunday, April 12, 2015

പല്ലു

                        സര്‍ക്കാരിന്‍റെ പന്‍ചവല്‍സരപദ്ധതിപോലെ ഏകദേശം അന്ചു വര്‍ഷമെടുത്തുകൊണ്ടാണു എന്‍റെ പല്ലിനു കമ്പിയിടല്‍ പൂര്‍ത്തിയായത്.എനിക്കു ഒരു 20 വയസ്സായപ്പോള്‍മുതല്‍ നാട്ടുകാരും വീട്ടുകാരും എന്നെ കര്‍ശനപരിശോധനക്ക് വിധേയമാക്കാന്‍ തുടങ്ങി, ഒടുക്കം അവര്‍ ആ സത്യം കണ്ടുപിടിച്ചു, (വല്ല കടംകഥക്ക് ഉത്തരം കണ്ടു പിടിച്ചപോലെ)എന്‍റെ പല്ലു സ്വല്‍പം പൊന്തിയിട്ടാണ്. ആ ഒറ്റക്കുറവു പരിഹരിച്ചാല്‍മതി, ഞാന്‍ സുന്ദരിയാവും എന്നമട്ടിലായി എല്ലാരുടെയും സംസാരം.ആ സമയത്ത് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്, വീട്ടുകാരുടെ പൈസ കൊണ്ട് പഠിക്കുന്നു, അതിന്നിടക്ക് സൌന്ദര്യം വര്‍ധിപ്പിക്കാനുള്ള പൈസ ചോദിക്കുകയല്ലെ, ഒരിക്കലുമില്ല, പോരാത്തതിനു ഞാനൊരു ചെറുകിട ബുദ്ധിജീവി ചമഞ്ഞ് നടക്കുകയാണ്, എനിക്കു സൌന്ദര്യബോധം പോയിട്ട് ബോധം തന്നെയുണ്ട് എന്നവര്‍ കരുതുന്നില്ല, വെറുതെ എന്തിനു ഉള്ള വില കളയണം അവസാനം പൈസയും കിട്ടില്ല, ഉള്ള മാനവും പോവും.

                   അങ്ങനെ പഠിത്തം കഴിഞ്ഞു,  ജോലിക്കു കയറി, തുച്ഛമായ ശമ്പളം, അതും കഴിഞ്ഞ്  IIM  Kozhikode ല്‍ trainy ആയി കയറി, പേരൊക്കെ വലിയ പേരാന്നേ ഉള്ളൂ.അതിലും തുച്ഛമായ സ്റ്റൈപ്പന്‍റ്. IIM  digital library ല്‍ ജോലി നോക്കിയിരുന്ന ടിങ്കു ഉണ്ട്,അവനാണു  digital camera യുടെ  custodian.ടിങ്കുവിനും ഞങ്ങള്‍ക്കും ഒറ്റ ജോലിയേ ഉള്ളൂ, ഫോട്ടോ എടുക്കുക. ആരെങ്കിലും ഒരാള്‍ പുതിയ ഡ്രെസ്സിട്ടുവന്നാല്‍ ഉടന്‍, എവിടെ ടിങ്കു, വിളിയവനെ. പിന്നെ ഫോട്ടോ എടുപ്പിന്‍റെ ഒരു മേളമാണ്.ഞാന്, സീന, ചിത്ര. പിന്നെ സീന, ചിത്ര, ടിങ്കു,. പിന്നെ ഞന്‍ സീന, ടിങ്കു.അവിടെ teaching assistant  ആയി ജോലി നോക്കുന്ന ആറടി ലക്ഷ്മി ഉണ്ട്,ഞങ്ങടെ റൂംമേറ്റ് അവള്‍ക്ക് ക്ളാസ്സൊന്നുമില്ലെങ്കില്‍ ഒരു കൊടിമരം പോലെ ഒരറ്റത്ത് അവളും ഫോട്ടോവില്‍ കാണും. ഇങ്ങനെ ഒരു പത്തുപത്തര വരെ ഫോട്ടോ എടുക്കും. അതിനു ശേഷമേ ഞങ്ങള്‍ ജോലിയെക്കുറിച്ചു ചിന്തിക്കുകപോലുമുള്ളൂ. ഈ ഫോട്ടൊ ഒക്കെ public folder ല്‍ share ചെയ്ത് ബിജു സാര്‍, ജോഷിസാര്‍ മാഡംസ്  തുടങ്ങിയവരെക്കൂടി പീഡിപ്പിച്ചാലെ ഞങ്ങള്‍ക്കു സമാധാനമാകൂ (അന്നു facebook ഒന്നും ഇറങ്ങിയിട്ടില്ല).ഇങ്ങനെ എല്ലാ ഫോട്ടോയും അപഗ്രഥിച്ചു കഴിഞ്ഞപ്പൊ എനിക്കും ആ സത്യം മനസ്സിലായി എന്‍റെ പല്ലു അല്പം പൊങ്ങിയിട്ടാണ്.

ട്രൈനിംങ്ങ് കഴിഞ്ഞപ്പോഴേക്കും എനിക്കു cusat ല്‍ ജോലികിട്ടി. പല്ലിനു കമ്പിയിടുക തന്നെ, ആ പ്രാവശ്യം വീട്ടില്‍ പോയപ്പോള്‍ ഞാന്‍ ഉപ്പയെയും കൂട്ടി പല്ലുഡോക്റ്ററെ കാണാന്‍ പോയി. അവിടെ കയറിചെന്നപ്പോള്‍ ഡോക്റ്റര്‍ അകത്താണ്.ഏതോ നിര്‍ഭാഗ്യവാന്‍റെ പല്ലും പറിച്ചോണ്ടിരിക്കുകയാണ്.സന്ദര്‍ശകറൂമില്‍ ഒരു വലിയ ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കിയിട്ടുണ്ട്. ഒരാള്‍ സ്യൂട്ടുമിട്ട് എന്തോ ആലോചിച്ചോണ്ട് ആകാശത്തേക്ക് നോക്കിയിരിക്കുന്ന ഫോട്ടോ. ഇതാരാണപ്പ, Father of dental surgery ആണോ ആ ആരെങ്കിലുമായിക്കോട്ടെ, എനിക്കിപ്പൊ എന്‍റെ പല്ലു താഴ്ന്ന് സുന്ദരിയായി മാറിയാമതി.കുറച്ചു കഴിഞ്ഞപ്പോ ഡോക്റ്റര്‍ പുറത്തുവന്നു, വേറെ ആരുമല്ല, Father of dental surgery തന്നെ. സ്വന്തം ഫോട്ടോയാണപ്പോ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്, കൊള്ളാം, ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്‍റെ വായ നോക്കിക്കോണ്ട് ഡോക്റ്റര്‍ പറഞ്ഞു. നാലു പല്ലു പറിക്കണം.ഞാന്‍ ഞെട്ടി. കാരണം അല്ലെങ്കിലേ എന്‍റെ രണ്ടു പല്ലു കേടാണ്, മറ്റൊന്നിന്‍ ധര്‍മയോഗത്തില്......വര്‍ണ്യത്തിലാശങ്കയായിട്ട് ഉണ്ടൊ ഇല്ലയോ എന്ന മട്ടിലാണ്  രണ്ടെണ്ണം നിക്കുന്നത്., നാലെണ്ണം കൂടി പോയാല്‍ വായ ആളൊഴിഞ്ഞ കമ്പാര്‍ട്ട്മെന്‍ര്‍ പോലെയാകും. ഞാനീ ആശങ്ക ഡോക്റ്ററുമായി പങ്കുവെച്ചെങ്കിലും ഡോക്റ്റര്‍ ഉറച്ചു നിന്നു, പ്രായം കൂടുന്തോറും കമ്പിയിട്ടാലും പല്ലു താഴ്ന്നില്ലെന്നു വരും. ഇപ്പൊ എത്ര വയസ്സായി, ഉപ്പ എന്‍റെ വയസ്സു കൂട്ടിപ്പറയുന്നതിനു മുമ്പെ ഞാന്‍ ഉള്ളതില്‍ നിന്നു ഒരു വയസ്സു കുറച്ചു പറഞ്ഞു. (ഉപ്പ അങ്ങനെയാണ്, വയസ്സു കൂട്ടിയെ പറയൂ, ഉമ്മയാണെങ്കില്‍ നേരെ തിരിച്ചും, ഉമ്മ ഉണ്ടായിരുന്നെങ്കില്‍ പത്തു വയസ്സു കുറച്ചെ പറയൂ, എന്നെ ബാലികയാക്കി മാറ്റിയേനെ).

കുറച്ചു പറഞ്ഞിട്ടൊന്നും കാര്യമുണ്ടായില്ല. ഡോക്ടറുടെ അഭിപ്രായത്തില്‍ സമയം വളരെ അതിക്രമിച്ചിരിക്കുന്നു.ഒരു നിമിഷം പോലും കളയാതെ ഡോക്ടര്‍ എന്‍റെ പല്ലെടുക്കാന്‍ തുടങ്ങി. ഒന്ന്, രണ്ട്, മൂന്ന് ഡോക്ടര്‍ നീട്ടിത്തന്ന പാത്രത്തിലേക്ക് ക്ടിം, ക്ടിം, ക്ടിം എന്ന് ഞാനെന്‍റെ മൂന്ന് പല്ലുകള്‍ തുപ്പിക്കൊടുത്തു. നാലാമത്തെ പല്ലായപ്പോഴേക്കും ഡോക്ടര്‍ ക്ഷീണിച്ചു, ഫാന്‍ കൂട്ടിയിട്ടു. എന്തൊക്കെയോ സാധനങ്ങളെടുത്തു തട്ടുകയും മുട്ടുകയും ചെയ്യുന്നുണ്ട്, എന്നിട്ടും നാലാമത്തെ പല്ലിളകുന്നില്ല.ഞാനാണെങ്കില്‍ മൂന്നലര്‍ച്ച കഴിഞ്ഞ് തളര്‍ന്നിരിക്കുകയാണ്. സമയമാകുമ്പോള്‍ അലറാം എന്നു കരുതി, അവസാനം ഡോക്ടര്‍ ചുറ്റിക പോലത്തെ ഒരു സാധനമെടുത്ത് എന്‍റെ ഇളകാത്ത പല്ലിനെ ഒറ്റടി, ശേഷം ഒറ്റ വലി, പശ്ചാത്തല സംഗീതമായി എന്‍റെ അലര്‍ച്ചയും. അങ്ങനെ നാലാമത്തെ പല്ലും വീണു.

വിയര്‍ത്തു കുളിച്ച ഡോക്ടര്‍ ഒരു കെട്ട് പഞ്ഞി എടുത്ത് എന്‍റെ വായില്‍ കുത്തിതിരുകി, ഇനി ശബ്ദിക്കരുത് എന്ന മട്ടില്‍.വീട്ടിലെത്തിയ എന്നെ കണ്ട് ഉമ്മ പേടിച്ചു, നാലു പല്ലെടുക്കാന്‍ വേണ്ടി നടത്തിയ കഠോര തരിപ്പിക്കല്‍ കാരണം കോടിപ്പോയ മുഖത്തേക്ക് നോക്കി ഉമ്മ ചോദിച്ചു,

എന്തു പറ്റി മകളേ....

പല്ലെടുത്തു ഉപ്പ മറുപടി പറഞ്ഞു.

എത്രെണ്ണം?

സാബിറ(എന്‍റെ സഹോദരി) ഉപ്പയെ question ചെയ്യാന്‍ തുടങ്ങി,

ഉപ്പ കുടുങ്ങി, പാവം ഉപ്പക്ക് എണ്ണം കൂടി പിടി കിട്ടിയിട്ടില്ല.

 ഞാന്‍ നാല്‍ വിരല്‍ പൊക്കിക്കാണിച്ചു.

നാലെണ്ണമോ!!

ങളെന്താണ്‍ മന്സ്യാ കുട്ടീനെ കൊല്ലാന്‍ കൊണ്ടു പോയതാണോന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഉമ്മ എനിക്ക് ചോര്‍ വിളമ്പിത്തന്നു.

ചോര്‍ കണ്ട് എനിക്കും കരച്ചില്‍ വന്നു. (വിശന്നിട്ട്)

എന്തെങ്കിലും തിന്നാന്‍ പറ്റോ, ഞാന്‍ കട്ടിലില്‍ കിടപ്പായി, ഇടക്കിടക്ക് എഴുന്നേറ്റ് പോയി വാഷ്ബേസിനില്‍ രക്തം തുപ്പും.

അങ്ങനെ രാത്രിയായി, ഒരുവിധം സംസാരിക്കാറായപ്പോള്‍ ഞാനെന്‍റെ സുഹ്രുത്ത് പ്രമോദിനെ ഫോണില്‍ വിളിച്ചു.അവന്‍ dental college - ല്‍  librarian ആണെങ്കിലും സംസര്‍ഗം കൊണ്ട് ഒരു പല്ലുഡോക്ടറെപ്പോലെത്തന്നെയാണ്.

നിനക്കതിനുമാത്രം പൊക്കമുണ്ടോ കമ്പിയിടാന്‍ മാത്രം. അവനു അത്ഭുതം

പൊങ്ങിയിട്ടാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല, എനിക്കു പ്രാന്തു വന്നു, ഇക്കാലമത്രയും പല്ലു പൊന്തിയിട്ടാണേന്ന് നാട്ടാരു മുഴുവന്‍ നിലവിളിച്ചിട്ടിനി നാലു പല്ലുപോയിട്ടാ. നാലു പല്ലോ, എല്ലാം കൂടി ഒറ്റ ദിവസമെടുത്തെന്നൊ

അങ്ങനെ ഒറ്റദിവസം കൊണ്ട് എടുക്കരുതെന്നും, പിന്നെ പല്ലു വളരെ പൊങ്ങിയവര്‍ക്കേ നാലെണ്ണമൊക്കെ എടുക്കാറുള്ളൂവെന്നും അല്ലാത്തവര്‍ക്ക് രണ്ടെണ്ണം എടുത്താലും മതിയാകുമെന്നുമെന്നും ഉത്ബോധിപ്പിച്ച ശേഷം അവന്‍ ചോദിച്ചു, അയാള്‍  BDS ആണൊ അതൊ MDS ആണൊ

എന്ത് BDS, MDS

ഞാനതൊന്നും നോക്കിയിട്ടുണ്ടായിരുന്നില്ല.

അവസാനം കമ്പി പല്ലില്‍ വീണു.ആ നാളുകളില്‍ അനുഭവിക്കുന്ന വേദന, ഇതു വായിക്കുന്നവരില്‍ കമ്പിയിട്ടവരാരും മറക്കില്ല. കൂടാതെ ഡോക്ടര്‍  BDS ആണെന്നും മനസ്സിലായി.മാസത്തിലൊരിക്കല്‍ കമ്പി മുറുക്കണമെന്നാണ്. ആ മുറുക്കിയ ദിവസങ്ങളിലെ വേദനയും കൂടാതെ നാലു പല്ലു കളഞ്ഞ പാതകി എന്ന ചിന്തയും കാരണം എനിക്കു ഡോക്ടറെ കാണുന്നതേ ഇഷ്ടമല്ലായിരുന്നു.ഒരിക്കല്‍ മുറുക്കാന്‍ പോയപ്പോള്‍ ഞാനൊരു നിര്‍ഭാഗ്യവതിയെ കണ്ടുമുട്ടി. മുന്‍വശത്തെ 2 പല്ലുകളിലൊന്നു മാത്രം താഴത്തേക്ക് നീണ്ടിരിക്കുന്നു. അതു മാറ്റാനാണോ കമ്പിയിട്ടതെന്നു ആരാഞ്ഞപ്പോള്‍ കിട്ടിയ മറുപടി എന്‍റെ ഹ്രുദയം തകര്‍ക്കുന്നതായിരുന്നു.പല്ലു പൊങ്ങിയതിനാ കമ്പിയിട്ടത്, ഡോക്ടര്‍ മുറുക്കിയിട്ടാ ഇങ്ങനെയായത്, ഇനി അതു ശരിയാക്കിത്തരാമെന്നു പറഞ്ഞിട്ടുണ്ടെന്നായിരുന്നു ആ നിഷ്കളങ്കയുടെ മറുപടി. അതിനു ശേഷം ഉറക്കത്തില്‍ ഞാനീ കുട്ടിയുടെ മുഖം കണ്ട് ഞെട്ടി ഉണരുകയും എന്‍റെ പല്ലെങ്ങാനും ഇറങ്ങിയിട്ടുണ്ടോന്ന് തൊട്ടു നോക്കുകയും ചെയ്യുമായിരുന്നു.അങ്ങനെ ഒരു വര്‍ഷം പിന്നിട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ കമ്പി ഊരാമെന്നാണ്‍ ഡോക്ടര്‍ പറഞ്ഞിരുന്നത്. ഡോക്ടര്‍ ഒരു തവണ മുറുക്കുമ്പോള്‍ എല്ലാ പല്ലും കൂടെ ഒരു കോണിലേക്കു പോകും, അടുത്ത തവണ മുറുക്കുമ്പോള്‍ അങ്ങേ അറ്റത്തേക്ക് പോകും, അങ്ങനെ പല്ലു കിടന്നു ഓടിക്കളിച്ചു കൊണ്ടിരിക്കുകയാണ്. ഒരുവിധം stern ആകുമ്പോള്‍ ഞാന്‍ ഡോക്ടറോട് കമ്പി ഊരാന്‍ കെന്ചും. അപ്പൊ ഡോക്ടര്‍ നാലു പല്ലെടുത്ത സ്ഥലം തൊട്ടു കാണിച്ചിട്ട് പറയും, ഈ gap ഒക്കെ fillചെയ്താലെ ഊരാന്‍ പറ്റൂന്ന്. ആ gap ഒക്കെ fill  ചെയ്യണമെങ്കില്‍ ഇനിയെത്ര  കാതം പിന്നിടണമാവോന്ന് ഞാന്‍ മനസ്സില്‍ പറയും.

ആയിടക്കാണ്‍ എന്‍റെ കല്യാണം തീരുമാനിച്ചത്, കല്യാണചെക്കനും ഞാനും തുല്യദുഃഖിതരായിരുന്നു, കാരണം വായില്‍ കമ്പി. എങ്ങനെയെങ്കിലും വായിലെ കമ്പി ഒന്നു വലിച്ചെറിഞ്ഞ് കല്യാണ ആല്‍ബത്തില്‍കമ്പിയില്ലാതെ നിന്നു മാനം കാക്കണമെന്നു ഞങ്ങള്‍ ഫോണിലൂടെ തീരുമാനിച്ചു.

എറണാകുളത്താണു രണ്ടു പേരും താമസമെങ്കിലും പെണ്ണു കാണലിനു ശേഷം ഞങ്ങള്‍ പരസ്പരം കണ്ടിട്ടില്ലായിരുന്നു.കലൂര്‍സ്റ്റാന്‍ഡില്‍ കാത്തു നിക്കാം എന്നാണ്‍ ഷാനുക്ക പറഞ്ഞിരുന്നത്.കണ്‍മുന്നില്‍ ആള്‍ വന്നു നിന്നാലും തിരയുന്ന ശീലമുള്ളതുകൊണ്ട് ഞാന്‍ നേരെ ഫോണെടുത്തു വിളിച്ചു. ഞാനിതാ നിന്‍റെ മുന്നില്‍ എന്ന ഗര്‍ജനം കേട്ടു നോക്കിയപ്പോളതാ ഒരാളു മുന്നില്‍ നില്‍ക്കുന്നു.മുട്ടുവരെയുള്ള ഷര്‍ട്ട്,(അതെന്താണെന്നു പിന്നീടു മനസ്സിലായി , ബ്രാന്‍റഡേ ധരിക്കൂ, നാല്‍പത്തിനാലോ അമ്പതോ എന്തുമാവട്ടെ ബ്രാന്‍റഡ് ആയിരിക്കണം, 38 ഇടേണ്ട ആളാണ്‍ ഈ അക്രമം കാണിച്ചു നിക്കുന്നത്.), ഫുള്‍കൈ, അതിലൊന്നു മടക്കിയിട്ടുണ്ട്, അടുത്തത് മടക്കുമ്പോഴേക്കും മടി ബാധിച്ചു എന്നു തോന്നുന്നു.ഷര്‍ട്ട് തേച്ചിട്ടില്ലാന്നു പോട്ടെ, കഴുകിയൊ എന്നത് സംശയം. പോക്കറ്റിലെന്തൊക്കെയൊ കുത്തി നിറച്ചു വെച്ചിട്ടുണ്ട്.ഇനി നാരങ്ങയാണോ, അല്ല പിന്നെ.എന്‍റെ കണ്ണുകള്‍ പതുക്കെ പാന്‍റിലേക്കു വീണു.എന്തായാലും ഷര്‍ട്ടിന്‍റെ ഇറക്കക്കൂടുതല്‍ പാന്‍റില്‍ പരിഹരിച്ചിരിക്കുന്നു.പാന്‍റിന്‍റെ രണ്ടു പോക്കറ്റുകളെയും വെറുതെ വിട്ടിട്ടില്ല.ഒരു ബാഗില്‍ വെക്കേണ്ട വസ്തുവഹകള്‍ അവനവന്‍റെ ദേഹത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുകയാണെന്ന് ചുരുക്കം.തലമുടി ചീകിയിട്ട് ക്രുത്യം ഒരു മാസമായിക്കാണും, അത്ര സൂക്ഷ്മമായി പറായാന്‍ കാരണം ഒരു മാസം മുമ്പാണ്‍ എന്നെ പെണ്ണു കാണാന്‍ വന്നത്.

ബ്ളോക്കുണ്ടായിരുന്നോ?

അതു ചോദിച്ചപ്പോള്‍ തലമുടിയിലും മീശയിലും പിന്നെ ശ്മശ്രുക്കളിലും പറ്റിപ്പിടിച്ചിരുന്ന ധൂളികള്‍ എന്‍റെ ദേഹത്ത് ശക്തിയായി പതിച്ചു.

ഞാന്‍ പെട്ടെന്നു ഒന്നും മിണ്ടിയില്ല

നാണവും കീണവുമൊന്നുമല്ല കെട്ടോ, ഞാനാലോചിക്കുകയായിരുന്നു.പെണ്ണുകാണലിന്‍റന്നു കണ്ടപ്പോ ഇങ്ങനെയല്ലായിരുന്നല്ലൊ. ഈ കാര്യം അന്നു രാത്രി ഞാന്‍ തനൂജ മാഡത്തോട് പറഞ്ഞപ്പോള്‍ മാഡം എന്നെ ഓടിച്ചു വിട്ടു.പിന്നേ, പറയണാളെ എന്തൊരു ചന്തമാണേയ് എന്നും പറഞ്ഞ്.അതിന്‍റെ ഗുട്ടന്‍സ്  ഷാനുക്ക പിന്നീട് പറഞ്ഞു തന്നു. പെണ്ണു കാണലിന്‍റെ തലേന്ന്  രത്രി ഷാനുക്ക നോക്കിയപ്പോള്‍ ഒറ്റ ഷര്‍ട്ടും കഴുകിയിട്ടില്ലത്രെ. അപ്പൊ ഉടന്‍ കൂട്ടുകാരന്‍റെ കട രാത്രി തുറപ്പിച്ചു, ഇരുട്ടായതുകൊണ്ടോ എന്തോ വലുപ്പം കുറഞ്ഞ ഒരു ഷര്‍ട്ടാണു കയ്യില്‍ കിട്ടിയത്.പോരാത്തതിനു ബ്രാന്‍റഡുമല്ല, പിന്നെ കട്ടിങും ഷേവിങുമൊക്കെ ചെയ്യുകയും ചെയ്തു.അതാണ്‍ കാര്യം. പെണ്ണു കാണാന്‍ വന്നപ്പോഴെ ഞാന്‍ നോക്കിയിരുന്നു, പാന്‍റിനെന്‍ന്തോ കുഴപ്പമുണ്ടല്ലോന്ന്.

ഷാനുക്കയും എന്നെ കണ്ട് ഞെട്ടി നിക്കുകയാണ്. കാരണം എന്നെ കണ്ട് ഉമ്മ ഒക്കെ നെഞ്ഞത്തടിച്ചു കരയും, ഞാന്‍ നേരെ നടക്കുന്നില്ലേ, ഒരുങ്ങുന്നില്ലേന്നു പറഞ്ഞ്. അതുകൊണ്ട് ഞാന്‍ കരുതിക്കൂട്ടി വെള്ളച്ചുരിദാറുമിട്ടോണ്ട് മേക്കപ്പുമിട്ട് ചെന്നിരിക്കുകയാണ്.ഇനി അതിന്‍റെ ഒരു കുറവു വേണ്ട. അതു പക്ഷെ സ്ഥിരം മുണ്ടൂടുക്കുന്നയാള്‍ ഒരു സുപ്രഭാതത്തില്‍ പാന്‍റിട്ടാല്‍ എങ്ങനെയിരിക്കും?, അതുപോലെയായിരുന്നു.അന്നു കണ്ടതിന്‍റെ ആഘാതത്തില്‍ ഷാനുക്ക ഇന്നുവരെ ആ വെള്ളച്ചുരിദാറിടാന്‍ സമ്മതിച്ചിട്ടില്ല.അങ്ങനെ ഞങ്ങള്‍ ഡോക്റ്ററെ കണ്ടു, രണ്ടു പേരുടെയും വായിലെ കമ്പി നീക്കം ചെയ്യപ്പെട്ടു.ആല്‍ബത്തില്‍ കമ്പിയില്ലാതെ നിന്ന് ഞങ്ങള്‍ മാനം നേടുകയും ചെയ്തു.പക്ഷെ എന്‍റെ  close up ഫോട്ടൊ വരുമ്പോള്‍ കാണുന്നവര്‍ ആല്‍ബത്തില്‍ നിന്ന് കണ്ണെടുത്ത് ചോദിക്കും

ഏ രണ്ടു പല്ലില്ലേ എന്ന്,

അപ്പൊ ഞാനൊരു ചിരി ചിരിക്കും, അതൊടെ അവര്‍ക്ക് മനസ്സിലാകും, രണ്ടല്ല നാലു പല്ലില്ലെന്നു.ഷാനുക്കയുടെ ഡോക്ടര്‍ പല്ലൊന്നും പറിക്കാതിരുന്ന കാരണം ഈ പ്രശ്നം ഉണ്ടായിരുന്നില്ല.അതോടെ ഞങ്ങള്‍ വിരുന്നുകളൊക്കെ കഴിഞ്ഞ ശേഷം ( അവരു കൂടി അറിഞ്ഞോട്ടെ നാലു പല്ലില്ലാത്ത കാര്യം) വീണ്ടും കമ്പിയിടാന്‍ തീരുമാനിച്ചു.

ആയിടക്കാണ്‍ എന്‍റെ മൂത്ത അളിയന്‍ MBA പരീക്ഷ എഴുതാന്‍ എറണാകുളത്തു വരുന്നത്. Airforce ല്‍ ജോലിചെയ്യുന്ന അളിയന്‍ വളരെ ചിട്ടയും അച്ചടക്കവും ഉള്ള അധ്വാനിയായആളാണ്. മടിച്ചിയായ എന്നെ കയ്യില്‍കിട്ടിയാല്‍ ഉടന്‍ ജോലി ചെയ്യിപ്പിക്കുകയും ചിട്ട പഠിപ്പിക്കുകയുമായിരുന്നു ആളിയന്‍റെ hobby . അന്നൊക്കെ ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്, ഇതു പോലെ ചിട്ടയുള്ള  ആളെയാണു എനിക്കു കിട്ടുന്നതെങ്കില്‍ സയനൈഡ് കുടിച്ചു മരിച്ചോളാമെന്ന്.അതു വേണ്ടിവന്നില്ല, ചിട്ട അടുത്തു കൂടെ പോയിട്ടില്ലാത്ത ആദര്‍ശത്തിന്‍റെ ആള്‍രൂപം എന്നൊക്കെ പറയുന്നതുപോലെ മടിയുടെ ആള്‍രൂപമായ ഷാനുക്കയും ഞാനും താമസിക്കുന്നിടത്തേക്കാണ്‍ അളിയന്‍റെ കടന്നു വരവ്.ഒറ്റനോട്ടത്തിലെ അളിയനു മനസ്സിലായി, പാചകം പോയിട്ട് അടുക്കളയില്‍ വെള്ളം പോലും ചൂടാക്കുന്നില്ല എന്ന്.അതിന്‍ ഒരു മാസം മുമ്പ് എന്‍റെ ഉമ്മ വന്നു നിന്ന് എന്നെ പാചകം പഠിപ്പിക്കാന്‍ നോക്കിയെങ്കിലുംഎനിക്കു theory പറഞ്ഞു തന്നാ മതി, practical class വേണ്ട എന്നു ഗര്‍ജിച്ച കാരണം ഉമ്മ പഠിപ്പിക്കല്‍ മതിയാക്കി തിരിച്ചുപോയിരുന്നു.ഒട്ടും സമയം കളയാതെ അളിയന്‍ എന്നെ പാചകം പഠിപ്പിക്കാന്‍ തുടങ്ങി(ഉമ്മമാരോട് തട്ടിക്കയറുന്നതുപോലെ അളിയനോട് പറ്റില്ലല്ലൊ, അതുകൊണ്ട് ഞാന്‍ പന്ചപുചഛമടക്കി നിക്കുകയാണ്). Marine fish, fresh water fish ഇവ തമ്മിലുള്ള വ്യത്യാസം , ഇവ വറുക്കാന്‍ വേണ്ടി മസാല പുരട്ടുന്നതെങ്ങനെ?, ഉപ്പ് marine fish ല്‍ സ്വതവേ ഉണ്ടായിരിക്കും, fresh water fish ല്‍ അങ്ങനെയല്ല. ഏത് കറിക്കും ഒരു സ്പൂണ്‍ മുളകുപോറ്റിയിട്ടാല്‍ മല്ലിപ്പൊടി 2 സ്പൂണ്‍ ഇടണം, Pressure cooker അടക്കുന്നതെങ്ങനെ, 90 ഡിഗ്രിയില്‍ അടപ്പു പിടിച്ചിട്ടു വേണം അടക്കാന്‍., ചോറു വാര്‍ക്കുമ്പോള്‍ ചോറു താഴെപ്പോകുക എന്ന അവസ്ഥ സംജാതമാകാതിരിക്കാന്‍ കൈക്കൊള്ളേണ്ട കാര്യങ്ങളെന്തൊക്കെയാണ്‍ തുടങ്ങി എല്ലാ കാര്യങ്ങളും അളിയന്‍ പട്ടാളച്ചിട്ടയില്‍ ആ ഒരാഴ്ച കൊണ്ട് എന്നെ പഠിപ്പിച്ചു. സത്യത്തില്‍ അളിയന്‍ പരീക്ഷ എഴുതാനാണോ, അതൊ എന്നെ പഠിപ്പിക്കാനാണോ ലീവ് എടുത്തു വന്നിരിക്കുന്നതെന്ന്, ഒരുവേള ഞാന്‍ സംശയിച്ചുപോയി.

അങ്ങനെ പല്ലിനു രണ്ടാമതും കമ്പിയിടാന്‍ തീരുമാനമായി.ഇനി ചതി പറ്റരുതല്ലോ, നല്ല സ്ഥലത്തു തന്നെ പൊയ്ക്കളയാം, ഞാന്‍ പ്രമോദിനെ ഫോണ്‍ വിളിച്ചു.അവന്‍റെ  dental college ലെ ഡോക്റ്ററെ കാണാന്‍ തീരുമാനിച്ചു, വീണ്ടും കമ്പി എന്‍റെ വായില്‍ കയറി.പക്ഷെ ഇതിനിടക്ക് വര്‍ണ്ണ്യത്തിലാശങ്കയായി ഇരിക്കുന്ന എന്‍റെ 2 പല്ലുകള്‍ കാരണം നീരു വരാന്‍ തുടങ്ങി, അതൊന്നും കണക്കാക്കതെ ഡോക്ടര്‍ വേലി (കമ്പി) വലിച്ചുമുറുക്കും , എന്നിട്ട് antibiotic തരും. ജീവിതം ആകെ വേദനാഭരിതമായി മുന്നോട്ട് പോവുകയാണ്.ഒരു പ്രാവശ്യം മുറുക്കാന്‍ ചെന്നപ്പോള്‍ (ആ പ്രാവശ്യം മാത്രം ഷാനുക്ക കൂടെ വന്നിരുന്നില്ല) ഡോക്ടര്‍ എന്‍റെ കേടായ പല്ലുകള്‍ കണ്ട്  ഒന്നും മിണ്ടാതെ ഒരു കടലാസും തന്നു, അടുത്ത ബ്ളോക്കിലിരിക്കുന്ന doctor അടുത്തേക്ക് പറഞ്ഞുവിട്ടു.ഞാന്‍ നിരക്ഷരകുക്ഷിയെപ്പോലെ കടലാസ് ഡോക്റ്റര്‍ക്ക് നീട്ടി. ഒരു തടിയന്‍ .ഒന്നും മിണ്ടുന്നത് ഇഷ്ടമല്ല. ഞാന്‍ ചിരിച്ചുകൊണ്ട്(പേടിച്ചിട്ട്) സൌഹ്രുദം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും എന്നെ doctor ഒട്ടും ഗൌനിച്ചില്ല.അയാള്‍ ഒരു സാധനം എടുത്ത് വായില്‍ വെച്ചു. അതു വെച്ചു  കഴിഞ്ഞാല്‍ പിന്നെ നമ്മടെ വായ പൊളിഞ്ഞു തന്നെ ഇരിക്കും. വേണമെന്നു വിചാരിച്ചാലും നമുക്ക് ഒരക്ഷരം മിണ്ടാന്‍ പറ്റില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ജീവന്‍ പോകുന്ന വേദന അനുഭവപ്പെട്ടു.(ചരിത്രത്തില്‍ ഞാനനുഭവിച്ച് ഏറ്റവും വലിയ വേദന) ഞാന്‍ ഒറ്റലര്‍ച്ച, അപ്പൊഴേക്കും എന്നോട് വാഷ്ബേസില്‍ തുപ്പാന്‍ പറഞ്ഞു, തുപ്പിക്കഴിഞ്ഞപ്പോ ഞാന്‍ കണ്ട കാഴ്ച, എന്‍റെ അന്ചാമതെ പല്ലു അതാ താഴെ കിടക്കുന്നു. ഇതൊക്കെ കഴിഞ് ഞാന്‍ റൂട്ട് ചികില്‍സ ചെയ്ത് നേരെ ആക്കാന്‍ വേണ്ടി വച്ച പല്ലാണ്, ഇയാളോട് ആരു പറഞ്ഞു അതു പറിക്കാന്‍, എന്‍റെ അനുവാദമില്ലാതെ എന്‍റെ പല്ലു പറിക്കാന്‍ ഇയാളാര്, ഞാന്‍ വേണമെങ്കില്‍ ആ പല്ലിനു വേണ്ടീ കമ്പി തന്നെ ഉപേക്ഷിക്കുമായിരുന്നു. എനിക്കൊന്നും പറയാന്‍ പറ്റിയില്ല. കാരണം അപ്പൊഴെക്കും doctor എന്‍റെ വായില്‍ പഞ്ഞി കുത്തിതിരുകിയിരുന്നു.

കരഞ്ഞുകൊണ്ട് നിക്കുന്ന എന്നോട് doctor പൈസ അടച്ചോളാന്‍ പറഞ്ഞു. പുറത്തിറങ്ങിയതും എനിക്ക് സങ്കടം സഹിച്ചില്ല, 5 പല്ലുകള്‍, മറ്റെ doctor എന്നോട് ഒരു വാക്കു പറഞ്ഞില്ലാല്ലൊ, പറിക്കാനാണെന്നു, ഞാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് pramod ഇരിക്കുന്നിടത്തേക്ക് നടന്നു. അവനെക്കണ്ടതും ഞാന്‍ കൂടുതല്‍ ശക്തിയായി കരയാന്‍ തുടങ്ങി.എന്താ, എന്താ, അവനും കൂടെയുള്ള ക്ലര്‍ക്കും ഓടിവന്നു.

വായില്‍ പഞ്ഞിയല്ലെ എന്ത് മിണ്ടാന്‍

ഞാന്‍ വീണ്ടും കരയാന്‍ തുടങ്ങി, അപ്പൊ കൂടെയുള്ള ക്ലര്‍ക്ക് ഇപ്പൊ എവിടുന്ന വരുന്നത്, എന്നു ചോദിച്ചു

ഞാന്‍ പല്ലു പറിച്ച സ്ഥലം ചൂണ്ടിക്കാണിച്ചുകൊടുത്തു.

ആ അവിടെനിന്നാണോ

ഒറ്റക്കാണോ പോയത്

ഞാന്‍ തല കുലുക്കി

എന്താണാവോ ഉണ്ടായത്, ക്ലര്‍ക്ക് ആത്മഗതം നടത്തി

ഒറ്റക്കൊരു പെണ്‍കുട്ടി ആ റൂമില്‍ നിന്നു വന്നു കരയുന്നു, എന്താണവോ ക്ലര്‍ക്കിന്‍റെ ഭാവന കാടുകയറുകയാണ്.

എന്‍റെ വായില്‍ പഞ്ഞി ഇരിക്കുന്ന കാര്യം അവര്‍ക്കറിയില്ലല്ലൊ

ഭാവനയുടെ പോക്ക് കണ്ട് പേടിച്ചിട്ട് ഞാനവിടെ ഇരുന്ന ഒരു കടലാസെടുത്ത് എന്‍റെ പല്ലു പറിച്ച കാര്യവും പറിക്കുന്ന കാര്യം ഞാന്‍ അറിയാതിരുന്നതും കണ്ണീരോടെ എഴുതി.

കടലാസ് കിട്ടിയതും pramod അതുമായി orthodontist ന്‍റെ അടുത്തേക്ക് ഒറ്റ ഓട്ടം, ഒരു നിമിഷത്തിനുള്ളില്‍ അവന്‍ തിരിച്ചോടി വന്നു, എന്നിട്ടു പറഞ്ഞു

നിന്‍റെ കയ്യില്‍ ഒരു കടലാസ് തന്നിരുന്നു, അതില്‍ tooth extraction എന്നെഴുതിയിരുന്നത്രെ, നീ വായിച്ചൊ

എന്തു വായിക്കാന്‍? ഞാനത് നോക്കിയിട്ടു പോലുമില്ലായിരുന്നു. എന്നാലും എന്നോട് പറയണ്ടേ, അല്ലാതെ പറിക്കാന്‍ പാടുമോ, എന്നൊക്കെ ഞാന്‍ വര്‍ധിച്ച ദേഷ്യത്തോടെ മനസ്സില്‍ പറഞ്ഞു (വായില്‍ പഞ്ഞിയല്ലെ)

ഇനി നീ 3 ദിവസം കഴിഞ്ഞിട്ട് വരണം, മറ്റെ കേടായ പല്ലു പറിക്കാന്‍ (ഭാഗ്യം, എല്ലാം കൂടി ഇന്നു തന്നെ പറിക്കുന്നില്ല, അത്രയും പുരോഗമനം ഉണ്ടായി)

നീയും നിന്റെ കോളേജും , എന്റെ പട്ടി വരും ഇനി എന്നു വീണ്ടും മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ വണ്ടി കയറി. പിന്നെ ഞാന്‍ ആ dental college ല്‍ പോയതെ ഇല്ല. അപ്പൊഴെക്കും കമ്പി വായില്‍ കയറി 3 വര്‍ഷം പിന്നിട്ടിരുന്നു.

കുറച്ചു മാസങ്ങള്‍ കഴിഞ്ഞു, ഞാന്‍ എന്റെ വായിലെ വേലിയും ഏന്തി എന്തു ചെയ്യണം എന്നറിയാതെ നടക്കുകയാണ്.അപ്പോള്‍ എന്റെ പറിക്കാതെ നിര്‍ത്തിയിരുന്ന ആറാമത്തെ പല്ലു വേദനിക്കാന്‍ തുടങ്ങി, അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി മിലിട്ടറിയില്‍ നിന്നു വിരമിച്ച ഒരു ഡോക്റ്ററെ കാണാന്‍ തീരുമാനിച്ചു. ആ doctor വളരെ നല്ല മനുഷ്യനായിരുന്നു. പല്ലു പരിശോധിച്ച ശേഷം doctor റൂട്ട് ചികില്‍സ തള്ളിക്കളഞ്ഞു, ഒരു വര്‍ഷം മുമ്പായിരുന്നെങ്കില്‍ നടന്നേനെ, ഇനി പറിച്ചെ പറ്റു എന്നു വിധിയെഴുതി. ഞാന്‍ ഡോക്റ്ററുടെ കയ്യും കാലും പിടിച്ചുകൊണ്ട് അരുതേ, ഹരുതേ എന്ന് കരയാന്‍ തുടങ്ങി.എന്റെ അന്ചാമത്തെ പല്ലിന്റെ വേദന അത്ര ഭീകരമായിരുന്നു. ആ ചരിത്രമൊക്കെ  കേട്ട doctor ഒരിക്കലും  infection വന്ന പല്ലു അപ്പൊഴെ പറിക്കരുത്, antibiotic കൊടുത്ത് infection മാറ്റിയെ പറിക്കാവൂ എന്നു ഞങ്ങളെ ഉത്ബോധിപ്പിച്ചു. (അമ്പൊ, ഈ ഡോക്റ്റര്‍മാരെ ഒക്കെ എന്തു വേണം, ആരാന്റെ തടി എന്നൊക്കെ പറയുന്നതുപോലെ, വല്ലോരുടെ പല്ലു, അവര്‍ക്കെന്താ). എന്റെ infection മാറ്റിയശേഷം ഒരു പുഷ്പം പറിക്കുന്നതുപോലെ ആ doctor ആറാമത്തെ പല്ലു പറിച്ചെടുത്തു, ശേഷം orthodontist ന്റെ അടുത്തേക്ക് refer ചെയ്തു.

At last (പണ്ട് സ്കൂളില്‍ english പാഠപുസ്തകത്തിലൊക്കെ പറയില്ലെ), ഞങ്ങടെ പല്ലുചരിത്രത്തിലെ അവസാനത്തെ ഡോക്റ്ററെ കണ്ടു. വര്‍ഷങ്ങള്‍ പഴകിയ കമ്പികളും മുത്തുകളും ഒക്കെക്കണ്ട് ഡോക്റ്റര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഈ പല്ലിനു കമ്പിയിടേണ്ട ആവശ്യം തന്നെ ഉണ്ടായിരുന്നില്ല. ഇനി ഇടുകയാണെങ്കില്‍തന്നെ പല്ലു പറിക്കേണ്ടിയിരുന്നില്ല (എത്ര നല്ല നിരീക്ഷണം). ഡോക്ടര്‍ എല്ലാ കഴിവുകളും ഉപയോഗിച്ച് മുകള്‍നിരയിലെ gap ഒരുവിധം fill ചെയ്തു. എന്നിട്ടു പറഞ്ഞു, താഴത്തെ fill ചെയ്യാതിരിക്കുകയാണ്‍ നല്ലത്, ഇപ്പൊഴെ താഴെ പല്ലു ഒരുപാട് ബാക്കിലാണ്.അതിനു പകരം നമുക്ക് താഴെ 2 പല്ലു വെക്കാം. 18000 രൂപയാകും. ഞങ്ങള്‍ അപ്പൊ മാത്രം ഒരു ബുദ്ധി പ്രയോഗിച്ചു, പല്ലു വെച്ചില്ല അത്ര തന്നെ. അങ്ങനെ 2008 ല്‍ തുടങ്ങിയ കലാപരിപാടിക്കു 2011 അവസാനം തിരശ്ശീല വീണു.


35 comments:

Vimal Kumar said...

എല്ലാം കഴിഞ്ഞു ഇപ്പൊ എത്ര പല്ല് വായിൽ മിച്ചം ഉണ്ട്?

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

കടിക്കുന്ന നായക്കെന്തിനാ പല്ല് എന്നൊരു ചൊല്ലില്ലേ.. അതുപോലെ എന്തിനാ കുറെ പല്ല്? അതില്ലാതെത്തന്നെ എല്ലാവരേയും കടിച്ചു കുടഞ്ഞുകളഞ്ഞല്ലോ..
വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ മനസ്സുകൊണ്ട് ചിരിച്ചു തുടങ്ങി..
അപാരമായ ഭാവന..

shajitha said...

thank u vimal and muhammed sir

Deepu kizhuthani said...
This comment has been removed by the author.
Deepu kizhuthani said...
This comment has been removed by the author.
Deepu kizhuthani said...
This comment has been removed by the author.
സഫലമീയാത്ര said...

നമ്മളും കെട്ടിയതാ ഒരു വട്ടം, മറക്കില്ലാട്ടോ ആ വേദന, നന്നായി എഴുതി.. ഇഷ്ടം..

സുധി അറയ്ക്കൽ said...


shajithaയുടെ ബ്ലോഗിൽ വന്നാൽ ചിരിക്കാനുണ്ടാകുമെന്നുറപ്പിച്ചാ വന്നത്‌.ശരിക്കും ചിരിച്ചു..അവസാനഭാഗം വന്നപ്പോൾ സത്യായിട്ടും നല്ല വിഷമം തോന്നി.
അഞ്ച്‌ പല്ല് പറിച്ചപ്പോഴേക്കും വേറൊരുത്തന്റെ കണ്ടുപിടുത്തം ,പല്ല് പറിക്കണ്ടായിരുന്നു എന്ന്.നാലു പല്ലു പറിച്ചവന്റെ വായിൽ നമുക്ക്‌ ആസിഡൊഴിച്ചാലോ????


എത്ര നല്ല ഒഴുക്കോടെ എഴുതാൻ കഴിവുള്ള നിങ്ങൾ മാസം ഒരു പോസ്റ്റ്‌ എങ്കിലും ഇടണേ???

shajitha said...

ithrayum nalla commentukal vidan thanakleppole sahrudayarkke kazhiyu. thnk u ee prolsahanathinu

കല്ലോലിനി said...

ശ്ശൊ... ഞാനും വിചാരിച്ചിരുന്നു... പല്ലൊന്നു കെട്ടിക്കണമെന്ന്.. വേദന വില കൊടുത്ത് വാണ്ടല്ലോന്ന് വിചാരിച്ചാ പോകാത്തത്..... ന്തായാലും എഴുത്ത് അടിപൊളി... രസിച്ചു..

shajitha said...

thank u kallolini vayichathinum commentinum

വിനോദ് കുട്ടത്ത് said...

ദന്ത ചരിതം അഞ്ചാം വര്‍ഷം.......ഗംഭീരം......ബ്രാന്‍റ്റിനും ബുജിക്കും ആശംസകൾ......

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'ബൂലോക' ബണ്ടല്‍ ആണെകിലും വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു.

(ഇത്രേം നീളമുള്ള കഥ ആണെങ്കില്‍ വല്ല പാലമോ പുഴയോ എത്തുമ്പോള്‍ അവിടെ ഇട്ടേച്ചു 'തുടരും' എന്ന് പറഞ്ഞു ഒറ്റ പോക്ക്പോകുന്നതാ നല്ലത് . ബാക്കി രണ്ടാഴ്ച കഴിഞ്ഞു പോസ്റ്റാല്ലോ ... നുമ്മ അങ്ങനെയാ ചെയ്യാറ് )

shajitha said...

than ku vinod
ismayilinte comment vaayich chirichupoyi, bandal alla, vayil 6 pallilla

മാനവൻ മയ്യനാട് said...

നന്നായിട്ടുണ്ട് ഷാജിതാ ... പല്ലു കഥ ഹി ഹി ഹി .

utto pian said...

ഷാജിതയുടെ കേസ് കേട്ടപ്പോള്‍ വിഷമം തോന്നുന്നു.പല്ലില്‍ കമ്പിയിടുക (ഓര്‍ത്തോഡോണ്ടിക് ചികിത്സ ) അത് ബിരുദാനന്തര പഠനം കഴിഞ്ഞവരെ കൊണ്ട് ചെയ്യിക്കുന്നതാണ് എപ്പോഴും നല്ലത്.

രാജാവ് said...

:D

ഫൈസല്‍ ബാബു said...

ഹഹ്ഹ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ,,, ഇത് വായിച്ചപ്പോള്‍ പണ്ട് ഞങ്ങളെ ബാച്ചി റൂമിലെ അച്ചുവെട്ടന്റെ കാര്യം ഓര്‍മ്മ വന്നു. മിസ്‌രി ആയിരുന്നു ഡോക്ടര്‍, പല്ല് പറച്ചിട്ടും വേദന കുറയുന്നില്ല. പിന്നെ മറ്റൊരു ഡോകടറെ കാണിച്ചപ്പോഴാ മനസ്സിലായത് ,ഇടതു ഭാഗത്തുള്ള പല്ലിനു പകരം വലതു ഭാഗത്താണ് കലാ പരിപാടി നടത്തിയിരുന്നത് .

shajitha said...

than k u manavan, uttopian, rajav, faisal babu for the comments

Shaheem Ayikar said...

പണ്ട് പറിച്ച പല്ലൊക്കെ ഒരു ഹോർലിക്സ് കുപ്പിയിൽ സൂക്ഷിച്ചു വെക്കാമായിരുന്നു ! :) നല്ല രസമുള്ള എഴുത്ത്.

shajitha said...

thank u shaheem vayanakkum commentinum

കുഞ്ഞുറുമ്പ് said...

ചുരുക്കത്തിൽ വായിൽ പല്ലൊന്നും ഇല്ലാല്ലേ.. ;) സരസമായി എഴുതി ഇത്താ.. :)

shajitha said...

thanks kunjurumbe

സുധി അറയ്ക്കൽ said...

കുറേ കാലം ആയല്ലോ എഴുതിയിട്ട്‌...വേഗം വേഗം.

shajitha said...

samayam ottumillaaa

അന്നൂസ് said...

ഷാനൂക്ക ഇത് വായിച്ചാല്‍ ഏതു കരുതുമോ ആവോ..?
രസകരമായി-ആശംസകള്‍

shajitha said...

thanks annoos

Sureshkumar Punjhayil said...

Punchirikkaan ...!
.
Manoharam, Ashamsakal...!!!

ഗൗരിനാഥന്‍ said...

Assalezhuthu,chirikkathe vayya, oru pallu polum parikatha alk enthum parayalo

shajitha said...

thnks sureshkumar and goureenadannnnnnnn (verumoru moshtavayorenne kallanennu vilichille)

തുമ്പി said...

ദന്ത ചരിതം..നര്‍മ്മത്തില്‍ പൊതിഞ്ഞത് വളരെ ഇഷ്ടപ്പെട്ടു.ഒരു കൈ മടക്കാന്‍ വന്നപ്പോഴേക്കും മടി ബാധിച്ച ഷാനൂക്കയും...സ്വന്തം ശരീര ഭാഗങ്ങള്‍ ഇത്രയും അശ്രദ്ധമായി ഡോക്ടര്‍മാര്‍ക്ക് വിട്ട് കൊടുത്ത്, അംഗ ഭംഗം വിലക്ക് മേടിച്ചതുമൊക്കെ എത്ര രസകരമായി പറഞ്ഞിരിക്കുന്നു.

shajitha said...

thanks thumbi

കല്യാണി said...
This comment has been removed by a blog administrator.
കല്യാണി said...

നന്നായി ഏഴുതി ദന്തകഥ.ആശംസകൾ

shajitha said...

thanks kalyani